DCBOOKS
Malayalam News Literature Website

കഞ്ചാവും പന്നിപ്പടക്കവും തോക്കും…!

ഷെല്ലി മാത്യുവിന്റെ ‘ഞാറ്റില’ എന്ന നോവലിന് യാക്കോബ് തോമസ് എഴുതിയ വായനാനുഭവം

മുത്തും പവിഴവുമൊക്കെ ഉണ്ടാകുന്നതു വിവരിക്കുന്നത് കലാനുഭവമായി സാധാരണ പറയാറുള്ളതാണ്. വിത്തിൽനിന്ന് കഞ്ചാവു ചെടിയുണ്ടായി അതിന്റെയില ഉണക്കി കഞ്ചാവുണ്ടാക്കുന്നത് പറയുന്നത് കലയായി ആരേലും പറഞ്ഞതായി കേട്ടിട്ടില്ല. എന്നല്ല Textഅതൊക്കെ കലയുടെ ഉദാഹരണമായി പറയുന്നതിൽ സാമൂഹികവിലക്കുണ്ടുതാനും. എന്നാലത്തരമൊരു ശ്രമത്തിലൂടെ വിത്തിൽനിന്ന് കഞ്ചാവുണ്ടാകുന്ന പ്രക്രിയയെ വിവരിച്ചുകൊണ്ട് കലാനുഭവം സൃഷ്ടിക്കുകയാണ് ‘ഞാറ്റിലഎന്ന നോവലിലൂടെ ഷെല്ലി മാത്യു ചെയ്യുന്നത്. കഞ്ചാവ് മാത്രമല്ല ഇരുമ്പുകഷണത്തിൽനിന്ന് വെടിപൊട്ടുന്ന തോക്കും രാസമിശ്രിതത്തിൽനിന്ന് പന്നിപ്പടക്കമുണ്ടാക്കുന്ന പ്രക്രിയയും കലാപരമായി പറയാൻ പറ്റുമെന്ന് പറയുകയാണ് ഈ നോവൽ. പൊനത്തിൽ പ്രശാന്ത് പറഞ്ഞ വന്യപ്രകൃതിയിലെ മനുഷ്യരുടെ പകയെന്ന ആശയത്തെ ഹൈറേഞ്ചിലെ എൺപതുകളിലെ സാമൂഹികതയിൽ ചേർത്തുവച്ച് പറയുകയാണ് ‘ഞാറ്റില ചെയ്യുന്നത്. കഞ്ചാവും പന്നിപ്പടക്കവും തോക്കും എന്ന ത്രിത്വത്തിലൂടെ മലയാളനോവലിന്റെ അപരഭൂമിശാസ്ത്രം ഈ നോവലും വരച്ചിടുന്നു.

കാലാവസ്ഥകാരണം കൃഷി നഷ്ടമായപ്പോൾ ഹൈറേഞ്ചിലേക്കു കുടിയേറിയ മനുഷ്യർ കഞ്ചാവു വളർത്തൽ കൃഷിയാക്കി മാറ്റുന്നതും സാമ്പത്തികമായി വളരുന്നതുമാണ് ഇതിലെ കഥാതന്തു. അങ്ങനെ വളരുന്ന സുറിയാനികർഷകരുടെ ഇടയിൽ രൂപംകൊള്ളുന്ന പകയും പ്രതികാരവും തങ്കമണിഗ്രാമത്തിന്റെ പഞ്ചാത്തലത്തിൽ നോവൽ പറയുന്നു (കുടിയേറിയ ദളിതർ കൂലിപ്പണിക്കാർ മാത്രമാണെന്നും പറയുന്നുണ്ട്). തങ്കമണി സംഭവമെന്ന പോലീസ് നടത്തുന്ന നരനായാട്ടിനെ കേന്ദ്രസ്ഥാനത്തുവച്ചുകൊണ്ടാണ് ഈ ആഖ്യാനത്തെ സവിശേഷമായി വിവരിക്കുന്നത്. കേരളത്തിന്റെ പൊതുമണ്ഡലത്തെ പിടിച്ചുകുലുക്കിയ തങ്കമണിസംഭവത്തിന്റെ ശക്തമായൊരു ചരിത്രവായന കൂടിയായി നോവൽ മാറുന്നു. എനിക്കിതിൽ ഏറെ രസകരമായി തോന്നിയത് വേലായുധനനെന്ന കഥപാത്രം ഇരുമ്പുകഷണങ്ങളിൽനിന്ന് തോക്കുണ്ടാക്കിയെടുക്കുന്ന പ്രക്രിയയുടെ വിവരണമാണ്. കഞ്ചാവും തോക്കും പന്നിപ്പടക്കവും മനുഷ്യരുടെ പക എന്നതുമായി കൂടിച്ചേരുമ്പോൾ ശക്തമായി പൊട്ടിത്തെറിക്കുന്ന ഉപകരണങ്ങളായി മാറും. ആ പൊട്ടിത്തെറി ‘സിനിമാറ്റിക്’ അനുഭവമായി ഈ നോവലിൽ നമുക്ക് കാണാനാവും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.