DCBOOKS
Malayalam News Literature Website

ശരീരം, സമയം, ഇടങ്ങള്‍

മെയ് ലക്കം പച്ചക്കുതിരയില്‍

അഭിമുഖം- സാജന്‍ മണി/ ആന്റണി ജോര്‍ജ് കെ.

കേരളചരിത്രത്തെ സംബന്ധിച്ച ചില അന്വേഷണങ്ങള്‍ കലാസൃഷ്ടിയുടെ ഭാഗമായി നടത്താന്‍ തുടങ്ങിയപ്പോഴാണ് ആര്‍ക്കൈവിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നത്. ഒരുവശത്ത് ചരിത്രത്തില്‍നിന്നും നിഷ്‌കാസിതരായവര്‍ അഥവാ ചരിത്രരേഖകളുടെ അഭാവം നിമിത്തം വര്‍ത്തമാനത്തില്‍ ഇടം പിടിക്കാന്‍ കഴിയാത്തവര്‍. മറുവശത്താകട്ടെ ബൃഹത്തായ ചരിത്ര ആഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് അധീശത്വം ഉറപ്പിക്കുന്നവര്‍. എന്റെ കലാപ്രയോഗത്തില്‍ ഒരു കൗണ്ടര്‍ നറേറ്റിവ് സൃഷ്ടിക്കാന്‍ ആലോചിക്കുന്നത് ഇത്തരമൊരു പ്രതിസന്ധിയില്‍ നിന്നാണ്. എന്നാല്‍ പാശ്ചാത്യ കലാചിന്തയുടെ പരിസരത്തുനിന്നും ഉദ്ഭവിച്ച Archival Turn എന്ന ആശയത്തില്‍നിന്നും വ്യതിരിക്തമാണ് ചരിത്രമില്ലാത്ത ജനതയുടെ ആര്‍ക്കൈവ്: സാജന്‍ മണി പറയുന്നു.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത ഗ്രാമത്തിലെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളുടെ കുടുംബത്തില്‍ നിന്നുള്ള ഒരു കലാകാരനും ക്യൂറേറ്ററുമാണ് സാജന്‍ മണി. ബെര്‍ലിനിലെ പ്രശസ്തമായ വൈസെന്‍സി ആര്‍ട്ട് സ്‌കൂളില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദവും കണ്ണൂര്‍, മൈസൂര്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഇംഗ്ലിഷ് സാഹിത്യത്തിലും കലയിലും ബിരുദങ്ങളുംനേടിയ സാജന്‍ മണി 2021-ല്‍ ബെര്‍ലിന്‍ ആര്‍ട്ട് Pachakuthira Digital Editionപ്രൈസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്ത പ്പെട്ട ജനങ്ങളുടെ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുന്നവയാണ് സാജന്റെ കലാപ്രവര്‍ത്തനങ്ങള്‍. ശരീരം, സമയം, ഇടം തുടങ്ങിയ സങ്കല്പങ്ങളെ പരീക്ഷണാത്മകമായ കലാമാധ്യമങ്ങള്‍ ആയി ഉപയോഗിക്കുന്ന സാജന്‍ നിരവധി അന്താരാഷ്ട്ര ബിനാലെകള്‍, ഫെസ്റ്റിവലുകള്‍, എക്‌സിബിഷനുകള്‍, റെസിഡന്‍സികള്‍ എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. 2022-ല്‍ നെതര്‍ലാന്‍ഡ് സര്‍ക്കാരിന്റെ പ്രശസ്തമായ ‘പ്രിന്‍സ് ക്ലൗസ് ഫോണ്ട് മെന്റര്‍ഷിപ്പ്’അവാര്‍ഡ്, ഹലോ ഇന്ത്യയില്‍ നിന്നും ‘ബ്രേക്ക്ത്രൂ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയറും’ നേടി. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍, ബെര്‍ലിന്‍ നിയമനിര്‍മാണസമിതിയുടെ കലാപരമായ ഗവേഷണ ഗ്രാന്റ്, ബ്രൗണ്‍ഷ്വീഗ് പ്രോജക്ടുകളില്‍നിന്നുള്ള ഫൈന്‍ആര്‍ട്സ് സ്‌കോളര്‍ഷിപ്പ്, ജര്‍മ്മനിയിലെ അക്കാദമി ഷ്ലോസ് സോളിറ്റിയൂഡ് ഫെലോഷിപ്പ് എന്നിവ ലഭിച്ചു. ബെര്‍ലിന്‍ കേന്ദമാക്കി കലാപ്രവര്‍ത്തനം നടത്തുന്ന സാജന്‍ വിവിധ യൂറോപ്പ്യന്‍ മ്യൂസിയങ്ങളിലും സര്‍വ്വകലാശാലകളിലും കേരളത്തിന്റെ ആര്‍ക്കൈവുകള്‍ അനേഷിച്ചു കണ്ടെത്തി അവയെ തന്റെ കലാപ്രവര്‍ത്തങ്ങളില്‍ ഉപയോഗിച്ച് വരുന്നു.

ആന്റണി ജോര്‍ജ്ജ് കെ: Wake Up Calls For My Ancestors എന്ന തലക്കെട്ടിലുള്ള താങ്കളുടെ പ്രൊജക്ടില്‍ ദലിത് പൂര്‍വികരെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നത് യൂറോപ്യന്‍ മ്യൂസിയത്തില്‍നിന്നുമാണ്. ദലിത് പൂര്‍വികര്‍ക്ക് എങ്ങനെയാണ് യൂറോപ്പിന്റെ വംശീയമായ പുറംതള്ളല്‍ ചരിത്രംവെച്ച് നോക്കുമ്പോള്‍ അത്തരമൊരു സ്ഥലത്ത് ഇടം ലഭിക്കുക?

സാജന്‍ മണി: കൊളോണിയല്‍ ആര്‍ക്കൈവുകള്‍ മുഖ്യ ഉപാദാനമായി ഉപയോഗിച്ചുകൊണ്ടാണല്ലോ അധിനിവേശകാല ജീവിതാനുഭവങ്ങളെയും അധികാരത്തിന്റെ വിവിധ തലങ്ങളെയും സാമൂഹ്യ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നത്. പ്രൊഫ. റോബിന്‍ ജഫ്രി, പ്രൊഫ. സനല്‍ മോഹന്‍ തുടങ്ങി ശ്രദ്ധേയരായ നിരവധി പണ്ഡിതരുടെ പഠനങ്ങള്‍ നമുക്കു മുന്‍പിലുണ്ട്. അതിനാല്‍തന്നെ കൊളോണിയല്‍ ആര്‍ക്കൈവുകളെ ആശ്രയിച്ചുകൊണ്ട് ദലിത് പൂര്‍വികരുടെ സാന്നിധ്യവും അവരുടെ ചരിത്രത്തിന്റെ അഭാവവുമെന്ന വിമര്‍ശനപരമായ ചോദ്യം ഈ ഗവേഷണ പദ്ധതിയിലൂടെ ഉന്നയിക്കപ്പെടുന്നു. ദലിത് ജീവിതത്തിന്റെ സാന്നിധ്യവും രേഖകളും കൊളോണിയല്‍ ആര്‍ക്കൈവുകളില്‍നിന്നും വീണ്ടെടുക്കാം എന്നത് വിഡ്ഢിത്തം എന്നു തോന്നാവുന്ന ഒരു പ്രത്യാശയാണ്. എന്നാല്‍ ഏറ്റവും പുതിയ സാമൂഹ്യശാസ്ത്ര അന്വേഷണങ്ങള്‍ ഈ പ്രത്യാശയെ പിന്‍പറ്റിയാണു വികസിക്കുന്നത്. അതിലുപരി ദലിത് ജീവിതത്തിന്റെ ആഹ്ലാദപരമായ അംശങ്ങളെ അന്വേഷിക്കാന്‍ ഇതേ ആര്‍ക്കൈവ്കള്‍ പ്രേരണയേകുന്നുണ്ട്. ഈ പ്രോജക്ടിന്റെ ഭാഗമായ സംഭാഷണങ്ങളില്‍ പ്രൊഫ. സനല്‍ മോഹന്‍, ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെലോഡോ.. മധു നാരായണന്‍ എന്നിവര്‍ പങ്കുവെച്ചത് ദലിത് ജീവിതത്തിന്റെ ആഹ്‌ളാദപരമായ സാധ്യതകള്‍ ഒരു positive note-ല്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയാണ്. അത് അടിമത്വത്തിനും അടിച്ചമര്‍ത്തലിനും അപ്പുറമുള്ള ജീവിതത്തിന്റെ സാധ്യതയാണ്. ആത്മീയമായ ഒരു തലത്തിലാണ് ഇതു കൂടുതലും സാധ്യമായിരുന്നത്. അതിനാലാണ് ഈ കലാസൃഷ്ടിയില്‍ പൂര്‍വികരെ ഉണര്‍ത്താനും അവര്‍ക്ക് ഉത്തരം നല്‍കാനും ശ്രമിക്കുന്നത്.

പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.