DCBOOKS
Malayalam News Literature Website

ഞാന്‍ എന്ന ഭാവം വായിച്ചപ്പോള്‍!

ഡോ.കെ.രാജശേഖരന്‍ നായരുടെ ‘ഞാന്‍ എന്ന ഭാവം’ എന്ന പുസ്തകത്തെക്കുറിച്ച് വിജയലക്ഷ്മി

ഒരു ജന്മത്തിന്റെ വൈദ്യോപാസനയാല്‍ വന്ദ്യതപോധനനായിത്തീര്‍ന്ന ഡോ. കെ. രാജശേഖരന്‍ നായരുടെ പുതിയ പുസ്തകമാണ് ഞാന്‍ എന്ന ഭാവം. ഞാന്‍ എന്നത് എന്താണെന്ന് തന്റെ മേഖലയായ മസ്തിഷ്‌ക ശാസ്ത്രത്തിലൂടെ അന്വേഷിക്കുകയും അറിയുകയും ചെയ്യുന്ന ഈ ഗ്രന്ഥം, വൈദ്യവൃത്തിയിലെ സ്വാനുഭവത്തിന്റെയും സ്വാംശീകൃതാനുഭവങ്ങളുടെയും പഠനമനനങ്ങളുടെയും ആത്യന്തികസത്തയാണ്. ആയുഷ്കാലസാധനയുടെയും സിദ്ധിയുടെയും വഴക്കവും കൈയടക്കവും, അമൂല്യവും അനന്യവുമാക്കിയ രചനയോട് അത്ഭുതാദരങ്ങള്‍ കവിഞ്ഞപ്പോള്‍ ഇതെഴുതാതെ വയ്യെന്നായി. ആവര്‍ത്തിച്ചുള്ള വായനയാല്‍ അഭിപ്രായമെഴുതാന്‍ വൈകിയെങ്കിലും ഓരോ വായനയിലും പുതിയ വാതായനങ്ങള്‍ തുറന്നു തന്ന് ഞാന്‍ എന്ന ഭാവം എന്നെ പ്രചോദിപ്പിച്ചു. സംഭവകഥകളിലൂടെയും മഹത്തായ കവിതകളിലൂടെയും തുടങ്ങി ന്യൂറോണ്‍ രഹസ്യങ്ങളുടെ ഏറ്റവും പുതിയ ശേഖരത്തിലേക്കു നമ്മെ നയിക്കുന്നതാണ് ഇതിലെ ഓരോ പുറവും. അങ്ങനെ അഞ്ഞൂറിലേറെ പുറങ്ങളിലായി അന്‍പത് അദ്ധ്യായവും പദസൂചിയും.

മനുഷ്യനെ സംബന്ധിച്ച് പരമപ്രധാനമായ ശാസ്ത്രശാഖകളിലൊന്നാണ് ന്യൂറോളജി. അതില്‍ത്തന്നെ, വികാരങ്ങളുടെ ഉറവിടങ്ങളെക്കുറിച്ചുള്ള അതിസങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇതാ സാധാരണക്കാര്‍ക്കായി ഗ്രന്ഥരൂപത്തില്‍. വിഷയം ഗഹനം, Textആവിഷ്‌കാരം സുതാര്യം. മലയാള ഭാഷയ്ക്ക് ഇത്തരമൊന്ന് തന്റേ താക്കുവാന്‍ ഭാഗ്യമുണ്ടായി എന്നു കരുതണം. പുസ്തകത്തിലെ, ‘പ്ലേറ്റോയുടെ നിഴലുകള്‍’ എന്ന ഒന്നാമദ്ധ്യായത്തിന്റെ ഉപസംഹാരം വായിച്ചുനിര്‍ത്തുമ്പോള്‍ സ്വന്തം ഹൃദയം ഉറക്കെ മിടിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു.

ഭീമാകാരമായൊരു തിയേറ്ററിലിരുന്ന് അതിബൃഹത്തായ സ്‌ക്രീനില്‍, ആദിമ അണുവിന്റെ വികാരങ്ങള്‍ പോലും വിശദീകരിക്കുന്ന മഹത്തായൊരു ഡോക്യുമെന്ററിച്ചിത്രമായി ഈ ഗ്രന്ഥത്തെ മനക്കണ്ണില്‍ ആസ്വദിക്കെ, നമ്മുടെ കാലത്തെ അനുഗൃഹീത റഷ്യന്‍ ചലച്ചിത്രകാരനായ അലക്‌സാണ്ടര്‍ സോക്കുറോവിന്റെ, റഷ്യന്‍ ആര്‍ക്ക് എന്ന മനോഹരമായ ഡോ ക്യുമെന്ററി ഓര്‍ത്തുപോയി. ചരിത്രപുരുഷന്മാരും ശരിക്കുള്ളവരും ഇടകലര്‍ന്ന് കാലത്തിലൂടെ ഒറ്റക്കാഴ്ചയാണത്.

വികാരങ്ങളുടെ ആകെയുള്ള എണ്ണത്തെക്കുറിച്ച് ഈ പുസ്തകം വായിക്കുംമുമ്പ് ആലോചിച്ചിരുന്നില്ല; പല ഗവേഷകരും അവയെ അന്‍പത്തഞ്ചോളം എണ്ണി അടയാളപ്പെടുത്തിയിട്ടുണ്ടെന്നറിയുമ്പോള്‍ അത്ഭുതമായിരുന്നു.  ഇമോഷന്‍ എന്ന പദം ആംഗലേയത്തില്‍ വന്നത് വെറും 450 വര്‍ഷങ്ങള്‍ക്കു മുമ്പെന്നതും ആദ്യമായി അറിയുകയായിരുന്നു. ആവര്‍ത്തിച്ചു ചിന്തിക്കുന്ന മനുഷ്യനെക്കുറിച്ച്, (ഹോമോ സേപിയന്‍ സേപിയന്‍ എന്ന പദത്തിന് അതാണ് അര്‍ത്ഥമെന്ന് ഡോക്ടര്‍ പറഞ്ഞിരിക്കുന്നു-ചിന്തിച്ചു ചിന്തിച്ച് ഒരു വഴിക്കായ മനുഷ്യനെന്ന് ഫലിതമയമായും വ്യാഖ്യാനിച്ചത് നമ്മെ പൊട്ടിച്ചിരിപ്പിക്കും) ഈ ഗ്രന്ഥം പങ്കുവയ്ക്കുന്ന ന്യൂറോളജിയറിവുകളെല്ലാം തന്നെ ഒരു സാധാരണക്കാരന് പുതിയതാണ്.

വീട്ടുവളപ്പിലെ ചിത്രശലഭങ്ങളെ നിരീക്ഷിച്ചുപഠിച്ച് നോട്ടുപുസ്തകത്തില്‍ ചിട്ടയായി വരച്ചും എഴുതിയും രേഖപ്പെടുത്തി , കുട്ടിക്കാലത്ത് തന്റെ അദ്ധ്യാപകന്റെ മനം കവര്‍ന്ന വിജ്ഞാനകൗതുകത്തെപ്പറ്റി പുസ്തകാരംഭത്തില്‍ ഡോക്ടര്‍ സൂചിപ്പിക്കുന്നുണ്ട്. പലരും വിശ്രമജീവിതത്തിലേക്കു പിന്‍വാങ്ങുന്ന പ്രായത്തിലും അദ്ദേഹം അതേ ജിജ്ഞാസ കാത്തുസൂക്ഷിക്കുന്നു.

ഒരിക്കലും നിറയാത്തത്ര വിശാലമാണ് മനുഷ്യമസ്തിഷ്‌കമെന്നും സാധാരണ കമ്പ്യൂട്ടറിന്റെ ആയിരം മടങ്ങ് ഓര്‍മ്മകള്‍ അതിനു ശേഖരിക്കാനാവുമെന്നുമറിഞ്ഞത് വിസ്മയത്തോടെയാണ്. മസ്തിഷ്‌കത്തില്‍ മാത്രമല്ല ഓര്‍മ്മകളുടെ രഹസ്യമെന്നും, ശരീരത്തലെ മറ്റുകോശങ്ങള്‍ക്കുമുണ്ട് ഒരിക്കലും തെറ്റിക്കൂടാത്ത ചിരപുരാതന സ്മൃതികളും ചര്യകളുമെന്നും അവയ്ക്കു തെറ്റുപറ്റുമ്പോള്‍ പല ജീവതാളങ്ങളും പിശകിപ്പോകുമെന്നും ഡോക്ടര്‍ അറിയിക്കുന്നു. ഡോക്ടറുടെ കാലത്തെ വൈദ്യപഠനവും അദ്ധ്യാപനവും ഈ ഇന്റര്‍നെറ്റ് കാലത്തെപ്പോലെ ആയിരുന്നില്ല. സ്ലൈഡുകള്‍ തയ്യാറാക്കിയിരുന്നതും പ്രദര്‍ശിപ്പിച്ചിരുന്നതും എത്ര ബദ്ധ
പ്പെട്ടാണെന്ന് ഒരിടത്തു പറയുന്നുണ്ട്. അടിമുടി രോഗിയെ ഒന്നു നോക്കി, ചടുലമായ നിരീക്ഷണത്തിലൂടെ വൈകല്യങ്ങളും അസ്വാസ്ഥ്യങ്ങളും കണ്ടെത്തുന്ന വൈദ്യഗുരുക്കന്മാരാണ് പലരും. അതുപോലൊക്കെത്തന്നെ രോഗനിര്‍ണ്ണയം ചെയ്യാന്‍ പ്രാഗല്ഭ്യം സിദ്ധിച്ച മഹാവൈദ്യനാണ് ഡോ. രാജശേഖരന്‍ നായരും. എന്നാല്‍,  അരനൂറ്റാണ്ടിലേറെക്കാലത്തെ തന്റെ വൈദ്യജീവിതത്തിലെ പല അവിസ്
മരണീയ മുഹൂര്‍ത്തങ്ങളും രോഗനിര്‍ണ്ണയ സാഹചര്യങ്ങളും നമ്മോടു പങ്കുവയ്ക്കുമ്പോള്‍ നാം നടക്കുന്ന മണ്ണില്‍ നമ്മോടൊപ്പം നടക്കുകയാണ് അദ്ദേഹം. ഐന്‍സ്റ്റീന്‍ന്റെ ആത്മീയതയോടും ഒമാര്‍ ഖൈയാമിന്റെ യോഗാത്മകതയോടും സൗമ്യമായിച്ചേര്‍ന്നു പോകുന്ന ജീവിതദര്‍ശനമാണ് തന്റേതെന്ന് അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്.

കടലില്‍ മുങ്ങിയ വിദൂരഗുഹകളിലെ നിയാണ്ടര്‍താല്‍ചികില്‍സാസ്ഥലികളില്‍ വരെയും ചെന്നെത്തുന്ന ഒരുല്ലാസയാത്രയായിരുന്നു ഈ പുസ്തകത്തിന്റെ വായന. രസകരമായ ഈ മസ്തിഷ്‌കശാസ്ത്രചലച്ചിത്രത്തിന്റെ ക്ലൈമാക്‌സ് അപ്പോഴും ദൃശ്യമായിരുന്നില്ല. ഒരു വൈജ്ഞാനിക ഗ്രന്ഥത്തിന് ക്ലൈമാക്‌സോ? അതെ, ഒരു കുറ്റാന്വേഷണകഥയിലെന്നോണം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അന്തിമപരിണതി. ആത്മീയതയുടെ ദീര്‍ഘചരിത്രവും ആത്മസാക്ഷാത്കാരത്തിന്റെ യാഥാര്‍ത്ഥ്യവും ന്യൂറോണ്‍ പഠനങ്ങളിലൂടെ ഇതാദ്യമായി ജനസാമാന്യത്തിനു വ്യക്തമാകുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.