DCBOOKS
Malayalam News Literature Website

‘നിഴൽപ്പോര്’; മികച്ച വായനാനുഭവം സമ്മാനിക്കുന്ന നോവൽ

വിനീഷ് കെ എന്‍ എഴുതിയ ‘നിഴല്‍പ്പോര്’ എന്ന നോവലിന് അർജുൻ രവീന്ദ്രൻ എഴുതിയ വായനാനുഭവം

വിനീഷ് കെ എൻ എഴുതിയ നിഴൽപ്പോര് എന്ന നോവൽ വായിച്ചു. ഡി സി നോവൽ മത്സരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണിത്. പ്രണയം, ചതി, കാമം, പക, ഭീതി തുടങ്ങിയ മനുഷ്യവികാരങ്ങൾ സ്വതന്ത്രമായി വിഹരിച്ചിരുന്ന വെളിച്ചമെത്താത്ത ഒരു ഇരുണ്ട കാലത്തെ വരച്ചിട്ട മാന്ത്രികപാശ്ചാത്തലത്തിലുള്ള ഈ നോവൽ Textതുടക്കം മുതൽ ഒടുക്കം വരെ ഇനിയെന്ത് എന്ന  ഉദ്വേഗം വായനക്കാരിൽ നിലനിർത്തുന്നുണ്ട്.

കഥകൾക്കുള്ളിൽ അനേകായിരം കഥകൾ പറയുകയും അവ കൂട്ടിയിണക്കുകയും ചെയ്യുന്നതിൽ കഥാകാരന്റെ ഭാവന നന്നായി പ്രവർത്തിച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ കൃത്യമായി വ്യാഖ്യാനിക്കാനും അവരെ കുറിച്ച് ചിന്തിപ്പിക്കാനും നോവലിന് കഴിഞ്ഞിട്ടുണ്ട്.

നരിക്കോട്, ഏഴോം, പട്ടുവം, ഇരിങ്ങൽ, കുറുമാത്തൂർ, കയരളം തുടങ്ങിയ കോലത്തുനാട്ടിലെ നാട്ടുവഴികളിലൂടെ കിതപ്പില്ലാതെ സഞ്ചരിച്ച കഥയുടെ ഒടുക്കമെത്തുമ്പോൾ വായനക്കാരൻ ഉന്മാദത്തിലെത്തിപ്പോകുന്ന ഒരു അവസ്ഥ അനുഭവപ്പെട്ടേക്കാം. നരിക്കോട്ടെ ഉയർന്ന കുന്നുകളും കണ്ണെത്താത്ത പാടങ്ങളും കുപ്പം പുഴയുമൊക്കെ, മറഞ്ഞ് നിൽക്കുന്ന പഴയ ചില അനുഭവങ്ങളെ പേറി ആണ് നിൽക്കുന്നത് എന്ന് കടല് കടന്നു വന്ന ദേവകന്യാക്കളും അവരിലൂടെ തളിർത്ത് പടർന്ന കമ്മാരൻ ഗുരുക്കളും സന്തതികളും ഓർമിപ്പിക്കുന്നു. അച്ഛനെക്കാളും വലിയ മാന്ത്രികനായ ചാത്തുവും കേളുവും അവർ പുളച്ചുനടന്ന കാലവും വടക്കൻ വയലുകളിൽ നാട്ടിപ്പാട്ടിന് പാടാറുണ്ടോ എന്ന് പോലും തോന്നിപ്പിക്കുന്ന രചനാവൈഭവം നോവലിനുണ്ട്. കോലത്തുനാടൻ മിത്തുകൾ കഥാതന്തുവിൽ സമർത്ഥമായി കൂട്ടിയിണക്കുന്നതിൽ കഥാകാരൻ വിജയിച്ചിട്ടുണ്ട്.

നാട്ടുചരിത്രത്തിനൊപ്പം കർഷകപ്രസ്ഥാനങ്ങളുടെ തളിർപ്പും കുളുർപ്പും കോലത്തുനാടൻ മിത്തുകളും കഥാകാരന്റെ ഭാവനയും ചേർന്നപ്പോൾ നിഴൽപ്പോര് ഒരു മികച്ച വായനാനുഭവം തന്നെ നൽകുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.