DCBOOKS
Malayalam News Literature Website

നിശ്ശബ്ദതയിലെ തീര്‍ത്ഥാടകന്‍: ഒരു കൊളാഷ് നോവല്‍

ഫാന്റസിയിലധിഷ്ഠിതമായ ആഖ്യാനരീതിയാണ് രാജ് നായരുടെ നിശ്ശബ്ദതയിലെ തീര്‍ത്ഥാടകന്‍ എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത്. നിഗൂഢാത്മകമായ ഫാന്റസിയാണ് നിശബ്ദതയിലെ തീര്‍ത്ഥാടകനിലേത്. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന ഒരു ബാലനാണ് ഈ കഥയിലെ ആഖ്യാതാവ്. ഈ ബാലന്റെ പരീക്ഷണത്തിന്റെയും അനുശീലനത്തിന്റെയും കഥയാണ് ഒരര്‍ത്ഥത്തില്‍ നോവലിലൂടെ ചുരുളഴിക്കുന്നത്. കൃപ എന്ന കൃപാചാര്യനാണ് ഗുരു. കുട്ടനാടന്‍ കരയിലെ Textപട്ടണത്തിലെ സനാതന ധര്‍മ്മവിദ്യാലയത്തില്‍ നിന്നും പഠിക്കുന്നതിനെക്കാളേറെ വിദ്യാലയത്തിന് പുറത്ത് ആചാര്യനില്‍ നിന്നുമാണ് ബാലന്‍ പഠിക്കുന്നത്. ഗുരുമുഖത്തുനിന്നും അഞ്ചാം ക്ലാസ്സുകാരന്‍ പഠിക്കുന്ന പാഠങ്ങളാണ് നോവലിലെ ഒന്നു മുതല്‍ ഒമ്പത് അദ്ധ്യായങ്ങളില്‍ വിസ്തരിക്കപ്പെടുന്നത്. പത്താമദ്ധ്യായത്തില്‍ കാര്യങ്ങള്‍ തലകീഴായി മറിയുന്നു. നാം കഥയെന്നു ധരിച്ചത് ഹരിപ്പാട്ടുകാരനായ കൃഷ്ണപ്പണിക്കര്‍ എന്ന മദ്ധ്യവയസ്‌കന്റെ വിഭ്രാന്തിയായിരുന്നുവെന്നുവരുന്നു. അപ്പോള്‍ ഒരു പുതിയ വിഭ്രാന്തി വായനക്കാരായ നമ്മെയും പിടികൂടുന്നു.

”നോവലിൽ ഭാവനയുടെ അംശം നേർത്തുനേർത്തുവരികയും ആവശ്യത്തിലേറെ വിശദാംശങ്ങൾ കുത്തിനിറച്ച ഫീച്ചറുകളോട് അത് അടുത്തുവരികയും അതിന്റെ ഭാഷ പത്രശൈലിയായി മാറുകയുംചെയ്യുന്ന ഒരു കാലത്ത് കല്പനാംശത്തെ തിരിച്ചുകൊണ്ടുവരാനും ഭാഷയ്ക്ക് സാഹിത്യഗുണം നല്കാനുമുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. യഥാർത്ഥവും ഭ്രമാത്മകവുമായ അംശങ്ങൾ മനോഹരമായി കൂട്ടിക്കലർത്തി എഴുതപ്പെട്ട രാജ് നായരുടെ നിശ്ശബ്ദതയിലെ തീർത്ഥാടകൻ ശ്രദ്ധേയമാകുന്നത് ഈ സന്ദർഭത്തിലാണ്. ഘടനാപരമായ പരീക്ഷണമായിരിക്കെത്തന്നെ ഈ നോവൽ പാരായണക്ഷമത നിലനിർത്തുകയും ചെയ്യുന്നു”- സച്ചിദാനന്ദന്‍

Comments are closed.