DCBOOKS
Malayalam News Literature Website

കത്തുന്ന സൂര്യനെ മുറം കൊണ്ട് മൂടിവെക്കാനാവില്ല; കർഷകർക്ക് ആദരവുമായി പി കെ പാറക്കടവ്

രാജ്യ തലസ്ഥാനത്ത് നടന്ന കര്‍ഷകസമരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് മലയാളത്തിന്റെ പ്രിയ
എഴുത്തുകാരന്‍ പി കെ പാറക്കടവ്. പേനയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധം എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ കവിത . പൊരുതുന്ന കർഷകർക്ക്
എന്ന സബ്‌ടൈറ്റിലുമായാണ് അദ്ദേഹം പുതിയ കവിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ആവര്‍ത്തിച്ച് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളെയും, കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളെയും എഴുത്തുകാരന്‍ രൂക്ഷമായ ഭാഷയില്‍ തന്റെ വരികളിലൂടെ വിമര്‍ശിക്കുന്നുണ്ട്.
കവിത വായിക്കാം
കത്തുന്ന സൂര്യനെ മുറം കൊണ്ട് മൂടിവെക്കാനാവില്ല
(പൊരുതുന്ന കർഷകർക്ക്)
……………………………….
പി.കെ.പാറക്കടവു്
………………………………..
ഞങ്ങൾ വിത്തുകൾ നട്ട്
ധാന്യമണികൾ വിളയിക്കുമ്പോൾ
നിങ്ങൾ നുണകൾ നട്ട്
വിദ്വേഷം വിളയിക്കുന്നു.
അവകാശങ്ങൾക്ക് വേണ്ടി
രോഷത്തിൻ്റെ തീനാമ്പുകൾ
ഉയരുമ്പോഴൊക്കെ
നിങ്ങളുടെ തണുത്ത
പ്രതികരണത്തോടൊപ്പം വരില്ല
ദില്ലിയിലെ കൊടും തണുപ്പ് പോലും.
നിങ്ങളുടെ എവിടെയുമെത്താത്ത പ്രഹസന ചർച്ചകൾ
അസത്യത്തിൻ്റെ അടുപ്പുകൾ കൂട്ടി
നിങ്ങൾ തന്നെ ചുട്ടു തിന്നുക.
അധികാരത്തിൻ്റെ കൊമ്പുകൾ കൊണ്ട്
തടുക്കാനാവാത്ത വിധം
നേരിൻ്റെ ട്രാക്ടറുകൾ
ഉരുളുകയായി…
പത്രത്തിൻ്റെ പേജുകളിലും
ചാനലുകളുടെ വാർത്തകളിലും
ഇടം നൽകാതെ
ഒളിപ്പിച്ചു വെച്ചാലും
ഈ പടപ്പുറപ്പാട് മൂടിവെക്കാനാവില്ല;
കത്തുന്ന സൂര്യനെ
മുറം കൊണ്ട് മൂടി വെക്കാനാവാത്തത് പോലെ.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.