DCBOOKS
Malayalam News Literature Website

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു അന്തരിച്ചു

വിടവാങ്ങിയത് മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാള്‍

അഭിനയത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ മലയാളിക്ക്‌ സമ്മാനിച്ച പ്രതിഭ
നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

സിനിമ, നാടകം, കവിത, സംഗീതം, കഥ തുടങ്ങി കലാരംഗത്തെ എല്ലാ തലങ്ങളെയും പരിപോഷിപ്പിച്ച അദ്ദേഹം അരങ്ങൊഴിയുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം  തന്നെയാണ്.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ.  മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടി.

ആലപ്പുഴ നെടുമുടിയിൽ അധ്യാപക ദമ്പതികളായ പി കെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ്‌ 22നാണ്‌  ജനനം. കൊട്ടാരം എൻഎസ് യുപി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂൾ, ആലപ്പുഴ എസ്‌ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലത്തെ മൃദംഗത്തോടും ഘടത്തോടും ഇഷ്‌ടം കൂടി. അഭിനയവും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി.

1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു.

തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: സുശീല. മക്കൾ: ഉണ്ണി, കണ്ണൻ.

 

Comments are closed.