DCBOOKS
Malayalam News Literature Website

ചിറകുകള്‍ വിടര്‍ത്തി അവര്‍ പറന്നുയരട്ടെ , ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

ഇന്ന് ഒക്ടോബർ 11, ലോകത്താകെ ഇത് പെൺകുട്ടികളുടെ ദിനമായാണ് അറിയപ്പെടുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കും ശബ്ദത്തിനും ക്ഷേമത്തിനുമായി ഈ ദിനം ആഘോഷിക്കുന്നു. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.‌

ഇതൊരു പുരുഷാധിപത്യലോകമാണ് എന്നതിനാല്‍ത്തന്നെ വിദ്യാഭ്യാസം, ശാസ്ത്രം, സാഹിത്യം, മെഡിക്കൽ, കല, സംസ്കാരം എന്നിവയിൽ തുല്യപങ്കാളിത്തം നൽകിയിട്ടും സ്ത്രീകളുടെ അവസ്ഥ ഇപ്പോഴും പലയിടങ്ങളിലും മോശം തന്നെയാണ്. അതിനാൽ, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങളും ശബ്ദവും ഉയർത്തുന്നതിനായി ഒരു പ്രത്യേകദിനം ആഘോഷിക്കുമ്പോൾ ഈ ദിവസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

 

Comments are closed.