DCBOOKS
Malayalam News Literature Website

നര്‍മ്മം നയതന്ത്രത്തില്‍

ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ്.

‘പ്രഭാതരശ്മി’ മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ്. നാസറിന്റെ നിരന്തരമായ പ്രേരണയാണ് മലയാളത്തില്‍ പുസ്തകം എഴുതാന്‍ എനിക്ക് പ്രചോദനം നല്‍കിയത്. ‘പ്രഭാതരശ്മി’യുടെ എല്ലാ ലക്കങ്ങളിലും എന്റെ ചെറിയ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇംഗ്ലിഷിലുള്ള എഴുത്തിന്റെ തിരക്കിലും മാസത്തിലൊരിക്കലെങ്കിലും മലയാളത്തില്‍ എഴുതാന്‍ ഞാന്‍ സമയം കണ്ടെത്തുമായിരുന്നു. അവയില്‍ ചില ലേഖനങ്ങള്‍ സമാഹരിച്ച് Textപ്രസിദ്ധീകരിക്കണമെന്നുള്ളതും നാസറിന്റെ ആശയമായിരുന്നു. രവി ഡി സി അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തത് ഒരു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു.

നയതന്ത്രലോകം വളരെ ഗൗരവമുള്ള വിഷയങ്ങളാണല്ലോ ചര്‍ച്ച ചെയ്യുന്നത്. വിശേഷിച്ചും ഐക്യരാഷ്ട്രസംഘടനയില്‍ ലോകത്തിന്റെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള ഗൗരവസ്വഭാവം എല്ലാവരും പാലിക്കുന്നു. അതിനാല്‍ നിരന്തരമായ പ്രസംഗങ്ങളും ചര്‍ച്ചകളും എല്ലാംതന്നെ മിക്കപ്പോഴും വിരസമായി തീരാറുണ്ട്. 193 രാജ്യങ്ങള്‍ അവരവരുടെ രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തില്‍ സമാധാനം
പാലിക്കാനുള്ള പ്രധാന ദൗത്യം നിര്‍വ്വഹിക്കാന്‍ ലോകസംഘടനയ്ക്ക് സാധിക്കാത്തത് ഇക്കാരണംകൊണ്ടുതന്നെയാണ്. നര്‍മ്മത്തിന് നയതന്ത്രത്തില്‍ സ്ഥായിയായ ഒരു രൂപമില്ല എന്നുതന്നെ പറയാം.

എന്നാലും നയതന്ത്രപ്രതിനിധികള്‍ അവരുടെ വ്യക്തിപരമായ സവിശേഷതകള്‍ അറിഞ്ഞും അറിയാതെയും അവരുടെ പ്രവര്‍ത്തനത്തില്‍ പ്രകടിപ്പിക്കുന്നു. സംഭാഷണചാതുര്യവും പ്രഭാഷണസാമര്‍ത്ഥ്യവും ആണ് നയതന്ത്രപ്രതിനിധികള്‍ക്ക് പ്രധാനമായി വേണ്ടത്. എന്നാല്‍ വിരസമായ ചര്‍ച്ചകളില്‍ നര്‍മ്മം വന്ന്
ഭവിക്കുന്നത് അസാധാരണമല്ല. പല നയതന്ത്രപ്രതിനിധികളും നര്‍മ്മം ചാലിച്ച് അവരുടെ നിലപാടുകള്‍  വ്യക്തമാക്കാറുണ്ട്. പക്ഷേ, അതിലുപരിയായി സാധാരണയായി കാണാറുള്ളത് മനുഷ്യസഹജമായ തെറ്റുകള്‍  കാരണം ഉണ്ടാകുന്ന അബോധനര്‍മ്മമാണ്. പരിണതപ്രജ്ഞരായ നയതന്ത്രപ്രതിനിധികള്‍പോലും  അബദ്ധപ്രസ്താവനകള്‍ നടത്തുന്നത് അസാധാരണമല്ല. ലോകസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ  പഴയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരെ പലപ്പോഴും കാണാം. വോട്ടുചെയ്യുന്നതില്‍പോലും തെറ്റുവരുത്തുകയും മറ്റുള്ളവരെ ആക്ഷേപിക്കുന്നതും പലപ്പോഴും കാണാറുണ്ട്.  അങ്ങനെയുള്ള കഥകളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നതും. ഐക്യരാഷ്ട്രസംഘടന മനുഷ്യരുടെ സൃഷ്ടിയാണെന്നും അതിനാല്‍ മനുഷ്യരുടെ ദൗര്‍ബല്യങ്ങള്‍ അവിടെ പ്രകടമാകുമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഈ നര്‍മ്മകഥകള്‍. അതുകൊണ്ടു തന്നെയാണ് നയതന്ത്രം മുഴുവനായി വിരസമാകാത്തതും.

എന്റെ ലേഖനങ്ങള്‍ക്ക് രസകരമായ ചിത്രങ്ങള്‍ വരച്ച കലാകാരന്‍ ശ്രീ കൊട്ടിയം പാച്ചനും നന്ദി.

‘പ്രഭാതരശ്മി’യുടെ എഡിറ്ററും കൊല്ലം തങ്ങള്‍കുഞ്ഞ് മുസലിയാര്‍ ട്രസ്റ്റ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ ജനാബ് ഷഹാല്‍ ഹസന്‍ മുസലിയാര്‍ അദ്ദേഹത്തിന്റെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉപദേശകനായി എന്നെ നിയോഗിച്ചിരിക്കുന്നു എന്നതും നന്ദിയോടും സ്‌നേഹത്തോടും ഇവിടെ സ്മരിക്കുന്നു.

ഈ ചെറിയ സമാഹാരം ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുവാനും ഇടയാകുമെന്ന പ്രതീക്ഷയോടെ…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.