DCBOOKS
Malayalam News Literature Website

പോളണ്ടിനെ കുറിച്ച് മിണ്ടിക്കൊണ്ടിരിക്കണം സര്‍…

കെ വി മധു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന ‘സന്ദേശം’ സിനിമയിലെ പ്രയോഗം മലയാളിയുടെ വിമര്‍ശകമനസ്സില്‍ പ്രതാപം മങ്ങാതെ ഇന്നും കിടക്കുകയാണ്. രണ്ടാംലോകമഹായുദ്ധാനന്തരം സോഷ്യലിസ്റ്റ് രാജ്യമായി മാറിയ പോളണ്ടിനെ ഏറെക്കാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നയിച്ചത്. ഈ ഘട്ടത്തിലാണ് ജനങ്ങള്‍ക്കിടയിലെ അതൃപ്തി ഉപയോഗിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ ട്രേഡ് യൂണിയനായ സോളിഡാരിറ്റി ശക്തിപ്രാപിച്ചത്. 1980ല്‍ രൂപം കൊണ്ട ഈ സംഘടനയുടെ നേതാവ് ലെക് വലേസ പിന്നീട് അമേരിക്കന്‍ പിന്തുണയോടെ പോളണ്ടില്‍ അധികാരത്തിലെത്തി. അങ്ങനെ 1990 ഡിസംബര്‍ 22ന് പോളണ്ടിന്റെ കമ്യൂണിസ്റ്റ് ഭരണത്തെ നിഷ്‌കാസനം ചെയ്ത് ലെക് വലേസ പാശ്ചാത്യശക്തികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് വിരുദ്ധശക്തികളുടെ മാനസപുത്രനായ ലെക് വലേസയുടെ സ്ഥാനാരോഹണം ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു. പോളണ്ടിലെ കമ്യൂണിസ്റ്റ് തകര്‍ച്ചയായി വ്യാഖ്യാനിക്കപ്പെട്ടു.

വലേസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളിലാണ് സന്ദേശം സിനിമ മലയാളത്തിലൊരുക്കിയത്. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകള്‍ പോളണ്ടിനെ ചൊല്ലി അനുഭവിക്കുന്ന സംഘര്‍ഷത്തെ സിനിമയില്‍ പരിഹസിച്ചു. സിനിമയിലെ കമ്യൂണിസ്റ്റ് ഛായയിലൊരുക്കിയ ശ്രീനിവാസന്റെ കഥാപാത്രം പരിഹാസത്തെ പ്രതിരോധിക്കാന്‍ പറയുകയാണ് പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുത് എന്ന്. സിനിമ വന്നു, വിജയിച്ചു, അതിന്റെ വഴിക്ക് പോയി.

അതേ സമയം തന്നെ പോളണ്ടിന്റെയും ലോകത്തിന്റെയും ചരിത്രവും മാറി. അത് പക്ഷേ കേരളത്തില്‍ ചിലരൊന്നും അറിഞ്ഞില്ല. അവരിപ്പോഴും കമ്യൂണിസ്റ്റുകളെ കളിയാക്കുന്നത് പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന പ്രയോഗം പറഞ്ഞുകൊണ്ടാണ്.

യഥാര്‍ത്ഥത്തില്‍ ആ പ്രയോഗം ഇന്ന് ഉണ്ടാക്കുന്ന വികാരം മറിച്ചാണ് പോളണ്ടിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കണം എന്നാണ്. കാരണം പോളണ്ടില്‍ അധികം വൈകാതെ ഭരണമാറ്റമുണ്ടായി. രാജ്യമാകെ വെറുത്തുപോയ ഒരു ഭരണാധികാരിയായി ലെക് വലേസ മാറിയിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ് 1995ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോളിഷ് ജനതയൊന്നാകെ ലെക് വലേസയ്ക്കെതിരെ വിധിയെഴുതി. യുവ കമ്യൂണിസ്റ്റ് നേതാവായ അലക്സാണ്ടര്‍ ക്വാസിനിയേവ്സ്‌കി പുതിയ പ്രസിഡന്റായി. ലെക് വലേസയാണെങ്കില്‍ ജനപിന്തുണയില്ലാതെ സ്വന്തം പാര്‍ട്ടിയുണ്ടാക്കി പെരുവഴിയിലായി. വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിലെ പട്ടിണിക്ക് പരിഹാരം കമ്യൂണിസമാണെന്ന് ലെക് വലേസ പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ ലെക്വലേസയ്ക്ക് ശേഷം പോളണ്ടിന് എന്തുസംഭവിച്ചു എന്ന് മലയാളികളറിഞ്ഞേയില്ല. ഇപ്പോഴും പോളണ്ടിനെ കുറിച്ചൊരക്ഷരം മിണ്ടരുത് എന്ന് കാര്യമറിയാതെ പ്രയോഗിക്കുകയും ചെയ്യുന്നു. ഒരുസമകാലികരാഷ്ട്രീയ പ്രയോഗത്തെ ചരിത്രത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാതെ സംഭാഷണത്തില്‍ കൊണ്ടുനടക്കുന്ന സമൂഹത്തെ തിരിച്ചറിവിന് പ്രേരിപ്പിക്കുകയാണ് മരണം കാത്ത് ദൈവങ്ങള്‍ എന്ന പുസ്തകത്തില്‍ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് Textഎന്ന ലേഖനത്തിലൂടെ എം.സ്വരാജ്. പഠിച്ചുവച്ച ചരിത്രത്തം ഒരുജഢവസ്തുവല്ലെന്നും അത്  മാറിക്കൊണ്ടിരിക്കുകയാണെന്നും ബോധ്യപ്പെടുത്തുകയും ആര്‍ജിച്ച മൂല്യത്തെ സമകാലിക മാറ്റങ്ങളെ ചേര്‍ത്ത് വെച്ച് അപ്ഡേറ്റ് ചെയ്യുകയാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മരണം കാത്ത് ദൈവങ്ങള്‍ എന്ന പുസ്തകത്തിലെ ലേഖനങ്ങളിലൂടെ ചെയ്യുന്നത്.

സമകാലിക രാഷ്ട്രീയവിശകലനങ്ങള്‍

എം സ്വരാജിന്റെ സമകാലിക രാഷ്ട്രീയ വിചാരങ്ങളിലൂടെയുള്ള സഞ്ചാരമാണ് മരണം കാത്ത് ദൈവങ്ങള്‍ എന്ന പുസ്തകത്തിലെ ലേഖനങ്ങള്‍. ഒരേ സമയം തന്നെ ചരിത്രപരത കൂടി ഉള്‍ക്കൊള്ളുന്ന തിരിച്ചറിവിന്റെയും സത്യാനന്തരകാലത്തെ പ്രതിരോധത്തിന്റെയും ഉള്ളടക്കം കൂടി വഹിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നത്.  ഉദാഹരണത്തിന് ചുംബനത്തെ കുറിച്ചല്ല, ചുംബനസമരത്തെ കുറിച്ച് എന്ന ലേഖനമെടുക്കുക. ചുംബനസമരം കേരളത്തിലെ സാമൂഹ്യപരിതസ്ഥിയില്‍ വലിയ സ്വാധീനം ചെലുത്തിയ, അല്ലെങ്കില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രതിരോധമായിരുന്നു. സദാചാരപൊലീസിംഗിന്റെ ക്രൂരമുഖം അനാവരണം ചെയ്യപ്പെട്ട പ്രതിരോധം. അന്ന് ഡിവൈഎഫ്ഐ ചുംബനസമരത്തിന്റെ മുദ്രാവാക്യത്തെ പിന്തുണച്ചിരുന്നു. സമരത്തിനൊപ്പം ചേരുകയോ അവരുടെ സമരകോലാഹലങ്ങളില്‍ പങ്കാളിത്തം വഹിക്കുകയോ ചെയ്തില്ല. എന്നാല്‍ ചുംബനസമരക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്തു. എന്നാല്‍ അക്കാലത്തും പിന്നീടുമുള്ള സമയങ്ങളില്‍ ഉയര്‍ന്നു വന്ന ഏറ്റവും വലിയ ആരോപണം ഡിവൈഎഫ്ഐ ഈ സമരത്തില്‍ എന്തുകൊണ്ട് ചേര്‍ന്നില്ല എന്നതായിരുന്നു. അതിന് ഒരുലേഖനത്തിലെ വിപുലമായ പരിശോധനകള്‍ക്ക് ശഷം എം സ്വരാജ് ഇങ്ങനെ പറയുന്നു.

” ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ സമരം ചെയ്യുന്നുണ്ട്. അതിനിടയില്‍ നിങ്ങളെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരെ പ്രതിരോധിക്കാനും ഞങ്ങളുണ്ടാകും. നിങ്ങള്‍ ഞങ്ങളെ എത്ര തെറിവിളിച്ചാലും നിങ്ങളെ ആക്രമിക്കുന്നവര്‍ക്കൊപ്പം ഞങ്ങളുണ്ടാകില്ല. അത് നിങ്ങളുടെ സമരരീതിയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് കരുതരുത്. നിങ്ങള്‍ തീരുമാനിച്ചൊരു സമരത്തെ ഞങ്ങള്‍ ഏറ്റെടുക്കണമെന്ന് വാശിപിടിക്കുകയും അരുത്. ആരെങ്കിലും ഏറ്റെടുത്തില്ലെങ്കില്‍ തീരെ വയ്യ എന്നാണെങ്കില്‍ ഇതങ്ങ് അവസാനിപ്പിക്കുക.”

സമാനമായോ അല്ലെങ്കില്‍ അതിനോട് ചേര്‍ന്നുതന്നെയോ ഡിവൈഎഫ്ഐക്കെതിരെ സംഘപരിവാര്‍ സംഘടനങ്ങള്‍ രംഗത്തെത്തിയ സംഭവമായിരുന്നു ബീഫ് ഫെസ്റ്റിവല്‍. ബീഫ് നിരോധനമില്ലാത്ത സംസ്ഥാനത്ത് ഒരുപ്രത്യേകസാഹചര്യത്തില്‍ ഉയര്‍ത്തപ്പെട്ട സംഘപരിവാര്‍ സംഘടനങ്ങളുടെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റിവല്‍ എന്നൊരു സമരരൂപം പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍ പലകോണില്‍ നിന്ന് പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നെങ്കിലും സ്വരാജുള്‍പ്പെടെയുള്ളവരുടെ ഉറച്ച നിലപാട് മൂലം ആ സമരം വ്യാപകമായി കൊണ്ടാടി. മലപ്പുറത്ത് റംസാന്‍ കാലത്ത് കടകളടച്ചുള്ള സമ്പൂര്‍ണ ഹര്‍ത്താലിന് സമാനമായ സാഹചര്യം ചൂണ്ടിക്കാട്ടി അന്ന് ഹമീദ് ചേന്ദമംഗലൂര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ബീഫ് ഫെസ്റ്റിവല്‍ ഒരുസമരമാണ് എന്ന ലേഖനം എഴുതിയത്. ആ ലേഖനത്തിനൊടുവില്‍ സ്വരാജ് ഇങ്ങനെ പറയുന്നുണ്ട്.

”അഫ്ഗാനിസ്ഥാനിലെ ഒരുമതനിരപേക്ഷവാദി താലിബാനെയാണ് എതിര്‍ക്കേണ്ടത് എന്നതുപോലെ ഇന്ത്യന്‍ സെക്യുലറിസ്റ്റിന്റെ ആദ്യത്തെ ആകുലത ആര്‍എസ്എസിനെ കുറിച്ചാണ്. ഇതുമനസ്സിലാക്കാതെയുള്ള എല്ലാവാചാടോപങ്ങളും ആര്‍എസ്എസിനെ ഹരം കൊള്ളിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ ഹമീദ് മാഷ് സൂചിപ്പിച്ചതുപോലെ നാളെ ഒരു കഞ്ഞിഫെസ്റ്റിവല്‍ നടത്താനെങ്കിലും നമ്മളൊക്കെ ജീവിച്ചിരിക്കും എന്നുറപ്പുവരുത്താന്‍ ഇന്നൊരു ബീഫ് ഫെസ്റ്റിവെല്‍ നടത്തിയേ പറ്റൂ. ”

താന്‍ നേതൃത്വത്തിലിരിക്കെ നടത്തപ്പെട്ട സമരങ്ങളുടെ സാധുതകള്‍ ഇഴകീറി പരിശോധിക്കുക കൂടിയാണ് എം സ്വരാജ് ചെയ്യുന്നത്, അതോടൊപ്പം തന്നെ ആ സമരങ്ങള്‍ കേരളസമൂഹത്തോട് എന്താണ് സംവദിച്ചതെന്നും അതിന്റെ അനനന്തരലക്ഷ്യങ്ങളെന്തായിരുന്നുവെന്നും ആശയവ്യക്തതയോടെ അദ്ദേഹം എഴുതുകയും ചെയ്യുന്നുണ്ട്. നുണയില്‍ മുക്കിയ ചതി, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ന്യായീകരണവുമായി ചാനല്‍ ചര്‍ച്ചകളിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളെ വൈകാരിതകയോടെ ഖണ്ഡിക്കുന്നു.

മുഖ്യമന്ത്രിയുടെ കാറും ധൂര്‍ത്തും കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെടുന്ന മാധ്യമങ്ങള്‍ എന്ന ലേഖനത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ദേശീയ ചാനലുകള്‍ നിര്‍വഹിക്കുന്ന ബിജെപി സഹായപദ്ധതിയെ ഇഴകീറി പരിശോധിക്കുന്നു. അതോടൊപ്പം കേരളത്തിലെ മാധ്യമങ്ങളുടെ നിലപാടിനെതിരെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ എയ്യുകയും ചെയ്യുന്നു. സമീപകാലത്ത് ചര്‍ച്ചയായി ഉയര്‍ന്നുവന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എന്ന പ്രശ്നം ലേഖനമെഴുതിയ കാലത്തും ചാനലുകള്‍ ഉയര്‍ത്തിയിരുന്നു. അതിനെ കുറിച്ച് സ്വരാജ് വിമര്‍ശനാത്മകമായി പരാമര്‍ശിക്കുന്നുണ്ട്. അതിങ്ങനെയാണ്.

”കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതും വാര്‍ത്തയാക്കും. തമിഴ്നാട്ടിലെ മന്ത്രി കെഎന്‍ നെഹ്റു കോടികള്‍ വിലയുള്ള ലാന്‍സ് ക്രൂയിസര്‍ വാങ്ങിയതിനെ കുറിച്ച് മാതൃഭൂമി ആവേശപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്തു. ‘ ഇന്ത്യന്‍ വിപണിയില്‍ ഉപയോഗിക്കും മുമ്പ് ഒരുവാഹനം ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഒരുറെയ്ഞ്ചൊക്കെ വേണം.”

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയൊരു കാര്‍ വന്നപ്പോള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു”.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു കിടിലന്‍ എസ് യു വി കൂടി. ”എന്നാല്‍ കേരളമുഖ്യമന്ത്രിക്ക് യാത്രചെയ്യാന്‍ ഒരു കാര്‍വാങ്ങിയപ്പോള്‍ കൊടുത്ത തലക്കെട്ട് ” കടക്കെണിയില്‍ ധൂര്‍ത്തിന്റെ കാര്‍ണിവെല്‍ എന്നാണ്. ഏഷ്യാനെറ്റിന്റെ ഇരട്ടത്താപ്പിനെ സ്വരാജ് ചോദ്യം ചെയ്യുന്നു. അതുപോലെ ഇഡിയുടെ നിലപാടും കേന്ദ്രഏജന്‍സികളുടെ നിലപാടുകളും വിവിധ സമയത്തെ വാര്‍ത്തകള്‍ അവതരിപ്പിച്ചുകൊണ്ട് ഖണ്ഡിതമായി വിമര്‍ശിക്കുന്നു സ്വരാജ്.

ആത്മഹത്യയും കൊലപാതകവും

വധശിക്ഷയെന്ന പ്രാകൃത ശിക്ഷാരീതിക്കെതിരായ നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ബോംബെ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേനെ തൂക്കിലേറ്റിയ സമയത്താണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വധശിക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. അന്ന് സ്വരാജ് എഴുതിയ വധം എന്ന കുറ്റവും വധം എന്ന ശിക്ഷയും എന്ന ലേഖനം ശ്രദ്ധേയമായിരുന്നു. ഈ പുസ്തകത്തില്‍ വധശിക്ഷയെ കുറിച്ചുള്ള ഗാംഭീര്യമുള്ള ചിന്തയാണ് ഈ ലേഖനം ഉയര്‍ത്തുന്നത്. അതിനെ കുറിച്ചുള്ള ചിന്തകളുടെ ഒടുവില്‍ സ്വരാജ് അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ആശയം ഇതാണ്

”കുറ്റകൃത്യങ്ങളെയാണ് വെറുക്കേണ്ടത്, കുറ്റവാളിയ അല്ല എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. എന്നാല്‍ ഇന്നത്തെ നീതിന്യായ സംവിധാനങ്ങളില്‍ നിന്ന് അത്തരമൊരുസമീപനമുണ്ടാകണമെങ്കില്‍കൊളോണിയല്‍ മുഖമുള്ള നമ്മുടെ നിയമങ്ങളെ ആധുനിക സമൂഹത്തിന് അനുസൃതമായി നവീകരിക്കണം. അതിനുള്ള ഇച്ഛാശക്തി ഭരണകൂടത്തിനുണ്ടാകണം”

തൊട്ടുപിന്നാലെയാണ് ആത്മഹത്യകളുടെ സാമൂഹ്യകാരണങ്ങള്‍ പരിശോധിക്കുന്നത്. കഥാവശേഷന്‍ എന്ന ടിവി ചന്ദ്രന്‍ ചിത്രത്തിലെ നായകന്‍ ആത്മഹത്യ ചെയ്യുന്നതിലെ സാമൂഹ്യസാഹചര്യങ്ങളെയും രോഹിത് വെമുലയുടെ ആത്മഹത്യയെയും ചേര്‍ത്ത് വച്ച് ചിന്തോദ്ദീപകമായ ഒരുപഠനം കൂടി നടത്തുന്നു, പാതി വഴിയില്‍ യാത്രമതിയാക്കുന്നവര്‍ എന്ന ലേഖനത്തില്‍. കഥയുടെ രാഷ്ട്രീയം, ഫുട്ബോള്‍ കാണാന്‍ മാത്രമുള്ളതല്ല, ടിപത്മനാഭന്‍ എന്ന ഭീകരന്‍, ചില തിരസ്‌കാരങ്ങളെ കുറിച്ച്, മരണം കാത്ത് ദൈവങ്ങള്‍, സിദ്ധന്മാര്‍ വാഴുന്ന കേരളം, രക്തസാക്ഷി മരിക്കില്ല, തോല്‍ക്കുകയുമില്ല തുടങ്ങിയ ലേഖനങ്ങള്‍ രാഷ്ട്രീയത്തിനുപരി സാമൂഹ്യശാസ്ത്രത്തെയുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

നുണകള്‍ക്കെതിരായ അക്ഷരങ്ങള്‍

എം സ്വരാജിന്റെ ആദ്യപുസ്തകം പൂക്കളുടെ പുസ്തകമായിരുന്നു. പൂക്കളിലൂടെ ലോകത്തെ കണ്ട പുസ്തകമായിരുന്നു അത്. അടിസ്ഥാന രാഷ്ട്രീയബോധത്തെ ലയിപ്പിച്ച് ചേര്‍ത്ത് പൂക്കളിലൂടെ നടത്തിയ ഒരു സഞ്ചാരം. എന്നാല്‍ മരണം കാത്ത് ദൈവങ്ങളിലേക്ക് എത്തുമ്പോള്‍ വര്‍ത്തമാനകാല രാഷ്ട്രീയപരിസരത്തിലേക്ക് ഒരു കമ്യൂണിസ്റ്റിന്റെ കാഴ്ചയെ സന്നിവേശിപ്പിച്ച് നടത്തുന്ന നിരീക്ഷണങ്ങളാണ് സ്വരാജ് അവതരിപ്പിക്കുന്നത്. പൂക്കളുടെ പുസ്തകത്തില്‍ ദമിതമായി പറഞ്ഞ രാഷ്ട്രീയത്തെ പ്രത്യക്ഷരാഷ്ട്രീയകാഴ്ചപ്പാടുകളായി ആവിഷ്‌കരിക്കുന്നു എന്ന വ്യത്യാസം ഈ പുസ്തകത്തിനുണ്ട്. സ്റ്റാലിനും ലെക് വലേസയും ചുംബനസമരവും തുടങ്ങി കേരളവും ലോകവും ചര്‍ച്ച ചെയ്തവിഷയങ്ങള്‍ പാരായണക്ഷമതയോടെ അവതരിപ്പിക്കുന്നു എന്നതാണ് സ്വരാജിന്റെ എഴുത്തിന്റെ സവിശേഷത.

” ഒരിക്കല്‍ സ്റ്റാലിന്‍ മൊളട്ടോവിനോട് ചോദിച്ചുവത്രെ” എന്റെ മരണാനന്തരം എന്താണ് സംഭവിക്കുകയെന്നറിയാമോ? മൊളട്ടോവ് മറുപടി പറയും മുമ്പ് സ്റ്റാലിന്‍ പറഞ്ഞു

”എന്റെ ശവകുടീരത്തിന് മുകളില്‍ നുണകളുടെ ഒരു കൂമ്പാരം കൂടും. പക്ഷേ ചരിത്രത്തില്‍ ആഞ്ഞുവീശുന്ന സത്യത്തിന്റെ കാറ്റില്‍ ആ നുണകളുടെ കൂമ്പാരം തകര്‍ന്നുപോകുക തന്നെ ചെയ്യും. ”

അനന്തരം അവര്‍ സ്റ്റാലിനെ തേടിയിറങ്ങി എന്ന ലേഖത്തില്‍ സ്വരാജ് ഉദ്ധരിക്കുന്നതാണ് ഈ സംഭാഷണം. ചരിത്രത്തില്‍ പല രീതിയില്‍ വ്യാഖ്യാനത്തിന് വിധേയമാക്കപ്പെട്ട സംഭവങ്ങളെ തന്റെ നിരീക്ഷണപാടവത്തിലൂടെ, ആര്‍ജിച്ച അറിവുകളിലൂടെ പുനരവതരിപ്പിക്കുകയാണ് സ്വരാജ്. അതില്‍ സത്യത്തിന് വേണ്ടി ജ്വലിക്കുന്ന ഒരു തൂലികയുണ്ട്. സ്റ്റാലിനെ കുറിച്ച് പറഞ്ഞുകേട്ട കഥകളുടെ പിന്നാമ്പുറമാണ് ഈ ലേഖനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. അതുപോലെ ആവര്‍ത്തിച്ച് കേട്ട പലതും കെട്ടുകഥകളാണെന്നും ചെറിയ ചെരിവുകളിലൂടെ അവതരിപ്പിക്കപ്പെട്ട ഏങ്കോണിപ്പുള്ള വാര്‍ത്തകളാണെന്നും സത്യാനന്തരകാലം ഇങ്ങനെയാണെന്നും സ്വരാജ് സമര്‍ത്ഥിക്കുന്നു. വിജ്ഞാനത്തിനൊപ്പം സ്വന്തം രാഷ്ട്രീയകാഴ്ചയുടെ പ്രഭയും വിളക്കിച്ചേര്‍ത്ത സ്വരാജിന്റെ ഈ ലേഖനങ്ങളിലൂടെ കടന്നുപോകുന്നത് വായനക്കാരന് കാഴ്ചയെ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ സഹായിക്കുമെന്നുറപ്പാണ്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.