DCBOOKS
Malayalam News Literature Website

“എന്തുകൊണ്ട് എന്റെ പുസ്തകം ചോദ്യം ചെയ്യാൻ ആളുകൾ വരുന്നില്ല എന്നത് എന്നെ അലട്ടുന്നു”: ചെറായി രാമദാസ്


കേരളത്തില്‍ നിരന്തര സംവാദവിഷയമായ ‘താത്രീ സ്മാര്‍ത്തവിചാരം: വിചാരണകളും വീണ്ടുവിചാരങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ചെറായി രാമദാസ്, കെ വി ശ്രീജ എന്നിവര്‍ പങ്കെടുത്തു.

ഒരു കുറിപ്പുകൊണ്ട് പോലും തന്റെ പുസ്തകത്തെ എതിര്‍ക്കാന്‍ എന്തുകൊണ്ട് ആളുകള്‍ കടന്നുവരുന്നില്ല എന്നത് തന്നെ അലട്ടുന്നുവെന്ന് ചെറായി രാമദാസ് വ്യക്തമാക്കി. തന്റെ പുസ്തകം നവോത്ഥാനകാലത്തെ ജനവിരുദ്ധമായ ജീവിതരീതികളുടെ തെറ്റായ സാംസ്‌കാരിക നിലവാരത്തിന്റെ അടയാളപ്പെടുത്തലാണ് എന്ന് ചെറായി രാമദാസ് അഭിപ്രായപ്പെട്ടു.

ചരിത്രവും സാഹിത്യവും തമ്മിലുള്ള തര്‍ക്കം എന്നും തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ചെറായി രാമദാസിന്റെ പുസ്തകം ചരിത്രഗവേഷണത്തിന്റെ മികച്ച മാതൃകയായി വരുംകാലങ്ങളില്‍ അടയാളപ്പെടുത്താമെന്നും മോഡറേറ്റര്‍ സുനീത ടി വി കൂട്ടിച്ചേര്‍ത്തു.

ചെറായി രാമദാസ് താത്രിയെ ചരിത്രപരമായി കണ്ടെത്തിയെങ്കില്‍ സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ താത്രിയെ അടയാളപ്പെടുത്താനാണ് കെ വി ശ്രീജ തന്റെ എഴുത്തുകളിലൂടെ ശ്രമിച്ചിട്ടുള്ളത്. മാറുന്ന കാലഘട്ടത്തിലും സ്ത്രീകളുടെ ജീവിതത്തില്‍ ബാഹ്യമായ മാറ്റങ്ങള്‍ സംഭവിച്ചുവെന്നല്ലാതെ ആന്തരികമായ ഒരു മാറ്റവും ആഴത്തില്‍ സംഭവിച്ചിട്ടില്ലെന്ന് കെ വി ശ്രീജ അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ആനന്ദങ്ങളെ പ്രണയത്തോടെ കണ്ട ശക്തയായ ഒരു സ്ത്രീസ്വത്വത്തിനുടമയായാണ് കുറിയേടത്ത് താത്രിയെ താന്‍ കാണുന്നതെന്നും കെ വി ശ്രീജ കൂട്ടിച്ചേര്‍ത്തു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.