DCBOOKS
Malayalam News Literature Website

മൃഗയ: കേരളത്തിന്റെ നായാട്ട് ചരിത്രം, അധിനിവേശകേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം ചർച്ച ചെയ്യുന്ന കൃതി

വിനില്‍ പോളിന്റെ ഏറ്റവും പുതിയ പുസ്തകമായ മൃഗയ: കേരളത്തിന്റെ നായാട്ടുചരിത്രത്തിന്  അനീറ്റ അന്ന മോന്‍സി എഴുതിയ വായനാനുഭവം

ഇര-വേട്ടക്കാരൻ എന്ന ദ്വന്ദ്വം പ്രകൃതിയിൽ നിലനിൽക്കുന്നതായി നാം മനസ്സിലാകുന്നത് ഭക്ഷ്യശൃംഘലയുമായി ബന്ധപ്പെട്ടാണ്. എന്നാൽ ഇരയും വേട്ടക്കാരനുമായി മനുഷ്യൻ ചരിത്രബന്ധങ്ങളിലൂടെ വളർന്നുവരുന്നത് കാണാൻ ശ്രമിച്ചാൽ വേട്ട എങ്ങനെ സാമൂഹികാധികാരങ്ങളുടെ ഉറപ്പിക്കലാകുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. മൃഗയകേരളത്തിന്റെ നായാട്ട് ചരിത്രം എന്ന വിനിൽ പോളിന്റെ പുസ്തകം അധിനിവേശകേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം ചർച്ച ചെയ്യുന്ന കൃതിയാണ്. അധിനിവേശ ആധുനികത എന്ന സമീക്ഷയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു മേഖലയാണ് ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിലെ നായാട്ടിന്റെ ചരിത്രം. പൗരുഷത്തിന്റെ പാശ്ചാത്യമാതൃക രൂപപ്പെടുന്നത് എങ്ങനെ ഒരേ സമയം പ്രകൃതിയെയും സ്ത്രീയെയും മറ്റ് വംശങ്ങളിലുള്ള മനുഷ്യരെയും കീഴടക്കുക വഴി ആണെന്ന് ഈ പുസ്തകം വരച്ചുകാട്ടുന്നു.

കടുവയെ മനുഷ്യരുടെ പൊതുശത്രുവായി പ്രതിഷ്ഠിക്കുക വഴി സംരക്ഷകർ ചമഞ്ഞ് മനുഷ്യവേട്ടയും Textവിഭവവേട്ടയും നടത്താൻ ബ്രിട്ടീഷ് ഭരണകൂടത്തിന് തന്ത്രപൂർവ്വം സാധിച്ചതെങ്ങനെ എന്ന് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ പുസ്തകം കാട്ടിതരുന്നു. അതോടൊപ്പം കാട്-നാട് എന്ന ഭിന്നിപ്പ്, ജാതീയവും ഭൂപ്രദേശവുമായി ബന്ധപ്പെട്ടതുമായ അധികാരബന്ധങ്ങൾ എന്നിവ വേട്ടയെ എങ്ങനെ ആണത്തവും അധികാരവും ഉറപ്പിക്കുന്ന ഒരു വിനോദമാക്കി മാറ്റുന്നു എന്ന് പുസ്തകം പറയുന്നു. മണ്ണിനോടും പ്രകൃതിയോടും ചേർന്ന് ജീവിക്കുന്ന മനുഷ്യരെ പൗരുഷത്തിന്റെ കുറഞ്ഞമാതൃകകളായി കാണുന്നവർ അതേസമയം അവരെ തങ്ങളുടെ വിനോദങ്ങളുടെ ഉപകരണങ്ങളായി ഉപയോഗിക്കുന്നതെങ്ങനെ എന്ന് നമുക്കിതിൽ കാണാം.

കേരളത്തിലെ കാടുകളിൽ ബ്രിട്ടീഷ് അധികാരികൾ നടത്തിയ വേട്ടയുടെ ചരിത്രം എങ്ങനെ അധിനിവേശ കാലഘട്ടത്തിലെ മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകൾ വെളിപ്പെടുത്തുന്നു എന്ന് നമുക്കിതിൽ കാണാം. സാംസ്‌കാരിക അധിനിവേശത്തിന്റെ പരിപ്രേഷ്യത്തിൽ മനസ്സിലാക്കുമ്പോൾ മനുഷ്യരെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തോടൊപ്പം നിലനിൽക്കുന്നതാണ് പൊതുശത്രുവിന്റെ നിർമ്മിതിയും സംരക്ഷകത്വവും തദ്ദേശീയരുടെ നിലനിൽപ്പിന്റെ കർത്തൃത്വം ഏറ്റെടുക്കലും. അധിനിവേശ ആധുനികത എങ്ങനെ പ്രത്യയശാസ്ത്രപരമായും ചരിത്രപരമായും മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമാകുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കർത്തൃത്വം ഏറ്റെടുക്കൽ എന്ന് ഇതിൽ കാണാം.

മനഃശാസ്ത്ര പരമായി നോക്കുമ്പോൾ പുരുഷലിംഗത്തിന്റെ പ്രതീകം കൂടിയായ തോക്കിന്റെ കൈവശാവകാശം ഒരേ സമയം ആധുനികവും പ്രാകൃതവുമായ പൗരുഷത്തിന്റെ മാതൃകയായി മാറുന്നതും, അധിനിവേശപരവും ജാതീയവും ലിംഗപരവുമായ അധികാരബന്ധങ്ങളിൽ മനുഷ്യർക്കെങ്ങനെ ഒരേ സമയം ഇരയും വേട്ടക്കാരനും ആയി മാറാൻ കഴിയുമെന്നും ഇതിൽ കാണാം. നിരന്തരം ചരിത്രവൽക്കരിക്കുക (always historicize) എന്ന് ഫ്രഡറിക്ക് ജെയിംസൺ ടെ തത്വത്തെ ഈ പുസ്തകം നിവർത്തിക്കുന്നത് നായാട്ടന്റെ ചരിത്രപരതയെ വെളിവാക്കുന്നതിലൂടെയും,  അതിൽ രൂഢമൂലമായ സാംസ്‌കാരിക അധിനിവേശത്തെ പ്രശ്നവൽക്കരിക്കുന്നതിലൂടെയുമാണ് . പ്രകൃതിയുടെ അപരവൽക്കരണം, കേവല പരിസ്ഥിതിവാദത്തിന്റെ പോരായ്മ തുടങ്ങിയ സമകാലിക ധൈഷണിക അന്വേഷണങ്ങൾക്ക് അധിനിവേശ പാരിസ്ഥിതിക ചരിത്രത്തിന്റെ ഉള്ളടരുകളിലേക്ക് ഇറങ്ങുന്ന ഈ കൃതി പുതിയ വെളിച്ചം പകരും എന്നതിന് സംശയമില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.