DCBOOKS
Malayalam News Literature Website

മൃഗയ; കേരളത്തിന്റെ നായാട്ടു ചരിത്രം

വിനില്‍ പോളിന്റെ ഏറ്റവും പുതിയ പുസ്തകമായ മൃഗയ: കേരളത്തിന്റെ നായാട്ടുചരിത്രത്തിന്  അരുൺ വിനയ് എഴുതിയ വായനാനുഭവം

വിനിൽ പോളിന്റെതായി ആദ്യം വായിച്ച പുസ്തകം ‘അടിമ കേരളത്തിന്റെ അദൃശ്യചരിത്രം’ ആയിരുന്നു.
അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ എടുത്തു പറയേണ്ട സവിശേഷത എന്തെന്നാൽ, പുള്ളി അതിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങളാണ്. ഈ പുസ്തകത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ തന്നെ ഇതെന്റെ ലൈബ്രറിയിൽ വേണമെന്ന് തീരുമാനിച്ചിരുന്നു.

ഇനി പുസ്തകത്തിലേക്കു വരാം, ഒരു Research Paper വായിക്കുന്ന സുഖമാണ് (എല്ലാവർക്കും അത്‌ അത്ര സുഖമുള്ള പരിപാടി അല്ല എന്നറിയാം എങ്കിലും..) പുസ്തകത്തിലുടനീളം എനിക്ക് ലഭിച്ചത്. ഇന്ത്യൻ കോളോണിയൽ കാലഘട്ടം തുടങ്ങുന്നതിനു മുന്നേയുള്ള നായാട്ട് ചരിത്രത്തിൽ തുടങ്ങി നമ്മുടെ കൊച്ചു തിരുവിതാംകൂറിന്റെ മൃഗയ വിനോദങ്ങളെ വരെ ലേഖകൻ കൃത്യനിഷ്ഠമായി വിവരിക്കുന്നുണ്ട്. അതെത്രത്തോളം എന്ന് ചോദിച്ചാൽ, ഓരോ വർഷങ്ങളിലും ഏതെല്ലാം വന്യമൃഗങ്ങൾ എത്രമാത്രം വേട്ടയാടപ്പെട്ടു എന്നും, അവയുടെ എണ്ണവും, പ്രതിഫലതുകയും വരെ കൃത്യമായി പുസ്തകത്തിൽ പറഞ്ഞു പോകുന്നു.

ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ സാധിച്ച ഏറ്റവും വിഷമകരമായ സംഗതി എന്തെന്ന് വച്ചാൽ മനുഷ്യന്റെ Textക്രൂരവിനോദത്തിന് ഏറ്റവുമധികം ഇരയായത് ഇന്ന് വംശനാശഭീഷണി നേരിടുന്ന കടുവകളായിരുന്നു എന്നതാണ്. കാരണം മറ്റു മൃഗങ്ങളെക്കാൾ കടുവകളെ വേട്ടയാടുന്നതിലൂടെ ഒരു ധീരപരിവേഷം വേട്ടക്കാർ നേടിയിരുന്നു. മറ്റൊരു സംഗതി എന്തെന്നാൽ കാടുകളിൽ മാത്രം ഒതുങ്ങിയിരുന്ന കടുവകൾ, നായാട്ടു കാരണം ഭക്ഷണം ലഭിക്കാതെ വന്നപ്പോൾ മനുഷ്യവാസമുള്ള ഇടങ്ങളിലേക്കും കൃഷി ഭൂമികളിലേക്കും ഇര തേടാനിറങ്ങുകയും അവ നരഭോജി കടുവകളായി മാറുകയും ചെയ്തു. എന്നാൽ ഇതും ബ്രിട്ടീഷ് വേട്ടക്കാരെ സംബന്ധിച്ച് ഒരു അനുഗ്രഹമായിരുന്നു. കാരണം നായാട്ടിലൂടെ തങ്ങളുടെ ധീരത കാണിക്കുക എന്നതായിരുന്നു പ്രത്യക്ഷത്തിൽ ബ്രിട്ടീഷുകാരുടെ ലക്ഷ്യം എങ്കിലും അതിനു പുറകിൽ അവർക്കു മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. ക്രൂര മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതിലൂടെ തങ്ങളുടെ ആധിപത്യം നാട്ടുകാരിൽ ഉറപ്പിക്കുകയും, അവരുടെ രക്ഷകൻ പരിവേഷം സ്വന്തമാക്കാനുള്ള രഹസ്യ അജണ്ടയും അവർ ഓരോ നായാട്ടിലൂടെയും നേടിയെടുക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം അവർക്കു എല്ലാവിധ സഹായങ്ങളും നൽകിയിരുന്നത് നമ്മുടെ നാട്ടുരാജാക്കന്മാർ തന്നെയായിരുന്നു. തുടർന്ന് വനസംരക്ഷണ നിയമം എന്ന പേരിൽ പല നിയമങ്ങൾ അവർ കൊണ്ട് വന്നുവെങ്കിലും അതെല്ലാം തദ്ദേശീയരായ നായാട്ടുകാരെയും, ആദിവാസി ജനങ്ങളെയും നായാട്ടിൽ നിന്നും വിലക്കാനും, ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഇഷ്ടാനുസരണം കാടുകളിൽ മൃഗയ വിനോദത്തിന് സഹായിക്കുകയുമാണ് ചെയ്തത്. ഒരു വിധത്തിൽ പറഞ്ഞാൽ നായാട്ട് ചരിത്രം മൃഗങ്ങളുടെ മേൽ മാത്രം ആധിപത്യം സ്ഥാപിക്കാൻ വേണ്ടി തുടങ്ങി വച്ച ഒന്നായിരുന്നില്ല, അതിലൂടെ അധസ്ഥിതരായ ജനങ്ങളെ അടിച്ചമർത്തുകയും ഭയപ്പെടുത്തി തങ്ങളുടെ കീഴിൽ നിർത്തുകയും കൂടി ആയിരുന്നു അവരുടെ ലക്ഷ്യം, അതിൽ അവർ പൂർണ്ണമായും വിജയിക്കുകയും ചെയ്തിരുന്നു.

അവസാന ഭാഗത്തിലേക്ക് കടക്കുമ്പോൾ ലേഖകൻ പലതരം വേട്ടയാടൽ രീതികളും, പല നായാട്ട്കാരുടെ അനുഭവകഥകളും നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്.

തുടർന്ന് അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത നായാട്ട് സാഹിത്യത്തേക്കുറിച്ചുള്ള ഭാഗം ശരിക്കും informative ആണ്. നമ്മൾ പോലും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചുറ്റിലുമുള്ള പല അനുഷ്ടാനകലകളിലുമുള്ള നായാട്ടിന്റെ സ്വാധീനം വളരെ രസകരമാണ്. ഇന്നും വടക്കൻ കേരളത്തിന്റെ പലഭാഗങ്ങളിലും കെട്ടിയാടുന്ന ആദിമുലിയാടനും, കളിക്കത്തറ തെയ്യവും, വയനാട്ടുകുലവൻ തെയ്യവുമെല്ലാം നായാട്ടുതെയ്യങ്ങളാണ്. നായാട്ട് ആചാരനുഷ്ടാനങ്ങളിൽ നിന്നും ദൈവ വിശ്വാസത്തിലേക്കു കടന്നു വരുമ്പോൾ വേട്ടയ്ക്കൊരു മകനും, മുത്തപ്പനും, അയ്യപ്പനുമെല്ലാം ഇതേ വേട്ടയാടലിന്റെ രക്ഷാധികാരികളായി മാറുകയാണ് ചെയ്തത്.

ചരിത്ര വിഷയങ്ങളിൽ താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ, ഈ പുസ്തകം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല. വായിച്ചിരിക്കാവുന്ന ഒരുപാട് നല്ല അറിവുകൾ നൽകുന്ന ഒരു നല്ല പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.