DCBOOKS
Malayalam News Literature Website

ഭൂമി മനുഷ്യന്റേതല്ല, നാം ഭൂമിയുടേതാണ്

ശ്വസിക്കാന്‍ പ്രാണവായു ഇല്ലെങ്കില്‍ കുടിക്കാന്‍ ശുദ്ധജലമില്ലെങ്കില്‍ മറ്റെല്ലാ വിഷയങ്ങളും പിന്നെയാണ്

അംബികാസുതന്‍ മാങ്ങാട്/എ.വി.ശ്രീകുമാര്‍ അഭിമുഖം

പാരിസ്ഥിതികത, പ്രാദേശികത ഇവ കഥാപരിസരങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

തോടുകളും മരങ്ങളും ഇതര ജീവജാലങ്ങളും വയലുകളും തെയ്യങ്ങളും ഇടതിങ്ങിയ കാസര്‍കോട്ടെ ഒരു കുഗ്രാമത്തിലാണ് ഞാന്‍ പിറന്നതും വളര്‍ന്നതും. ഈ നാട്ടുപ്രകൃതി എന്റെ കഥകളില്‍ കുടികിടക്കുന്നത് സ്വാഭാവികം. പശ്ചാത്തലം എന്നതിനപ്പുറത്ത്
പ്രാദേശികത കൃത്യമായും കഥകളില്‍ രാഷ്ട്രീയബോധ്യങ്ങളെ വിന്യസിക്കാനുള്ള വലിയ സാധ്യതയായിരുന്നു. ഏകലോകക്രമത്തിനെതിരായ മറുമരുന്നായിരുന്നു കഥകളിലെ ‘മിറിങ്ങി’ക്കു പകരം ‘ബിരിണ്ട’ (എന്‍മകജെയിലെ നാട്ടുപാനീയം) മതി എന്ന പ്രതിരോധം. Textഅധിനിവേശത്തിനും അടിച്ചമര്‍ത്തലിനും എതിരായ പ്രാദേശികമായ പ്രതിഷേധവും നിലവിളിയുമായിരുന്നു തെയ്യങ്ങള്‍. അതുകൊണ്ടാണ് തെയ്യങ്ങള്‍ ഇത്രയധികം  എന്റെ കഥകളില്‍ ഉറഞ്ഞാടുന്നത്.

പ്രകൃതിബോധം താമസിയാതെ പരിസ്ഥിതി ബോധമായി എഴുത്തില്‍ പകര്‍ന്നാട്ടം തുടങ്ങിയിരുന്നു. പഠനകാലത്ത് അക്കേഷ്യ പ്ലാന്റേഷനെതിരെ എഴുതിയ ‘കണ്ണുരോഗം’ തൊട്ട് ഈയിടെ എഴുതിയ ‘ഉമ്മട്ടക്കുളിയന്‍’വരെ എത്രയോ കഥകളില്‍ പരിസ്ഥിതി ജാഗ്ര
തയുടെ ശക്തമായ ലോകാനുഭവങ്ങളാക്കാനുള്ള ശ്രമങ്ങളായിരുന്നു. മരക്കാപ്പ് കടപ്പുറത്തെ കടലാമകളെക്കുറിച്ചുള്ള ‘നീരാളിയന്‍’ എന്ന കഥ ലോകത്തില്‍ എവിടെയും ഇന്ന് പ്രസക്തമാണ്. പക്ഷേ, അത് എന്റെ വീടിനടുത്തെ അനു ഭവമായിരുന്നു എന്ന ചോദ്യം ഉണ്ടാവാറുണ്ട് എപ്പോഴും. എന്നെ ഏറ്റവും അസ്വസ്ഥനാക്കുന്ന വിഷയങ്ങളാണ് ഞാന്‍ ആവര്‍ത്തിക്കുന്നത്. മറ്റ് വിഷയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. അതൊക്കെ പിന്നെയാണ്. ശ്വസിക്കാന്‍ പ്രാണവായു ഇല്ലെങ്കില്‍ കുടിക്കാന്‍ ശുദ്ധജലമില്ലെങ്കില്‍ മറ്റെല്ലാ വിഷയങ്ങളും പിന്നെയാണ്. ജീവിച്ചിരുന്നാലല്ലേ മനുഷ്യാവകാശങ്ങളെക്കുറിച്ച് പലപ്പോഴും നമുക്ക് മിണ്ടാനാകൂ.

സ്വകീയാനുഭവങ്ങള്‍ എങ്ങനെയാണ് ഭാവനാലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്?

ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഭാവനയുടെ ഇന്ധനമാണ് എന്ന് തോന്നിയിട്ടുണ്ട്. നേരിട്ടനുഭവിച്ചത് മാത്രമല്ല കണ്ടതും കേട്ടതുമെല്ലാം അനുഭവങ്ങള്‍തന്നെ. ദിവസവും നൂറായിരം അനുഭവങ്ങളാണ് ഇങ്ങനെ നേരിട്ടും മാധ്യമങ്ങളിലൂടെയും നമ്മെത്തേടി വരുന്നത്. പക്ഷേ, അപൂര്‍വ്വം ചിലത് മാത്രം ചൂണ്ടപോലെ നമ്മെ കൊളുത്തിക്കളയും. ഊരിപ്പോരാന്‍ കഴിയാത്തവിധം നമ്മെ അസ്വസ്ഥരാക്കിത്തുടങ്ങും. അപ്പോഴാണ് ഭാവനയുടെ കളി തുടങ്ങുന്നത്. പെറ്റ് തീരുന്നത് വരെ ആ അസ്വാസ്ഥ്യം കിടക്കപ്പൊറുതി തന്നില്ല എന്നുവരും. അങ്ങനെയാണ് കഥകള്‍ നിലവിളിയോടെ പിറന്നു വീഴുന്നത്. ‘രണ്ട് മത്സ്യങ്ങള്‍’ക്ക് നിമിത്തമായത് ‘നെടുംചൂരി മത്സ്യങ്ങളുടെ പ്രജനനകേന്ദ്രം Textവറ്റുന്നു’ എന്ന പ്രാദേശികപേജിലെ കുഞ്ഞ് വാര്‍ത്തയായിരുന്നു. ഒരുപക്ഷേ, അധികമാരും ശ്രദ്ധിക്കാതെ കടന്നുപോയ വാര്‍ത്ത. ഇന്നാക്കഥ എട്ടാംക്ലാസ്സിലെ മുപ്പത് ലക്ഷത്തോളം കുട്ടികള്‍ പഠിച്ചു കഴിഞ്ഞു. മറിച്ചും സംഭവിക്കാം. ഭാവനയില്‍ ഞാനെഴുതിയ കഥകള്‍ ചിലത് പിന്നീട് യാഥാര്‍ത്ഥ്യമാകുന്നത് ഞെട്ടലോടെ കണ്ടിട്ടുണ്ട്. 2015-ല്‍ എഴുതിയ ‘പ്രാണവായു’ ആറുവര്‍ഷം കഴിയുമ്പോഴേക്കും യാഥാര്‍ത്ഥ്യമായി. 2013-ല്‍ എഴുതിയ ‘നീരാളിയന്‍’ എന്ന കഥയില്‍ ഭയപ്പെട്ടതും സംഭവ്യമായി. ഒരിക്കലും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ എഴുതിയ കഥകളാണ്. ഒരു വര്‍ഷം മുമ്പാണ് ‘മൊട്ടാമ്പുളി’ എന്ന കഥ എഴുതിയത്. കഥ അച്ചടിച്ചു വന്ന ദിവസങ്ങളില്‍ യാദൃച്ഛികമായി വീടിന് മുകളിലേക്ക് കയറിയപ്പോള്‍ ഓടുകള്‍ക്കിടയില്‍ ഒരു ചെടി മാത്രം തല ഉയര്‍ത്തി നില്‍ക്കുന്നു. ചെന്ന് നോക്കിയപ്പോള്‍ ഉടലാകെ തരിച്ചുപോയി. മൊട്ടാമ്പുളിച്ചെടിയാണ് കായ്ച്ച് നില്‍ക്കുന്നുത്. കുട്ടിക്കാലത്ത് ആഘോഷത്തോടെ പറിച്ചു തിന്നിരുന്നു. പിന്നെ കുറെ വര്‍ഷങ്ങളായി ചെടിയെ കാണാന്‍ കിട്ടിയിരുന്നില്ല. ഞാനോര്‍ത്തു കഥ എഴുതിത്തുടങ്ങുമ്പോള്‍ ചെടിയും മുളച്ചു തുടങ്ങിയിരിക്കണം. അന്നുതന്നെ ചിത്രമെടുത്ത് എഫ് ബിയില്‍ ഒരു പോസ്റ്റിട്ടത് ഓര്‍ക്കുന്നു.

സാമൂഹികത കഥയുടെ അനിവാര്യഘടകമാണോ?

തീര്‍ച്ചയായും. കൂര്‍ത്ത പെന്‍സില്‍ കൈയിലേന്തിയ ചൂല്യാറ്റിനുള്ള സാമൂഹ്യബോധം (തിരുത്തിലെ കഥാപാത്രം) ഓരോ സാഹിത്യരചയിതാവിനും അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു. അവനവനില്‍ ഒളിച്ചിരിക്കുന്ന, സാമൂഹ്യബോധമില്ലാത്ത ആ കൃതികളെല്ലാം പൈങ്കിളികളായിരിക്കും. ഒറ്റപ്പറക്കലില്‍ ഇന്ധനം തീര്‍ന്നുപോകുന്ന കിളിപ്പാട്ടുകളായിരിക്കും. വാക്കിന്റെ തോത് എപ്പോഴും അനീതിയുടെയും അതിക്രമത്തിന്റെയും നേര്‍ക്ക് നിര്‍ഭയം എഴുത്തുകാരിക്ക്/കാരന് ചൂണ്ടാനാവണം. താനൊരു എഴുത്ത് പട്ടാളക്കാരനാണ് എന്ന് ബഷീര്‍ പണ്ട് പറഞ്ഞത് എല്ലാവര്‍ക്കും ബാധകമാണ്. ‘സങ്കല്പകാന്തികളില്‍’ അഭിരമിക്കാതെ, ‘ജീവിതക്കടലേ കവിതയ്ക്ക് മഷിപ്പാത്രം’ എന്ന ആ മന്ത്രണത്തിന്റെ വഴിക്കാണ് എന്റെ വാക്കുകള്‍ വരിയൊപ്പിക്കുന്നത്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ ‘ജീവിതപ്രശ്‌നങ്ങള്‍’ എന്റെ ആദ്യകഥയാണ്. വാസ്തവത്തില്‍ നാലരപ്പതിറ്റാണ്ട് കാലമായി അതേ കഥയാണ് ഞാനിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്.

സാമൂഹികത എന്നത് ചരിത്രബോധ്യം കൂടിയാണ്. ഭൂതഭാവികളെക്കുറിച്ചുള്ള തിരിച്ചറിവ് കൂടിയാണ്. സാമൂഹികതയില്ലെങ്കില്‍ എഴുതുന്നതെല്ലാം കെട്ടുകഥകളായിപ്പോകും. ഒറ്റവായനയില്‍ തീര്‍ന്നു പോകും.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.