‘ഏകാധിപതിയുടെ നേരം’; മണമ്പൂര്‍ രാജന്‍ ബാബു എഴുതിയ കവിത
ആശയങ്ങളുടെ
ചോരക്കൈ വെട്ടിയാലും
മുളച്ചു പൊന്തും
മുറിപ്പാടില്‍ നിന്ന്
അഭയാക്ഷരങ്ങള്‍
രോഷം മൂത്ത്,
എഴുതുന്നവന്റെ
കാല്‍വിരലുകളരിഞ്ഞാല്‍
എഴുതാന്‍ തുടങ്ങും
കൈമുട്ടുകളും കാല്‍മുട്ടുകളും
പിക്കാസോയെപ്പോലെ
നാവുനീട്ടും
കാലത്തിന്റെ ചമരുകളിലെഴുതാന്‍.
തല വെട്ടിയെറിഞ്ഞാല്‍
ഒഴുകിപ്പരന്ന ചോര
ജീവാക്ഷരങ്ങളാകും.
”വെറുമൊരു കീടമായ ഈ പ്രജയുടെ
വാക്കുകളെ ചെറുക്കാനാവുന്നില്ലല്ലോ” എന്ന്,
പരമപദത്തിലെന്നഹങ്കരിക്കുന്ന
ഏകാധിപതി ‘ആരവിടെ?’
എന്നു ഗര്‍ജ്ജിക്കുമ്പോള്‍,
വിരലുകളും കൈകളും കാലുകളും
ഭുജങ്ങളും ചോരയും അല്ല
കാലമാണ് അക്ഷരമായവതരിക്കുന്നതെന്ന
പാഠം നല്കാന്‍
വരേണ്ടിവരും
സ്ഥാനഭ്രഷ്ടനാക്കുന്ന ആ നേരം…
ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Comments are closed.