DCBOOKS
Malayalam News Literature Website

‘മിണ്ടാട്ടങ്ങൾ’: പ്രതിരോധത്തിന്റെ ഭാഷയും ആഖ്യാനങ്ങളും

ഇ.പി. രാജഗോപാലന്റെ ‘മിണ്ടാട്ടങ്ങള്‍’ എന്ന പുസ്തകത്തിന് സിന്ധു പി ഗിരിധരന്‍ എഴുതിയ വായനാനുഭവം

സാധാരണനിരൂപകർ കാര്യങ്ങൾ പരത്തി പറഞ്ഞ് വായനക്കാരെ മടുപ്പിക്കുമ്പോൾ ഇ പി രാജഗോപാലൻ ഒരു സൗഹൃദസംഭാഷണമെന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും കനമുള്ള ചിന്തകൾ വായനക്കാരിലേക്ക് കടത്തി വിടുകയും ചെയ്യുന്നു. ഒറ്റയൊറ്റയായ ചെറു നിരീക്ഷണങ്ങളാണ് പുസ്തകത്തിലുടനീളം കാണാൻ സാധിക്കുന്നത്. ഏതൊരു കാര്യവും ഞൊടിയിടയിൽ സാധിച്ചെടുക്കാനാഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് നല്ലൊരു മുതൽക്കൂട്ട് തന്നെയാണ് ഈ സാംസ്കാരികപഠന ഗ്രന്ഥം.

“മിണ്ടുക,അറിഞ്ഞ് മിണ്ടുക, സൗന്ദര്യത്തിനായി, സൗഹൃദത്തിനായി വിശകലനത്തിനായി മിണ്ടുക, തിരിച്ചു മിണ്ടുക. സാഹിത്യത്തിലും ശാസ്ത്രത്തിലുമെല്ലാമുള്ള മലയാളത്തോട് മിണ്ടിയും കൂട്ടിച്ചേർത്തും കൂടുതൽ മലയാളികളാവുക. നല്ല ഇംഗ്ലീഷ് പ്രയോഗിക്കാൻ മലയാളം നന്നായി അറിയണം എന്നറിയുക. ” – മലയാളത്തിലെ ആധുനികാനന്തര നിരൂപകരിൽ പ്രമുഖനായ ഇ പി.രാജഗോപാലന്റെ ‘മിണ്ടാട്ടങ്ങൾ’ എന്ന പുസ്തകത്തിലെ പ്രസക്തമായ വരികളാണിവ. അന്യഭാഷയെ സ്നേഹിക്കുന്നതോടൊപ്പം സ്വന്തം ഭാഷയെ എത്രമാത്രം സ്നേഹിക്കണമെന്നുള്ള ഒരു സന്ദേശമാണ് എഴുത്തുകാരൻ ഈ വരികളിലൂടെ നൽകുന്നത്.

‘മിണ്ടുക’ എന്നത് അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മിണ്ടാട്ടങ്ങളാണ് ലോകജനതയെ വിപ്ലവത്തിലേക്ക് നയിച്ചതെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. ഉള്ളറിഞ്ഞ് മിണ്ടാത്ത, ഇമോജി മലയാളികളായി നാം മാറിയിരിക്കുന്നതിന്റെ ഭീകരത എത്ര കൃത്യമായാണ് മാഷ് ഈ പുസ്തകത്തിൽ കുറിച്ചു വച്ചിട്ടുള്ളത്! ഉള്ളറിഞ്ഞ് മിണ്ടാത്ത ആളുകൾനിറഞ്ഞ വീട്ടകങ്ങൾ, കാര്യാലയങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ ഇവയെല്ലാം പെരുകുമ്പോൾ മലയാളത്തിന്റെ വീറ് കുറയുകയാണെന്ന് അദ്ദേഹം ഊന്നി പറയുന്നു. മിണ്ടികൊണ്ട് ജനാധിപത്യം വളർത്തുന്ന ഒരു ജനതയെയാണ് നമുക്ക് ആവശ്യം.അതിനുവേണ്ടിയുള്ള വലിയൊരു ശ്രമമാണ്‌ മിണ്ടാട്ടങ്ങൾ എന്ന ഈ പുസ്തകത്തിലൂടെ അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.

നിരൂപണരംഗത്ത് തികച്ചും,വേറിട്ട നിൽക്കുന്ന രചനാശൈലിയുടെ ഉടമയാണ് ഇ.പി രാജഗോപാലൻ. ലളിതമായ ചില പേരുകൾ, പെരുമാറ്റങ്ങൾ,ഒച്ചകൾ, വാക്കുകൾ എന്നിവയിലൂടെ സാഹിത്യ സൃഷ്ടികളെ ഇഴകീറീ നിരൂപിക്കാനുള്ള പലമ തന്നെയാണ് ഈ നിരൂപകനെ  വേറിട്ടു നിർത്തുന്നത്. പലമ(വൈവിധ്യം) എന്ന പദം മലയാളഭാഷയിലും,സാഹിത്യത്തിലും ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത് ഇ പി രാജഗോപാലൻ തന്നെയാണ്. ഇന്ന് ഭാഷയിലെ സർവ്വസാധാരണമായ വാക്കായി അത് മാറിയിട്ടുണ്ട്. മാതൃഭൂമിയുടെ റിപ്പബ്ലിക് പതിപ്പിൽ കവി സച്ചദാനന്ദൻ ‘ഇന്ത്യ എന്ന ആശയം: പലമയുടെ പൊലിമ ‘- എന്ന ശീർഷകത്തിൽ ഒരു ലേഖനം തന്നെ എഴുതുകയുണ്ടായി. ‘പലമ’ യെ കേവലമായ ഒരു വാക്ക് മാത്രമായി കാണാൻ നിരൂപകൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വളർന്നു വരുന്ന, പലമയെ നിരാകരിക്കുന്ന, വർഗ്ഗിയ ഫാസിസത്തെ ചെറുക്കാനുള്ള സർഗാത്മക പ്രതിരോധമായി അത് മാറുന്നുണ്ട്.

ഒരോ വാക്കിനെയും, പേരിനെയും സംസ്ക്കാരത്തിന്റെയും സാഹിത്യത്തിന്റെയും മിടിപ്പിടങ്ങളായി നിരീക്ഷിക്കുന്ന സമ്പ്രദായത്തിന് മലയാളസാഹിത്യത്തിൽ തുടക്കം കുറിച്ചത് ഇ. പി രാജഗോപാലനാണ്. ഓരോ വാക്കും അദ്ദേഹത്തിന് കവിതയാണ്, സാഹിത്യമാണ്. വാക്കിലും പ്രവൃത്തിയിലും പൊതുവെ മൃദു സ്വഭാവം പുലർത്തുന്ന നിരൂപകൻ ഇവിടെ വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുകയാണ്. വസന്തവായുവിൽ വസൂരി രോഗാണുക്കളെയും പുള്ളിമാനിനു പിറകെ പുള്ളിപുലിയെയും കാണാൻ സാധിക്കുന്ന വൈലോപ്പിള്ളിയൻ ദർശനം ഇവിടെയും കാണാം. കാച്ചികുറുക്കിയ നിരീക്ഷണങ്ങളാണ് ഇ.പി രാജഗോപാലനും മുന്നോട്ടു വയ്ക്കുന്നത്.

മിണ്ടാട്ടങ്ങൾ’ എന്ന പുസ്തകം അഞ്ചുഭാഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒന്നാം ഭാഗത്തെ ആദ്യ ലേഖനത്തിൽതന്നെ ആത്മകഥകൾ ആത്മരതികൾ മാത്രമാകരുത്, തുറന്നു പറച്ചിലുകൾ കൂടി ആകണമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കണ്ണാടിച്ചുമരുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ ലേഖനത്തിൽ ആത്മകഥകളിലെ ലൈംഗികതയുടെ അസാന്നിധ്യത്തെയാണ് നിരീക്ഷിക്കുന്നത്. മിക്ക ആത്മകഥാകാരൻമാരും ലൈംഗികതയെ കുറിച്ച് അധികം എഴുതി കാണാറില്ല. ‘വിപ്ലവം ചരിത്രത്തിന്റെ രതിമൂർച്ചയാണ് ‘-എന്ന ചെറിയ വാക്യത്തിൽ നിന്നു തന്നെ ഏതു സാമൂഹിക മാറ്റത്തിന്റെ ഗുണനിലവാരത്തിനും ലൈഗീകതയുടെ ഊർജം കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തുന്നു. ഞാൻ ഒരു നല്ല ആളാണ് എന്ന് ആഖ്യാതാവിന് തോന്നുന്നതുകൊണ്ടും, ശരീരത്തെകുറിച്ചുള്ള വിശദീകരണങ്ങൾ പ്രകടനപരവും സ്വാർത്ഥതാസൂചകവുമാകുമെന്ന പേടിയുമാണ് ലൈഗികകാര്യങ്ങൾ എഴുതാതിരിക്കുന്നതിന് കാരണമായി ലേഖകൻ കണ്ടെത്തുന്നത്. ചെറുകാട്, മാധവിക്കുട്ടി, പാർവ്വതി പവനനൻ എന്നിവരുടെ ആത്മകഥകളിലെ ചിലഭാഗങ്ങൾ ചൂണ്ടിക്കാട്ടി തുറന്നു പറച്ചിലിന്റെ ആഖ്യാതമൂല്യത്തെ വിശകലനം ചെയ്യുന്നുണ്ട്. ബാലാമണിയമ്മ രതിമൂർച്ചയെ പറ്റി പറഞ്ഞതും, അമ്മിണിയമ്മയും പാർവ്വതിപവനനും ലൈംഗികതയെപറ്റി തമാശപറഞ്ഞ് ചിരിക്കുന്നതും സാഹിത്യത്തിലെ ആൺകോയ്മക്കെതിരായ നീക്കമാണെന്ന നിരീക്ഷണം ശ്രദ്ധാർഹമാണ്‌.

സി.വി ശ്രീരാമന്റെ ‘ശീമത്തമ്പുരാൻ’ എന്ന കേളികേട്ട ചെറുകഥയിലെ കഥാപാത്രത്തിന് ചരിത്രത്തിൽ നിന്ന് ഒരു ഒറിജിനലിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘കഥയിലെ യാഥാർത്ഥ്യത്തെ പറ്റി ‘എന്ന ലേഖനം. ഒരേ ചരിത്രാനുഭവത്തോട് ഒരേജാതി/മത/സാമ്പത്തിക/സാസ്‌കാരിക സ്വത്വങ്ങളും ജീവിതാനുഭവങ്ങളും ഉള്ളവർതന്നെ പ്രതികരിക്കുന്നത് ഒരേപോലയാവണമെന്നില്ല എന്ന നിഗമനത്തിലാണ് തമ്പി-തമ്പുരാൻ താരതമ്യം നിരീക്ഷകനെ കൊണ്ടെത്തിക്കുന്നത്.

മിണ്ടാൻ മടിക്കുന്ന സമൂഹത്തിന് സമൂഹമായി തുടരാൻ ബുദ്ധിമുട്ടാണ്. ‘sleep of reason breeds monsters’- എന്ന് ചിത്രകാരനായ ‘ഗോയ.’ ഫാഷിസത്തിന്റെ പ്രത്യേകത ഒരാൾ ഭീകരമായി സംസാരിക്കുകയും അയാൾക്ക്‌ നാടെങ്ങും ആരാധകരുണ്ടാവുകയും ചെയ്യുകയെന്നതാണ്. മിണ്ടികൊണ്ട് ജനാധിപത്യം വളർത്താൻ ആഹ്വാനചെയ്യുന്ന ‘കഥയും മൂകതയും’ എന്ന ലേഖനവും ഒന്നാം ഭാഗത്ത്‌ ചേർത്തു വച്ചിരിക്കുന്നു.

മലയാളത്തിലെ പ്രധാനപ്പെട്ട ചില നോവലുകൾ, കഥകൾ, കവിതകൾ എന്നിവയെ നിരൂപണവിധേയമാക്കുകയാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം. ഒറ്റവാക്യത്തിന് ഊന്നൽ നൽകി കൃതികളെ സമഗ്രമായി വായിച്ചെടുക്കുന്ന രീതിയാണ് നിരൂപകൻ ഇവിടെ സ്വീകരിച്ചു കാണുന്നത്. ‘ആളുകൾ ‘എന്ന ലേഖനം ഉറൂബിന്റെ സുന്ദരികളും സുന്ദരൻമാരും എന്ന നോവലിന്റെ പുതിയ വായനയാണ്. ‘എന്റെ ഗുരുവായൂരപ്പാ…’എന്ന വാക്യത്തിലൂടെ നോവലിനെ സമഗ്രമായി വിശകലനം ചെയ്യുന്നു.

പലതരം ആളുകളുടെ,അനക്കങ്ങളുടെ,അനുഭവങ്ങളുടെ, ഞരക്കങ്ങളുടെ ഇണക്കങ്ങളായി നോവലിനെ വായിക്കാനുള്ള ശ്രമമാണിവിടെ. ഐഡന്റിറ്റി കാർഡുകൾ അവയുടെ ഇണക്കലുകൾ തുടങ്ങിയവയിലൂടെ യാന്ത്രികമായ ദേശീയതാനിർമ്മാണം ത്വരിതഗതിയിൽ നടക്കുന്ന കാലത്ത് സുന്ദരികളും സുന്ദരന്മാരും സശ്രദ്ധം വായിക്കുന്നത് ഒരു പ്രതിരോധപ്രവർത്തനമായും നിരൂപിക്കുന്നുണ്ട്.

എം.ടി യുടെ ‘നാലുകെ’ട്ടിനെ നായകനും ആഖ്യാനവും തമ്മിലുള്ള സംഘർഷത്തിന്റെ പകിടകളിയുടെ അറയായി വരച്ചുവെയ്ക്കുന്നുണ്ട്.  ‘ഖസാക്ക് തുടങ്ങുന്നു ‘ എന്ന ലേഖനം ഖസാക്കിന്റെ. ഇതിഹാസത്തെ കുറിച്ചുള്ള വേറിട്ട വായനയാണ്. സ്ഥലപേരിനെ മുൻനിർത്തി നോവലിനെ വായിക്കുന്ന സാസ്കാരിക പ്രവർത്തനമായി അത് മാറുന്നു. പുരോഗമന റിയലിസ്റ്റിക് നോവലിന്റെ പാരഡിയായണ് ഖസാക്കിന്റെ ഇതിഹാസത്തെ കണക്കാക്കുന്നത്.

എൻ പ്രഭാകരന്റെ ‘തീയൂർ രേഖകൾ’ എന്നനോവലിനെ ആഖ്യാന സവിശേഷതയെ മുൻനിർത്തി വിശകലനം ചെയ്യുന്നു. അധികാര രൂപങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന ബദൽ ആഖ്യാനങ്ങളാണ് രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് സഹായകമാകുന്നത്. നോവലിനെ ജനങ്ങളുടെ മാധ്യമമായി കണക്കാക്കുന്ന വിമർശന സമ്പ്രദായം കാത്തു കിടക്കുന്ന നോവലായി സ്മാരകശിലകളെ നിരീക്ഷിക്കുന്നു. ‘പെണ്ണൊരുക്കം: തുറസ്സായും സദസ്സായും’ എന്ന ലേഖനം സാറാജോസഫിന്റെ ‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിന്റെ പുനർവായനയാണ്. പെൺപെരുമാറ്റങ്ങളുടെ, പെൺശരീരത്തിന്റെ, പെൺ ചലനങ്ങളുടെ സർഗാത്മക നിഘണ്ടുവായി ഈ നോവലിനെ അപഗ്രഥിക്കുന്നു. പെണ്ണെഴുത്തിലെ വാചികത( orality) ആഢ്യഭാഷ പ്രതിനിധാനം ചെയ്യുന്ന മേൽക്കൈപ്രത്യയശാസ്ത്രത്തിനെതിരെയുള്ള ഒരു പ്രതിരോധം തന്നെയാണ്.

ഉറൂബിന്റെ ‘താമരത്തൊപ്പി’, കാക്കനാടന്റെ ‘യൂസഫ്സരായിയിലെ ചരസ് വ്യാപാരി’, വൈലോപ്പിള്ളിയുടെ ‘തവള’ , ഒ എൻ വി യുടെ ‘സാന്താൾ നർത്തകൻ’, റഫീക് തിരുവള്ളൂരിന്റെ ‘സാന്റ് പേപ്പർ ‘എന്നീ കൃതികളെയും അസാധാരണമായ ഉൾക്കാഴ്ചയോടെ നിരീക്ഷിക്കുന്നുണ്ട് പുസ്തകത്തിൽ. ആഖ്യാനസവിശേഷതകളുടെ അടിസ്ഥാനത്തിൽ കൃതികളെ വിശകലനം ചെയ്യാനുള്ള നിരൂപകന്റെ ശ്രമത്തിന് അടിസ്ഥാനം ‘ആഖ്യാനം’എപ്പോഴും ഒരു പ്രതിരോധത്തിന്റ മാർഗ്ഗമായി പരിണമിക്കുന്നു എന്ന തിരിച്ചറിവാണ്.

ഒരു പരിസ്ഥിതി നിരീക്ഷണം എന്ന നിലയിലാണ് മൂന്നാം ഭാഗം കടന്നു പോകുന്നത്. അതിലെ മരങ്ങൾ, പക്ഷികൾ, കുമ്പളങ്ങ ചക്ക, ഉള്ളി എന്നിവയെല്ലാം അദ്ദേഹത്തിന്റെ നിരീക്ഷണത്തിന് വിധേയമാകുന്നുണ്ട്. മരങ്ങളുടെ സഞ്ചാരം, നിരീക്ഷകനും നിലപാടുകളും, കുമ്പളമേ, ചക്ക, ഉള്ളി എന്നീ മൂന്നു ലേഖനങ്ങളാണ് ഇവിടെ ഉൾച്ചേർന്നിട്ടുള്ളത്. സ്വന്തം നാടിനോടുള്ള നിരൂപകന്റെ പ്രത്യേക മമത ഈ ലേഖനങ്ങളിൽ നിന്ന് വായിച്ചെടുക്കാം. കുമ്പളങ്ങയെ കുമ്പളേമയായി പരിവർത്തിപ്പിക്കുമ്പോൾ സാദ്ധ്യമാകുന്ന ഗ്രാമ സർഗ്ഗാത്മകതയുടെ വള്ളിപടർപ്പുകളും, ആത്മാന്വേഷണത്തിന്റെ സത്ത തേടലിന്റെ അനുഷ്ഠാനങ്ങളെ എതിരിടുന്ന ഉള്ളിയും, പക്ഷി പ്രകൃതിയല്ല സംസ്കൃതിയാണെന്ന തിരിച്ചറിവ് നൽകുന്നതുമായ നിരീക്ഷണ പാടവവും അസാധാരണമാണ്.

ഭ്രൂണാവസ്ഥയിലുള്ള ചെറുകുറിപ്പുകളുടെ സമാഹാരമാണ് നാലാം ഭാഗം. അവിടെ ഭാഷ, പദങ്ങൾ,വാക്യങ്ങൾ, കവിത എന്നിവയെല്ലാം വിശകലനം ചെയ്യപ്പെടുന്നു. അതോടൊപ്പം നവ വിമർശകൻ എങ്ങനെയായിരിക്കണം എന്നകാര്യത്തിലുള്ള നിരൂപകന്റെ നിലപാടുകൾ കൃത്യമായി അടയാളപ്പെടുത്തുന്ന ‘വിമർശകന്റെ ജീവിതം’ എന്ന ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

അഞ്ചാംഭാഗമാകട്ടെ മിണ്ടാട്ടം, പ്രളയവും പ്രകൃതിയും എന്നീ രണ്ടു മികച്ച ലേഖനങ്ങൾ ഉൾക്കൊള്ളൂന്നവയാണ്. കേരളത്തിന്റെ സംഭാഷണ ചരിത്രത്തെ കുറിച്ചുള്ള അന്വേഷണമാണ് ‘മിണ്ടാട്ടം’. ചില മിണ്ടാട്ടങ്ങളാണ് കേരളത്തെ നിർമ്മിച്ചത്. മിണ്ടാട്ടങ്ങളുടെ ചരിത്രമാണ് കേരളത്തിന്റെ ചരിത്രം. എന്നാൽ ഇന്ന് സംവാദത്തിന്റെ വെളിച്ചം കുറയുന്ന ഭീതിതമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ഓർമിപ്പിക്കാനും ലേഖകൻ മറക്കുന്നില്ല. പ്രളയവും പ്രകൃതിയുമെന്ന ലേഖനം പ്രളയാനന്തരം മനുഷ്യനും പ്രകൃതിയും ആഗ്രഹിക്കുന്ന ദീർഘവീക്ഷണമുള്ള വികസനസങ്കൽപ്പത്തിലേക്ക് വഴിതുറക്കുന്നു. പ്രളയം മാധ്യമങ്ങൾക്ക് കേവലമായ വാർത്തകൾ മാത്രമാകുമ്പോൾ, നമുക്ക് പുതിയ പ്രകൃതങ്ങൾ ആവശ്യപ്പെടുന്ന മറ്റെന്തൊക്കെയോ ആയി മാറുന്നു.

സാധാരണനിരൂപകർ കാര്യങ്ങൾ പരത്തി പറഞ്ഞ് വായനക്കാരെ മടുപ്പിക്കുമ്പോൾ ഇ പി രാജഗോപാലൻ ഒരു സൗഹൃദസംഭാഷണമെന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും കനമുള്ള ചിന്തകൾ വായനക്കാരിലേക്ക് കടത്തി വിടുകയും ചെയ്യുന്നു. ഒറ്റയൊറ്റയായ ചെറു നിരീക്ഷണങ്ങളാണ് പുസ്തകത്തിലുടനീളം കാണാൻ സാധിക്കുന്നത്. ഏതൊരു കാര്യവും ഞൊടിയിടയിൽ സാധിച്ചെടുക്കാനാഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് നല്ലൊരു മുതൽക്കൂട്ട് തന്നെയാണ് ഈ സാംസ്കാരികപഠന ഗ്രന്ഥം. പുസ്തകത്തിലെ ഓരോലേഖനവും ‘മിണ്ടാട്ടങ്ങൾ’ എന്ന ശീർഷകത്തെ എത്ര മനോഹരമായിട്ടാണ് അന്വർത്ഥമാക്കിയിരിക്കുന്നതെന്ന് പുസ്തകത്തിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ബോദ്ധ്യമാവും.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.