DCBOOKS
Malayalam News Literature Website

ഇന്ത്യയില്‍ രാഷ്ട്രീയം മാധ്യമങ്ങളെ നിയന്ത്രിക്കുന്നു: വി. വസീഫ്

രാജ്യത്തെ മാധ്യമങ്ങളെ കോര്‍പറേറ്റുകളും കേന്ദ്രസര്‍ക്കാരും വില്പന ചരക്കാക്കുകയാണെന്നും സമൂഹം ചര്‍ച്ചചെയ്യപ്പെടേണ്ട പ്രധാനവിഷയങ്ങള്‍ പലതും മുഖ്യധാര മാധ്യമങ്ങള്‍ വിഴുങ്ങിക്കളയുകയാണെന്നും ഡി. വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ മൂന്നാംദിനത്തില്‍ വേദി രണ്ടില്‍ എം. ടി രമേശ്, അഡ്വ.മാത്യു കുഴല്‍നാടന്‍ എന്നിവരോടൊപ്പം ‘പുതുകാല രാഷ്ട്രീയത്തെ മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നുണ്ടോ?’ എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു വസീഫിന്റെ പ്രതികരണം. മുഖ്യമന്ത്രിയെക്കുറിച്ച് എം. ടി. വാസുദേവന്‍ നായര്‍ പറഞ്ഞ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് പുറത്ത് പ്രചരിപ്പിക്കുന്നത് എന്നും കേന്ദ്രസര്‍ക്കാരിനെയും നോട്ട് നിരോധനത്തെയും കുറിച്ച് എം. ടി. നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ മന:പൂര്‍വ്വം മറന്നുകളയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താവതരണത്തിന്റെ എണ്ണം കുറയുകയും കേവലം അജണ്ട വെച്ചുള്ള ചര്‍ച്ചകള്‍ അധികരിക്കുകയുമാണ് ഇന്ന് നടക്കുന്നത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് എം. ടി. രമേശ് അഭിപ്രായപ്പെട്ടു. മുന്‍കാല മാധ്യമങ്ങള്‍ നിക്ഷ്പക്ഷതയോടെയാണ് പെരുമാറിയിരുന്നത്. എന്നാല്‍ ആധുനിക മാധ്യമങ്ങള്‍ പക്ഷം പിടിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും, മാധ്യമ ചര്‍ച്ചകളില്‍ പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൂടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മാധ്യമങ്ങള്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നുവെന്ന് പറയുന്നതിനേക്കാള്‍ എല്ലാ മേഖലയിലും മാധ്യമങ്ങള്‍ കൈകടത്തുന്നു എന്ന് പറയുന്നതാവും നല്ലത് എന്ന് സെഷന്‍ അഭിപ്രായപ്പെട്ടു.

‘മാധ്യമങ്ങള്‍ കൃത്യമായും ആധികാരികമായുമാണോ ചര്‍ച്ച നിയന്ത്രിക്കുന്നത് എന്ന മോഡറേറ്ററുടെ ചോദ്യത്തിന് അഡ്വ. മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി. മാധ്യമങ്ങള്‍ ധര്‍മ്മം മറന്ന് ഇന്ന് ടി. ആര്‍. പിയില്‍ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ എം. ടി. നടത്തിയ പരാമര്‍ശത്തില്‍പോലും ശ്രദ്ധയാകര്‍ഷിച്ച ഭാഗങ്ങളില്‍ മാത്രമാണ് ചര്‍ച്ച നടന്നതെന്നും അതിന്റെ വിശാലമായ അര്‍ത്ഥതലങ്ങളെ മാധ്യമങ്ങള്‍ സ്പര്‍ശിച്ചിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയമായ തമ്മിലടികള്‍ പുതുതലമുറയെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേരളത്തിലെ യുവാക്കള്‍ സാമ്പത്തികമായും രാഷ്ട്രീയപരമായും അസ്വസ്ഥരാണെന്നും അദ്ദേഹം മറുപടി നല്‍കി.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.