DCBOOKS
Malayalam News Literature Website

മൗലാന അബുല്‍ കലാം ആസാദിന്റെ ചരമവാര്‍ഷികദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായിരുന്നു മൗലാന അബുല്‍ കലാം ആസാദ്. 1888 നവംബര്‍ 11-ന് മക്കയിലാണ് അബുല്‍ കലാം ആസാദ് ജനിച്ചത്. അബുല്‍കലാം ഗുലാം മുഹ്‌യുദ്ദീന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഇസ്‌ലാം മതത്തെ കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും ആഴത്തില്‍ അവഗാഹം നേടിയ മതപണ്ഡിതനായിരുന്നു അബുല്‍ കലാം. തര്‍ജുമാനുല്‍ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. അറബിക്, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, ബംഗാളി തുടങ്ങിയ ഭാഷകള്‍ അദ്ദേഹത്തിന് വശമുണ്ട്. അബുല്‍ കലാം എന്ന പേരിനെ അന്വര്‍ത്ഥമാക്കുംവിധം നല്ല ഒരു തര്‍ക്കശാസ്ത്ര വിദ്വാന്‍ കൂടിയാണ് അദ്ദേഹം. ‘ആസാദ്’ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമാണ്.

‘ഒരു കുട്ടിയുടെ പ്രഥമ കരിക്കുലം വീടാണ്’ എന്ന ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ വ്യക്തിയാണ് മൗലാനാ ആസാദ്. തത്വശാസ്ത്രം, ജ്യാമിതി, കണക്ക്, ആള്‍ജിബ്ര തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വീട്ടില്‍ നിന്നു തന്നെ കരഗതമാക്കി. പിതാവും കഴിവുറ്റ അധ്യാപകരും അദ്ദേഹത്തിന് വിജ്ഞാനം പകര്‍ന്നു നല്‍കി. എന്നാല്‍ ആഗോള ഭാഷ എന്ന നിലക്ക് ഇംഗ്ലീഷിന്റെ പ്രാധാന്യം പിന്നീട് തിരിച്ചറിയുകയും അദ്ദേഹം അത് സ്വയം പഠിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലീഷില്‍ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് അദ്ദേഹം കരസ്ഥമാക്കി. സര്‍സയ്യിദ് അഹ്മദ് ഖാന്റെ എഴുത്തുകള്‍ അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ച അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ എഴുതിത്തുടങ്ങി.’സുന്നി വിഭാഗമായ ‘അഹ്‌ലെ ഹദീസ്’ ഗ്രൂപ്പിന്റെ അനുയായിയായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ശേഷവും ഇന്ത്യയിലെ ഹിന്ദുമുസ്‌ലിം ഐക്യം സാധ്യമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചു.

സ്വാതന്ത്രാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ പുനരുദ്ധാരണങ്ങള്‍ക്കും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. ഈ ആവശ്യാര്‍ത്ഥം നിരവധി വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചു. 1946-ല്‍ നിലവില്‍വന്ന ഇടക്കാല മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി.1958-ല്‍ മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1958 ഫെബ്രുവരി 22-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Comments are closed.