DCBOOKS
Malayalam News Literature Website

മതം, സംസ്‌കാരം, ആത്മീയത = മനുഷ്യത്വം

ആന്റണി പാലയ്ക്കല്‍/ റോയ് എം തോട്ടം

വ്യവസ്ഥാപിത മതങ്ങള്‍ പൊതുവേ സാരമായ വിശ്വാസപ്രതിസന്ധിയും ധാര്‍മ്മിക അപചയവും അഭിമുഖീകരിക്കുന്നു എന്ന അഭിപ്രായം വ്യാപകമാണ്. മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ മിക്കവയും ജീവിതഗന്ധിയല്ലാതെ പുറംമോടികളും പ്രദര്‍ശനങ്ങളുമായി അധഃപതിച്ചിരിക്കുന്നതായും നിരീക്ഷിക്കുന്നു. അധികാരത്തിന്റെയും സമ്പത്തിന്റെയും മൂല്യവ്യവസ്ഥകള്‍ മതസമുദായ നേതൃത്വങ്ങളെ കീഴടക്കിയെന്ന്
വിശ്വാസികള്‍ മാത്രമല്ല പൊതുസമൂഹവും കരുതുന്നു. ഒരു ജനാധിപത്യരാജ്യത്ത് നീതിയിലധിഷ്ഠിതമായ
സാമൂഹികമാറ്റത്തിന് ചാലകശക്തിയായി രൂപാന്തരപ്പെടാന്‍ വിശ്വാസ സമൂഹമെന്ന നിലയില്‍ മതങ്ങള്‍ക്ക്
ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്. മതങ്ങളുടെ അന്തഃസത്തയായ വിശ്വാസത്തെയും ആത്മീയതയെയും
സംബന്ധിക്കുന്ന ചോദ്യങ്ങളാണ് ഇവിടെ പ്രാഥമികമായും ഉയരുന്നത്. മറുവശത്ത്, ജനാധിപത്യമൂല്യങ്ങളെ തകിടംമറിക്കുകയും രാജ്യത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന പ്രതിലോമ മതരാഷ്ട്രീയപ്രവര്‍ത്തനങ്ങളും സംഘടനകളും ശക്തിയാര്‍ജ്ജിക്കുന്നു. ഇന്ത്യന്‍ജനത നേരിടുന്ന സാംസ്‌കാരിക അടിമത്തത്തില്‍നിന്ന്
മനുഷ്യവത്കരണത്തിന്റെ സാംസ്കാരിക സ്വാതന്ത്ര്യത്തിലേക്കുള്ള ഗതിമാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു.
Textമുഖ്യധാരാ കക്ഷിരാഷ്ട്രീയത്തിന്റെ അപമാനവീകരണപ്രവണതകള്‍ക്കും അധാര്‍മ്മിക സമീപനങ്ങള്‍ക്കും ബദലായി കാര്‍ഷിക, ആദിവാസി, ദലിത്, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളെ മുന്‍നിറുത്തിയും മാനവികതയിലധിഷ്ഠിതവും പരിസ്ഥിതിബദ്ധവും തദ്ദേശീയവിജ്ഞാനനീതി ഉറപ്പാക്കുന്നതുമായ ഒരു സമാന്തര രാഷ്ട്രീയസാംസ്‌കാരിക കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ഈ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലത്തിലാണ്, മതങ്ങള്‍ സംവഹിക്കേണ്ട ആത്മീയതയുടെ ഭാവിയെ സംബന്ധിക്കുന്ന അന്വേഷണത്തിന്റെ പ്രസക്തി.

ആത്മീയത എന്നത് വ്യവസ്ഥാപിതവും മതാധിഷ്ഠിതവുമായ സങ്കല്പങ്ങള്‍ക്കപ്പുറം മാനവികതയുമായി ബന്ധപ്പെട്ട അനുഭൂതിയുടെ പ്രതലമാണ്. അധീശത്വങ്ങളുടെയും വിഭാഗീയ ചിന്തകളുടെയും മത, രാഷ്ട്രീയ വ്യവസ്ഥിതികള്‍ ശക്തി പ്രാപിക്കുകയും മതേതര, ജനാധിപത്യ, മാനവികമൂല്യങ്ങള്‍ അവമതിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടം, മതങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ട ഒരു നവആത്മീയത ആവശ്യപ്പെടുന്നു. വര്‍ഗ്ഗീയ, ജാതി, മത, രാഷ്ട്രീയ, അധികാര ആധിപത്യങ്ങള്‍ക്കെതിരേ, പാരിസ്ഥിതിക ജനാധിപത്യ മാനവികമൂല്യങ്ങളെ അടിസ്ഥാനമാക്കി ഉയര്‍ന്നുവരേണ്ട ജനകീയബോധ്യങ്ങളും മുന്നേറ്റങ്ങളുമാണ് ഈ ആത്മീയതയുടെ രാഷ്ട്രീയം. സങ്കുചിതമായ മതസമുദായ കാഴ്ചപ്പാടിനപ്പുറം മാനവികതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ, ചരിത്രബദ്ധവും ജീവിതഗന്ധിയുമായ ആത്മീയതയുടെ സാക്ഷ്യവും സാക്ഷാത്കാരവുമാകണം മതങ്ങള്‍. ഈ പശ്ചാത്തലത്തിലാണ്, മതങ്ങളുടെ സാംസ്‌കാരിക, രാഷ്ട്രീയ, പാരിസ്ഥിതിക, സ്ത്രീവിവക്ഷകളെ
വിശകലനത്തിനും വിചിന്തനത്തിനും വിധേയമാക്കുകയും ആത്മീയതയുടെ നാനാര്‍ത്ഥങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഈ ലേഖനസമാഹാരം പ്രസിദ്ധീകരിക്കുന്നത്. ഭാവിയുടെ നീള്‍ക്കാഴ്ചയില്‍,വിശ്വാസത്തെയും ആത്മീയതയെയും മുന്‍നിര്‍ത്തി, വ്യവസ്ഥാപിത മതങ്ങളുടെ വര്‍ത്തമാന ജീവിതപരിസരത്തെ
പരിശോധിക്കുകയും വിലയിരുത്തുകയുമാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം.

മതാത്മകവിശ്വാസത്തിന്റെ സൗമ്യവും ദീപ്തവും വ്യത്യസ്തവുമായ ആത്മീയാചാര്യസാന്നിധ്യമായി, ആറുപതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന കേരളത്തിലെ ജസ്വിറ്റ് വൈദികന്‍ ജോസഫ് പുളിക്കല്‍ എസ്.ജെ.
(പുളിക്കലച്ചന്‍)യുടെ ബഹുമാനാര്‍ത്ഥമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വിശ്വാസത്തെയും മതത്തെയും ആത്മീയതയെയും സംബന്ധിക്കുന്ന തങ്ങളുടെ സംഘര്‍ഷഭരിതമായ അന്വേഷണങ്ങളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുവാനും ദൃഢീകരിക്കുവാനും ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ പുളിക്കലച്ചന്റെ ഗുരുസാന്നിധ്യത്തില്‍ സഞ്ചരിക്കുവാനിടയായ ഒരുപറ്റം സുഹൃത്തുക്കളുടെ സാക്ഷാത്കാരമാണ് ഈ ഉദ്യമം. പുളിക്കലച്ചന്റെ ജീവിതസാക്ഷ്യമാണ് ഈ സംരംഭത്തിനു പിന്നിലെ കരുത്ത്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.