DCBOOKS
Malayalam News Literature Website

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ‘മാണിക്കനും മറ്റ് പ്രധാന കഥകളും’

സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം കല്പിച്ച അതിര്‍വരമ്പുകളോട് എഴുത്തിലൂടെ പ്രതികരിച്ച പ്രതിഭാശാലിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ എഴുത്തുകാരി സാഹിത്യ സംസ്‌കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന ഒരു കാലത്ത് സാഹിത്യത്തിലൂടെ സാമൂഹിക തിന്മകള്‍ക്കെതിരെ അവര്‍ പ്രതികരിച്ചു. സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്‌കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. ചെറുപ്പത്തിലെ തന്നെ ധാരാളം പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ചത് തന്റെ സാഹിത്യ രചനയിലേക്കുള്ള ചവിട്ടുപടിയായി മാറിയെന്ന് ലളിതാംബിക അന്തര്‍ജ്ജനം തന്നെ പറഞ്ഞിരുന്നു.

‘സാഹിത്യവും കുടുംബജീവിതവും തമ്മില്‍ എങ്ങനെ മത്സരമില്ലാതെ വരും? രണ്ടും പൂര്‍ണ്ണമായ ആത്മസമര്‍പ്പണം ആവശ്യപ്പെടുന്നു. ഭര്‍ത്താവിന്റെയും കുട്ടികളുടെയും കുടുംബവലയത്തില്‍പ്പെട്ട മറ്റെല്ലാവരുടെയും യോഗക്ഷേമങ്ങള്‍ ഒരു ഗൃഹിണി നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കേണ്ടതാണല്ലോ. കൂടാതെ അടുക്കള, പശുക്കള്‍, പരിചാരകര്‍- കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച അമ്മയുടെ കൈയിലല്ലേ?… മറുഭാഗത്ത് കലയോ? നിരന്തരമായ വായനയും മനനവും നിരീക്ഷണവും പരിശീലനവും അതിനാവശ്യമായുണ്ട്. ഏകാഗ്രത, സമയം, പരിശോധനയ്ക്കും തിരുത്തലിനുമുള്ള സാവകാശം, ഋഷിതുല്യമായ ധ്യാനനിലീനത- ഇങ്ങനെയെന്തെല്ലാം നല്ല കലാസൃഷ്ടികളുടെ രചനയ്ക്കുണ്ടാകണം? അപ്പോള്‍ കര്‍ത്തവ്യബോധമുള്ള ഒരു കേരളീയ കര്‍ഷക കുടുംബിനിക്ക് എത്ര പ്രയാസമുണ്ടെന്നാലോചിക്കുക. ഒരു സത്യം പറയട്ടെ, ഞാനിന്നോളം രാത്രിയിലേ വല്ലതും എഴുതിയിട്ടുള്ളൂ. രണ്ടു കുട്ടികളെ തൊട്ടിലിലിട്ടാട്ടിക്കൊണ്ട് ചുവട്ടിലിരുന്ന് എഴുതിയിട്ടുണ്ട്. അടുക്കളപ്പടിമേല്‍വെച്ച് കവിത കുറിക്കാറുണ്ട്. കഥ അങ്ങനെ പറ്റില്ല.രാത്രി പത്തു മണി കഴിഞ്ഞ് സമസ്ത ജീവജാലങ്ങളും ഉറങ്ങുന്ന സമയം ഉണര്‍ന്നിരുന്ന് ഞാന്‍ എഴുതും- പലപ്പോഴും നേരെ വെളുക്കുന്നതു വരെ. അതാണെന്നെ രോഗിണിയാക്കിയതെന്നു പറയുന്നു….’ലളിതാംബിക അന്തര്‍ജ്ജനം പറയുന്നു.

മാണിക്കന്‍, മൂടുപടത്തില്‍, പ്രതികാരദേവത, പേക്കിനാവ്, പഞ്ചാരയുമ്മ, ദേവിയും ആരാധകനും, മനുഷ്യപുത്രി, കൊടുങ്കാറ്റില്‍പ്പെട്ട ഒരില, പതിത, ധീരേന്ദു മജുംദാരുടെ അമ്മ, ഗാന്ധിജിക്കു ശേഷം, പവിത്ര മോതിരം എന്നിങ്ങനെ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 12 കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മാണിക്കനും മറ്റ് പ്രധാന കഥകളും 11-ാമത്‌ പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

Comments are closed.