DCBOOKS
Malayalam News Literature Website

മലയാളിയുടെ നവമാധ്യമജീവിതം

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളിയുടെ മാധ്യമ സങ്കേതങ്ങളെയും അനുഭവങ്ങളെയും സംസ്‌ക്കാരത്തെയും കുറിച്ച് സി. എസ്. വെങ്കിടേശ്വരന്‍ എഴുതിയ ചില ലേഖനങ്ങളുടെ സമാഹാരമാണ് മലയാളിയുടെ നവമാധ്യമ ജീവിതം. പല സന്ദര്‍ഭങ്ങളിലായി എഴുതിയ ഈ ലേഖനങ്ങളെയും കുറിപ്പുകളേയും കൂട്ടിയിണക്കുന്നത് അവ പ്രതിപാദിക്കുന്ന വിഷയങ്ങളും ജീവിതപരിസരവും, പങ്കിടുന്ന ആശങ്കകളും പ്രതീക്ഷകളും ആണ്.

പുസ്തകത്തില്‍ നിന്നും…

പട്ടന്മാര്‍ സൈബര്‍മണ്ണിന്റെ മക്കള്‍  

1990-കളുടെ ആദ്യപകുതിയില്‍ എന്റെ സുഹൃത്ത് എം.ആര്‍. രാജന്‍ കല്പാത്തി രഥോത്സവത്തെക്കുറിച്ച് ഒരു ടെലിവിഷന്‍ ഡോക്യുമെന്ററി ചെയ്യവേ കല്പാത്തി ഗ്രാമത്തിലെ വിവിധ മനുഷ്യരുമായി അഭിമുഖം നടത്തുകയുണ്ടായി. ആ സംഭാഷണങ്ങളില്‍ ഉയര്‍ന്നുവന്ന മുഖ്യപ്രമേയം അവിടുത്തെ തമിഴ്ബ്രാഹ്മണരുടെ (പട്ടന്മാരുടെ) സ്വത്വത്തെയും നിലനില്പിനെയുംകുറിച്ചുള്ളതായിരുന്നു-കല്പാത്തിയിലെ അഗ്രഹാരങ്ങള്‍, പ്രാചീനമായ വിശ്വനാഥക്ഷേത്രം, ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പട്ടര്‍ സമുദായം, ഗ്രാമത്തില്‍ നടക്കുന്ന ഉത്സവങ്ങളിലും ചടങ്ങുകളിലും അവര്‍ക്കുള്ള താത്പര്യം, അത്തരം അവസരങ്ങളിലുള്ള അവരുടെ ഒഴിവുകാല സന്ദര്‍ശനങ്ങള്‍, അവയ്ക്കായി അവര്‍ എത്തിക്കുന്ന സാമ്പത്തികസഹായം എന്നിങ്ങനെ അതു തുടര്‍ന്നു. അതിനിടയില്‍ ഒരാള്‍–തൊഴില്‍രഹിതനും അഭ്യസ്തവിദ്യനുമായ ഒരു യുവാവ് പ്രവാസികളുടെ ഈ ഉദാരതയുടെ മറുവശത്തെക്കുറിച്ച് ക്ഷുഭിതനായി: അവരെല്ലാം ഈ ഗ്രാമം വിട്ടു പുറത്തുകടന്നു, നഗരങ്ങളിലും വിദേശത്തും പോയി ജോലി തേടി, സമ്പാദിച്ചു, രക്ഷപ്പെട്ടു; ഇപ്പോള്‍ സുഖമായി ജീവിക്കുന്നു.

അവര്‍ക്ക് ഈ ഗ്രാമവും അഗ്രഹാരവും ഉത്സവാചാരങ്ങളും മറ്റും അതുപോലെ നിലനില്ക്കണം. എന്തിന്? അവരുടെ ഗൃഹാതുരത്വത്തെ തൃപ്തിപ്പെടുത്താനായി മാത്രമോ? എന്റെ ആഗ്രഹം ഈ ഗ്രാമം അടിമുടി മാറണമെന്നാണ്. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് ഇവിടെ ഒന്നും ആകാന്‍ കഴിയില്ല!ഇന്റര്‍നെറ്റ് യുഗത്തിനുമുമ്പ് ജീവിച്ചിരുന്ന ഒരു അഭ്യസ്തവിദ്യനായ പട്ടരുടെ സ്വരമായേ എനിക്ക് ഇന്നതിനെ കാണാന്‍ കഴിയൂ.അഗ്രഹാരത്തിന്റെ അവസ്ഥയായിരുന്നു മറ്റൊരു വിഷയം. മിക്കവാറും വീടുകളെല്ലാംതന്നെ പുറമേ അതേപടി നിലനിര്‍ത്തപ്പെട്ടിരിക്കുന്നു–അകത്തുള്ള സൗകര്യങ്ങള്‍ വിപ്ലവകരമായ രീതിയില്‍ മാറിയെങ്കിലും. അപ്പോഴും അകത്തെ വൈവിധ്യത്തെയും സമ്പന്നതയെയും പുറത്തെ ഏകതാനത മൂടിവച്ചു. അഗ്രഹാരത്തിലെ വീടുകളുടെ പ്രത്യേകത അതൊരു കുടിയേറ്റ വാസ്തുവിദ്യയാണ് എന്നുള്ളതാണ്. ഒരു സംഘം പലായനാന്ത്യം എത്തിച്ചേര്‍ന്നു തമ്പടിച്ച ഒരു ഘടനയാണതിനുള്ളത്.

ഒരു വീടിനും പ്രത്യേകമായ ഒരു നിലനില്പില്ല അവിടെ. ഒറ്റ’ക്കെട്ടാ’യി തോളോടുതോള്‍ ചേര്‍ന്ന് ആരെയോ പ്രതിരോധിക്കാനെന്നപോലെയാണ് തെരുവിന്നിരുവശത്തായുള്ള അവയുടെ നില്പ്; രണ്ടു വീടുകളെ വേര്‍തിരിക്കുന്നത് ഒരൊറ്റച്ചുമരായതിനാല്‍ (ചിലപ്പോള്‍ ഒരു കിളിവാതില്‍ മറ്റൊരു വീട്ടിലേക്കു തുറന്നിരുന്നു–അടിയന്തിരമോ സ്വകാര്യമോ ആയ സന്ദേശങ്ങള്‍ കൈമാറാനായി). അത്തരമൊരു ഘടനയില്‍ സ്വകാര്യത അസാധ്യംതന്നെയാണ് എന്നു പറയാം. അവ പണിയപ്പെടുന്ന കാലത്ത് കുടുംബത്തിന്റെ സ്വകാര്യത എന്നത് സമൂഹത്തിന്റെ മുന്‍ഗണനാക്രമത്തില്‍ എത്രയോ താഴെ ആയിരുന്നിരിക്കണം. (പട്ടന്മാരുടെ സംഘനാമങ്ങള്‍ ശ്രദ്ധിക്കുക–വടമാള്‍, ബൃഹദ്ചരണം തുടങ്ങിയവ. വന്ന ദിക്കിന്റെ ദിശയെയും നീണ്ട കാല്‍നടത്തയെയും പലായനത്തെ മറക്കാനാവാത്തവിധം അവരുടെ സ്വത്വത്തില്‍ പതിപ്പിച്ചിരിക്കുന്നു). നീളത്തില്‍ ഉയര്‍ത്തിക്കെട്ടി, ഒന്നിനോടുചേര്‍ന്നു മറ്റൊന്ന് എന്ന രീതിയിലുള്ളതാണ് അഗ്രഹാരമഠങ്ങളുടെ ഗൃഹാന്തരസന്നിവേശം (Organisation of domestic space). മുന്‍വശത്ത് പലപ്പോഴും പൊതുവായ തിണ്ണയും (ഒരേസമയം അകവും പുറവുമായ, അകമോ പുറമോ എന്ന സന്ദേഹമുണര്‍ത്തുന്ന, ഒരു സ്ഥലം), പിന്‍വശത്ത് ദീര്‍ഘചതുരാകൃതിയിലുള്ള തോപ്പുമാണ് ഉണ്ടാവുക.

മലയാളത്തിന്റെ പറമ്പ് ആവാസവ്യവസ്ഥയ്ക്കു കടകവിരുദ്ധമാണ് ഈ രീതി.ഈ അഗ്രഹാരങ്ങള്‍ ഇന്ന് അവയുടെ ജൈവാവസ്ഥയിലല്ല നിലനില്ക്കുന്നത്. അവയുടെ നിലനില്പും അംഗസംഖ്യയും സമ്പദ്‌വ്യവസ്ഥയും എല്ലാം പാടേ മാറിയിരിക്കുന്നു. പ്രായപൂര്‍ത്തിയായവരും ആരോഗ്യമുള്ളവരും അഭ്യസ്തവിദ്യരുമായ ഭൂരിപക്ഷംപേരും അവിടം വിട്ടു പോയിരിക്കുന്നു. പലപ്പോഴും വൃദ്ധരായ മാതാപിതാക്കളോ, ആശ്രിതരോ മാത്രമേ അവിടെ കഴിയുന്നുള്ളൂ. ഏതെങ്കിലും വിവാഹത്തിനോ ഉത്സവത്തിനോ മാത്രമേ ഒരു കുടുംബം അവിടെ സന്ദര്‍ശിക്കുന്നുള്ളൂ.ഇവിടെ താമസിക്കുന്നവരുടെ (പോകാനായി മാത്രം താമസിക്കുന്നവര്‍–വൈകുക എന്ന അര്‍ത്ഥത്തില്‍) കാത്തിരിപ്പും, പ്രതീക്ഷയും ഇവിടത്തെക്കുറിച്ച് ഇവിടം വിട്ടവരുടെ ഓര്‍മ്മയും ആണ് അഗ്രഹാരത്തിന്റെ ആന്തരികവ്യവസ്ഥ.ഒരിടത്തു കഴിയുമ്പോഴും അവിടെ കഴിയാത്ത, ഒരിടം വിടുമ്പോഴും പൂര്‍ണ്ണമായി അവിടം വിടാന്‍ കഴിയാത്ത, കുടിയേറ്റ സമൂഹത്തിന്റെ സന്ദിഗ്ദ്ധത ഇത്രയും നൂറ്റാണ്ടുകള്‍ക്കുശേഷവും നിലനിര്‍ത്തിയിട്ടുള്ള ഏക കേരളീയ സമുദായം ഒരുപക്ഷേ, പട്ടന്മാരുടേതായിരിക്കും.ഉണ്ട്, എന്നാല്‍ ഇല്ല; ഇല്ല, എന്നാല്‍ ഉണ്ട് എന്ന സന്ദിഗ്ദ്ധാവസ്ഥയോടുള്ള ചിരപരിചിതത്വംകൊണ്ടുതന്നെയായിരിക്കണം പട്ടന്മാര്‍ക്ക് ഇന്നു വളരെ അനായാസമായി ഒരു സൈബര്‍സമൂഹമായി പരിണമിക്കാന്‍ കഴിയുന്നതും സൈബര്‍ലോകത്തില്‍ ‘സ്വന്തം’ ആവാസവ്യവസ്ഥയും സമുദായവും കെട്ടിപ്പടുക്കാന്‍ കഴിയുന്നതും. നൂറ്റാണ്ടുകളുടെ ചിതറലിനും പലായനങ്ങള്‍ക്കും ശേഷം ചരിത്രത്തിലാദ്യമായി അവര്‍ ആഗോളതലത്തില്‍ സഹവസിക്കുന്ന ഒരു സമുദായമായി ഇന്റര്‍നെറ്റിലൂടെ ഇന്ന് സ്വയം നിര്‍വചിക്കയും തിരിച്ചറിയുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു.കേരള അയ്യര്‍മാരുടെ അഥവാ പട്ടന്മാരുടെ വെബ്‌പോര്‍ട്ടല്‍ www.keralaiyers.com മാത്രം മതി ഇന്നത്തെ സൈബര്‍ പട്ടന്മാരെക്കുറിച്ച് ഒരു നഖചിത്രം ലഭിക്കാന്‍. ഉദാഹരണത്തിന് 21 മാര്‍ച്ച് 2006-ല്‍ Pattars discussion group-ല്‍ വന്ന ‘classified’ സന്ദേശം ശ്രദ്ധിക്കുക. 13 അറിയിപ്പുകള്‍ ആണ് അതിലുള്ളത്.

അവ ഇവയാണ്:1. Proposed model-modern agraharam2. Homemade Indian vegetarian food available in Northern New Jersey.3. Looking for flat4. Bhaktanjal Bhajan Mandali-Chennai5. Adoption6. Purchase of house/flat at Palakkad7. Availability of Accomodation in Dubai8. House available in Chennai-Ambattur9. Looking for Karate/Taekwondo teacher10. Purchase of land in Palakkad of Coimbatore11. Need home for purchase in Palakkad12. Brahmin residential society, Nerula, Mumbai13. Software for net md walkman (ഒരു ഭജനക്കാരന്റെ സന്ദേശം)

ലോകമെമ്പാടും ചിതറിക്കിടക്കുന്ന പട്ടര്‍സമുദായത്തിന്റെ സമകാലികാവസ്ഥയിലേക്കുള്ള ഒരെത്തിനോട്ടംകൂടിയാണിത്.തൊണ്ണൂറുകളുടെ തുടക്കത്തില്‍ ചിത്രീകരിക്കപ്പെട്ട ടെലിവിഷന്‍ പരിപാടിയില്‍ ക്ഷുഭിതനായ യുവാവ് തീര്‍ച്ചയായും ഇന്ന് അത്തരത്തില്‍ ക്ഷുഭിതനാകാന്‍ ഇടയില്ല. അഭ്യസ്തവിദ്യനായ ആ പട്ടരും ഇന്ന് സൈബര്‍ ലോകത്തിലെ പൗരനും പട്ടര്‍സമുദായത്തിലെ സജീവാംഗവും ആയിരിക്കാനാണു സാധ്യത. സൈബര്‍ ലോകപ്രതീതി ‘താന്‍ പുറകില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു’ എന്ന തോന്നലില്‍നിന്ന് അയാളെ മുക്തനാക്കിയിരിക്കും. തന്റെ ഗ്രാമാതിര്‍ത്തികള്‍ക്കപ്പുറമുള്ള പട്ടര്‍സമൂഹവുമായി–ജോലി തേടാനോ, അവിടെ അവരുടെ പ്രതിനിധിയായോ അവരുടെ സഹായത്തോടെ നാട്ടില്‍ എന്തെങ്കിലും സ്ഥാപിക്കാനോ വേണ്ടി–കണ്ണി ചേര്‍ക്കപ്പെട്ടിരിക്കാനാണ് സാധ്യത. ഗ്രാമജീവിതത്തിന്റെ ശറശീര്യ-യില്‍ നിന്നുള്ള (മാര്‍ക്‌സ്) ഒരു വിമോചനസാധ്യതയാണ് ഇന്റര്‍നെറ്റ് ഇന്ന്. എന്തെന്നാല്‍ സൈബര്‍ ജീവിതവും ഒരുതരം കൂടുവിട്ടുകൂടുമാറലും, പലപ്പോഴും സ്വത്വങ്ങളിലൂടെയുള്ള കുടിയേറ്റവും ആണ്. അവിടെ എല്ലായിടവും സ്വദേശമോ പരദേശമോ ആകാം.കുടിയേറ്റക്കാരായ പട്ടന്മാര്‍ അവിടെ അവരുടെ സ്വദേശം ഭാവന ചെയ്തതില്‍ അത്ഭുതപ്പെടാനില്ല.

Net Samooham എന്നുതന്നെയാണ് അവരതിനു പേരിട്ടിരിക്കുന്നത് അവരുടെ വാക്കുകളില്‍.  ”with the ever increasing spread of Pattars across the globe, why not we take advantage of internet technology and have a Net Samooham? Through the Samooham existing in the virtual world, let us know each other, let us know each others real world gramams, let us know the real world samooham and let us exchange ideas.” ‘യഥാര്‍ത്ഥ ലോകത്തിലുള്ള ഗ്രാമത്തെ ഇന്റര്‍നെറ്റിലൂടെ അറിയാം’ എന്നത് അവരുടെ സമകാലിക ജീവിതത്തിന്റെ വിര്‍ച്വാലിറ്റിയെ സൂചിപ്പിക്കുന്നു. ഈ അറിവിലൂടെയേ ഇന്നവര്‍ക്ക് സ്വന്തം സ്വത്വത്തെ നിര്‍വചിച്ചെടുക്കാനാവൂ. പോര്‍ട്ടലിലൂടെ കടന്നുപോയാല്‍ ഒന്നു വ്യക്തമാകും.

യഥാര്‍ത്ഥത്തില്‍ ‘പട്ടര്‍’ എന്ന സ്വത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും അതിനായുള്ള പരതലും ആണ് ഇവിടെ കൂടുതലും പ്രകടമാകുന്നത്. എന്താണ്, ആരാണ് ഈ പട്ടന്മാര്‍ എന്ന ‘ഞങ്ങള്‍’? ‘ഭട്ടര്‍’ ലോപിച്ചാണോ ‘പട്ടര്‍’ ആയത്? ‘അയ്യാ’ എന്ന തമിഴ്പദമാണോ മലയാളത്തില്‍ ‘അയ്യര്‍’ ആയത്? എവിടെനിന്നൊക്കെയാണ് ഇവര്‍ കേരളത്തില്‍ കുടിയേറിയത്? എന്തിനായിരുന്നു ആ കുടിയേറ്റം? പാലക്കാട് പട്ടന്‍മാരും തെക്കന്‍ ‘പാണ്ടി’കളും തമ്മിലുള്ള വ്യത്യാസമെന്ത്? കേരളത്തിലേക്കും പിന്നീട് ലോകമെമ്പാടും കുടിയേറിയ ഈ സമുദായത്തിന്റെ സവിശേഷതകളെന്താണ്? അവരുടെ ആചാരവിചാരങ്ങളും വിശ്വാസങ്ങളും ഭക്ഷണരീതികളും ആണോ അവരെ നിര്‍ണ്ണയിക്കുന്നത്? പൊതുമലയാളിസമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനമെന്ത്? തുടങ്ങിയ ഒട്ടേറെ സമസ്യകളിലൂടെയാണ് ഈ അന്വേഷണം സഞ്ചരിക്കുന്നത്. അവിടെ ഓരോ കണ്ടെത്തലും പുതിയ കുറെ ചോദ്യങ്ങളുമായാണു പ്രത്യക്ഷപ്പെടുന്നത്.

ഏതൊരു സ്വത്വാന്വേഷണത്തെയും സ്വത്വവിചാരത്തെയുംപോലെ ഈ അന്വേഷണവും കൂടുതല്‍കൂടുതല്‍ വൈവിധ്യത്തിലേക്കാണ് നീളുന്നത്, അല്ലാതെ സമഗ്രവും ഏകശിലാത്മകവുമായ ഒരു പട്ടര്‍ സ്വരൂപത്തിലേക്കല്ല. പട്ടര്‍ എന്ത്/ആര് എന്ന സങ്കീര്‍ണ്ണസമസ്യ ചുരുളഴിയുന്നതിനു പകരം മലയാളിസമൂഹത്തിന്റെ ഒരപരം എന്ന നിലയ്ക്കാണ് ഈ പോര്‍ട്ടലില്‍തന്നെ അതു പലപ്പോഴും സ്വയം തിരിച്ചറിയുന്നത്.ശാസ്ത്രത്തിനും കലയ്ക്കും രാഷ്ട്രതന്ത്രത്തിനും പാചകത്തിനും നിയമത്തിനും വ്യവസായത്തിനും എല്ലാം പട്ടന്മാര്‍ നല്കിയ സംഭാവനകള്‍ എണ്ണിയെണ്ണിപ്പറയുമ്പോഴും നിര്‍വചനത്തിന്റെയും സ്ഥാനമൂന്നലിന്റേതുമായ ഈ വ്യവഹാരത്തിന് പട്ടന്മാരെക്കുറിച്ച് പൊതുസമൂഹത്തിലുള്ള (ഉണ്ടായിരുന്ന?) ചില ധാരണകളെക്കുറിച്ചു പരാമര്‍ശി ക്കാതിരിക്കാന്‍ കഴിയുന്നില്ല. ‘പട്ടരില്‍ പൊട്ടനില്ല,’ ‘ഒന്നും കാണാതെ പട്ടര്‍ കിണറ്റില്‍ ചാടില്ല’ എന്നു തുടങ്ങിയ ചൊല്ലുകള്‍ ക്രമേണ താഴെപ്പറയുന്ന ഇരുവരികളിലേക്കു നീളുന്നു:”എലി, പന്നി, പെരുച്ചാഴി, പട്ടര്‍, വാനരര്‍ തഥാഇവരേവരും ഇല്ലെങ്കില്‍ മലയാളം മനോഹരം”ആത്മവിശ്വാസവും പതറലും കൂടിച്ചേരുന്ന ഒരു സ്വത്വസന്ദര്‍ഭംകൂടിയാണിത്.

സ്വത്വത്തിനായുള്ള നിര്‍വ്വചനപരമോ വിവരണാത്മകമോ ലക്ഷണാത്മകമോ ആയ പരതലുകള്‍ എല്ലാം എത്തിച്ചേരുന്ന അതേ ദുര്‍ഘടസന്ധി–അപരമാണ് തന്നെ നിര്‍വചിക്കുന്നത് എന്ന അമ്പരപ്പ്.ഈ പോര്‍ട്ടലില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ വൈവിധ്യം ശ്രദ്ധിക്കുക: * പട്ടന്മാരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ഓര്‍ മ്മിക്കല്‍, ഓര്‍മ്മപ്പെടുത്തല്‍. * വിവിധ ആചാര-ആഘോഷ-വിശ്വാസങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍, ചര്‍ച്ചകള്‍. * പ്രാപിച്ചു വസിക്കുന്ന സ്ഥലത്തെ ജീവിത/ജീവന പ്രശ്‌നങ്ങള്‍–ജോലി, താമസം, ഭക്ഷണം, വീട്ടുജോലി, യാത്ര, ശുശ്രൂഷ, ഉപരിപഠനം, വിവാഹം. * വിദേശനഗരങ്ങളില്‍ താമസിക്കുന്ന പട്ടന്മാര്‍ തമ്മിലുള്ള net workingþ- പരസ്പരസഹായം, സത്സംഗം, ഭജന ചടങ്ങുകള്‍, വൈദികന്മാരുടെ സേവനം. * പഠന-തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള വിവരവിനിമയം. * മുതിര്‍ന്ന പട്ടന്മാരുടെ ഓര്‍മ്മക്കുറിപ്പുകള്‍, അവ്വിയാര്‍മാരുടെ അനുഭവങ്ങള്‍, പാചകക്കുറിപ്പുകള്‍. * നാട്ടിലെ കാര്യങ്ങള്‍, ഗ്രാമവിശേഷങ്ങള്‍–ഉത്സവപ്പിരിവ്, ചരമം, മറ്റു വാര്‍ത്തകള്‍, സ്ഥലം വാങ്ങല്‍/വില്‍ക്കല്‍. * ക്ഷേമപ്രവര്‍ത്തനങ്ങള്‍–കേരള അയ്യേഴ്‌സ് ട്രസ്റ്റ്. * ഡിസ്‌കഷന്‍ ഗ്രൂപ്പ്നേരത്തേ ഉദ്ധരിച്ച ‘classified’ പോലെ ഈ പട്ടികയും പട്ടര്‍ എന്ന കുടക്കീഴില്‍ വസിക്കുന്ന താത്പര്യങ്ങളുടെയും ഭാവനാശ്രമങ്ങളുടെയും വൈവിധ്യത്തെയാണ് കാണിക്കുന്നത്.

നാടുവിട്ട വൃദ്ധരുടെ ഓര്‍മ്മ/ഗൃഹാതുരത്വവും, യുവാക്കളുടെ പ്രവാസ/സമ്പാദ്യപ്രതീക്ഷകളും, മധ്യവയസ്‌കരുടെ അനിശ്ചിതത്വങ്ങളും ലോകമെമ്പാടുനിന്നും ഇവിടെ സമ്മേളിക്കുന്നു–മായികമായ ഒരു ഐക്യത്തിനും പൊതുവായ ഒരു സംസ്‌കാരത്തിനും വേരുകളെക്കുറിച്ചുള്ള നവബോധത്തിനും വേണ്ടി.അതേസമയം അതിനായുള്ള നിരന്തരമായ അന്വേഷണം സ്വത്വപരമായ ഈ അസന്ദിഗ്ധത/വഴുതല്‍-അത് കുടിയേറ്റക്കാര്‍ക്കും സൈബര്‍വാസികള്‍ക്കും ഒരേപോലെ പരിചിതമായ ഒന്നാണ്. ഇരുവട്ടം കുടിയേറ്റക്കാരാണ് നവലോകത്തിലെ പട്ടന്മാര്‍. ആദ്യത്തെ കുടിയേറ്റം നൂറ്റാണ്ടുകള്‍ക്കുമുമ്പ്/ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് (വരള്‍ച്ച, മുസ്‌ലിം ആധിപത്യത്തില്‍നിന്നുള്ള രക്ഷതേടല്‍ തുടങ്ങിയ കാരണങ്ങളാല്‍ എന്നു ഗവേഷകര്‍). എന്നാല്‍ കേരളത്തില്‍വന്നു താമസമുറപ്പിച്ചപ്പോഴും ഏതൊരു കുടിയേറ്റ സമൂഹത്തെയുംപോലെ അവര്‍ കൂടുതല്‍ ശാദ്വലമായ അവസ്ഥകള്‍ തേടി പ്രയാണം ചെയ്തു.

‘പരദേശി’കളായതുകൊണ്ടുതന്നെ അവര്‍ക്കു ‘സാമര്‍ത്ഥ്യ’മില്ലാതെ കഴിഞ്ഞുകൂടാനാവില്ലായിരുന്നു. ഭൂമിയുമായുള്ള ബന്ധത്തെക്കാളുപരി അവരെ നയിച്ചത് അവസരങ്ങളെക്കുറിച്ചുള്ള ജാഗരൂകതയായിരുന്നു. ആദ്യം വേദവിദ്യയും പിന്നീട് ഇംഗ്ലിഷ് വിദ്യാഭ്യാസവുമായിരുന്നു സാമൂഹ്യ-സാമ്പത്തിക ഉന്നതിക്കായുള്ള അവരുടെ ഉപാധി. തൃശ്ശൂര്‍-പാലക്കാട് തുടങ്ങി അവര്‍ കുടിയേറിയ ഇടങ്ങളിലെല്ലാമുള്ള ആദ്യകാല ഇംഗ്ലിഷ് ടൈപ്പ്‌റൈറ്റിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ മുഴുവന്‍ ഇവരുടെ സംരംഭങ്ങളായിരുന്നു എന്നത് യാദൃച്ഛികമല്ല. ഇംഗ്ലിഷ് ഭാഷ പുറത്തുനിന്നും വന്ന, പഠിപ്പിക്കപ്പെടുന്ന ഒന്നുമാത്രമായിരുന്നില്ല അവര്‍ക്ക്, അവര്‍ തങ്ങളുടെ ടൈപ്പ്‌റ്റൈറ്ററില്‍ ഉത്പാദിപ്പിക്കുന്ന ഒരു ഭാഷകൂടിയായിരുന്നു. (ലോകമഹായുദ്ധകാലത്ത് യൂറോപ്പില്‍ ഹിറ്റ്‌ലര്‍ മുന്‍കൈ നേടിത്തുടങ്ങിയ പാടേ, പട്ടന്മാര്‍ ജര്‍മ്മന്‍ ടൈപ്പ്‌റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്റും പഠിക്കാന്‍തുടങ്ങി എന്ന വി.കെ.എന്‍. നിരീക്ഷണം അതുകൊണ്ടുതന്നെ ഒരു തമാശയല്ല).ആദ്യത്തെ കുടിയേറ്റം ഒരു അഭയംതേടലോ, തുരത്തപ്പെടലോ ആയിരു ന്നെങ്കില്‍ (നിര്‍ബന്ധിതം), രണ്ടാമത്തേത് കൂടുതല്‍ നല്ല അവ സരവും ജീവനവും തേടിയുള്ളതായിരുന്നു (സ്വേച്ഛയാലും സാമ്പത്തികസമ്മര്‍ദ്ദത്താലും കേന്ദ്രത്തിലേക്കുള്ള സ്വാഭാവികാകര്‍ഷണം എന്നവണ്ണം).

അത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ മഹാനഗരങ്ങളിലേക്കും (പ്രത്യേകിച്ചും ബോംബെയിലേക്ക്), പിന്നെ ആ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍  വിവരവിനിമയ സാങ്കേതിക വിദ്യാവിപ്ലവത്തോടെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും മറ്റുമായിരുന്നു.ഇംഗ്ലിഷ് പരിജ്ഞാനവും കുടിയേറ്റാഭിമുഖ്യവും അവരെ ഉത്തമ സൈബര്‍ പൗരന്മാരാക്കിത്തീര്‍ക്കാന്‍ സഹായിച്ചു.എല്ലാ കുടിയേറ്റവും ഒരു നാടുകടത്തല്‍കൂടിയാണ്. ‘സ്വന്തം’ നാടും കൂടും വിട്ടുള്ള ആ ചലനം-തന്റെ ഇടം വിടുന്നു എന്നതുമാത്രം ഉറപ്പും, എവിടേക്ക് എന്നത് അനിശ്ചിതവുമായ ഒന്ന്–ഒരിക്കലും ഒരിടത്തുമെത്താത്ത ഒരു മാനസികാവസ്ഥ എല്ലാ കുടിയേറ്റക്കാരിലും സൃഷ്ടിക്കുന്നു. എത്തിപ്പെട്ട ഇടത്ത് എത്രകാലം വസിച്ചാലും അവര്‍ക്ക് വേരുകള്‍ അവകാശപ്പെടാനാവില്ല; അഥവാ അവകാശവാദം ഉന്നയിച്ചാലും ഒരു പരദേശിയുടേതുമാത്രമായിരിക്കുമത്.

ഈ പ്രവാസം സ്വാതന്ത്ര്യംകൂടിയാണ് അയാള്‍ക്ക് (പുല്ലിംഗം). ‘അവസര’വാദിയായതിനാല്‍ ഏത് റോളണിയാനും അയാള്‍ തയ്യാറാകും; നീണ്ട കുടുംബകഥയുടെ ഭാരം അയാള്‍ക്കു താണ്ടേണ്ടതില്ല. ‘പരദേശി ബ്രാഹ്മണര്‍’ എന്നുതന്നെ കേരളത്തില്‍ വിളിക്കപ്പെട്ടിരുന്ന പട്ടന്മാരുടെ റോളുകളുടെ വൈവിധ്യം ശ്രദ്ധേയമാണ്–കുശിനിക്കാരന്‍, കണക്കെഴുത്തുകാരന്‍, നിയമജ്ഞന്‍, സ്മാര്‍ത്തവിചാരണാനന്തരം കുറ്റപത്രം വായിക്കുന്ന കുട്ടിപ്പട്ടര്‍, തലയില്‍ ടര്‍ബനും ശരീരത്തില്‍ മേലേ കോട്ടും, താഴെ മുണ്ടും (സോമന്‍) ഉടുക്കുന്ന ഒരു തനി കൊളോണിയല്‍ മിശ്രരൂപമായ സര്‍ക്കാരുദ്യോഗസ്ഥന്‍, ടൈപ്പിസ്റ്റ് തുടങ്ങി എന്തുമാകാവുന്ന അയാള്‍, നിശ്ചിതവും പാരമ്പര്യബദ്ധവുമായ ആതിഥേയസമൂഹത്തില്‍ സ്വാഭാവികമായും ഒരു പരിഹാസകഥാപാത്രമാണ്.

പഴഞ്ചൊല്ലും സാഹിത്യവും കലയും തുടങ്ങി (അരവിന്ദന്റെയടക്കം) കാര്‍ട്ടൂണും സിനിമയും ടെലിവിഷനുംവരെ പരന്നുകിടക്കുന്ന ഒന്നാണ് ആ പരിഹാസം.ഓരോ കുടിയേറ്റവും ഒരു കുടിയിറക്കംകൂടിയാണ്; ഓരോ പ്രവാസവും ഒരു ദേശാടനംകൂടിയാണ് എന്നതുപോലെ. വിവിധദേശങ്ങളില്‍ സ്വന്തം ദേശത്തെയുംകൊണ്ടുള്ള അലച്ചിലാണത്. എത്ര തൂത്താലും പോകാത്ത ഒന്ന്–ഭാഷാപ്രയോഗങ്ങള്‍ (ആദ്യം മലയാളത്തിലും ഉടന്‍തന്നെ ഇംഗ്ലിഷിലും സംസാരിക്കുന്ന പട്ടന്മാരെ എത്രവട്ടം പൂജപ്പുര രവി മലയാള സിനിമയില്‍ അവതരിപ്പിച്ചുകാണും?)ശരീരം, ശരീരഭാഷ, ഭക്ഷണം, രുചിവൈചിത്രങ്ങള്‍, സ്വഭാവ സവിശേഷതകള്‍, വിശ്വാസങ്ങള്‍, വേഷം, കുടുംബബന്ധങ്ങള്‍, പേരുകള്‍, ആചാരങ്ങള്‍, സര്‍വ്വോപരി ബ്രാഹ്മണ്യം എന്ന ഭാരം/ബോധം/ഹുങ്ക്—ഇവ അവരെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. വന്നു പാര്‍ത്ത കേരളത്തിലും പിന്നീട് ബോംബെപോലുള്ള മഹാനഗരങ്ങളിലും ഇപ്പോള്‍ ഐ.ടി. ലോകത്തിന്റെ ആഗോളഗ്രാമത്തിലും. അങ്ങനെ നാട്ടില്‍നിന്ന് അകന്നകന്നുപോയിക്കൊണ്ടിരിക്കുന്ന അവസരങ്ങള്‍ തേടിയുള്ള ഈ പ്രവാസത്തില്‍ അവര്‍ക്ക് ആദ്യമായി ഒരു ‘സമൂഹസാധ്യത’ നല്കിയത് ഇന്റര്‍നെറ്റ് ആയിരിക്കും. അത് ഒരേസമയം ആഗോളമൂലധന തലസ്ഥാനങ്ങളില്‍ വേല ചെയ്യാനും ‘താമസി’ക്കാനും, അതേസമയം ഒരു പട്ടരായിരിക്കാനും ഉള്ള സാധ്യത അവര്‍ക്കു നല്കിയിരിക്കുന്നു; സൈബര്‍ലോകത്തിന്റെ മണ്ണിന്റെ മക്കളാക്കിയിരിക്കുന്നു…

Comments are closed.