DCBOOKS
Malayalam News Literature Website

കേന്ദ്ര സാഹിത്യ പുരസ്‌കാരം നേടിയ കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം

കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് മുന്നോട്ടുവയ്ക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ സീന്‍ മതത്തിന്റെ അതിര്‍ വരമ്പുകള്‍ തകര്‍ക്കുന്നവയാണ്. കൃഷ്ണന്‍ മുഹമ്മദിനെ മുത്തേ എന്നും മുഹമ്മദ് കൃഷ്ണനെ ഇക്കായെന്നും വിളിക്കുന്നത് സ്‌നേഹത്തിന്റെ ഒരുമയുടെ ഗൃഹാതുരതയുടെ സന്ദേശമാണ് വായനക്കാര്‍ക്ക് നല്‍കുന്നത്.

ഇന്നോളമുള്ള മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും അതിസാങ്കേതികതയും മതങ്ങളുമെല്ലാം ഈ ജീവപ്രപഞ്ചത്തെ അത്യന്തം കുടിലമാക്കുമ്പോള്‍ മഹാസ്‌നേഹത്തിന്റെ മതങ്ങളില്‍ നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരികയാണ്. ലോക സംസ്ഥാപനത്തിനുള്ള പ്രേമഗീതയുമായി. കെ.പി.രാമനുണ്ണിയുടെ ഈ ചിന്തയാണ് ദൈവത്തിന്റെ പുസ്തകത്തിന്റെ കാതല്‍. മതവൈരത്തിന്റെയും ജാതീയവേര്‍തിരിവുകളുടെയും ഇക്കാലത്ത് ലോകനവീകരണത്തിന്റെ പുതിയ മാനിഫെസ്‌റ്റോയാകുന്നു ഈ കൃതി.

ദൈവങ്ങളെ മതങ്ങള്‍ അപഹരിച്ചെടുത്ത വര്‍ത്തമാനകാലത്ത് നഷ്ടമാകുന്ന വെളിച്ചത്തെ തെരയുകയാണ് കെ പി രാമനുണ്ണി ദൈവത്തിന്റെ പുസ്തകത്തില്‍. പ്രാപഞ്ചികശാസ്ത്രവും ഇതിഹാസവു വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളും സമന്വയിപ്പിക്കാനുള്ള നോവലിസ്റ്റിന്റെ ശ്രമം വിജയംകാണുന്നു. ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ അമേരിക്കയിലെ കേപ് കാനവറിലെ ബഹിരാകാശവിക്ഷേപണത്തറയിലാണ് നോവല്‍തുടങ്ങുന്നത്. ബഹിരാകാശഗവേഷണത്തില്‍ ബഹുദൂരം മുന്നിലായ നാസയുടെ അത്‌ലാന്റിക് ഏഴിന്റെ വിക്ഷേപണം പക്ഷേ ദുരന്തമായി. സമസ്ത ഊര്‍ജനിയമങ്ങളെയും അപ്രസക്തമാക്കുന്ന തമോഗര്‍ത്തത്തിന്റെ സ്വാധീനമാണ് ഇത്തരം പരാജയങ്ങള്‍ക്ക് ഹേതു. ഇന്ത്യന്‍ ശാസ്ത്രജ്ഞരായ ഹസന്‍കുട്ടിക്കും കുട്ടിശങ്കരനും ഇതറിയാം. പക്ഷേ പുറത്ത് പറഞ്ഞാലുള്ള പ്രത്യാഘാതം എന്തായിരിക്കും. സയന്‍സ് ഫിക്ഷനാണോ ഇതെന്ന് വായനക്കാര്‍ക്ക് തുടക്കത്തി സംശയംതോന്നാമെങ്കിലും, പിന്നീട് കഥമാറിമറിയുന്നു. നോവലിലുടനീളം പടര്‍ന്ന് ജീവിതരതിയുടെ നേര്‍ത്ത നിലാവെളിച്ചമുണ്ട്. മനോഹരമായ ഫാന്റസിയാണ് ദൈവത്തിന്റെ പുസ്തകം. അതില്‍നിറയുന്നതാകട്ടെ വര്‍ത്തമാനകാലജീവിതവും രാഷ്ട്രീയവും. ഈ കൃതി മുന്നോട്ട് വയ്ക്കുന്നത് ആശയത്തെക്കാളുപരി ആഗ്രഹമാണ്.

കെ പി രാമനുണ്ണി തന്റെ എല്ലാ കൃതികളിലും പുലര്‍ത്തിപോകുന്ന മതനിരപേക്ഷ സമീപനത്തിന്റെ ഉദ്‌ഘോഷണം ഈ കൃതിയിലും കാണാം. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കൂടാതെ, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത് അവാര്‍ഡ് തുടങ്ങിങ്ങയ അവാര്‍ഡുകള്‍ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

Comments are closed.