DCBOOKS
Malayalam News Literature Website

കടത്തനാട്ട് മാധവിയമ്മ; ഗ്രാമസൗകുമാര്യം തുളുമ്പുന്ന കവിതകളെഴുതിയ കവയിത്രി

ഗ്രാമസൗകുമാര്യം തുളുമ്പുന്ന കവിതകളെഴുതിയ കവയിത്രി കടത്തനാട്ട് മാധവിയമ്മയുടെ ചരമ വാര്‍ഷികദിനമാണ് ഇന്ന്. 1909 ജൂണ്‍ 15ന് കുറുമ്പനാട്ട് താലൂക്കിലെ ഇരിങ്ങണ്ണൂരില്‍ ജനനം. കുടിപ്പള്ളിക്കൂടത്തിലെ അഞ്ചാം ക്ലാസ് പഠനത്തിനുശേഷം സംസ്‌കൃത കാവ്യ നാടകാദികള്‍ അഭ്യസിച്ചു.

പതിന്നാലാമത്തെ വയസ്സില്‍ കവനകൗമുദിയില്‍ പ്രഥമ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. കലോപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന, മുത്തച്ഛന്റെ കണ്ണുനീര്, ഒരുപിടി അവില്‍ എന്നിവയാണ് മാധവിയമ്മയുടെ പ്രധാന കാവ്യസമാഹാരങ്ങള്‍.

തിരഞ്ഞെടുത്ത കവിതകള്‍ കടത്തനാട്ട് മാധവിഅമ്മയുടെ കവിതകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതതന്തുക്കള്‍ എന്ന കഥാസമാഹാരവും ശ്രീരാമാനന്ദ ഗുരുദേവന്‍ എന്ന ലഘുജീവചരിത്രവും, വീരകേസരി, മാധവിക്കുട്ടി എന്നീ നോവലുകളും പയ്യം പള്ളി ചന്തു, തച്ചോളി ഒതേനന്‍ എന്നീ ഗദ്യകൃതികളും രചിച്ചിട്ടുണ്ട്.

1996-ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദി പുരസ്‌കാരം ലഭിച്ചു. കുമാരനാശാന്‍ തനിക്ക് പ്രിയമുള്ള കവയിത്രിയായി പറഞ്ഞിട്ടുള്ളത് മാധവിയമ്മയുടെ പേരാണ്. വാത്സല്യം, കാരുണ്യം ഗ്രാമസൗകുമാര്യത്തോടുള്ള ആരാധന, അനീതിയുടെ നേര്‍ക്കുള്ള ധാര്‍മ്മികരോഷം മുതലാ യവയായിരുന്നു മാധവിയമ്മയുടെ കവിതയുടെ അന്തര്‍ധാര. 1999 ഡിസംബര്‍ 24 ന് അന്തരിച്ചു.

Comments are closed.