DCBOOKS
Malayalam News Literature Website

രാജാവ് ഉപേക്ഷിച്ചു പോയ രാജ്യത്തിന്റെ കഥ!

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന കൃതിക്ക് ഗിരിജ ചാത്തുണ്ണി എഴുതിയ വായനാനുഭവം.

നവതരംഗം അക്ബർ കക്കട്ടിൽ അവാർഡ് ഇന്ത്യൻ ട്രൂത്ത് നോവൽ അവാർഡ് , ദേശാഭിമാനി സാഹിത്യപുരസ്‌കാരം,എന്നീ അവാർഡുകൾ ഈ നോവലിന് ലഭിച്ചിട്ടുണ്ട്.

എല്ലാ സുഖസൗകര്യങ്ങളും ആഡംബര ജീവിതങ്ങളും ഉപേക്ഷിച്ചുകൊണ്ടു കൊട്ടാരത്തിൽ നിന്നും ഇറങ്ങി തെരുവുകളിൽ ഭിക്ഷയെടുത്തു ജീവിച്ച സിദ്ധാർഥകുമാരനെ ആദരവോടെ ലോകം ബഹുമാനിക്കുന്നു. ആഗ്രഹങ്ങളാണ് സകലവിപത്തിന്നും കാരണമെന്ന് പറഞ്ഞ ഗൗതമബുദ്ധൻ എന്നും ഏവർക്കും ആരാധനാപുരുഷനാണ്

കപിലവസ്തുവിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു സിദ്ധാർത്ഥൻ. ബുദ്ധനില്ലാത്ത കപിലവസ്തുവിലൂടെയാണ് ഞാനും ബുദ്ധനും സഞ്ചരിക്കുന്നത്. ബുദ്ധനില്ലാത്തവരുടെ, ബുദ്ധൻ തിരസ്കരിച്ചവരുടെ രാജ്യങ്ങളിലൂടെ..

വിവാഹം കഴിഞ്ഞു പതിമൂന്നു വർഷങ്ങൾക്ക് ശേഷംഒരു പുത്രൻ ജനിച്ച ദിവസം തന്നെ സംന്യാസം സ്വീകരിച്ചു കൊട്ടാരം വിട്ടിറങ്ങിയ കുമാരന്റെ മനസ്സിൽ എന്തായിരുന്നു? പുത്രനെ കാണാൻ വരുന്ന രാജാവിനെ പ്രതീക്ഷിച്ചു കാത്തിരുന്ന ഗോപ,ഒരിക്കൽപോലും സ്നേഹവും വാത്സല്യവും കിട്ടാതെപോയ രാഹുലൻ, മകനെ നഷ്ടപ്പെട്ട ശുദ്ധോദന മഹാരാജാവ്,അമ്മ മഹാറാണി ഗൗതമി, കോളിയവംശത്തിന്റെ യുദ്ധശുദ്ധിയെ ചൊല്ലി അഭിമാനിച്ച ദേവദത്തന്റെ സ്വപ്നങ്ങളെ ഉടച്ച ബുദ്ധൻ,എന്നിട്ടും ഗോപ തോല്പിച്ചപ്പോൾ തളർന്നുപോയി കോളിയരുടെ യുവരാജാവ്! മഗധത്തിന്റെ വസന്തങ്ങളെയപ്പാടെ നിരാസക്തമായ സന്യാസച്ചുവപ്പിലേക്ക് തള്ളിവിടുന്ന ബിംബിസാരനെയോർത്ത് വേപഥു പൂണ്ട, പിതൃഘാതകനായ അജാതശത്രുവിന്റെ ബുദ്ധൻ, കൂടാതെ കപിലവസ്തുവിലെ ഓരോ മണ്തരിയെയും വേദനയുടെ ചുഴിയിലേക്ക് തള്ളിയിട്ടുകൊണ്ട് ഇലയടരുന്ന ലാഘവത്തോടെ പടിയിറങ്ങിയ ബുദ്ധൻ!!

എഴുവർഷത്തിന്നു ശേഷമുള്ള തിരിച്ചു വരവിൽ,അമ്മയുടെ കണ്ണുനീരിന്നും അച്ഛന്റെ ഗദ്ഗദങ്ങൾക്കും കാതോർത്തില്ലെങ്കിലും “രാജകുമാരി ഗോപ പഠിപ്പിച്ചു വിട്ട അച്ഛാ എന്ന വാക്കിനോളം പരാജയപ്പെട്ട മറ്റൊരുവാക്കും ലോകത്ത് ഇന്നുവരെ ആരും ഉച്ചരിച്ചിട്ടുണ്ടാകില്ല, കൊട്ടാരമുറ്റത്ത് അച്ഛനെ കാണാൻ ഓടിയെത്തിയ ആ കുട്ടിയോളം അവഗണിക്കപ്പെട്ടവനായി ലോകത്ത് ഇതുവരെ ആരും നിന്നിട്ടുണ്ടാകില്ല.” ഇവിടെ പുത്രന്റെ ദുഃഖത്തേക്കാൾ അമ്മ മനസ്സിന്റെ വേവ് പടർന്നിറങ്ങും അനുവചകനിൽ!

Text“എനിക്ക് എന്റെ അവകാശം വേണമെന്ന് പറഞ്ഞ മകനോട് ഒരു മൊന്ത നിറയെ വെള്ളം കൊണ്ടുവരുവാൻ മൊഴിയുന്നു.മൊന്തയിലെ വെള്ളം അവനെകൊണ്ടു തന്നെ കമഴ്ത്തി കളയിച്ചപ്പോൾ അതിനർത്ഥം ഗോപായ്ക്കും,ഗൗതമിക്കും മനസ്സിലാകുമായിരുന്നു.എന്തോ അവനോട് പറഞ്ഞു,ചിരിച്ചുകൊണ്ടവൻ മഞ്ഞചീവരവും മരയോടും എടുത്ത് ഭിക്ഷുക്കളുടെ ശരണമന്ത്രങ്ങൾ ചൊല്ലി കൂടെയിറങ്ങി.,“ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്നവൻ ഏഴു വയസ്സിൽ മനസിലാക്കിയോ”

പിന്നീട് നീഗ്രോധാരാമത്തിൽ നിന്നും കൂടെ പടിയിറങ്ങിയത് അടുത്തഅവകാശി നന്ദനും കൂടിയാണ്.കല്യാണിയുടെ നിലവിളികൾക്കുമുന്നിൽ പതറിപോയ നന്ദന് ബുദ്ധൻ നന്ദന്റെ കൈയിലേക്കു കൊടുത്ത മരയോട്  വാങ്ങിക്കാതിരിക്കാനായില്ല.

“വരൂ”അനുസരിക്കാതിരിക്കാനായില്ല നന്ദന്!!

കപിലവസ്തുവിലെ പുരുഷൻമാർ ബുദ്ധഭിക്ഷുക്കളായി പരിണമിക്കുമ്പോൾ ഉപേക്ഷിക്കപ്പെടുന്നതും നശിക്കുന്നതും അവിടത്തെ പെൺജീവിതങ്ങളോടൊപ്പം കപിലവസ്തു എന്ന ദേശവും സംസ്കാരവും കൂടിയാണ്. എല്ലാം ത്യജിച്ച് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടുപോയപ്പോൾ അതിന് അവൻ്റെ ഉറ്റവർക്കും ഉടയവർക്കും ത്യജിക്കേണ്ടി വന്നത് അവരുടെ ദാമ്പത്യജീവിതത്തോടൊപ്പം ആ രാജ്യത്തെയും കൂടിയാണ്.

ശുദ്ധോദന മഹാരാജാവിന്റെ,കപിലവസ്തുവിന്റെ വിപത്തുകളുടെ മറ്റൊരു തുടക്കം കുറിക്കലായിരുന്നല്ലോ കാലം കാത്തുവെച്ചത്!

ഒരു തുള്ളി വെള്ളം പോലും ലഭിക്കുകയില്ലെന്നറിയുമ്പോൾ ഉലഞ്ഞുപോകുന്ന ശരീരം ഗത്യന്തരമില്ലാതെ നിലവിട്ടു നിലവിളിക്കുന്നതിന്റെ പേരാണ് ദാഹം.ഒരുനുള്ളു ഭക്ഷണംപോലും ലഭിക്കുകയില്ല എന്നറിയുമ്പോൾ തകർന്നുപോകുന്ന ശരീരം നിസ്സഹായമായി ദീനാരോധനം മുഴക്കുന്നതിന്റ പേരാണ് വിശപ്പ്! ഇല്ല എന്നറിയുമ്പോൾ പടർന്നു കത്തുന്ന കാട്ടുതീ!
ആ വിശപ്പിലൂടെ, ദാഹത്തിലൂടെയാണ് ബിംബിസാരന്റെ ജീവിതം കടന്നുപോയത് !ബുദ്ധന് മുന്നിൽ,എല്ലാം സമർപ്പിക്കാൻ ,ലയിക്കാൻ ആഗ്രഹിച്ച ബിംബിസാരനു സ്വന്തം പുത്രന്റെ പാരിതോഷികം.എന്നിട്ടും ആ മകൻ മഗധയിലെ ബുദ്ധവീഹാരങ്ങളിൽ ലയിച്ചുപോയി,ബുദ്ധൻ അനുസരിപ്പിക്കുകയല്ല,ബുദ്ധനെ അനുസരിക്കുകയായിരുന്നു,ആരാധിക്കുകയായിരുന്നു എല്ലാവരും!

ഒരിക്കൽ ബുദ്ധൻ പറഞ്ഞു;

“സ്വർണ്ണപണിക്കാർ എങ്ങനെയാണ് സ്വർണ്ണത്തെ ഉരച്ചും, ഉരുക്കിയും മാറ്റുനോക്കുന്നത് അതുപോലെ നിങ്ങളും അപഗ്രഥിച്ചുവേണം എന്റെ വാക്കുകളെ സ്വീകരിക്കാൻ,അല്ലാതെ ആരാധനകൊണ്ടായിരിക്കരുത്”

ഗത്യന്തമില്ലാതെ കപിലവസ്തുവിലെ സ്ത്രീകളെയെല്ലാം മരണത്തിനും കൊള്ളക്കാർക്കും വിട്ടുകൊടുക്കാതെ ബുദ്ധവീഹാരത്തിലേക്ക് അമ്മമഹാറാണിയും ഗോപയും കൂടെ വൈശാലിയിലേക്ക് കൊണ്ടുപോകുകയും അവരെ ഭിക്ഷുണികളാക്കാൻ അപേക്ഷിക്കുകയും ചെയ്യുമ്പോൾ ആനന്ദന്റെ ‘സ്ത്രീയെ എങ്ങനെ കാണണം ? എന്ന ചോദ്യത്തിന്ന് ‘ കാണുകയേ വേണ്ട ‘ അവരെ നാം കണ്ടുവെങ്കിൽ? കാഴ്ചയോടെ അവസാനിപ്പിക്കുക!

അവർ മിണ്ടിയാലോ? അതോടെ അവസാനിപ്പിക്കുക!! എന്നു മറുപടിയാവുമ്പോൾ സംന്യാസത്തിന്റെ ബുദ്ധപഥങ്ങൾ നിവൃത്തികേടു കൊണ്ടു മാത്രം സ്വീകരിച്ചവരുടേയും ഉൾക്കൊണ്ടവരുടേയും ദുരിതങ്ങൾ ബോധ്യപ്പെടുന്നിണ്ടിവിടെ. ഈ വരികൾ കൂടെ ചേർത്തുവെയ്ക്കുമ്പോൾ പൂർണമാകും ആ വാക്കുകളുടെ ധ്വനി“;ഭിക്ഷുക്കളോട് സംസാരിക്കുന്നതാവട്ടെ ബുദ്ധധർമ്മത്തെക്കുറിച്ചു മാത്രമാകണം.അതല്ലാതെ മറ്റൊന്നും ഒരു ഭിക്ഷുവിനോടും സംസാരിക്കരുത്.അവർ നേരത്തെ നിങ്ങളുടെ ആരായിരുന്നാലും!”അവിടെ നീരൊഴുക്കായി,കാറ്റായി, ഇലയനക്കമായി,അത്രമേൽ ആർദ്രതയോടെ കരുതിവെച്ചതെല്ലാം ഒറ്റ നിമിഷത്തിൽ ശൂന്യതയിൽ അലിയുകയായിരുന്നു ഗോപയെ പോലെ എല്ലാ സ്ത്രീകളും!!

“നാവുകൊണ്ട് പറയുന്നത് മാത്രമേ ഒരാൾക്ക് കേൾക്കാനാവൂ എങ്കിൽ അയാൾക്ക് ലോകത്തെ ഒരിക്കലും മനസ്സിലാവുകയില്ല. മനസ്സ് മിണ്ടാതിരിക്കുകയും നാവുമാത്രം മിണ്ടുകയും ചെയ്യുന്ന അവസ്ഥയാണ് മനുഷ്യർക്കിടയിലെ ഏറ്റവും വലിയ ദുരവസ്ഥ!! ഭിക്ഷുക്കൾ ആദ്യം പരിശീലിക്കുന്നത് ആ ദുരവസ്ഥയെ മറിക്കടക്കാനാണ്!”

ഭിക്ഷുക്കൾ മാത്രമല്ല ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും ചെയ്യാൻ ശ്രമിക്കേണ്ടതും അതുതന്നെയല്ലേ!!

“സർവാർത്ഥസിദ്ധമായ മഹാഗൗതമാ,നിന്റെ മകൻ രാഹുലൻ മരിച്ചു.മൗനം കൊണ്ട് സംസാരിച്ചു തുടങ്ങിയ അച്ഛനെ അവൻ കണ്ണുകൾകൊണ്ടു അനുഭവിച്ചു.ഓർമ്മയ്ക്ക് ജ്ഞാനിയായി മാത്രം ഇരിക്കാനാവുമോ? ഓർമ്മകൾ കുത്തിയൊഴുകുന്നു”

“എങ്കിലും ഞാൻ പതറുകയോ കരയുകയോ ചെയ്യുന്നില്ല. ലോകബാന്ധവനായ മഹാബുദ്ധാ, നിൻ്റെ ഗോപയായിരുന്നു ഞാൻ.

നിന്റെ മകനായിരുന്നു അവൻ നിന്റെ…”
അവളുടെ ആത്മഗതമെന്നോണം പറയുന്ന വാക്കുകൾ നമ്മുടെയെല്ലാം ,പ്രത്യേകിച്ചും അമ്മമാരുടെ ഹൃദയത്തെ കുത്തിനോവിക്കും..
‘അല്ലെങ്കിലും ദൈവം ലോകത്തെ കാണുന്നത് അമ്മമാരുടെ കണ്ണുകളിലൂടെയാണ്.’അമ്മമാരുടെ കണ്ണീരുവീഴാത്തൊരു കാലം ഉണ്ടാകുമോ?

സ്ത്രീയുടെ വീക്ഷണ കോണിൽ നിന്നും ബുദ്ധനെ കാണുകയാണിവിടെ .രാജാവ് ഉപേക്ഷിച്ചു പോയ രാജ്യത്തിൻറെ കഥ. സിദ്ധാർത്ഥൻ്റെ കഥയുടെ പൊളിച്ചെഴുത്ത് ചരിത്രത്തിൻറെ സഹായത്തോടെ നടത്തുന്ന ചെറു നോവൽ വ്യത്യസ്തമായ രീതിയിൽ ഒരു ബുദ്ധകഥ പറയാൻ ശ്രമിക്കുകയാണ് രാജേന്ദ്രൻ എടത്തുംകര ഞാനും ബുദ്ധനും എന്ന ചെറിയ നോവൽ ശ്രദ്ധേയമാകുന്നത് മികച്ചുനിൽക്കുന്ന ആഖ്യാനശൈലിയിലൂടെ ചരിത്രത്തിൽ നിന്നും ചെത്തിയെടുത്ത ഭാഷ തിരഞ്ഞെടുത്തതിലൂടെയാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.