DCBOOKS
Malayalam News Literature Website

അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും ഓട്ടക്കളം

2019-ലെ ഒരു കഥാസമാഹാരത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്തെല്ലാം ആണെന്ന ചോദ്യത്തിന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. കലുഷമായ ഒരു കാലത്തെ അഭിസംബോധന ചെയ്യേണ്ട ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുള്ളതെന്ന പോലെ കഥകള്‍ എഴുതുന്നവര്‍ക്കും ബാധകമാണ്. ഉപരിപ്ലവമായ സംവാദങ്ങള്‍ക്കോ വരണ്ട തത്വചിന്തകള്‍ക്കോ ആത്മാര്‍ഥതയില്ലാത്ത മുദ്രാവാക്യങ്ങള്‍ക്കോ ‘കഥ’ എന്ന സങ്കേതത്തില്‍ വലിയ സ്ഥാനമൊന്നും അവകാശപ്പെടാന്‍ കഴിയില്ല.

ആധുനികാനന്തരമെന്നോ അധിനിവേശാന്തരമെന്നോ ഉള്ള സംവര്‍ഗങ്ങളില്‍ അഭിരമിക്കാതെ, ഇന്നത്തെ ജീവിതാവസ്ഥകളോടും രാഷ്ട്രീയത്തോടും നേരിട്ട് ഇടപെടുന്നവയാണ് സമകാലകഥകള്‍. വീട്ടുവഴക്കങ്ങളില്‍ തെന്നിയും തെറ്റിയും, സമൂഹത്തിന്റെ ബോധ്യങ്ങളില്‍ ശരിയും ശരികേടും കണ്ടെത്തിയും, മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലും പരപ്പുകളിലും ഊളിയിട്ടിറങ്ങിയും പുതിയ കാലത്തെ കഥ പൊടിപ്പും തൊങ്ങലുമില്ലാതെ ഒരു ‘റിയലിസ്റ്റിക്’ ചിത്രം നമുക്ക് സമ്മാനിക്കുന്നു. കഥ പറച്ചിലിന്റെ പരമ്പരാഗതശൈലികളെ ഉപേക്ഷിച്ചുകൊണ്ടോ പുതുക്കിപ്പണിഞ്ഞുകൊണ്ടോ ആഖ്യാനത്തിന്റെ വ്യത്യ സ്ത ഇടങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് വര്‍ത്തമാനകാലത്തെ കഥകള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം എന്നത് അതിശയോക്തിപരമായ പ്രസ്താവനയല്ല. പ്രക്ഷുബ്ധമായ പശ്ചാത്തലത്തെ മുഖാമുഖം കണ്ടുകൊണ്ട് കഥകളെ ഴുതുന്നവര്‍, അത്തരമൊരു സാഹചര്യത്തെ അതിന്റെ ഇരുണ്ട നി റങ്ങളെ വരച്ചുകാണിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതുന്നതില്‍ തെറ്റില്ല. അടഞ്ഞ ലോകങ്ങളെ മറികടന്നുകൊണ്ട് പുത്തന്‍ തുറസ്സുകളിലേക്കുള്ള സഞ്ചാരപഥമാണ് നവകഥകളുടെ ജീവന്‍. ആഗോളീകരണസമസ്യകളെ മെരുക്കിക്കൊണ്ട് ‘പ്രാദേശിക സാര്‍വലൗകികത്വം’ പ്രകടമാക്കുന്ന കഥകളില്‍ പലതും അധികാരത്തിന്റെ അസഹിഷ്ണുതകളും രാഷ്ട്രീയത്തിന്റെ അപചയങ്ങളും വിളിച്ചു പറയുന്നു.

ആഗോളീകരണാന്തര ജീവിതത്തില്‍ ഇടങ്ങള്‍ തേടിയലയുന്നവരെ ചുറ്റോടുചുറ്റും കാണാനാവും. തുറക്കാന്‍ പറ്റാത്ത പൂട്ടിട്ടു, അടച്ച കൂട്ടിലെ പക്ഷികളെയെന്നപോലെ അവര്‍ വര്‍ത്തുളാകൃതിയില്‍ കറങ്ങിക്കൊണ്ടണ്ടിരിക്കുന്നു. എന്നാല്‍ ഈ തിക്കുമുട്ടലുകള്‍ക്കിടയിലും അവര്‍ അവിചാരിതവും യാദൃശ്ചികവുമായി, സത്യമെന്നോ മിഥ്യയെന്നോ ഉറപ്പില്ലാത്ത ഭ്രമാത്മകയിടങ്ങളെ കണ്ടുപിടിക്കുന്നു. അങ്ങനെയുള്ള സ്ഥല-കാല രേഖകളില്ലാത്ത സംഭ്രമയിടങ്ങളില്‍ മനുഷ്യര്‍ പരസ്പരം കണ്ടുമുട്ടുകയും അറിയുകയും ചെയ്യുന്നു. അപരിചിതത്വത്തിന്റെ സ്വരങ്ങളില്‍നിന്ന് കുതറാതെ പരിമിതമായ സാദൃശ്യങ്ങളില്‍ പാരസ്പര്യത്തിനു ശ്രമിക്കുന്ന മനുഷ്യരുടെ കൂട്ടത്തെയാണ് സമകാലത്ത് കാണാനാവുന്നത്. ഭരണകൂടം തന്നെ ഒത്താശ ചെയ്യുന്ന വിവിധതരം വര്‍ഗ്ഗീകരണത്തിനു മുന്നില്‍ തളരാതെ മുന്നോട്ടുപോകാന്‍, വിളക്കില്ലാതെ അന്ധകാരത്തെ അതിജീവിക്കാന്‍ ഇവര്‍ക്കാവുമോ എന്ന ചോദ്യത്തിന്റെ അസംഖ്യം സംഭവ്യതകളിലേക്ക് വിരല്‍ ചൂണ്ടണ്ടുന്ന ‘കഥ’ എന്ന സാഹിതീയരൂപം സര്‍ഗാത്മകമായ സന്ദര്‍ഭങ്ങളുടെ വിന്യാസത്തെയാണ് സാധ്യമാക്കുന്നത്. ഈ വര്‍ഷം പുസ്തകരൂപത്തില്‍ ഇറങ്ങിയ കഥകളുടെ പൊതുസ്വഭാവവും രീതികളും അവ അഭിമുഖീകരിക്കുന്ന സമസ്യകളും പ്രതിനിധീ കരിക്കുന്ന ഏതാനും കഥാസമാഹാരങ്ങളെ പറ്റിയാണ് ഈ കുറിപ്പ്.

‘നടുന്ന എല്ലാ മരങ്ങളും നമ്മുടെ ജീവിതകാലത്തു തന്നെ കായ്ക്കണമെന്ന വാശി പാടില്ല’ എന്ന ഓര്‍മ്മപ്പെടുത്തല്‍ നടത്തുന്ന തമാനെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാരകങ്ങളുടെ ഉപമ’ എന്ന ഇ. സന്തോഷ്‌കുമാറിന്റെ കഥ കഥയെഴുത്തിലെ ഒരു സവിശേഷ മുഹൂര്‍ത്തത്തെയാണ് അവതരിപ്പിക്കുന്നത്. ഭൂമിയില്‍ ഖനനം ചെയ്തുകൊണ്ട് നാഗരികതയുടെ തെളിവുകള്‍ തെരയുന്ന തമാനെ സൃഷ്ടിച്ചെടുക്കുന്ന ഇടം അത്ര പരിചിതമല്ല. എന്നാല്‍ അയാള്‍ പറയുന്ന അനുഭവങ്ങളും, വീക്ഷണങ്ങളും വളരെ പരിചിതമായ, ആത്മീയമായ തലത്തിലുള്ള മാനവികാംശങ്ങള്‍ നിറഞ്ഞതാണ്. ഈ വര്‍ഷത്തെ മികച്ച കഥാസമാഹാരങ്ങളില്‍ ഒന്നായ ‘നാരകങ്ങളുടെ ഉപമ’യിലെ അതേ പേരിലുള്ള കഥ വ്യത്യസ്തമായ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്തുകൊണ്ട് സാര്‍വജനീനമായ അവസ്ഥകളെ ഊന്നിപ്പറയുന്നു. സമൂഹത്തില്‍ നിന്ന് അകന്നു മാറി ജീവിക്കുന്ന ‘വാവ’യും (വാവ എന്ന കഥ), ബോംബെയുടെ ഒരു കാലത്തെ രാഷ്ട്രീയ ചരിത്രത്തെ തങ്ങളുടെ വ്യക്തിഗതമായ ജീവിതത്തിലൂടെ പറയുന്ന രാമനും രാഘവനും (രാമന്‍ രാഘവന്‍), ചെറിയൊരു ചലനത്തിനു പോലും സാധ്യമാവാത്ത പരുന്തും അതേപോലെ തന്നെ നിശ്ചലത ബാധിച്ച കുരിയാക്കുവും ഭാര്യയും (പരുന്ത്) സിനിമയില്‍ എത്തിപ്പെടാന്‍ പല വഴികളിലൂടെ ശ്രമിക്കുന്ന സിനിമാ മോഹം തലയ്ക്ക് പിടിച്ച ആന്റോ തെക്കേക്കരയും ( സിനിമാ പറുദീസാ) മകന്‍ എപ്പോഴും ഇഷ്ടത്തോടെ കേട്ടിരുന്ന റേഡിയോ ഒരു പ്രത്യേക സാഹചര്യത്തില്‍ പണയം വെക്കേണ്ടണ്ടി വന്ന ചാക്കുണ്ണിയും (പണയം) ഒക്കെ അതിജീവനത്തിന്റെ ഇടം നേടിയെടുക്കാന്‍ പൊരുതുന്ന കഥാപാത്രങ്ങളാണ്. ചുറ്റും ആള്‍ക്കൂട്ടമാ ണെങ്കിലും നിര്‍വചിക്കാനാവാത്ത ഏകാന്തത വലയം ചെയ്യുന്ന കഥാപാത്രങ്ങളെയാണ് ഇ. സന്തോഷ്‌കുമാറിന് പഥ്യം എന്ന് ഈ പുസ്തകവും ഊന്നിപ്പറയുന്നു.

പ്രാദേശികതന്മയില്‍ ഉരുവംകൊള്ളുന്ന കഥാപാത്രങ്ങള്‍ അതില്‍നിന്ന് വിടുതല്‍ കാണിച്ചുകൊണ്ട് ആഗോളീയതയെ പുല്‍കാനുള്ള വെമ്പല്‍ പ്രകടി പ്പിക്കാറുണ്ട്. ദേശം, ദേശീയത എന്ന പൊതുസങ്കല്പത്തെ ഭേദിച്ചുകൊണ്ട് രൂപപ്പെടുന്ന ലോകവാദത്തിന് ആഗോളീകരണാനന്തര സമൂഹത്തില്‍ പുതുമയൊന്നുമില്ല. സാര്‍വത്രികമായ പരസ്പരാശ്രയത്വവും അന്യോന്യമുള്ള കൈമാറ്റങ്ങളും സുഗമമായി നടക്കുമെന്ന് കരുതുന്ന ഉദാരവ്യവസ്ഥ എല്ലാവര്ക്കും ഒരേപോലെയല്ല എന്ന വസ്തുതയെ സ്ഥാപിക്കുകയാണ്‌വിനോയ് തോമസിന്റെ ‘ആനന്ദബ്രാന്റന്‍’ എന്ന കഥ. ശാസ്ത്രവും സാങ്കേതികതയും പുരോഗമിച്ചതോടെ പല നേട്ടങ്ങളും കൈവരിക്കാന്‍ സാധിച്ചെങ്കിലും സമൂഹങ്ങള്‍/ മനുഷ്യര്‍ തമ്മിലുള്ള ഭിന്നത പൂര്‍ണമായ അര്‍ത്ഥത്തില്‍ തുടച്ചു നീക്കപ്പെട്ടിട്ടില്ല. ഒരു സംസ്‌കാരത്തെ ഉപേക്ഷിച്ചു കൊണ്ടണ്ട് മറ്റൊന്നിനെ സ്വീകരിക്കാ നുള്ള രാഷ്ട്രീയകൃത്യതയെയാണ് ആനന്ദബ്രാന്റന്‍’ അന്വേഷിക്കുന്നത്. ജനായത്തഭരണകൂടം തന്നെ ജനാധിപത്യമര്യാദകളെ കാറ്റില്‍ പറത്തുന്ന നടപ്പുദിനങ്ങളില്‍ നിയമപാലകര്‍ ചെയ്യുന്ന ‘കൊള്ളരുതായ്മ കള്‍’ രേഖപ്പെടുത്താത്ത രാഷ്ട്രീയത്തെ പരിശോധിക്കുകയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ. ‘തങ്ങളുടെ’ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ‘അവരെ’ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഭരണകൂടനിയമങ്ങളുടെ പ്രതിനിധികളാണ് കഥയിലെ നിയമപാലകര്‍. പെരുമാറ്റച്ചട്ടങ്ങള്‍, നിരോധനങ്ങള്‍ എന്നിങ്ങനെയുള്ള ചതുരതകളെ അധികാരമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഏതെല്ലാം വിധത്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നതിന്റെ അസമവാക്യത്തെ നിര്‍ധാരണം ചെയ്യുകയാണ് വിനോയ് തോമസ് ഈ കഥയിലൂടെ. അത്തരത്തിലുള്ള ഓട്ടക്കളമായ സമകാലികലോകത്തെ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഇതില്‍.

രാഷ്ട്രീയാഘാതങ്ങള്‍ അനുദിനമെന്നോണം അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയായി നാം മാറി എന്നത് അയുക്തിപരമായ വര്‍ണന അല്ലാതായിത്തീരുകയാണ്. നിയമം സത്യസന്ധമായി അനുശാസിച്ചുകൊണ്ട് നീതിക്കു വേണ്ട നില നില്‍ക്കുന്നവര്‍ അധാര്‍മികമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിന്റെ കരിനിറം പുരണ്ട ചിത്രമാണ് വിനോയ് വരയ്ക്കുന്നത്. പൊരുതാന്‍ വിശാലമായ ലോകമില്ലാതെ ചെറുത്തുനില്‍പ്പുകളുടെ ചെറിയ ഇടങ്ങളിലേക്ക് മനുഷ്യരെ ഒതുക്കിമാറ്റാന്‍ ഭരണവര്‍ഗം കലമ്പല്‍ കൂട്ടുന്നത് എന്നത്തേയും പതിവാണ്. ഈ പരിതസ്ഥിയിലാണ് എം സുകുമാരനെയും യു പി ജയരാജിനെയും വീണ്ടും വായിക്കേണ്ടത്. അധികാരവാഞ്ഛയ്‌ക്കെതിരെ ജാഗരൂകരായിരുന്ന യു പി ജയരാജിന്റെയും എം സുകുമാരന്റെയും കഥാസമാഹാരങ്ങളായ ‘ഉണരുന്നവര്‍’, ‘ഉഷ്ണഭൂമി’ എന്നിവയില്‍ കാലത്തിനു യോജിച്ച കഥകളാണെന്നതില്‍ സംശയമില്ല.

പുതുമയുള്ള വിധത്തില്‍, കാഴ്ചയില്‍ ഇതുവരെപരിചിതമല്ലാത്ത ഭൂമിക അവതരിപ്പിക്കുന്നത് സമകാലസാഹിത്യത്തില്‍ സാധാരണമായിക്കഴിഞ്ഞു. ആന്തരികസംഘര്‍ഷങ്ങള്‍ക്കൊപ്പം കഥാകൃത്തുക്കളുടെ ചുറ്റുപാടുകളില്‍നിന്ന് ഉള്‍ക്കൊള്ളുന്ന അനുഭവം വ്യത്യസ്തമായ ഭാവനാലോകം മെനഞ്ഞെടുക്കാന്‍ ഊര്‍ജ്ജമാവുകയാണ്. മാത്രമല്ല അങ്ങനെ സൃഷ്ടിക്കപ്പെട്ട ഒരു ഭൂപടം കഥയെഴുത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്ന ഘടകവും ആയേക്കാം. ഇത്തരത്തിലുള്ള അനുഭവചിത്രീകരണം തീര്‍ത്തും അപരിചിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അവിടെയാണ് വേറിട്ട ചില ഘടനകള്‍ പ്രാധാന്യത്തോടെ കടന്നുവരുന്നത്. ആഖ്യാനസ്ഥലത്തെ (Narrative Space) ഓര്‍മ, ഭാവന, ദൃശ്യപരത എന്നീ സംവര്‍ഗങ്ങളുമായി കൂട്ടിയിണക്കിയുള്ള കഥപറച്ചിലാണ് ഇതിന്റെ ഒരുദാഹരണം. ഇതിന്റെയൊപ്പം നവസാങ്കേതിക ഉപാധികളും പ്രതീതിലോകങ്ങളും കൂടെ അണിനിരക്കുന്നതോടെ അപരിചത്വത്തിന്റെ സങ്കല്‍പ്പനങ്ങള്‍ക്ക് ഭ്രമാത്മകമായ മാനങ്ങള്‍ കൈവരികയാണ്. വന്യതയുടെ ഭൂഖണ്ഡങ്ങളെയും ഫാന്റസിയുടെ ദൃശ്യങ്ങളെയും സന്നിവേശിപ്പിക്കാന്‍ വേണ്ടി ആഖ്യാനം പുതുതായി സൃഷ്ടിക്കുന്ന ഇടങ്ങളെ പ്രയോജനപ്പെടുത്തുകയാണ് വിവേകചന്ദ്രന്റെ ‘വന്യം’, സുദീപ് ടി.ജോര്‍ജിന്റെ ‘ ടൈഗര്‍ ഓപ്പറ’ എന്നീ കഥാസമാഹാരങ്ങള്‍. സ്വയംഭൂവാകുന്ന വ്യത്യസ്തമായ ഇടങ്ങള്‍ വേറിട്ട തലത്തിലുള്ള അനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. ഭാവനയുടെ അര്‍ഥപൂര്‍ണമായ തലങ്ങളില്‍ കൂടെ സഞ്ചരിച്ച് കൊണ്ട് അത്തരം ഇടങ്ങളുടെ വ്യവഹാരങ്ങള്‍ക്ക് പലതരം തുലനങ്ങള്‍ രചിക്കുകയാണ് ഇന്നത്തെ കഥാകൃത്തുക്കള്‍. ആ സാഹചര്യങ്ങളില്‍ പ്രതീതിലോകമെന്നത് യഥാര്‍ത്ഥലോകത്തിന്റെ തൊട്ടടുത്താണ് എന്ന് പറയേണ്ടി വരും. വിവേക് ചന്ദ്രന്റെ ‘വന്യം’, ‘സമരന്‍ ഗണപതി’ എന്നീ കഥകളും, സുദീപ് ടി ജോര്‍ജിന്റെ ‘ആനിമല്‍ പ്ലാനറ്റ്’, ‘ബ്ലൂപ്രിന്റ്’ തുടങ്ങിയ കഥകളുംപകര്‍ന്നു തരുന്ന അനുഭവപ്രതലം ഇങ്ങനെയുള്ളതാണ്. ഇപ്പറഞ്ഞ പുസ്തകങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കഥാസമാഹാരം കൂടെയുണ്ട്. മനുഷ്യരുടെ അത്യന്തം കുഴക്കുന്ന ജീവിതരംഗങ്ങളെ സര്‍റിയലിസ്റ്റിക് സങ്കല്‍പ്പത്തില്‍ കാണുന്ന തോമസ് ജോസഫിന്റെ ‘തെരഞ്ഞെടുത്ത കഥകള്‍’ ഫാന്റസിയുടെ തീരത്തേക്ക് തന്നെയാണ് വായനയെ തുഴയുന്നത്.

പ്രാദേശികമായ വകഭേദങ്ങളെ അത്യന്തം തീവ്രവും പ്രശ്‌നഭരിതവുമായ ഇടങ്ങളിലേക്ക് അടുപ്പിച്ചു വെയ്ക്കുന്ന കഥകളാണ് കെ.എന്‍. പ്രശാന്തിന്റെ ‘ആരാനി’ലുള്ളത്. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിഗ്രാമങ്ങളില്‍ കാണപ്പെടുന്ന സങ്കരസംസ്‌കാരത്തിന്റെ ശീലുകള്‍ ഈ സമാഹാരത്തിലെ കഥകളുടെപ്രത്യേകതയാണ് . ഉദിനൂരും ഗാളിമുഖയും ചുടലയും മംഗലാപുരവും പരിസരങ്ങളാവുന്ന ‘ആരാനി’ലെ കഥകളിലെ സങ്കരത്വഭാവം ആഖ്യാനത്തിനു ചടുലതയും പരിസരങ്ങള്‍ക്ക് നിഗൂഢത്വവും സൃഷ്ടിക്കുന്നു. സങ്കീര്‍ണാവസ്ഥകളെ പ്രതിനിധീകരിക്കാന്‍ സുതാര്യമായ ബിംബങ്ങളും അലങ്കാരങ്ങളണിയാത്ത വാക്കുകളും പരസ്പരം മത്സരിക്കുന്ന കഥാഗാത്രമാണ് ‘ആരാനിലെ’ മിക്ക കഥകള്‍ക്കുമുള്ളത്. ‘കാറ്റിന്റെ മുഖം’ എന്നര്‍ത്ഥമുള്ള കേരളത്തിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തിപ്രദേശമായ ഗാളിമുഖയില്‍ നടക്കുന്ന ഒരു സംഭവമാണ് ഗാളിമുഖ എന്ന കഥ. സുള്ള്യ വഴി മൈസൂരിലേക്കും കുടകിലേക്കും പോകുന്ന വഴിയിലെ ഗ്രാമമായ ഗാളിമുഖയില്‍ ഒരജ്ഞാത ജഡം കാണുന്നതാണ് കഥയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുന്നത്. മഴനിറഞ്ഞു പെയ്ത ഒരു ദിവസം കാണപ്പെട്ട ഈ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ഇടപെടലുകളാണ് ‘ഗാളിമുഖ’യെപ്രശ്‌നഭരിതമാക്കുന്നത്.

പി എസ് റഫീഖിന്റെ ‘കടുവ’ എന്ന കഥാസമാഹാരത്തിലെ മിക്ക കഥകളും ഗ്രാമ്യമായ അന്തരീക്ഷത്തിന്റെ ഭാവപ്പൊലിമയെ രേഖപ്പെടുത്താനുള്ള ശ്രമമാണ്. അപരിചിതമല്ലാത്ത ചുറ്റുപാടുകളിലെ അസാധാരണമായ സന്ദര്‍ഭങ്ങളെയോ ജീവിതസാഹചര്യങ്ങളെയോ മുന്‍ നിര്‍ത്തി ആഖ്യാനത്തില്‍ മാന്ത്രികമായ പരിവേഷം സൃഷ്ടിക്കാന്‍ ‘വിശുദ്ധപിശാച്’, ‘ഇല്ലാത്ത ഇല്ലാവുണ്ണി’, ‘പേരില്ലാത്ത പ്രേമകഥ’ എന്നീ കഥകള്‍ക്കാവുന്നുണ്ട്.കഥയെഴുത്തിനെ കുറിച്ച് വ്യക്തമായ ബോധ്യവും വീക്ഷണവും ഉള്ള കഥാകൃത്താണ് പി എസ് റഫീഖ് എന്ന് ‘കടുവ’യില്‍ അനുബന്ധമായി വരുന്ന ‘വെളിച്ചനദിക്കരയിലെ പായനെയ്ത്തുകാരന്‍’ എന്ന ലേഖനത്തിലൂടെ തീര്‍ച്ചയാവുന്നു. ഒരു കടപ്പുറത്തെ ജനങ്ങളുടെ ജീവിതത്തില്‍ പള്ളി നടത്തുന്ന ഇടപെടലുകള്‍ വിവരിക്കുന്ന ‘വിശുദ്ധപിശാച്’ എന്ന കഥയിലെ അടരുകള്‍ സങ്കീര്‍ണമാണ് ‘വിശുദ്ധപിശാചി’ല്‍ കഥാകൃത്ത് ശ്രദ്ധാപൂര്‍വം കെട്ടിയുയര്‍ത്തുന്ന മാന്ത്രികബിംബ ങ്ങളിലേക്ക് മതത്തിന്റെ കെട്ടുപാടുകള്‍ കൂട്ടിക്കെട്ടുകയാണ്. ‘ദൈവിക’ ശക്തിയുള്ള ദൊരയച്ചന്റെ സാന്നിധ്യം ഉപ്പുതുറയില്‍ ധാരാളം സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നു. ആയിടയ്ക്കായിരുന്നു മീന്‍ പിടിക്കാന്‍ കടലില്‍പോയവര്‍ക്ക് ഒരു വലിയ കുരിശ് ലഭിച്ചത്. ഒട്ടും വൈകാതെ കടപ്പുറത്തെ നനവുള്ള മണ്ണില്‍ തറച്ച കുരിശിലൂടെ അവര്‍ പുതിയ വിശ്വാസവും ആചാരവും കണ്ടെത്തി. ഈ സംഭവത്തിന് ശേഷം വളരെക്കാലം കഴിഞ്ഞുതുറയിലെ ചില സാഹചര്യങ്ങളെ രസകരവും ഭ്രമകല്പന നിറഞ്ഞ വിധത്തിലും പറയുകയാണ് കഥയില്‍. സഭ ദൊരയച്ചനെ വിശുദ്ധനായ കൂനനച്ചനായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ മരണക്കല്ലറ പള്ളിയില്‍ പ്രത്യേകം കല്ലറ പണിതുമാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പഴയ കല്ലറയെ സംബന്ധിച്ച ചില തര്‍ക്കങ്ങളാണ് കഥയെ ചടുലമാക്കുന്നത്, പഴയ കല്ലറ ലേലം ചെയ്യാന്‍ തീരുമാനിക്കുകയും പിശാചിനെപ്പോലെ തുറയില്‍ എന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന പണക്കാര നായ അച്ചമ്പിയ്ക്ക് അതുലഭിക്കുകയും ചെയ്യുന്നു. അങ്ങനെ അയാള്‍ ‘വിശുദ്ധപിശാച്’ ആയി മാറി. കുത്തഴിഞ്ഞ പഴയ ജീവിതത്തെ പുതുക്കിയെഴുതേണ്ടി വരുന്ന അയാള്‍ അതിനു ഏറെ പ്രയാസപ്പെടുന്നു. അധികാരം, പണം, സ്ത്രീ തുടങ്ങിയ ആസക്തികളേക്കാളും ‘വിശുദ്ധ’പട്ടം മനുഷ്യരെ തൃഷ്ണയുടെ തുറസുകളിലെത്തിക്കുന്നു. ഈ വിചാരത്തിന്റെ വിശകലനമാണ് അച്ചമ്പിയിലൂടെ കഥാകാരന്‍ സ്പഷ്ടമാക്കുന്നത്. ഈ പുസ്തകത്തിലെ ‘ഗുജറാത്ത്’ എന്ന കഥ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇന്നത്തെ അവസ്ഥയെ കുറിക്കുന്നു. ചരിത്രത്തെ സ്വാര്‍ഥേച്ഛയ്ക്കായി അധികാരവര്‍ഗം മാറ്റിയെഴുതുന്ന ഈ വേളയില്‍, ഗാന്ധി പുനര്‍ജനിച്ചാലുള്ള സ്ഥിതിയാണ് ഭാവനാപൂര്‍വം കഥാകൃത്ത് പറഞ്ഞുവെയ്ക്കുന്നത്.

‘ബൈസൈക്കിള്‍ റിയലിസം’ എന്ന പേരില്‍ ഒളിച്ചിരിക്കുന്നത് എന്തെന്ന കൗതുകം നിലനിര്‍ത്തിക്കൊണ്ട് ജീവിതത്തിന്റെ പരുക്കന്‍ കാഴ്ചകളിലേക്ക് നര്‍മ്മരസം കലര്‍ന്ന ആഖ്യാനശൈലിയിലൂടെ കൊണ്ടുപോകുകയാണ് ബി മുരളി. വേലായുധാശാന്റെ സൈക്കിളിനോടുള്ള ഭ്രമവും അയാളുടെ നിഗൂഢജീവിതം അന്വേ ഷിക്കുന്ന ആഖ്യാതാവും സംഘവും യഥാര്‍ത്ഥത്തില്‍ ആശാന്‍ ആരായിരുന്നുവെന്ന ‘കണ്ടുപിടിത്തവും’ എല്ലാം രസകരമായി പറഞ്ഞുപോകുന്ന കഥകളാണ് ‘ബൈസൈക്കിള്‍ റിയലിസ’വും ‘വേലായുധാശാന്‍ ഒരു തിരുത്തും’. ‘കത്തി’ എന്ന കഥയിലാകട്ടെ കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കൈവശമുള്ള കത്തിയുടെ തിളക്കത്തില്‍ പരിഭ്രാന്തനാവുന്ന ഗോപാലകൃഷ്ണന്‍ ആണ് മുഖ്യകഥാപാത്രം. കഥകളിലൂടെയും പുരാവൃത്തങ്ങളിലൂടെയും ആണ് മനുഷ്യവംശം അതിന്റെ തനിമയും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നത്. ദേശ/സംസ്‌കാര ഭേദമെന്യേ അത്തരം കഥകളില്‍ മാന്ത്രികതയുടെയും ഭ്രമാത്മകതയുടെയും അംശങ്ങളും ഉണ്ടാകാറുണ്ട്. കഥപറച്ചിലിന്റെ നൈസര്‍ഗികതയ്ക്ക് അപ്പുറം കഥയ്‌ക്കൊരു ദൗത്യമുണ്ട് എന്നത് പ്രസക്തമാണ് ഓരോ കഥയും ഉയര്‍ത്തുന്ന നിലപാടുകളുടെ ബലം കഥയെ ശക്തമായ പ്രതിരോധമാര്‍ഗമാക്കുകയാണ്. അതിജീവനത്തിന് സാധിക്കുമോ എന്നുറപ്പില്ലാതെ ചെറുത്തുനില്‍പ്പുകളുടെ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുന്ന കഥാപാത്രങ്ങള്‍ ചുറ്റും കാണുന്ന മനുഷ്യരുമായി താദാത്മ്യം പ്രാപിക്കുന്നതോടെ കഥകളുടെ രാഷ്ട്രീയം ശരിയായ പാതയില്‍ സഞ്ചരിക്കുന്നു.

 

Comments are closed.