DCBOOKS
Malayalam News Literature Website

‘മലപ്പുറത്തിന്റെ മരുമകള്‍’;പൂര്‍വ്വ ആഖ്യാനമാതൃകകളെ അട്ടിമറിച്ച നോവല്‍ശില്പം

ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ എന്ന നോവലിനെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാല മലയാള പഠന വകുപ്പ് മേധാവി ഡോ.ഉമ്മര്‍ തറമേല്‍ എഴുതുന്നു.

അദ്ഭുതപ്പെടുത്തുന്ന രചനകളാണ് ഷെമിയുടേത്. നടവഴിയിലെ നേരുകള്‍ക്കു ശേഷം എഴുതിയ മലപ്പുറത്തിന്റെ മരുമകള്‍ ആത്മകഥയാണോ നോവലാണോ എന്നു പേരില്‍നിന്നു തെറ്റിദ്ധരിക്കാം. കാരണം, ഷെമിയുടെ അദ്ഭുതകരമായ ജീവിതകഥ അല്പസ്വല്പമറിയുന്ന വായനക്കാര്‍ അങ്ങനെ ആലോചിച്ചേക്കാം. അത്തരം സാമ്പ്രദായിക ആലോചനകളെയെല്ലാം അട്ടിമറിച്ചു എഴുത്തിനുതന്നെ ഇതുവരെ മലയാളത്തില്‍ ഒരു സ്ത്രീ എഴുത്തുകാരിയും ഉണ്ടാക്കാത്ത ആഖ്യാനശില്പം ഉണ്ടാക്കുകയാണ് ഷെമി.

കഥയും ഇതിവൃത്തവും നോവലിന്റെ മുഖ്യലക്ഷണങ്ങളില്‍ ഒന്നാണ്. ഈ വ്യവസ്ഥചിട്ടവട്ടങ്ങളില്‍ നിന്ന് മലയാള നോവല്‍ പലമട്ടില്‍ വ്യതിചലിക്കുന്നത് അടുത്ത കാലത്താണ്. നേര്‍രേഖാപ്രകാരമുള്ള ആഖ്യാനങ്ങള്‍ നാം വേണ്ടുവോളം കുടിച്ചു തീര്‍ത്തു. എന്നാല്‍, ഇത്തരം വ്യവസ്ഥാപിതമായ ആഖ്യാനപ്രകാരങ്ങള്‍ക്കകത്തു തന്നെ നമ്മുടെ നോവല്‍കല നമ്മെ പലപ്പോഴും ഞെട്ടിച്ചു കളഞ്ഞു. ഞാന്‍ പറയുന്നത് ഉറൂബിന്റെ ഉമ്മാച്ചുവും, രാച്ചിയമ്മയും ഒക്കെയാണ്.

അത്തരം ആഖ്യാനവും കഥാപാത്രപ്രകാശനവും നല്‍കിയ ഉള്‍വെളിച്ചം മലയാള കഥാഖ്യാനത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയി. എത്രയാണെങ്കിലും, ഈ കഥകള്‍ക്കുമുണ്ട് ഒരു ആദിമധ്യാന്തം. ഇവിടെ നിന്ന് വിചിത്രമായൊരു ചാട്ടം ചാടുകയാണ് ഷെമിയുടെ റജില. ബിച്ചുമ്മു ഇതുവരെ മലയാള നോവല്‍ കണ്ടിട്ടില്ലാത്ത സ്ത്രീ ഊര്‍ജത്തിന്റെ ഉറവിടമാണ്.

മലയാളത്തിലെ, സ്ത്രീനോവല്‍ ആഖ്യാനങ്ങള്‍ ബഹുലമായ മട്ടില്‍ മുന്നേറിയിട്ടുണ്ട്. ആരാച്ചാരും ബുധിനിയും കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥയും ആസിഡും ഒക്കെ ആ മട്ടിലുള്ളതാണ്. ഇപ്പോഴിതാ, മലപ്പുറത്തിന്റെ മരുമകള്‍ !! ഈ പുസ്തകം, ലോക്കല്‍ ആയ എല്ലാ ആഖ്യാനമാതൃകകളും തിരസ്‌കരിക്കുന്നു. റെജിലയുടെ ജീവിതം ഒരിക്കലും കഥാകൃത്തിന്റെ ജീവിതമേയല്ല.

ഈ പുസ്തകത്തിന്റെ മറ്റൊരു മേന്മ, ഒരു ഫെമിനിസ്റ്റ് എഴുത്തുകാരിയും പറയാത്ത മട്ടില്‍ ഭാഷയെ ഉപയോഗിച്ചു എന്നാണ്. കടുത്ത ഫലിതങ്ങള്‍ കൊണ്ട് പുരുഷ മേല്‍ക്കോയ്മയുടെ ഇരുണ്ട ഭൂഖണ്ഡങ്ങളെ ഉഴുതു മറിക്കുന്നു ഈ നോവല്‍. തലോടിപ്പോവുന്ന ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങള്‍ക്ക് ഇവിടെ സ്ഥാനമേയില്ല. ഒരു സ്ത്രീക്ക് എങ്ങനെയാണ് സ്വന്തം ഭാഷകൊണ്ട് ഇങ്ങനെ അട്ടിമറി നടത്താനാവുന്നത്?

എല്ലാ പൂര്‍വ മാതൃകകളും എഴുത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. കഥയല്ല, അവസ്ഥകളാണ് ആഖ്യാനത്തിനു നിദാനം. അതുകൊണ്ടുതന്നെ റജിലയും ചുറ്റുമുള്ള ജീവിതാവസ്ഥയും ഒരു സത്യവും കളവുമല്ല. ഷെമി എന്ന എഴുത്തുകാരി ജയിച്ചു കയറുന്നത് ഇവിടെയാണ്. ഭാഷ, ഒരിക്കലും ആശയത്തിന്റെ പ്രതീകമല്ല. മറിച്ച്, ഭാഷയിലൂടെ വേറൊരു യാഥാര്‍ഥ്യം ഉണ്ടാക്കുകയാണ്.

 

Comments are closed.