DCBOOKS
Malayalam News Literature Website
Rush Hour 2

‘മഗ്നമാട്ടി’; ജ്ഞാനപീഠ പുരസ്‌കാരജേതാവ് പ്രതിഭാ റായിയുടെ ഏറ്റവും പുതിയ പുസ്തകം

ജ്ഞാനപീഠ പുരസ്‌കാരജേതാവ് പ്രതാഭാ റായിയുടെ ഏറ്റവും പുതിയ പുസ്തകം ‘മഗ്നമാട്ടി‘ പുറത്തിറങ്ങി. ഡി സി ബുക്‌സാണ് പ്രസാധകര്‍. ബെസ്റ്റ് സെല്ലര്‍ നോവലുകളായ ദ്രൗപതി, പുണ്യതോയ എന്നീ കൃതികള്‍ക്കുശേഷം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന നോവല്‍ എന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്.

1999’ല്‍ ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെ അടിസ്ഥാനമാക്കി രചിച്ച നോവലാണ് മഗ്‌നമാട്ടി. തീരപ്രദേശത്തെ ഗ്രാമങ്ങളെ തകര്‍ത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ
Textതാണ്ഡവമൊടുങ്ങിയപ്പോള്‍ ദൃശ്യമായത് ഭയാനകമായ സ്ഥിതിവിശേഷമാണ്. ജഗത് സിങ്പൂരിലെ എര്‍സാമയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഒരു ഭൂപ്രദേശത്തിന്റെ കഥയിലൂടെ പ്രകൃതിയും അതിലെ ജീവജാലങ്ങളും തമ്മിലുളള അഭേദ്യ ബന്ധത്തിന്റെ അടരുകളും അനാവരണം ചെയ്യുന്നു.

അമ്മയായ ഭൂമിയും അവളുടെ മക്കളായുള്ള പ്രകൃതിയിലെ ചരാചരങ്ങളെയും കുറിച്ചുള്ള നോവലെന്നും ഇതിനെ വിശേഷിപ്പിക്കാം. മനുഷ്യവംശം, മരങ്ങള്‍, നദികള്‍, പര്‍വതങ്ങള്‍, കടലുകള്‍ എല്ലാം ഭൂമിയുടെ മക്കളാണ്. ഈ അമ്മയാണ് മനുഷ്യനെ നിലനിര്‍ത്തുന്നത്, അവന്റെ വിധി നിര്‍ണ്ണയിക്കുന്നത്. അതോടൊപ്പംതന്നെ അവന്റെ എല്ലാ വികൃതികളും അക്രമങ്ങളും അവള്‍ സഹിക്കുകയും ചെയ്യുന്നു.എന്നാല്‍ അതിന്റെ അതിര് ലംഘിക്കുന്‌പോള്‍ അവള്‍ കോപത്താല്‍ അവനെ ശിക്ഷിക്കുന്നു. അതു പോലെ തന്നെ ഈ നോവലിലെ ചുഴലിക്കാറ്റ് പ്രകൃതിയുടെ ക്രോധത്തിന്റെ പ്രതീകമാണ്. ഒഡീഷയുടെ ഭൂപ്രകൃതി, ഭൂമിശാസ്ത്രം, ഭാഷ, ജാതി, ആചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങി സമസ്ഥമേഖലകളെയും എഴുത്തുകാരി മഗ്‌നമാട്ടിയില്‍ പ്രതിപാദിച്ചിരിക്കുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നതോടൊപ്പം ഗ്രാമങ്ങളിലൂടെയും താഴ്വരകളിലൂടെയും നദികളിലൂടെയും കടലുകളിലൂടെയും പുരോഗമിക്കുന്ന ഒരു ജനസഞ്ചയം ഈ കൃതിയെ മുന്നോട്ടു നയിക്കുന്നു.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി കറന്റ് പുസ്തകശാലകളിലൂടെയും പുസ്തകം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

പ്രതിഭാ റായ്

1943 ജനുവരി 21ന് ഒറീസയിലെ കട്ടക് ജില്ലയില്‍ ജനിച്ചു. മെഡിക്കല്‍ ബിരുദപഠനം ഉപേക്ഷിച്ച് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി.വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ബിരുദാനന്തരബിരുദവും വിദ്യാഭ്യാസമനഃശാസ്ത്രത്തില്‍ പിഎച്ച്.ഡി.യും. ഒറീസയിലെ വിവിധ കോളജുകളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചശേഷം സര്‍വീസില്‍നിന്ന് വോളന്ററി റിട്ടയര്‍മെന്റ് വാങ്ങി ഒറീസ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ മെമ്പറായി. നവീനസാഹിത്യകാരന്മാര്‍ക്കുള്ള കേന്ദ്ര വിദ്യാഭ്യാസ സാമൂഹ്യക്ഷേമവകുപ്പിന്റെ അവാര്‍ഡ് (1977), ഭാരതീയ ജ്ഞാനപീഠത്തിന്റെ മൂര്‍ത്തിദേവി അവാര്‍ഡ് (1991), ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം (2011) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.