DCBOOKS
Malayalam News Literature Website

ചരിത്രകുതുകികള്‍ വായിച്ചിരിക്കേണ്ട പുസ്തകം!

വിനിൽ പോളിൻ്റെ അടിമകേരളത്തിൻ്റെ അദൃശ്യ ചരിത്രം എന്ന പുസ്തകത്തിന് സുജി മീതല്‍ എഴുതിയ വായനാനുഭവം 

അമേരിക്കയില്‍ Mars, Nestle, Hershey പോലുള്ള വമ്പന്‍ ചോക്ലേറ്റ് കമ്പനികള്‍ തങ്ങളുടെ തോട്ടങ്ങളില്‍ കുട്ടികളെ അടിമകളാക്കി (child slavery) ജോലിചെയ്യിപ്പിക്കുന്നതിനെതിരെ ഇന്ന് കേസ് നേരിട്ട് കൊണ്ടിരിക്കെ, കേരളത്തിലെ ആദിവാസി ഊരുകളില്‍ നിന്ന് തുച്ഛമായ വേതനത്തിന് കുട്ടികളെ അവരുടെ സ്‌കൂള്‍ പഠിത്തം പോലും മുടക്കി പല തോട്ടങ്ങളിലേക്കും ജോലിക്കായി കൊണ്ടുപോകുന്നതായി ഒരു വീഡിയോ കണ്ടത് ഈയിടെയാണ്. അങ്ങിനെയിരിക്കെയാണ്, അതിലൊക്കെ ഭീകരമായി അടിമ വ്യവസ്ഥ നിലനിന്നിരുന്ന സംസ്‌കാരത്തിനകത്താണ് ജീവിച്ചിരിക്കുന്നതെന്ന ഞെട്ടലോടെ ‘അടിമ കേരളത്തിന്റെ അദൃശ്യചരിത്രം’ വായിക്കുന്നത്.

ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യക്കടത്തും ആധുനിക അടിമത്വവും നമ്മെ ആകുലതപ്പെടുത്തുമ്പോള്‍ തന്നെ, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ കൊച്ചു കേരളവും അടിമക്കച്ചവടത്തിന്റെ പ്രധാന ഒരിടമായിരുന്നെന്ന് വിനില്‍ പോള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. Textവെറും വില്‍പ്പന ചരക്ക് പോലെ ചങ്ങലകളില്‍ ബന്ധിച്ച് മനുഷ്യരെ, കൂടുതലായും കീഴാളരെ, കച്ചവടം ചെയ്ത ഒരു ചരിത്രം നമ്മെ വേട്ടയാടുന്നുണ്ട്. പ്രാദേശികമായി മാത്രമല്ല ഈ കച്ചവടം നടന്നിരുന്നത്.

അന്തര്‍ദ്ദേശീയമായും മനുഷ്യക്കടത്ത് നടന്നിരുന്നതായും, കൂടുതലായും കച്ചവടം നടന്നിരുന്നത് ആഫ്രിക്കയിലോട്ടാണെന്നും കാണുന്നു. ആഫ്രിക്കന്‍ ജനതയെ അടിമകളാക്കി ലോകം മുഴുവന്‍ കടത്തുന്ന ഒരു ചിത്രമായിരിക്കും പൊതുവേ അടിമവ്യവസ്ഥ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലൊക്കെ തെളിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ മറിച്ച്, നമ്മളെ പോലെയുള്ള കേരളീയര്‍ ഇതുപോലെ വില്‍പ്പന ചരക്കായി ചങ്ങലക്കുള്ളില്‍ ശ്വാസംമുട്ടി പിടഞ്ഞിരുന്നെന്ന് ഞെട്ടലോടെ നമ്മള്‍ ഓര്‍ക്കും. കൊച്ചിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ആറുദിവസവും അടിമകളെ കെട്ടിയിടുന്ന ഗോഡൗണായും ഏഴാം ദിവസം ആരാധനയ്ക്കുമായിട്ടാണ് ഉപയോഗിച്ചിരുന്നത് എന്നാണ് പറയുന്നത്, പള്ളികളില്‍ പരസ്യമായി അടിമലേലം നടന്നിരുന്നതായും. കൂടുതലും ക്രിസ്ത്യാനികളാണ് അടിമ കച്ചവടത്തില്‍ വ്യാപൃതരായിരുന്നതെങ്കിലും ഹിന്ദു, മുസ്ലീം എന്നീ സംഘടിത മതങ്ങളും ഈ അടിമ കച്ചവടത്തില്‍ അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.

‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം’ എന്ന ഈ പുസ്തകത്തില്‍ പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ഈ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്ന പോലെ നമ്മുടെ കേരളചരിത്ര പഠനങ്ങളില്‍ നിന്ന് അദൃശ്യമായി കിടക്കുന്ന കേരളത്തിന്റെ അടിമ ചരിത്രം തന്നെയാണ്. വളരെ ദയനീയമായ അവസ്ഥയില്‍ കീഴാളര്‍ക്കിടയില്‍ ദളിതര്‍ക്കിടയില്‍ ജാതിവ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടു തന്നെ അതിഭീകരമായി സാമ്പത്തിക സാമൂഹിക ജീവിതത്തെ പിടിച്ചുലക്കുന്ന രീതിയില്‍ അടിമ വ്യവസ്ഥിതി നിലനിന്നിരുന്നതായി രേഖപ്പെടുത്തുന്നു. തങ്ങളുടെ കീഴിലുള്ള അടിയാളരെ ഉടമസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പലതരത്തിലും പീഡിപ്പിച്ചിരുന്നതായും ചെറിയ ചെറിയ തെറ്റുകള്‍ക്ക് വധശിക്ഷവരെ നല്‍കിയിരുന്നതായും രേഖപ്പെടുത്തുന്നു. ഭൂമി വില്‍ക്കുമ്പോള്‍ അവക്കൊപ്പം കീഴിലുള്ള അടിയാളരേയും കച്ചവടം ചെയ്തിരുന്നതായും സൂചിപ്പിക്കുന്നു.

‘ഈ പുസ്തകത്തിന്റെ രണ്ടാംഭാഗമാവട്ടെ ജാതി കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക ക്രമങ്ങളെ കീഴ്‌മേല്‍ മറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെത്തിയ മിഷനറി പ്രസ്ഥാനങ്ങളെ കുറിച്ചുള്ളവയാണ്. ഈ വിദേശ മിഷനറിമാരുടെ പുരാശേഖരങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ദളിത് ജീവിതങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് മിഷനറി പ്രസ്ഥാനം എന്ന ഭാഗത്തെ ലേഖനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ‘കൊളോണിയല്‍/ മിഷനറി ആധുനികത എന്ന് വിളിക്കപ്പെടുന്ന വ്യവഹാരമണ്ഡലത്തിന് പുറത്ത് ജീവിക്കേണ്ടി വന്നവരും നിരന്തരമായ കലഹത്തിലൂടെ ഇതിനുള്ളിലേക്ക് എത്തപ്പെട്ടവരുമാണ് കേരളത്തിലെ ദളിതര്‍. ഈ വ്യവഹാരമണ്ഡലത്തിലേക്ക് ബോധപൂര്‍വ്വം എത്തപ്പെട്ട ദളിതര്‍ക്ക് മിഷനറി വിഭവങ്ങളില്‍ പങ്കാളിത്തം ലഭിച്ചിരുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനു തുടര്‍ച്ചയെന്നവണ്ണം ക്രൈസ്തവ മതത്തില്‍ എത്തപ്പെട്ട ദളിതരുടെ രണ്ടാംകിട പൗരത്വ അവസ്ഥ ഇപ്പോഴും തുടരുന്ന ഒരു സാമൂഹ്യ അവസ്ഥയാണ്. ചരിത്രപരമായ അനീതിയുടെ പാശ്ചാത്തലത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളാണ് ഇതില്‍ പറഞ്ഞിരിക്കുന്നവയെല്ലാം.’

എന്തുകൊണ്ടും ചരിത്രകുതുകികള്‍ വായിച്ചിരിക്കേണ്ട പുസ്തകം എന്നു തന്നെ ഇവിടെ അടയാളപ്പെടുത്തുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.