DCBOOKS
Malayalam News Literature Website

പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89)അന്തരിച്ചു. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ ആയിരുന്നു കഥകളി.

1929 ല്‍ തിരുവനന്തപുരം ജില്ലയിലെ മടവൂരിലായിരുന്നു ജനനം. കത്തി വേഷങ്ങളില്‍ ആട്ട വേദികളെ പ്രകമ്പനം കൊള്ളിച്ച ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെ ശിഷ്യനാണ് മടവൂര്‍. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ആണ് കഥകളി പഠിച്ചത്. കഥകളി അധ്യാപകന്‍ കൂടിയായിരുന്ന മടവൂര്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.

കലാമണ്ഡലം അവാര്‍ഡ്, തുളസീവനം അവാര്‍ഡ്, രംഗ കുലപതി, കലാദര്‍പ്പണ അവാര്‍ഡുകളും നേടിയ മടവൂര്‍ വാസുദേവന്‍ നായരെ 2011ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. പത്താംവയസ്സില്‍ കച്ച കെട്ടിത്തുടങ്ങിയ ഈ കലാകാരന്‍ ഈ കാലയളവിനുള്ളിലും ആട്ട അരങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു.

1968ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി. 1977 വരെ തെക്കന്‍ സമ്പ്രദായത്തിന്റെ പ്രധാന അധ്യാപകനായി. പിന്നീടു ഗുരു ചെങ്ങന്നൂര്‍ ആശാനും എം.കെ.കെ.നായരും പകല്‍ക്കുറി കലാഭാരതി അക്കാദമി ആരംഭിച്ചപ്പോള്‍ കലാമണ്ഡലത്തില്‍ നിന്നു രാജിവച്ച് അവിടെ പ്രിന്‍സിപ്പലായി. കര്‍ണാടകസംഗീതത്തിലും മികവുകാട്ടിയ അദ്ദേഹം ഓള്‍ ഇന്ത്യാ റേഡിയോയില്‍ കഥകളിപ്പദങ്ങള്‍ പാടിയിട്ടുണ്ട്.

Comments are closed.