DCBOOKS
Malayalam News Literature Website

ഓറിയന്റ് എക്‌സ്പ്രസിലെ കൊലപാതകം

ഡിറ്റക്ടീവ് ഹെര്‍ക്യുള്‍ പറോയുടെയും ഓറിയന്റ് എക്‌സ്പ്രസിലെ അജ്ഞാതനായ കൊലയാളിയുടെയും കഥ പറഞ്ഞ അഗതാ ക്രിസ്റ്റിയുടെ വിഖ്യാത നോവലാണ് ‘മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്‌സ്പ്രസ്’ ( ഓറിയന്റ് എക്‌സ്പ്രസിലെ കൊലപാതകം) . ഓറിയന്റ് എക്‌സ്പ്രസില്‍ ലണ്ടനിലേയ്ക്കുള്ള മടക്കയാത്രയിലാണ് ജര്‍മന്‍ കുറ്റാന്വേഷകനായ ഹെര്‍ക്യൂള്‍ പറോ. യാത്ര രണ്ടാമത്തെ രാത്രി പിന്നിടുമ്പോള്‍ ട്രെയിനില്‍ അസാധാരണമായ ചില സംഭവങ്ങള്‍ അരങ്ങേറി. നേരം പുലര്‍ന്നത് പറോയുടെ തൊട്ടടുത്ത കംപാര്‍ട്ട്‌മെന്റില്‍ അമേരിക്കന്‍ വ്യവസായപ്രമുഖനായ മി. റാഷെറ്റ് മരിച്ചുകിടക്കുന്നു എന്ന വാര്‍ത്തയുമായാണ്. ആരായിരിക്കും ആ കൊലയാളി? ഹെര്‍ക്യൂള്‍ പറോയുടെ ത്രസിപ്പിക്കുന്ന അന്വേഷണ വഴികളിലൂടെയാണ് ഓറിയന്റല്‍  എക്‌സ്പ്രസ് തുടര്‍ന്ന് യാത്ര ചെയ്യുന്നത്.

പ്രശസ്ത അമേരിക്കന്‍ വൈമാനികനും സൈനികോദ്യോഗസ്ഥനുമായിരുന്ന ചാള്‍സ് ലിന്‍ഡ്‌ബെര്‍ഗിന്റെ മകന്റെ തിരോധാനവും കൊലപാതകവും ആസ്പദമാക്കിയാണ് അഗതാ ക്രിസ്റ്റി ‘മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്‌സ്പ്രസ്’ എന്ന നോവല്‍ രചിക്കുന്നത്. ഓറിയന്റ് എക്‌സ്പ്രസ്‌പോലുള്ള കഥാപശ്ചാത്തലങ്ങളും യഥാര്‍ഥമായിരുന്നു. 1974ല്‍ ഇതേപേരില്‍ സിഡ്‌നി ലുമെറ്റ് സംവിധാനംചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് കെന്നത്ത് ബ്രാണയും ഈ നോവലിന് ചലച്ചിത്രഭാഷ്യമൊരുക്കി. പലഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവലിന്റെ മലയാള പരിഭാഷയാണ് ഓറിയന്റ് എക്‌സ്പ്രസിലെ കൊലപാതകം.

ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് അഗതാ ക്രിസ്റ്റി. 1921 ലാണ് ആദ്യനോവല്‍ പുറത്തിറങ്ങിയത്.ഹെര്‍കൂള്‍ പൊയ്‌റോട്ട് എന്നാ പ്രശസ്ത ബെല്‍ജിയന്‍ കുറ്റാന്വേഷകനിലൂടെ വായനക്കാരില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അഗത 78 നോവലുകളാണ് രചിച്ചിട്ടുള്ളത്. ദി മൗസ്ട്രാപ് എന്ന നാടകം 1952 മുതല്‍ ഒരു ദിവസം പോലും മുടങ്ങാതെ, 60 വര്‍ഷത്തിലേറെയായി, ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. ദ മിസ്റ്റിരിയസ് അഫെയര്‍ അറ്റ് സ്റ്റല്‍സ് , ദി ഡത്ത് ഓഫ് നൈല്‍,ദി ബിഗ് ഫോര്‍ എന്നിവ പ്രധാന രചനകളില്‍ പെടുന്നു. എങ്കിലും അവരുടെ എല്ലാ കൃതികളും ഒരുപോലെ വായിക്കപ്പെടുന്നവയാണ്. ഇരുന്നൂറു കോടിയിലേറെ പുസ്തകങ്ങള്‍ വിറ്റഴിച്ച എഴുത്തുകാരിയെന്ന് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അഗതക്രിസ്റ്റിയെ കുറിച്ച് പറയുന്നു. പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ബൈബിളും രണ്ടാമത് ഷേക്‌സ്പിയര്‍ കൃതികളും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം അഗതാ ക്രിസ്റ്റിയുടെ കൃതികളാണ്. അറുപത്തിയാറ് ഡിറ്റക്ടീവ് നോവലുകള്‍, നൂറ്റിയമ്പത് കഥകള്‍, ഇരുപതോളം നാടകങ്ങള്‍ എന്നിവയിലൂടെ പല പ്രധാന കഥാപാത്രങ്ങളെ അഗത ക്രിസ്റ്റി സമ്മാനിച്ചു.

Comments are closed.