DCBOOKS
Malayalam News Literature Website

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്.പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതക ശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.

1972-79 കാലത്ത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ആയിരുന്നു. 1979-80 കാലത്ത് കേന്ദ്ര കാർഷിക മന്ത്രാലയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയും 1980-82 കാലത്ത് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമയും പ്രവർത്തിച്ചു. 1988ൽ  ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു.  2004-06 കാലത്ത് ദേശീയ കർഷക കമ്മീഷൻ അധ്യക്ഷൻ ആയി പ്രവർത്തിച്ചു.  2007-13 കാലത്ത് രാജ്യസഭാംഗമായിരുന്നു.  2010-13 കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായുള്ള ആഗോള സമിതിയിൽ ഉന്നതാധികാര വിദഗ്ധ സമിതി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.

1967ൽ പത്മശ്രീയും 1972ൽ പത്മഭൂഷനും 1989ൽ പത്മവിഭൂഷനും നൽകി കേന്ദ്ര സർക്കാർ ആദരിച്ചു. 1971ൽ സാമൂഹിക സേവനത്തിന് രമൺ മാഗ്സസെ അവാർഡ്, 1986ൽ ആൽബർട്ട് ഐൻസ്റ്റൈൻ അവാർഡ്, 1987ൽ ആദ്യ ലോക ഫുഡ് പ്രൈസ്, 2000ത്തിൽ സമാധാനത്തിന് ഇന്ദിര ഗാന്ധി അവാർഡ്, പരിസ്ഥിതി സംരക്ഷണത്തിന് യുഎൻഇപി അവാർഡ്, യുനെസ്കോയുടെ മഹാത്മാ ഗാന്ധി അവാർഡ് എന്നീ അം​ഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

 

Comments are closed.