DCBOOKS
Malayalam News Literature Website

കഥകൾക്കുള്ളിൽ കഥകൾ എത്ര ബാക്കി?

കെ എന്‍ പ്രശാന്തിന്റെ ‘പാതിരാലീല‘ എന്ന കഥാസമാഹരത്തിന് ശ്യാം സോർബ എഴുതിയ വായനാനുഭവം  

ഏഴ് കഥകൾ….. നാട്യങ്ങൾ ഇല്ലാത്ത കഥ പറച്ചിൽ…. നിരവധി മനുഷ്യർ…. ജീവിതങ്ങൾ….ആരാൻ, പൊനം എന്നിവയ്ക്ക് ശേഷം കെ എൻ പ്രശാന്ത് രചിച്ച  പാതിരാലീല എന്ന കഥാസമാഹാരം. ഭാഷയിലെ വൈവിദ്ധ്യം കെ എൻ പ്രശാന്തിന്റെ മറ്റു കൃതികളിൽ എന്ന പോലെ ഇവിടെയും ആദ്യമേ എടുത്തു പറയേണ്ട ഒന്നാണ്.

“ഇരുട്ടിൽനിന്നും ഞെട്ടിയുണരുംപോലെ വീടുകളിലോരോന്നായി വെളിച്ചം തെളിയവേ മഴയുടെ ആരാവാൻ വീണ്ടും മരങ്ങൾക്കു മുകളിലൂടെ അവരെ തൊട്ട് കടന്നുപോയി”- (പൂതപ്പാനി)

ഇങ്ങനെ കഥകൾക്ക് ഇടയിൽ കൂടെ ഒരു യാത്ര പോയാൽ ജീവിതങ്ങൾ തേടി Textകണ്ടെത്താവുന്ന വരികൾ കാണാം, വരികൾക്കിടയിലൂടെ വായിച്ചാൽ കഥയ്ക്ക് അപ്പുറം ജീവനുള്ള ചില അർത്ഥങ്ങളും. തീപ്പിടിച്ച വീടുകളിൽ നിന്നും വെപ്രാളം കൊണ്ട് ഓടി പോകേണ്ടി വന്ന ജീവനുകൾ ഉണ്ട്. പൂതപ്പാനി കൂടിന് തീ പിടിച്ചപ്പം കരിഞ്ഞു വീണ ചിറകുകൾക്ക് ശക്തി പകർന്നു ഉയർന്നു പൊങ്ങാൻ ശ്രമിച്ച ഈച്ചകൾ കാണില്ലേ കൂട്ടത്തിൽ? കടന്നൽകൂടൊരു ദേശമായി കാണാം,…. ആലോചിച്ചു നോക്കിയാൽ കിട്ടും ഒരു വലിയ ഉത്തരം… തീ പിടിപ്പിച്ച വീടുകളുടെ ഉത്തരം.

കഥകളിൽ ഒക്കെയും ഗ്രാമീണത കാണാം, ഒപ്പം വന്യതയും. ഗ്രാമങ്ങളിൽ നിഷ്കളങ്കത മാത്രമല്ല എന്നൊരു പറച്ചിലുണ്ട്. സകല വികാര വിചാരങ്ങളും അവിടേം ഉണ്ട്  എന്ന് പറയണം. എന്തുമാത്രം വ്യത്യസ്തമായ മനുഷ്യർ ആണ് ഈ കഥകളിലൂടെ നമ്മളിലേക്ക് എത്തുന്നത്. ആചാരവും സദാചാരവും നിഴലിക്കുന്ന ഗ്രാമങ്ങൾ, നിഷ്കളങ്കതക്ക് അപ്പുറം വന്യത നിഴലിക്കുന്ന ഇടവഴികൾ.

മലയാളികളുടെ ആണത്തത്തെ വിചാരണ ചെയ്യുന്ന പാതിരാലീല എന്ന കഥ പലയാവർത്തി വായിച്ചുപോകേണ്ടതും സ്വയം പുനർചിന്തനം നടത്തേണ്ടതും ആണ്.
പെരടിയിലെ കോഴിക്കെട്ട്, അവിടേം പറയാനുണ്ട് കഥയ്ക്ക് അപ്പുറത്തുള്ള ചില രാഷ്ട്രീയം. പകയും കാമവും ദേഷ്യവും മരണവും കൊണ്ട് ചൂത് കളിക്കുന്നൊരു കഥ.
ചട്ടിക്കളിയിൽ ഉണ്ട് ജാതി ചിന്തകൾ. കഞ്ഞി കുടിക്കാനായിറ്റ് സ്കൂളിൽ വെര്ന്ന കൈസാടെ ന്ന് ഗിരീഷ് കേൾക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് കോളനി എന്ന വാക്ക് തന്നെ മലയാളി പൊതുബോധ മനസ്സിൽ ഉണ്ടാക്കിയ ജാതി ചിന്തകളിൽ നിന്നുള്ള തികട്ടൽ ആണ്. ഇങ്ങനെ ഓരോ കഥകൾക്കും ഉണ്ട് കൃത്യമായ രാഷ്ട്രീയം എന്നതാണ് കഥകൾക്ക് ഉള്ളിലെ കഥപറച്ചിൽ…..

ഒട്ടും അസ്വഭാവികത ഇല്ലാത്ത തീർത്തും സ്വഭാവികമായ ചിന്തകൾ ആണ് കഥകൾക്ക് ആധാരം. പക്ഷെ ആ ചിന്തകളെ കഥാകൃത്ത് അവതരിപ്പിക്കുന്ന രീതി, അതാണ് കെ എൻ പ്രശാന്തിന്റെ പാതിരാലീലയേ മികവുറ്റതാക്കുന്നത്.

രാഷ്ട്രീയം, ജാതി, ലൈംഗീകത, കാമം, വിശപ്പ്, പക, ചോര,മത്സരം, പൊതുബോധം എന്നിങ്ങനെ കഥകൾക്ക് ഉള്ളിൽ കഥകൾ എത്ര ബാക്കി?.

ആർ രാജശ്രീ എഴുതിയ മുഖവുര, ഈ പുസ്തകത്തെ ഏറ്റവും ആഴത്തിൽ വായിക്കപ്പെട്ട ഒരു എഴുത്ത് എന്ന് കൂടെ പറഞ്ഞു വെക്കുന്നു.

പാതിരാലീല ഏഴ് കഥകളുടെ സമാഹാരം ആണ്. അതിനപ്പുറം ഏഴ് കഥകൾക്ക് ഉള്ളിലൂടെ പല കഥകളുടെ ലോകമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.