DCBOOKS
Malayalam News Literature Website

സാര്‍വ്വദേശീയ സാഹിത്യോത്സവം ജനുവരി 28 മുതൽ

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവവും(ഇന്റര്‍നാഷ്ണല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള – ഐ.എല്‍.എഫ്.കെ) പുസ്തകോത്സവവും ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നു വരെ നടക്കും. 28-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാറാ ജോസഫ് ഫെസ്റ്റിവല്‍ പതാക ഉയര്‍ത്തും. മന്ത്രിമാരായ സജി ചെറിയാന്‍, ആര്‍. ബിന്ദു, കെ. രാജന്‍, ടി.എം. പ്രതാപന്‍ എം.പി., എം.ടി. വാസുദേവന്‍ നായര്‍, എം.കെ. സാനു, അശോക് വാജ്‌പൈ, ടി.എം. കൃഷ്ണ, പ്രകാശ് രാജ്, ഓസ്‌ട്രേലിയന്‍ കവി ലെസ് വിക്ക്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ടി.എം. കൃഷ്ണയുടെ പ്രഭാഷണവും സംഗീതക്കച്ചേരിയും നടക്കും. അക്കാദമിയിലും ടൗണ്‍ഹാളിലുമായി പ്രകൃതി, മൊഴി, പൊരുള്‍, അറിവ് എന്നീ വേദികളിലാണ് സാഹിത്യോത്സവം നടത്തുക. നൂറിലേറെ സെഷനുകളിലായി അഞ്ഞൂറോളം എഴുത്തുകാരും ചിന്തകരും സാമൂഹികപ്രവര്‍ത്തകരും പങ്കെടുക്കും.

വരും ദിവസങ്ങളില്‍ നാല് വേദികളിലും ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംഭാഷണങ്ങള്‍, കഥാവായനകള്‍, കവിതാ വായനകള്‍ തുടങ്ങിയവ നടക്കും. ടി. പത്മനാഭന്‍, എം. മുകുന്ദന്‍, മാനസി, സാറാ ജോസഫ്, ചന്ദ്രമതി, വൈശാഖന്‍, എന്‍.എസ്. മാധവന്‍, സക്കറിയ, ഖദീജാ മുംതാസ്, അശോകന്‍ ചരുവില്‍, കെ.പി. രാമനുണ്ണി, വി.ജെ. ജെയിംസ്, ശീതള്‍ ശ്യാം, കെ.ജി.എസ്., അടൂര്‍ ഗോപാലകൃഷ്ണന്‍, ശശികുമാര്‍, സിദ്ധാര്‍ഥ് വരദരാജന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എം.എ. ബേബി, ബിനോയ് വിശ്വം, രമേശ് ചെന്നിത്തല തുടങ്ങിയവരടക്കം നാനൂറിലേറെ മലയാളം എഴുത്തുകാരും ചിന്തകരും പരിപാടികളില്‍ പങ്കെടുക്കും.

നജ്വാന്‍ ദര്‍വീഷ് (പലസ്തീന്‍), ഫ്രാന്‍സിസ് കൂമ്ബ്‌സ് (ഫ്രാന്‍സ്), ബിയേല്‍ റോസന്‍ സ്റ്റോക് (അയര്‍ലന്‍ഡ്), ചേരന്‍ (ശ്രീലങ്ക), മുഹമ്മദ് അസീസ് (പാകിസ്താന്‍), ശബനം ഹഷ്മി, ഗൌഹാര്‍ രസ, പെരുമാള്‍ മുരുഗന്‍, ഭവ ചെല്ലാദുരൈ തുടങ്ങിയ എഴുത്തുകാരും വിവിധ സെഷനുകളിലായി പങ്കെടുക്കും.

Comments are closed.