DCBOOKS
Malayalam News Literature Website

കാതലും പൂതലും

ഡോ. വി. മോഹനകൃഷ്ണന്‍ എഴുതിയ ലേഖനം ജനുവരി ലക്കം പച്ചക്കുതിരയില്‍

മതം, കുടുംബം, കോടതി, പാര്‍ട്ടി എന്നീ നാല് സാമൂഹ്യസംവിധാനങ്ങളാണ് ‘കാതലി’ല്‍ ഒരു മുന്നണിയായും വെവ്വേറെയും പ്രവര്‍ത്തിക്കുന്നത്. പലവിധ ആചാരങ്ങളെയും നിയമങ്ങളെയും ആസ്പദമാക്കിയാണ് അവ നിലനില്‍ക്കുന്നത്. വിശ്വാസം, വിധേയത്വം, അനുസരണം, അച്ചടക്കം എന്നിവയെല്ലാം അത് വ്യക്തിയില്‍നിന്ന് ആവശ്യപ്പെടുന്നു. ഗേജീവിതം യഥാര്‍ത്ഥത്തില്‍ അവരുടെയെല്ലാം പരിധിക്കുപുറത്താണ്. ഉള്‍ക്കൊള്ളുന്നു എന്ന തോന്നലുണ്ടാക്കുമ്പോഴും പുറന്തള്ളാന്‍ ശ്രമിക്കുന്നതാണ് അവയുടെ സാമാന്യരീതി.

കാതലുണ്ടാക്കുന്ന കാലം തന്നെയാണ് അതിനെ പൂതലാക്കുന്നതും. സമൂഹശരീരത്തില്‍ കാലത്തിന്റെ പ്രവര്‍ത്തനം സൃഷ്ടിക്കുന്ന കാതലും പൂതലുമെല്ലാം സാംസ്‌കാരികവും ആപേക്ഷികവുമാണ്. സമൂഹത്തില്‍നിന്ന് കണ്ടെടുക്കുന്ന ഭൂതകാലയാഥാര്‍ത്ഥ്യം ഭാവികാലത്തില്‍ പ്രതിഷ്ഠിച്ച് കല പുതിയ യാഥാര്‍ത്ഥ്യം സൃഷ്ടിച്ചെടുക്കും. മതത്തിനും കുടുംബത്തിനും അപ്രാപ്യമായ പുതുചിന്ത
ചിലപ്പോള്‍ കോടതിമുറികളില്‍ സാദ്ധ്യമാവും. എന്നാല്‍ രാഷ്ട്രീയസമൂഹത്തിനാണ് അത് ജനാധിപത്യത്തിന്റെയും Pachakuthira Digital Editionഭിന്നാഭിപ്രായങ്ങളുടെയും തെരഞ്ഞെടുപ്പിന്റെയും വേദിയാക്കാന്‍ പറ്റുന്നത്. സമൂഹം സ്വീകരിക്കാന്‍ മടിക്കുന്ന പുതുയാഥാര്‍ത്ഥ്യങ്ങളും കല അതിന്റെ ആവിഷ്‌കാരസാമഗ്രിയാക്കും. കലയിലെ രാഷ്ട്രീയമെന്നതും മറ്റൊന്നല്ല.

മനുഷ്യന്‍ എന്ന പൊതുനിര്‍വ്വചനത്തിലടങ്ങിയ വൈജാത്യങ്ങളുടെ പരസ്പരസ്വാതന്ത്ര്യം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചലനാത്മകമായ തെരഞ്ഞെടുപ്പുകള്‍, അവയുടെ ആവിഷ്‌കാരത്തിലൂടെ സാദ്ധ്യമാവുന്ന കലയുടെ സ്വാതന്ത്ര്യം അഥവാ രാഷ്ട്രീയം എന്നിവയെല്ലാം ചേര്‍ന്ന സഞ്ചിത ഭാവനയാണ് ‘കാതല്‍’ (ജിയോ ബേബി) എന്ന സിനിമ. അകക്കാമ്പ് എന്ന അര്‍ത്ഥത്തിനാണ് അത് ഊന്നല്‍ നല്‍കുന്നതെന്നാണ് ശീര്‍ഷകത്തിന്റെ ഭാഗമായ ‘The core’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. അസാധാരണവും അപരിചിതവുമായ യാഥാര്‍ത്ഥ്യങ്ങളെ അതിസാധാരണ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ‘കാതല്‍’. അതിന് സിനിമയുടെയും സമൂഹത്തിന്റെയും പൊതുബോധങ്ങളെ ആവിഷ്‌കരണോപാധിയാക്കുകയും ചിലപ്പോള്‍ അവയെ മറികടക്കുകയും ചെയ്യുന്നു.

നിശ്ശബ്ദതകളും സൂചനകളുംകൊണ്ട് ‘ക്വിയര്‍’ രാഷ്ട്രീയം പറയാന്‍ ശ്രമിക്കുന്ന ‘കാതല്‍’ കുടുംബമെന്ന സ്ഥാപനത്തിനു ചുറ്റുംതന്നെയാണ് കറങ്ങുന്നത്. തന്റെ ആദ്യകാലസിനിമകളിലും ഇത്തരം പ്രമേയങ്ങള്‍ അദ്ദേഹം ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് (സ്വവര്‍ഗ്ഗാനുരാഗികളെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിം ചെയ്തതിന് കോളേജില്‍നിന്നും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്). ജിയോ ബേബിയുടെ മുന്‍കാലസിനിമകളായ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’, ‘ഫ്രീഡം ഫൈറ്റ്’ തുടങ്ങിയവയെല്ലാം പലതരം സ്വാതന്ത്യങ്ങളുടെ ഉദ്ഘാഷങ്ങളായിരുന്നു. കുടുംബവും സ്ത്രീജീവിതങ്ങളുമായിരുന്നു അവയുടെ അടിസ്ഥാനം.
‘കാതലി’ല്‍ സ്ത്രീ, പുരുഷന്‍ എന്നിവര്‍ക്കൊപ്പം മൂന്നാമതൊരു ശരീരഭാവനയെക്കൂടി ‘സ്വാതന്ത്ര്യസമര’ത്തില്‍ അണിചേര്‍ക്കുന്നു.

പൂര്‍ണ്ണരൂപം 2024 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

 

Comments are closed.