DCBOOKS
Malayalam News Literature Website

‘പാതിരാലീല‘

'പാതിരാലീല' യിലൂടെ കെ. എന്‍. പ്രശാന്ത് തനിക്കുചുറ്റുമുള്ള മനുഷ്യരെ, അവരുടെ കഥകളെ, മിത്തുകളെ,ഭാഷയെത്തന്നെയും അതിന്റെ ഊറ്റത്തോടെ മനോഹരമായി ആവിഷ്‌കരിക്കുന്നു.

കെ എന്‍ പ്രശാന്തിന്റെ ‘പാതിരാലീല‘ എന്ന കഥാസമാഹാരത്തിന് ബാബു കൃഷ്ണകുമാര്‍ എഴുതിയ വായനാനുഭവം  

‘പാതിരാലീല’ യിലൂടെ കെ. എന്‍. പ്രശാന്ത് തനിക്കുചുറ്റുമുള്ള മനുഷ്യരെ, അവരുടെ കഥകളെ, മിത്തുകളെ, ഭാഷയെത്തന്നെയും അതിന്റെ ഊറ്റത്തോടെ മനോഹരമായി ആവിഷ്‌കരിക്കുന്നു. അറിയപ്പെടാത്ത മുക്കുവരുടെ ജീവിതം ‘ചെമ്മീനി’ ലൂടെ മഷി പുരട്ടിക്കാണിച്ച തകഴിക്കൊരു പിന്‍ഗാമി. ഇതിലെ ഏഴു കഥകളും മലയാള കഥക്ക് മുന്നോട്ടുള്ള വഴിയാണ് കാണിച്ചുതരുന്നത്. കാല്പനികതക്കും മോഹഭംഗങ്ങള്‍ക്കും ഇനി ജീവിതമില്ല. കറുപ്പും വെളുപ്പും വ്യവഛേദിച്ചറിയാനാകാത്ത ഒരു ഭൂമികയിലെ Textകളിയാട്ടപ്പെരുമകളാണ് ഈ കഥകളത്രയും.

‘പൂതപ്പാനി’ എന്ന സൗമ്യമായി തുടങ്ങുന്ന കഥയില്‍ കടന്നല്‍ കുത്തേല്‍ക്കുന്നത് അലസവായനക്കാരായ നമുക്കാണ്. നാട്ടിലെ പ്രകൃതിസ്‌നേഹിക്ക് എതിര്‍പ്പ് വീട്ടിലും നാട്ടിലും (അവര്‍ക്കുവേണ്ടി കൂടിയാണ് തന്റെ മരങ്ങള്‍ ) സ്വൈര്യം കൊടുക്കുന്നില്ല. എന്നാല്‍ കടന്നല്‍കൂടൊഴിപ്പിക്കാന്‍ മരത്തിനുമുകളില്‍ തീയുമായി ഇരിക്കുന്ന ജാബീര്‍ ഷെയ്ക്കിന് അഭിമുഖീകരിക്കേണ്ടിവരുന്ന സ്വത്വപ്രതിസന്ധി ഭീകരമാണ്.

‘പെരടി’ യില്‍ ഒരു ചന്ദനമരക്കടത്തുകാരന്‍ തിരിച്ചുകിട്ടിയ പോരുകോഴിയെ ഷേണായിയോടുള്ള പ്രതികാരത്തിന് ഉപയോഗിച്ച് അപ്പയോടു ഭാഗം ചേര്‍ന്ന്  കോഴിക്കെട്ടുകാരനായി പ്രണയത്തിനും പിന്തിരിക്കാനാകാതെ പോരിന്റെ അദിമവഴികളിലേക്കെത്തുന്നു.

പ്രാകൃത വാസനകള്‍ കളം നിറഞ്ഞാടുന്ന ഗ്രാമീണ വന്യതയില്‍ വേട്ടക്കാരായി തുടരുന്നവര്‍ക്ക് ഒടുങ്ങേണ്ടിവരുന്നത് ഭിന്നലിംഗനായ ലീലാധരനോടാണ്. ‘പാതിരാലീല’ അധിപത്യത്തിന്റെ അടിയറവാണ്.

‘മള്‍ബറിക്കാട്’ പറയുന്നത് വിശുദ്ധിയെ കൗതുകം കൊണ്ട് ഇല്ലാതാക്കിയവന്റെ പിന്നീടുള്ള മാനസിക വിഭ്രാന്തികളെക്കുറിച്ചാണ്.

ഒരു അതിഭൗതിക ഭീകരാന്തരീക്ഷത്തിലൂടെ സമര്‍ത്ഥമായി പ്രശാന്ത് നമ്മെക്കൊണ്ടുപോകുന്നു. ഉണ്ടോ ഇല്ലയോ എന്നതിനേക്കാള്‍ വസൂരിവന്നവരെ കൊണ്ടുതള്ളിയ ‘കുരിപ്പുമാട്’ പിന്നീടൊരു കുറ്റബോധമായി തലമുറകളെ ചൂഴുന്ന ഭയമായി വേഷപ്പകര്‍ച്ച ചെയ്യുന്നു.

ജന്മി മത കൂട്ടുകെട്ടില്‍ വമിക്കുന്ന വിഷം കഴിക്കേണ്ടിവരുന്ന ജനങ്ങളെക്കുറിച്ചുള്ള ആ മിത്ത് അവസാനിക്കാതെ ഇന്നും പുലരുന്നത് ‘ഗുഹ’ യില്‍ അകപ്പെട്ടു പുറത്തുവരാനാകാത്ത അന്വേഷിയിലൂടെ സംഭവിക്കുന്ന യാഥാര്‍ഥ്യമാകുന്നു

‘ചട്ടിക്കളി’യിലും തന്റെ അധിപത്യം നടത്തിയെടുക്കാന്‍ ശ്രീനാഥ് മുരളിയുടെ വെല്ലുവിളി പിന്നീട് അധികാരത്തിനു നേരെയും വാളുയര്‍ത്തുന്നതില്‍ വിജയിക്കുന്നു.

വളരെ സശ്രദ്ധം, തിരഞ്ഞെടുക്കുന്ന വാക്കുകളില്‍ അര്‍ത്ഥം ഉള്‍ക്കൊണ്ട് പ്രശാന്ത് എഴുതുമ്പോള്‍ പേജുകള്‍ നിറയുന്നു, വായിക്കുന്നവരുടെ മനസ്സും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.