DCBOOKS
Malayalam News Literature Website

ഗോവ ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് ജോസിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും രജതമയൂരം

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന് ഇരട്ടിമധുരം പകര്‍ന്ന് ചെമ്പന്‍ വിനോദ് ജോസിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും രജതമയൂരം. ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് ജോസ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒന്നിച്ച് ലഭിക്കുന്നത്. രജതമയൂരവും 15 ലക്ഷം രൂപയുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടന് 10 ലക്ഷം രൂപയും രജതമയൂരവും ലഭിക്കും. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിലൂടെ പാര്‍വ്വതി മികച്ച നടിയ്ക്കുള്ള രജതമയൂരം സ്വന്തമാക്കിയിരുന്നു.

വെന്‍ ദി ട്രീസ് ഫാള്‍ എന്ന ചിത്രത്തിലൂടെ അനസ്താനിയ പുസ്‌ടോവിച്ച് മികച്ച നടിയ്ക്കുള്ള രജതമയൂരവും സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത ഡോണ്‍ബാസ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂരവും സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള ശതാബ്ദി പുരസ്‌കാരം റെസ്‌പെക്ടോ എന്ന ചിത്രമൊരുക്കിയ ആര്‍ബര്‍ട്ടോ മോണ്ടറാസിനാണ്.

Comments are closed.