DCBOOKS
Malayalam News Literature Website

‘എം.മുകുന്ദന്റെ കഥകൾ’ പഴകുന്തോറും വീര്യം കൂടുന്ന ഫ്രഞ്ച് വീഞ്ഞ്!

എം.മുകുന്ദന്റെ ‘കുട്ടനാശാരിയുടെ ഭാര്യമാർ’ എന്ന പുസ്തകത്തിന് ജോണി എം എൽ എഴുതിയ വായനാനുഭവം  

പഴകുന്തോറും വീര്യം കൂടുന്ന ഫ്രഞ്ച് വീഞ്ഞാവുകയാണ് എം.മുകുന്ദന്റെ കഥകൾ. പറഞ്ഞതിൽ പിശകുണ്ട്. പ്രായമേറുന്തോറും മണിയമ്പത്ത് മുകുന്ദൻ എന്ന കഥാകൃത്തിന്റെ കൈത്തഴക്കം കുട്ടനാശാരിയുടെ കൈപ്പണി പോലെ പുകഴേന്തുകയാണ്. പറയാൻ കാരണം കുറെയേറെ പുതുകഥാകാരന്മാരുടെ കഥകൾ വായിച്ചതിനൊപ്പമാണ് മുകുന്ദന്റെ ‘കുട്ടനാശാരിയുടെ ഭാര്യമാർ’ എന്ന കഥാസമാഹരവും വായിച്ചത് എന്നത് തന്നെയാണ്. മുകുന്ദനോളമെത്തുവാൻ അവരിൽച്ചിലരിനിയും മുയലുറക്കമുപേക്ഷിക്കേണ്ടിയിരിക്കുന്നു.

Textകാണുന്ന കാതലുള്ള മരത്തിലെല്ലാം തനിയ്ക്ക് തെളിയിക്കാനൊരു മരസ്സാമാനമുണ്ടെന്ന്, ശിലയിൽ ശിൽപമുണ്ടെന്നു കണ്ട മൈക്കലാഞ്ചലോയെപ്പോലെ കുട്ടൻ ആശാരി കൗമാരത്തിലേ തിരിച്ചറിഞ്ഞത് എം മുകുന്ദൻ പറയുമ്പോൾ, കാലം മുന്നിലരിഞ്ഞു വെച്ച ജീവിത വെൺകൽ ഫലകങ്ങളിൽ നിന്ന് വേണ്ടാത്തത് മേടി മാറ്റിയാൽ കഥാശില്പങ്ങൾ ജലത്തിലാഴ്ന്നവ പൊങ്ങി വരുമ്പോലെ തെളിഞ്ഞു കാണുമെന്ന് കഥാകാരനുമറിയാമെന്നു വരുന്നു.

യഥാതഥകലയിൽ  സ്വപ്നം കയറ്റി വിടുന്ന തന്ത്രം മുകുന്ദനുമറിയാം. അതുകൊണ്ട് തന്നെ ഈ സമാഹാരത്തിലെ കഥകൾക്കൊരു അതിയാഥാർത്ഥ്യ സ്വാഭാവമുണ്ട്. പ്രണയം 2019 എന്ന കഥ ഒരു മലയാള സിനിമയിൽ വന്നാൽ കോമഡിയാകുമായിരുന്നെങ്കിൽ മുകുന്ദന്റെ കയ്യിൽ അത് പ്രണയത്തിന്റെ, വിശുദ്ധ ആൾമാറാട്ടങ്ങളുടെ ദുരന്തകഥയായി മാറുന്നു.

വിവാഹത്തിന് മുൻപ് ഒറ്റയ്ക്കൊരു യാത്ര പോകുന്ന മൈഥിലി വ്യവസ്ഥയെ ഒന്നു കളിയാക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ അവളുടെ അഭിസരണം ഭരണകൂടത്തെത്തന്നെ ഉലയ്ക്കും വിധം ഒരു ശലഭപക്ഷതാഡനമായി മാറുന്നതിലെ ഐറണി മുകുന്ദൻ കാട്ടിത്തരുന്നു. ആർത്തവം ദൈവത്തിനിഷ്ടമില്ലാത്തതിനാൽ വിവാഹത്തിന്റന്ന് ആർത്തവം വരുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്ന ശ്രീപാർവതി എന്ന ഇരുപത്തിരണ്ടുകാരി ആരുടെ ഇരയാണെന്ന് ‘അന്തർമുഖി’ എന്ന കഥയിലൂടെ മുകുന്ദൻ ചിന്തിപ്പിക്കുന്നു.

‘ജാനകിയും ചെഖോവും’, ‘സെസാൻ’ എന്നീ കഥകളിൽ സർ റിയലിസം തിരനോക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ്യത്തിന്റെ ഇരുണ്ടതുറമുഖങ്ങളിൽ തന്റെ ആഖ്യാനത്തെ കൊണ്ട് ചെന്ന് നങ്കൂരമിടുന്നുണ്ട് മുകുന്ദൻ. സപ്തപാപങ്ങളുടെ കേദാരമായ ഗ്രാമഭൂമിയിൽ സർഗശ്രേഷ്ഠന്മാർക്ക് നാടുകടത്തലാണ് പാരിതോഷികമെങ്കിലും അതെ ചെറുക്കുന്ന കുട്ടനാശാരി തന്റെ സൃഷ്ടിസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതാണ് ‘കുട്ടനാശാരിയുടെ ഭാര്യമാർ’ എന്ന കഥ. പ്രണയത്തിന്റെ മറ്റൊരു ഇക്കണോമിക്സ് ആണത്. ഫെമിനിസ്റ്റുകൾക്ക് ഈർഷ്യതോന്നിയിട്ട് കാര്യമില്ല.

ഡി സിയുടെ നാൽപ്പത്തേഴാം വാർഷികത്തിലെ നാൽപ്പത്തേഴുപുസ്തകങ്ങളിലൊന്നായിറങ്ങിയ ഈ മുകുന്ദൻ കഥകൾ അത്യന്തം പാരയണയോഗ്യം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.