DCBOOKS
Malayalam News Literature Website

‘ഉമ്മന്‍ചാണ്ടിയുടെ കീറിയ ഷര്‍ട്ട്’; ചില കുഞ്ഞൂഞ്ഞു കഥകള്‍

നീണ്ട മൂക്കും അലക്ഷ്യമായ മുടിയും അതിവേഗതയിലുള്ള നടത്തവും സംസാരവുമൊക്കെക്കൊണ്ട്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രൂപത്തില്‍ തന്നെ നര്‍മ്മമുണ്ടെന്നാണ് കാര്‍ട്ടൂണിസ്റ്റുകള്‍ പറയുന്നത്. നാടകീയതയും പിരിമുറുക്കവും മുറ്റിനിന്ന സന്ദര്‍ഭങ്ങളെപ്പോലും നര്‍മ്മത്തിന്റെയും നന്മയുടെയും നിമിഷങ്ങളാക്കി മാറ്റാനും പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് കഴിവുണ്ട്. അത്തരം നിമിഷങ്ങളുടെ ഒരു സമാഹാരമാണ് പി.റ്റി.ചാക്കോ രചിച്ച ‘കുഞ്ഞൂഞ്ഞ് കഥകള്‍: അല്പം കാര്യങ്ങളും’ എന്ന പുസ്തകം. 

പുസ്തകത്തിൽ നിന്നും ചില നർമ്മ സന്ദർഭങ്ങൾ…

  • ഉമ്മന്‍ചാണ്ടിയുടെ കീറിയ ഷര്‍ട്ട്

മ്മൻചാണ്ടിയുടെ കീറിയ ഷർട്ട് പ്രസിദ്ധം. പുതിയ ഷർട്ടുപോലും കീറിയേ ധരിക്കൂ എന്നാണു പ്രചാരണം, അന്ന് ആകെ രണ്ടു ജോഡി ഡ്രസ്സേ ഉള്ളു. അതുകൊണ്ടാണു യാത്രയും കിടപ്പും കുളിയും. യാത്രചെയ്യുന്ന മുണ്ടു കൊണ്ട് പുതച്ചുകിടക്കുകയും അതുപയോഗിച്ചു കുളിക്കുകയും ചെയ്യുന്ന ത്രീ ഇൻ വൺ പരിപാടി. മറ്റുള്ളവരുടെ മുണ്ടും ഷർട്ടും കടം കൊണ്ടാണു കാര്യങ്ങൾ മുന്നോട്ടു പോയിരുന്നത്. ഓരോ ദിവസവും ഓരോ വേഷം. പല അളവിലുള്ള ഷർട്ടുകൾ.

ഉമ്മൻ ചാണ്ടിക്കു മുണ്ടും ഷർട്ടും കടംകൊടുത്താൽ അതു തിരികെ കിട്ടുക എളുപ്പമല്ല. കാരണം, ഉമ്മൻ ചാണ്ടിയുടെ പക്കൽനിന്ന് അടുത്ത ദിവസം അത് ആരെങ്കിലും കൊണ്ടുപോകും. ഇതറിയാവുന്നവർ ഉമ്മൻ ചാണ്ടിക്കു കീറി കണ്ടം ചെയ്ത ഷർട്ടേ നല്കൂ. അങ്ങനെയാണു കീറിയ ഷർട്ട് കെ.എസ്.യു.വിന്റെ താത്ത്വിക അടയാളമായി മാറിയത്.

  • കല്യാണമധുരം

ല്യാണവീടും മരണവീടും ഉമ്മന്‍ ചാണ്ടിയുടെ ദൗര്‍ബല്യങ്ങളാണ്. രണ്ടിടത്തെയും ചടങ്ങിന് ഉമ്മന്‍ ചാണ്ടി Textനിര്‍ബന്ധമായും ചെന്നിരിക്കും. ഏറ്റവും കൂടുതല്‍ ദുഃഖിക്കുമ്പോഴും സന്തോഷിക്കുമ്പോഴുമാണല്ലോ നാം ഉറ്റവരുടെ സാന്നിധ്യം തേടുന്നത്. അപ്പോള്‍ ചെല്ലാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും ചെന്നിരിക്കും. നൂറുകൂട്ടം പരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം എത്തുമ്പോള്‍ പലപ്പോഴും വൈകും. എങ്കിലും അവരുടെ വികാര ത്തില്‍ പങ്കുചേര്‍ന്നിട്ടേ പോകൂ.

ഒരു അനുയായിയുടെ കല്യാണവീട്, ഉമ്മന്‍ ചാണ്ടി എത്തിയപ്പോള്‍ അനുയായിക്ക് അതിരറ്റ ആഹ്ലാദം. ഉടനേ ഊണു വിളമ്പി.

ആവേശം അതിരുകടന്നപ്പോള്‍ മോരെന്നു കരുതി സ്‌ക്വാഷാണ് ചോറില്‍ ഒഴിച്ചത്. ചോറിനു നല്ല മധുരം.

കല്യാണവീടല്ലേ, അനുയായിയല്ലേ എന്നു കരുതി ഉമ്മന്‍ ചാണ്ടി അതു
വകവെച്ചില്ല. ഊണു തുടര്‍ന്നു.

അനുയായി കുശലാന്വേഷണത്തില്‍:

”മോരെങ്ങനെ? പുളി കൂടുതലാണോ…? ഉമ്മന്‍ ചാണ്ടി: ”അല്പം മധുരക്കൂടുതലാണോ എന്നൊരു സംശയം!

  • ടോള്‍

രു കോണ്‍ഗ്രസ് എംഎല്‍എ കാറില്‍ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്ത കരോടൊപ്പം യാത്രചെയ്യുകയായിരുന്നു. ടോള്‍ഗേറ്റില്‍ കാര്‍ തടഞ്ഞു. എല്ലാ എംഎല്‍എമാരെയും ടോള്‍ഗേറ്റില്‍ നില്ക്കുന്ന പയ്യന്മാര്‍ക്ക് അറിയില്ലല്ലോ. ഈ പയ്യനാണേല്‍ അല്പം ഓവര്‍ സ്മാര്‍ട്ടും.

പയ്യന്‍ ടോളിനു കൈനീട്ടി. എംഎല്‍എയ്ക്കു കാര്യം പിടികിട്ടി. തന്നെ പയ്യന് അറിയില്ലല്ലോ. അദ്ദേഹം സൗമ്യനായി സ്വയം പരിചയപ്പെടുത്തി. പയ്യന്‍ ഭവ്യതയോടെ നീട്ടിയ കൈ പിന്‍വലിച്ചു. പിന്നെ എംഎല്‍എയെ തൊഴുതു. എംഎല്‍എയ്ക്ക് സന്തോഷം.

വണ്ടി എടുക്കാന്‍ തുടങ്ങിയപ്പോള്‍ ദേണ്ട് പയ്യന്‍ വീണ്ടും കൈനീട്ടി നില്‍ക്കുന്നു. എംഎല്‍എയുടെ സന്തോഷം മാഞ്ഞു.

”എംഎല്‍എയ്ക്ക് ടോളോ?” അദ്ദേഹം ഗൗരവത്തോടെ ചോദിച്ചു.

പയ്യന്‍: ”ഇല്ല സാറെ, എംഎല്‍എയ്ക്ക് ടോളില്ല.

”പിന്നെന്താ?”

പയ്യന്‍ ”പക്ഷേ, കാറിനു ടോളുണ്ട് സാര്‍. അവസാനം ടോള്‍ കെട്ടിയ ശേഷമാണു അവന്‍ എംഎല്‍എയെ വിട്ടത്.

  • ക്ലീന്‍ കേരളം

മ്മന്‍ ചാണ്ടിയുടെ അമേരിക്കന്‍ പര്യടനം. അവിടെ മലയാളികള്‍ മത്സരിച്ച് അദ്ദേഹത്തിനു ഡിന്നറൊരുക്കി. നാട്ടിലെ കാര്യങ്ങളൊക്കെയാണു ഡിന്നറിനിടയില്‍ ചര്‍ച്ചാവിഷയം.

കൊല്ലാട് നിന്നുള്ള ഒരാളുടെ വീട്ടിലെ ഡിന്നറാണു രംഗം. അയല്‍വാസികളും ബന്ധുക്കളുമൊക്കെയായി കുറച്ചുപേരുണ്ട്. പതിവുപോലെ നാട്ടിലെ വിശേഷങ്ങളൊക്കെ സംസാരത്തിനിടയില്‍ പൊന്തിവന്നു. സ്വന്തം
നാടിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും നാവിനു നീളം കൂടും.

”നാടൊക്കെ ഇപ്പം എന്തു ശാന്തമാ ”പഴേ ആള്‍ക്കാരൊന്നും ഇപ്പം നാട്ടിലില്ല.

”പഴേപോലെ അടീം പിടീം ഒന്നുമില്ല. ‘

”ആളുകളൊക്കെ വല്ലാതെ മാറിപ്പോയി, അല്ലേ!’

”ഇതിനൊക്കെ ഇപ്പം ആര്‍ക്കാ സമയം?’

അങ്ങനെ നാടുനന്നായതിനെക്കുറിച്ച് അമേരിക്കന്‍ മലയാളികളുടെ പല തരം അഭിപ്രായങ്ങള്‍ ഡിന്നറിനെ സമ്പന്നമാക്കി.

”ആട്ടെ, ഇതേക്കുറിച്ച് ഉമ്മന്‍ ചാണ്ടീടെ അഭിപ്രായമെന്താ?”

ഉമ്മന്‍ ചാണ്ടി: ”പഴേ കുഴപ്പക്കാരൊക്കെ ഇപ്പം ഇവിടെയല്ലേ. അതു കൊണ്ടായിരിക്കാം.’

കൂടുതല്‍ വായനയ്ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.