DCBOOKS
Malayalam News Literature Website

പെൺസഭയുടെ ‘മധുരവേട്ട’

ബിനീഷ് പുതുപ്പണത്തിന്റെ ഏറ്റവും പുതിയ  നോവൽ ‘മധുരവേട്ട’ ക്ക് ആദിത്യ ബി ലക്ഷ്‌മൺ എഴുതിയ വായനാനുഭവം

സ്ത്രീകൾ അനുഭവിക്കുന്ന രണ്ടാംകിട പൗരത്വത്തെക്കുറിച്ചു ആഗോളതലത്തിൽ തന്നെ നിരവധി ചർച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. നാളിതുവരെ നാം സ്വീകരിച്ച പല നയങ്ങളെല്ലാം തന്നെ തെറ്റായിരുന്നുവെന്നും ഏതാനും ചിലരുടെ ഭ്രാന്തായി മുമ്പ് വിലയിരുത്തപ്പെട്ട സ്ത്രീപക്ഷ ചിന്തകൾ ഉയർത്തിയ ഗൗരവതരമായ ചോദ്യങ്ങളിൽ കഴമ്പുണ്ടെന്നും ഇന്ന് സമൂഹം സമ്മതിക്കുന്നു. സ്ത്രീയെ കേവലം ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന സമൂഹത്തിന്റെ പ്രവണത നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. സ്ത്രീയെക്കുറിച്ചുള്ള അസംഖ്യം ചോദ്യങ്ങൾ സാംസ്കാരിക ചർച്ചകളിൽ ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ Textശക്തമായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന നോവലാണ് ബിനീഷ് പുതുപ്പണത്തിന്റെ ‘മധുരവേട്ട’. ഗൗരവ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരെന്ന് ഇനിയും അംഗീകരിക്കപ്പെടാത്ത സാധാരണക്കാരായ വീട്ടമ്മമാരുടെ പ്രതിനിധികളായി ആകാശത്തോളം ഉള്ള സ്വാതന്ത്ര്യം ആവോളം നുകരാൻ ഇറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ കൂടിയാണ് മധുരവേട്ട. സ്ത്രീവാദത്തിന്റെ ലിംഗാധിഷ്ഠിത രാഷ്ട്രീയം വളരെ ഗൗരവത്തോടുകൂടിയും എന്നാൽ ഫലിതത്തിന്റെ മേമ്പൊടി ഉരച്ചുചേർത്ത് വായനക്കാരനെ സ്വാധീനിക്കുന്ന ഭാഷയിലുമാണ് എഴുത്തുകാരൻ തന്റെ നിലപാടുകൾ നോവലിൽ പ്രതിഫലിപ്പിക്കുന്നത്.

മധുരവേട്ട ഓരോ പെൺകുട്ടിയും നിർബന്ധമായും വായിച്ചിരിക്കേണ്ട നോവലാണ്. ജീവിതത്തിൽ ഒരുവട്ടം പോലും അന്യന്റെ ചൂഴ്ന്നു നോട്ടത്തിനോ, അനാവശ്യ സ്പർശനത്തിനോ, ലൈംഗിക ചുവയോടുകൂടിയ സംസാരത്തിനോ, ലൈംഗിക അതിക്രമങ്ങൾക്കോ ഇരയാകാത്തവരായ ഒരു സ്ത്രീയും കേരളത്തിലുണ്ടാവില്ല. ഒരു പക്ഷേ അത്തരം സന്ദർഭങ്ങളിൽ അപമാനിതരായോ പ്രതികരിക്കാനാവാതെയോ പോയ മനുഷ്യർക്ക് മനസ്സിനൊരു കുളിർമ നൽകുന്ന എഴുത്തുകൂടിയാണിത്. എന്തെന്നാൽ പെണ്ണുങ്ങളേ, കണ്ണടച്ചു നമ്മളെ അപമാനിച്ചവനാണ് ഇതിലുള്ളതെന്ന് വെറുതെയെങ്കിലും കരുതുക. ശേഷം വായിച്ചാസ്വദിക്കണം.

സ്ത്രീശരീരം ഒരു ലൈംഗിക ഉപഭോഗവസ്തുവോ പ്രത്യുൽപാദന ഉപകരണമോ അല്ല. സമൂഹത്തിനോടൊപ്പം തന്നെ കുടുംബവും ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്ന് ഈ നോവൽ പറയുന്നു. ലൈംഗിക ജീവിതം ഉൾപ്പെടെ എല്ലാ കാര്യത്തിലും പരിവർത്തനമുണ്ടാവണം. സ്വന്തം ഇണയുടെ ലൈംഗിക അവകാശങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവർക്ക് തുല്യവും പരസ്പരപൂരകവുമായ സാമൂഹ്യബന്ധങ്ങളും കുടുംബബന്ധങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന മെയിൽ എസ്കോർട്ടിനെപ്പറ്റിയും നോവൽ ചർച്ച ചെയ്യുന്നുണ്ട്.

അടുക്കളയിൽ നിന്നും പൊതുരംഗത്തേക്കുവന്ന് ഒരു പെൺസഭയുണ്ടാക്കി അതിനു തുടർച്ചക്കാരെയുണ്ടാക്കുന്ന അഞ്ചു സ്ത്രീകൾ സമൂഹത്തിലുണ്ടാക്കുന്ന ചലനം ജീവിതത്തിൽ ഒരിക്കൽപോലും കാണാത്തതും കേൾക്കാത്തതും പ്രവർത്തിക്കാത്തതുമായ കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യമാണ് പ്രസ്തുത നോവലിന്റെ സ്ത്രീ വായനക്കാരിലും നൽകുന്നത്. ഈ ഭൂമിയിലെ സകലതും തങ്ങൾക്കു കൂടി ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഉണ്ടാകണമെന്നും ഒന്നിനുവേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ.

ബിനീഷ് പുതുപ്പണത്തിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.