DCBOOKS
Malayalam News Literature Website

ഫ്രീഡം സ്‌ക്വയര്‍&കള്‍ച്ചറല്‍ ബീച്ച് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോടിന് സമര്‍പ്പിക്കും

കോഴിക്കോട്: നഗരത്തിന് തിലകക്കുറിയായെന്നോണം ഫ്രീഡം സ്‌ക്വയർ ഉയർന്നു, ഒപ്പം കൾച്ചറൽ ബീച്ചും ഒരുങ്ങി. ഇവ രണ്ടും ഇന്ന് (11 ഫെബ്രുവരി) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട് ബീച്ചില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും.

എ പ്രദീപ്കുമാർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 2. 5 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഫ്രീഡം സ്‌ക്വയർ. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയതാണ് കൾച്ചറൽ ബീച്ച്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വച്ച് കോഴിക്കോട് കടപ്പുറത്ത് സാംസ്‌കാരിക പരിപാടികൾക്കായി ഒരു സ്ഥിരം വേദി ഒരുക്കാൻ ശ്രമിക്കുമെന്ന് പ്രദീപ് കുമാർ എം എൽ എ പറഞ്ഞിരുന്നു. ഇപ്പോൾ ആ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജല മുഹൂർത്തങ്ങൾ വർത്തമാന കാലത്തോടു സംവദിക്കും വിധമാണ് ഫ്രീഡം സ്‌ക്വയർ ഒരുക്കിയിരിക്കുന്നത്. കടൽ കടന്ന് കോഴിക്കോടിന്റെ തീരത്തണഞ്ഞ അറബ്, ചൈനീസ്, പോർട്ടുഗീസ് വൈദേശിക വാണിജ്യ സാംസ്‌കാരിക പൈതൃകങ്ങളും സാമൂതിരി രാജവാഴ്ച്ചയുടെ സുവർണ സ്മരണകളും ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തിനെതിരായ സമരചരിതങ്ങളും ഇവിടെ ചുവരുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രശസ്ത ആർക്കിടെക്ടുമാരായ വിനോദ് സിറിയക്, പി.പി വിവേക് എന്നിവരാണ് കൾച്ചറൽ ബീച്ചിന്റെയും ഫ്രീഡം സ്‌ക്വയറിന്റെയും രൂപകല്പന ചെയ്തത്.

Comments are closed.