DCBOOKS
Malayalam News Literature Website

‘ഋഗ്വേദം ഭാഷാഭാഷ്യം’; മഹത്തായ ഋഗ്വേദത്തിന്റെ ശരീരത്തോടും ആത്മാവിനോടും ബന്ധപ്പെടാനുള്ള സുദുര്‍ലഭമായ അവസരം: എന്‍ വി കൃഷ്ണവാരിയര്‍

എന്‍ വി കൃഷ്ണവാരിയര്‍

മനുഷ്യന്റെ ഏറ്റവും പ്രാചീനമായ സാഹിത്യകൃതി ആണോ ഋഗ്വേദം? അങ്ങനെ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. ആ വിശ്വാസത്തിന് അവര്‍ക്ക് വേണ്ടത്ര ഉപപത്തികളുമുണ്ട്. ഇനി, ഋഗ്വേദത്തോളമോ അതില്‍ അല്പം കൂടുതലോ പ്രാചീനത അവകാശപ്പെടുന്ന ഏതാനും ചില കൃതികള്‍ ഉണ്ടായിരിക്കാമെങ്കില്‍ത്തന്നെ, അവയെല്ലാം അത്യന്തം അപൂര്‍ണ്ണവും വികലവും ശുഷ്‌കവുമായ രൂപത്തിലേ നമുക്ക് കൈവന്നിട്ടുള്ളു.

ഋഗ്വേദത്തിന്റെ സ്ഥിതി ഇതല്ല. ആയിരത്തിപ്പതിനേഴു സൂക്തങ്ങളിലായി പതിനായിരത്തിനാനൂറ്റെഴുപത്തിരണ്ടു ഋക്കുകള്‍, അഥവാ പദ്യങ്ങള്‍, ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു കൃതിയാണ് ഋഗ്വേദം. വലുപ്പംകൊണ്ടും വിഷയവൈവിധ്യംകൊണ്ടും ഋഗ്വേദത്തോടു കിടനില്ക്കാവുന്ന പ്രാചീന സാഹിത്യകൃതികള്‍ ഏറെയില്ല. എങ്കിലും, നമുക്കു ലഭ്യമായ രൂപത്തില്‍ ഋഗ്വേദവും പൂര്‍ണ്ണമാണെന്നു പറഞ്ഞുകൂടാ. അനേകം ഋഷികുലങ്ങളില്‍ പരമ്പരയാ പ്രചരിച്ചുവന്ന അപാരമായ ഒരു മൗഖികസാഹിത്യസമുച്ചയത്തില്‍നിന്നു തെരഞ്ഞെടുത്ത്, ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയ, സൂക്തങ്ങളുടെ ഒരു സമാഹാരമാണല്ലോ ഋഗ്വേദം. ഈ സൂക്തങ്ങളെല്ലാം പരസ്പരാനപേക്ഷങ്ങളും, ഏറെക്കുറെ സ്വയംപര്യാപ്തങ്ങളുമാണ്. എന്നിട്ടും, അവയില്‍ പലതിന്റെയും ശരിയായ താല്‍പര്യമെന്തെന്ന് നിര്‍ണ്ണയിക്കുക പ്രയാസമാകുന്നു. രണ്ടായിരത്തഞ്ഞൂറു വര്‍ഷംമുമ്പ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന യാസ്‌കന്റെ കാലത്തുതന്നെ പല വേദമന്ത്രങ്ങളുടെയും അര്‍ത്ഥം ദുരൂഹമായിക്കഴിഞ്ഞിരുന്നു. സന്ദിഗ്ദ്ധാര്‍ഥകങ്ങളോ അര്‍ത്ഥപ്രതീതി ജനിപ്പിക്കാത്തവയോ ആയ ഗ്രന്ഥസന്ദര്‍ഭങ്ങളിലേക്കു വെളിച്ചം വീശാന്‍ കഴിയുമായിരുന്ന സൂക്തങ്ങളും മന്ത്രങ്ങളും ഇന്നത്തെ ഋഗ്വേദസംഹിതയില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയതാണ് ഈ ദുരൂഹതയ്ക്കു കാരണം. ഈ നഷ്ടം നിമിത്തം, ലബ്ധങ്ങളായ മന്ത്രങ്ങളില്‍ ചിലവയെയെ ങ്കിലും അവയുടെ ശരിയായ പ്രകരണത്തില്‍ പ്രതിഷ്ഠിച്ച് പരിശോധിക്കാന്‍ കഴിയാതെ പോകുന്നു.

വൈദികമന്ത്രങ്ങളുടെ ഈ ദുരൂഹതയ്ക്ക് കുറെയെങ്കിലും പരിഹാരമുണ്ടാക്കാനാണ് യാസ്‌കന്‍ ‘നിരുക്തം’ നിര്‍മ്മിച്ചത്. ധാത്വര്‍ത്ഥത്തെ അവലംബിച്ച് പദാര്‍ഥത്തെ നിര്‍വചിക്കുക എന്നതാണ് യാസ്‌കന്‍ അവലംബിച്ച തത്ത്വം. ഈ അടിസ്ഥാനതത്ത്വത്തെ ആധാരമാക്കിത്തന്നെയാണ് ഇന്ത്യയില്‍പ്പിറന്ന എല്ലാ ഭാഷ്യകാരന്മാരും പിന്നീട് വേദമന്ത്രങ്ങളെ വ്യാഖ്യാനി
ച്ചിട്ടുള്ളത്. ഈ സമ്പ്രദായത്തിന് അതിന്റേതായ പരിമിതിയുണ്ടെന്നത് സ്പഷ്ടമാണല്ലോ. പക്ഷേ, ഭാരതീയവ്യാഖ്യാതാക്കളെസ്സംബ ന്ധിച്ചിടത്തോളം മറ്റൊരു സമീപനം അവര്‍ക്കു സാധ്യമായിരുന്നില്ല.

പില്‍ക്കാലത്ത് പാശ്ചാത്യഭാഷാശാസ്ത്രജ്ഞരാണ് ഇതില്‍നിന്ന്
അല്പം വ്യത്യസ്തമായ ഒരു സമീപനം വേദവ്യാഖ്യാനവിഷയത്തില്‍ അവലംബിച്ചത്. ഈറാനിയരുടെ ‘സെന്ദ് അവെസ്ത’ എന്ന വേദഗ്രന്ഥത്തോട് താരതമ്യപ്പെടുത്തിയാല്‍, സാമ്പ്രദായിക (ഭാരതീയ) വ്യാഖ്യാതാക്കള്‍ നല്‍കുന്ന അര്‍ത്ഥത്തില്‍നിന്ന് വ്യത്യസ്തമായ വല്ല അര്‍ത്ഥവും വേദമന്ത്രങ്ങള്‍ ചുരത്തിത്തരുമോ എന്ന് അവര്‍ പരീക്ഷിച്ചു നോക്കി. ഗ്രീക്ക്, ലത്തീന്‍ മുതലായ പ്രാചീന ഇന്‍ഡോ-യൂജ്ഞോപ്യന്‍ ഭാഷകളിലെ സമാനപദ
ങ്ങളുമായി വൈദികപദങ്ങളെ താരതമ്യപ്പെടുത്തുകയായിരുന്നു മറ്റൊരു തന്ത്രം. ഭാരതീയേതര പ്രാചീനജനതകളുടെ പുരാണേതിഹാസദേവകഥകള്‍ (മിത്തുകള്‍), മതവിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ മുതലായവയില്‍ നിന്നു കിട്ടുന്ന വെളിച്ചവും വേദമന്ത്രങ്ങളുടെ ശരിയായ താല്‍പര്യം മനസ്സിലാക്കുന്നതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. പക്ഷേ, ആധുനികഭാഷാ ശാസ്ത്രജ്ഞരുടെ ഈ പരിശ്രമങ്ങള്‍ക്കെല്ലാം പരിമിതമായ പ്രയോജനമേ ഉണ്ടായുള്ളു. വേദാര്‍ത്ഥഗ്രഹണത്തിന് ഭാരതീയവ്യാഖ്യാതാക്കളെ, പ്രത്യേകിച്ച് താരതമ്യേന ആധുനികനായ സായണാചാര്യരെത്തന്നെ സര്‍വാത്മനാ ആശ്രയിക്കണമെന്നതാണ് ഇന്നത്തെ നില. സായണന്‍ രചിച്ച വ്യാഖ്യാനസൗധത്തില്‍ അങ്ങിങ്ങ് ചില ചെറിയ അലങ്കാരവേലകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു മാത്രമേ ഇന്ത്യയുടെ പുറമേനിന്ന് സംഭരിച്ച സാമഗ്രികള്‍ ഉപകരിക്കുകയുള്ളു എന്ന് ഇപ്പോള്‍ പൊതുവേ ബോധ്യമായിരിക്കുന്നു.

പ്രാചീനജനതകളുടെ ആദ്യകാലസാഹിത്യകൃതികളധികവും നുള്ളു-
നുറുങ്ങുകളുടെ രൂപത്തിലേ നമുക്കു കിട്ടിയിട്ടുള്ളു എന്ന് പറഞ്ഞുവല്ലോ. ചിരന്തനമായ ഒരു മൗഖികപാരമ്പര്യത്തില്‍നിന്ന് തെരഞ്ഞെടുത്ത് സംഹിതാരൂപത്തില്‍ ഋഗ്വേദത്തെ ക്രമപ്പെടുത്തിയ സമയത്ത്, ഒട്ടു വളരെ ഋക്കുകള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കാം. എങ്കിലും, വൈപുല്യംകൊണ്ടും വൈവിധ്യംകൊണ്ടും അത്യന്തം സമൃദ്ധമായ ഒരു സാഹിത്യപൈതൃകമാണ്, ഇപ്പോള്‍ ലഭ്യമായ രൂപത്തില്‍ത്തന്നെ, ഋഗ്വേദസംഹിത. ഈ പൈതൃകത്തെ മനസ്സിലാക്കാനും, അതുകൊണ്ടുള്ള പ്രയോജനം നേടാനും ഇക്കാലത്ത് ശ്രമിക്കുന്നത് വിരലിലെണ്ണാവുന്ന ഏതാനും വേദപണ്ഡിതന്മാര്‍ മാത്രമാകുന്നു. ഇവരില്‍ പ്രാമാണികരായ പലരും യൂജ്ഞോപ്പിലോ, അമേരിക്കയിലോ, ആസ്‌ത്രേലിയയിലോ ഒക്കെ ഉള്ള സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്ന വരാണ്. വേദം കാണാപാഠം പഠിക്കാനും, സ്വരം തെറ്റാതെ ഉച്ചരിക്കാനും ആണ് ഇന്ത്യയിലെ വേദവിദ്യാര്‍ത്ഥികളിലധികം പേരും ശ്രമിക്കുന്നത്.
പദപാഠം, ക്രമപാഠം, രഥപാഠം, ജടാപാഠം, ഘനപാഠം മുതലായ ആലാപന വിശേഷങ്ങളില്‍ വൈദഗ്ദ്ധ്യം ആര്‍ജ്ജിക്കുവാന്‍ ചിലര്‍ യത്‌നിക്കുന്നു. എന്നാല്‍ വേദമന്ത്രങ്ങളുടെ പൊരുള്‍ മനസ്സിലാക്കാനും, അതില്‍നിന്ന് ഉളവാകുന്ന സംസ്‌കാരം ആര്‍ജ്ജിക്കാനും ശ്രമിക്കുന്ന ഭാരതീയര്‍ വളരെ കുറവാണ്. അല്പം സംസ്‌കൃതഭാഷാപരിജ്ഞാനവും കുറെയധികം ജിജ്ഞാസയും ധാരാളം പരിശ്രമശീലവുമുണ്ടെങ്കില്‍, സായണന്‍ മനസ്സിലാക്കിയ രീതിയിലെങ്കിലും വേദമന്ത്രങ്ങളുടെ അര്‍ത്ഥം ആര്‍ക്കും ഉള്‍ക്കൊള്ളാവു ന്നതേയുള്ളു. ഭാരതീയരായ സംസ്‌കൃതവിദ്യാര്‍ത്ഥികള്‍ പൊതുവെ വേദാര്‍ത്ഥവിചിന്തനത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നത് ദുഃഖകരം മാത്രമല്ല, ലജ്ജാകരം കൂടിയാകുന്നു.

ബുദ്ധിമുട്ടി ഋഗ്വേദം പഠിച്ചിട്ട് ഇന്ന് എന്തുകിട്ടാനുണ്ട്? ഇന്നും പലതും കിട്ടാനുണ്ട് എന്നാണ് ഉത്തരം. ഒന്നാമത്, ഋഗ്വേദത്തിലെ പല സൂക്തങ്ങളും ഉല്‍കൃഷ്ടമായ സാഹിത്യമാകുന്നു. ഭാഷയുടെ സൗന്ദര്യവും സങ്കല്പ ത്തിന്റെ ഉദാത്തതയും അവയില്‍ സവിശേഷമായി അനുഭവപ്പെടുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ ബാല്യത്തില്‍ സഹജമായിരുന്നിരിക്കാവുന്ന കൗതൂഹലവും സരളതയും വിശ്വാസവും വീക്ഷണസ്ഫുടതയും ആശയും പ്രതീക്ഷയും ആഹ്ലാദവും ഋഗ്വേദകവികളില്‍ മിക്കവരുടെയും പ്രത്യേക തയാകുന്നു. മനുഷ്യചേതനയുടെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ കൗമാരകാലത്തെ, അതിന്റെ എല്ലാ മാധുര്യത്തോടുംകൂടി, നാം ഈ സൂക്തങ്ങളില്‍ ആസ്വദിക്കുന്നു. വൈദികസാഹിത്യത്തിന്റെ തനിമ ആണ് ഇത്; വൈദികസാഹിത്യം അനന്യാദൃശവും അനര്‍ഘവുമായതിന്റെ മുഖ്യകാരണവും ഇതുതന്നെ.

പില്ക്കാലത്തെ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സാഹിത്യം മുഴുവന്‍ വേരോടി നില്ക്കുന്നത് വൈദികസാഹിത്യത്തിലാകുന്നു. വൈദികസാഹിത്യത്തിന്റെ അനുപ്രവേശം രാമായണത്തിലും മഹാഭാരതത്തിലും വലിയ തോതിലുണ്ട്. ഭാഗവതത്തിലാണെങ്കില്‍, വേദത്തില്‍നിന്നു നേരിട്ടും അല്ലാതെയുമുള്ള ഉദ്ധാരണങ്ങള്‍ക്കു കണക്കില്ല. മറ്റ് ഇതിഹാസപുരാണങ്ങളുടെയും സ്ഥിതി ഏറെക്കുറെ ഇതുതന്നെയാണ്. വേദാര്‍ത്ഥത്തിന്റെ ഉപബൃംഹണമാണ് ഇതിഹാസപുരാണങ്ങളെന്നത്രേ ഭാരതീയ സിദ്ധാന്തം. വേദമന്ത്രങ്ങളെ ഉള്ളടക്കിയ ചിമിഴുകളാണ് കാളിദാസപദ്യങ്ങളില്‍ പലതും. കാളിദാസന്റെ പല പദ്യങ്ങളുടെയും അര്‍ത്ഥം ശരിക്ക് മനസ്സിലാവണമെങ്കില്‍, പല ഉപമകളുടെയും സ്വാരസ്യം ആസ്വാദ്യമാകണമെങ്കില്‍, അവ സൂചിപ്പിക്കുന്ന വേദഭാഗങ്ങള്‍ ഓര്‍മയില്‍ വരണം. വൈദികസാഹിത്യത്തിലെ ഒരു ഉപാഖ്യാനമാണല്ലോ ”വിക്രമോര്‍വശീയ” രചനയില്‍ കാളിദാസന്‍ ഉപജീവിച്ചിട്ടുള്ളത്. ഇങ്ങേ അറ്റം, രവീന്ദ്രനാഥടാഗോറിന്റെ ”ഗീതാഞ്ജലി” ശരിക്കു മനസ്സിലാക്കണമെങ്കില്‍ത്തന്നെ വൈദികസാഹിത്യപശ്ചാത്തലം ആവശ്യമാകുന്നു. വേദത്തെപ്പറ്റി സാമാന്യമായെങ്കിലും ഗ്രഹിക്കാതെ, ഒരാള്‍ക്ക്ഇന്ത്യന്‍സാഹിത്യത്തില്‍ എങ്ങനെ അവഗാഹമുണ്ടാകാനാണ്?

സാഹിത്യത്തിന്റെ ഒരു പ്രമുഖഘടകമായി കരുതപ്പെട്ടുവരുന്ന ”മിത്തോളജി” (ഐതിഹ്യകഥാഖ്യാനങ്ങളും ദേവതാസങ്കല്പനങ്ങളും) ഇപ്പോള്‍ സ്വയംപര്യാപ്തമായ ഒരു വിജ്ഞാനവിഭാഗമായി വളര്‍ന്നിട്ടുണ്ട്. ആധുനിക മനഃശാസ്ത്രം, പ്രത്യേകിച്ച് യുങ്ങ് സ്ഥാപിച്ച മനഃശാസ്ത്രവിഭാഗം, ”മിത്തോളജി”ക്ക് പരമമായ പ്രാധാന്യം കല്പിക്കുന്നു. ഋഗ്വേദത്തിലെ ”മിത്തോളജി” വിപുലവും വിചിത്രവും രസകരവുമാണ്. മാത്രമല്ല, സുമേ ര്യര്‍, ഈജിപ്ഷ്യര്‍, ഇസ്രായേല്യര്‍, യവനര്‍ മുതലായ പ്രാചീനജനതകളുടെ മിത്തോളജികള്‍ അധ്യയനം ചെയ്യുന്നതിന് ശരിയായ പശ്ചാത്തലം ഋഗ്വേദമിത്തോളജി നല്കുന്നുമുണ്ട്. താരതമ്യാത്മകപഠനമാണ് ”മിത്തോ ളജി”യോടുള്ള സമീചീനമായ സമീപനം. ലോകമിത്തോളജികള്‍ക്കിടയില്‍ അദ്വിതീയമായ സ്ഥാനമാണ് വേദമിത്തോളജിക്കുള്ളത്.

മിത്തോളജിപോലെത്തന്നെ ഒരു സ്വതന്ത്രവിജ്ഞാനശാഖയായി വളര്‍ന്നിട്ടുണ്ട് മതാചാര (റിച്വല്‍) പഠനം. ഋഗ്വേദീയമതാചാരങ്ങള്‍പോലെ വൈചിത്ര്യവും വൈപുല്യവും സമഗ്രതയും മറ്റധികം മതാചാരങ്ങള്‍ക്കുമില്ല. വൈദികമതാചാരങ്ങള്‍ക്കുള്ള ഒരു സവിശേഷത അവയുടെ പ്രതീകാത്മ കതയാണ്. ഒരേ കര്‍മ്മം തന്നെ ആധിഭൗതികതലത്തിലെന്നപോലെ ആധി ദൈവികതലത്തിലും ആധ്യാത്മികതലത്തിലും സാര്‍ഥകത കൈവരിക്കു ന്നത് പ്രതീകാത്മകതമൂലമാകുന്നു. മതതാരതമ്യവിജ്ഞാനം, മതചരിത്രം മുതലായ വിജ്ഞാനശാഖകള്‍ പാശ്ചാത്യനാടുകളില്‍ ഉറവെടുത്തതുതന്നെ വൈദികമതാചാരപഠനത്തെ ആധാരമാക്കിയാണ്. വേദങ്ങളിലെ മിത്തോളജിയും മതാചാരങ്ങളും ഇന്നും സജീവങ്ങളായി, വിപുല ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നുവരുന്നുണ്ടെന്ന വസ്തുതയും പ്രസ്താവ്യമാകുന്നു.

പ്രാചീനഭാരതത്തിന്റെ ചരിത്രം പഠിക്കുന്നതിനെന്നപോലെ പ്രാചീനജനതകളുടെ സമൂഹവിജ്ഞാനം പഠിക്കുന്നതിനും വേദപഠനം ഗണ്യമായ സഹായം നല്‍കുന്നു. ഗോത്രങ്ങളായി വിഭജിക്കപ്പെട്ട, ജാതികളായി വിഭജിക്കപ്പെടാന്‍ തുടങ്ങിയ, പല പരിഷ്‌കൃത കര്‍ഷകസമൂഹങ്ങളെ നാം ഋഗ്വേദത്തില്‍ കാണുന്നു. മനുഷ്യചരിത്രത്തില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ളപല സംഭവങ്ങളും ഋഗ്വേദത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. പല തൊഴിലുകളിലേര്‍പ്പെട്ട, സംസ്‌കാരത്തിന്റെ പല വിതാനങ്ങളില്‍ വര്‍ത്തിക്കുന്ന, പല ജനതകളുടെ നിത്യജീവിതത്തിലെ വിശദാംശങ്ങളെപ്പറ്റി ഋഗ്വേദം നമുക്ക് അറിവു തരുന്നു. അവരുടെ തൊഴിലുകളെപ്പറ്റി, വിനോദങ്ങളെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, യുദ്ധങ്ങളെപ്പറ്റി, വിദ്യാഭ്യാസത്തെപ്പറ്റി, വ്യവസായ-വാണിജ്യങ്ങളെപ്പറ്റി, ഗൃഹ്യങ്ങളും ശ്രൗതങ്ങളുമായ ആചാരങ്ങളെപ്പറ്റി, ജീവിതത്തെയും മരണത്തെയും സംബന്ധിച്ച സങ്കല്പങ്ങളെപ്പറ്റി, എല്ലാം എത്രയധികം രസകരമായ വിവരങ്ങളാണ് ഋഗ്വേദം ഉള്‍ക്കൊള്ളുന്നത്!

സാഹിത്യമെന്നപോലെ എല്ലാ വിജ്ഞാനവിഭാഗങ്ങളും ഇന്ത്യയില്‍ ആരംഭിക്കുന്നത് വേദത്തില്‍നിന്നാകുന്നു. സംഖ്യാഗണിതംപോലെയുള്ള ശുദ്ധശാസ്ത്രങ്ങളായാലും, ക്ഷേത്രഗണിതം, വാസ്തുശില്‍പം, ജ്യോതിഷം, വൈദ്യശാസ്ത്രം മുതലായവപോലെയുള്ള പ്രായോഗികശാസ്ത്രങ്ങളായാലും, കൃഷി, പശുപാലനം എന്നിവപോലെയുള്ള സാങ്കേതികവിജ്ഞാനങ്ങളായാലും, ഇന്ത്യയില്‍ ഏതുവിഷയത്തിലും ഉപരിപഠനം നടത്തുന്നവര്‍ക്ക് അതാതു വിജ്ഞാനവിഭാഗത്തിലേക്ക് വേദം നല്‍കുന്ന വെളിച്ചം പ്രയോജന പ്രദമാകാതിരിക്കുകയില്ല.

സര്‍വോപരി, അദൈ്വത-ദൈ്വത-വിശിഷ്ടാദൈ്വതാദി അനന്ത പ്രഭേദപ്രഭിന്നമായ ഭാരതീയ തത്ത്വചിന്തയുടെ മുഴുവന്‍ അസ്തിവാരം വേദത്തിലാകുന്നു. പരസ്പരം വിരുദ്ധങ്ങളെന്നു തോന്നുന്ന വേദവാക്യങ്ങളുടെ സമന്വയനമാണ് ഭാരതീയദര്‍ശനങ്ങളുടെ പ്രതിപാദ്യത്തില്‍ ഏറെയും. വേദം ധര്‍മ്മമൂലമാകുന്നു. അതു സ്വതഃപ്രമാണമാണ്. സ്വന്തം പ്രാമാണ്യത്തിന് അതു മറ്റൊന്നിനെ ആശ്രയിക്കുന്നില്ല. വേദത്തിനു വിരുദ്ധമാകാത്തപ്പോള്‍ മാത്രമേ സ്മൃതിയും സദാചാരവും ആത്മതുഷ്ടിയും മറ്റും, ധര്‍മ്മനിര്‍ണ്ണയത്തെ സംബന്ധിച്ചിടത്തോളം, പ്രമാണമാവുന്നുള്ളു. അതിനാല്‍ സദാചാരശാസ്ത്രത്തിന്റെ അടിസ്ഥാനവും, ഇന്ത്യയില്‍, വേദം തന്നേ.

ഭാരതത്തില്‍ വേദാധ്യയനം ഇന്നും പ്രസക്തമാണെന്ന് സമര്‍ത്ഥിക്കുന്നതിന് ഈ ലഘുചര്‍ച്ച പര്യാപ്തമായിരിക്കുമെന്ന് വിശ്വസിക്കുന്നു.

അഗാധമെങ്കിലും വേദം അത്യന്ത സരളവുമാണ്. വിപുലമെങ്കിലും ഋഗ്വേദത്തിലെ സഹസ്രാധികം സൂക്തങ്ങളില്‍ ഓരോന്നും സ്വയം നിരാകാംക്ഷങ്ങളുമത്രേ. സാമാന്യമായ സംസ്‌കൃതപരിജ്ഞാനമുള്ള ആര്‍ക്കും അല്പം പരിശ്രമിച്ചാല്‍ വേദഭാഷ സുഗ്രഹമായിത്തീരും. വേദ മന്ത്രങ്ങളില്‍നിന്ന് സംഗതമായ ഒരു വാച്യാര്‍ത്ഥം നിഷ്‌കര്‍ഷണം ചെയെ്തടുക്കുകയെന്നത് പ്രയാസമുള്ള കാര്യമല്ല. സായണഭാഷ്യവും അതിനെ ആധാരമാക്കിയുള്ള ഈ ഭാഷാഭാഷ്യവും അദ്ധ്യേതാവിനെ ഈ വിഷയത്തില്‍
പൂര്‍ണ്ണമായും സഹായിക്കും.

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.