DCBOOKS
Malayalam News Literature Website

ലാസര്‍ ഷൈന്റെ കഥാസമാഹാരം ‘കൂ’

സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ തുടങ്ങിയ എട്ടു കഥകളുടെ സമാഹാരമാണ് ലാസര്‍ ഷൈന്‍ എഴുതിയ കൂ. തിരക്കഥാകൃത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സാമൂഹികപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്റെ ശ്രദ്ധേയമായ കഥകളാണ് ഇവയെല്ലാം.

പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് ‘കൂ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി.

കേരളത്തില്‍ എഴുത്തുകാരന് കഥകള്‍ നല്കുന്നത് മദ്ധ്യവര്‍ഗ്ഗമാണ്. സര്‍ക്കാര്‍ ജോലിക്കാരും പത്രക്കാരും മുന്‍ നക്‌സലൈറ്റുകളും നഗരജീവികളുമൊക്കെയാണ് സാധാരണ കഥകളില്‍ കഥാപാത്രങ്ങളായി നിറയുന്നത്. എന്നാല്‍ ലാസറാകട്ടെ കലയുടെ ഉറവിടം പ്രാകൃതലോക
മാണെന്ന് പോള്‍ ഗോഗിനെപ്പോലെ തിരിച്ചറിഞ്ഞ് അങ്ങോട്ടേക്കിറങ്ങുന്നു- എന്ന് അവതാരികയില്‍ എസ്. ഹരീഷ് അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായത്തെ അന്വര്‍ത്ഥമാക്കുംവിധത്തില്‍ തെരുവ് തെണ്ടികളും കൂട്ടിക്കൊടുപ്പുകാരും അതിലും വൃത്തികെട്ട പോലീസുകാരും ഒളിഞ്ഞുനോട്ടക്കാരുമൊക്കെ കൂവില്‍ കഥാപാത്രങ്ങളായി വരുന്നു.

എസ്. ഹരീഷ് എഴുതിയ അവതാരികയുടെ പൂര്‍ണരൂപം…

ലാസര്‍ ഷൈനെ എനിക്കിഷ്ടമാണോ, അറിയില്ല. പക്ഷേ അവന്റെ കഥകള്‍ നല്ലതാണ്.
കുറേനാള്‍ മുമ്പ് ഒരു ബന്ദ് ദിവസം ഒരു കുപ്പി നാടന്‍ വിഷദ്രാവകവുമായി ഞാന്‍ ബൈക്കുകളുടെ പിന്നിലും നടന്നുമൊക്കെയായി കോട്ടയത്തുനിന്നും കാക്കനാട്ടേക്ക് ഒരു സാഹസികയാത്ര നടത്തി. അവിടെ രണ്ടുപേര്‍ അക്ഷമരായി കാത്തിരിപ്പുണ്ട്. അവര്‍ക്കൊപ്പം തലയ്ക്കുചുറ്റും മുടികൊണ്ട് പുകപടലം തീര്‍ത്ത് ലാസറും ഉണ്ട്. അന്നേരം അവന്റെ കഥകള്‍ മലയാളം വാരികയിലോ മാതൃഭൂമിയിലോ വന്നിട്ടില്ല. എങ്കിലും ഇവന്‍ അപകടകാരിയാണെന്നും കഥകള്‍ എഴുതിയേക്കുമെന്നും ഇപ്പൊഴേ ഒറ്റച്ചവിട്ടു കൊടുത്താലോ എന്നും എനിക്ക് തോന്നി.
ആശങ്ക കൃത്യമായിരുന്നു.

നാടന്‍ അകത്തുചെന്നപ്പോള്‍ ലാസര്‍ സ്വഭാവം മാറ്റി. താന്‍ ഒരു വെട്ടുപോത്താണെന്നും എല്ലാവരേയും കുത്തിമറിക്കുമെന്നും പ്രഖ്യാപിച്ചു. പിന്നീടവന്‍ കൊള്ളാവുന്ന കഥകളുമെഴുതി.
ഒരേകാലത്ത് അല്പാല്പം കഥകളെഴുതുന്ന രണ്ടുപേര്‍ എന്നതില്‍ കവിഞ്ഞ് ഞങ്ങള്‍ക്കിടയില്‍ സാദൃശ്യങ്ങളൊന്നുമില്ല. ലാസര്‍ ഇപ്പോള്‍ ഒരു ആക്ടിവിസ്റ്റ് കൂടിയാണ് (അവന്റെ ഭാര്യയും അങ്ങനെത്തന്നെയാണെന്നതാണ് കഷ്ടം). ലോകം നന്നാക്കാമെന്ന് അവന്‍ വിചാരിക്കുന്നുണ്ടായിരിക്കണം. മനുഷ്യാവകാശമൊക്കെ വേണമെന്നും ചിന്തിക്കുന്നുണ്ടായിരിക്കണം.

പക്ഷേ ലോകം കൂടുതല്‍ അലമ്പാകണമെന്നും പിടിച്ചുപറിക്കാരും കൊള്ളക്കാരും പെരുകണമെന്നും ഈദി അമീനെയും മോദിയേയും കൊടി സുനിയേയും പോലെ കൂടുതല്‍ പേര്‍ ഉണ്ടാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. കഥയ്ക്കാവശ്യം പാപികളെയാണ് എന്നൊരു തിയറിയും ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യാവകാശമൊക്കെ മണ്ണാങ്കട്ടയാണ്. ചവിട്ടുംതോറും ചവിട്ടുന്ന കാലുകളെ ആദരവോടെ നോക്കുന്ന വിനീതവിധേയനാണ് മനുഷ്യന്‍.

ലാസറിന്റെ കഥകളില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടെങ്കില്‍ അതിലെനിക്ക് ഒരു താല്പര്യവുമില്ല. എന്തെഴുതിയാലും രാഷ്ട്രീയ കൃത്യത അന്വേഷിക്കുന്ന സാഹിത്യ കുറ്റാന്വേഷകര്‍ ആ പണി ചെയ്‌തോളും. ദൈനംദിന രാഷ്ട്രീയവും എഴുത്തുമായി ഒരു ബന്ധവുമില്ല. എഴുത്തുകാരന് രാഷ്ട്രീയമുണ്ടെങ്കില്‍ തന്നെ പിന്തിരിപ്പനാകുന്നതാണ് കൂടുതല്‍ നല്ലത്. കൃഷി സ്ഥലങ്ങളിലുള്ള, എന്നാല്‍ ആരും കാണാത്ത ഒരു ജീവിയുണ്ട്; ഊഴാന്‍. നമ്മള്‍ ഒരു തടം പയര്‍ നട്ടെന്നിരിക്കട്ടെ. പയര്‍ കിളിര്‍ത്തു വന്ന് രണ്ട് ഇല വന്നുകഴിയുമ്പോള്‍ രാവിലെ തോട്ടത്തിലെത്തി നോക്കി
യാല്‍ ഒരു ദയനീയ കാഴ്ച കാണാം. ഏറ്റവും കരുത്തുള്ള ചെടികള്‍ ഏതോ ജീവി മുറിച്ചിട്ടിരിക്കുന്നു. അത് ഊഴാന്റെ പണിയാണ്. ആ ജീവി ഉണ്ടെന്നറിയാമെന്നല്ലാതെ കാണാന്‍ കിട്ടില്ല. കുഞ്ഞുചെടി മുറിക്കുമ്പോളൂറി വരുന്ന അല്പം മധുരദ്രാവകമാണ് ഊഴാന്റെ ലക്ഷ്യം.

എഴുത്തുകാരന്റെ വിളവെടുപ്പും ഊഴാനെപ്പോലെയാണ്. ലാസര്‍ ഷൈനും എഴുതുമ്പോള്‍ ഒരു അധോതലജീവിയാണെന്ന് ഞാന്‍ കരുതുന്നു. കാരണം അവനുണ്ടാക്കുന്ന കഥാലോകം അത്ഭുതകരമാണ്. കേരളത്തില്‍ എഴുത്തുകാരന് കഥകള്‍ നല്കുന്നത് മദ്ധ്യവര്‍ഗ്ഗമാണ്. സര്‍ക്കാര്‍ ജോലിക്കാരും പത്രക്കാരും മുന്‍ നക്‌സലൈറ്റുകളും നഗരജീവികളുമൊക്കെയാണ് സാധാരണ കഥകളില്‍ കഥാപാത്രങ്ങളായി നിറയുന്നത്. എന്നാല്‍ ലാസറാകട്ടെ കലയുടെ ഉറവിടം പ്രാകൃതലോകമാണെന്ന് പോള്‍ ഗോഗിനെപ്പോലെ തിരിച്ചറിഞ്ഞ് അങ്ങോട്ടേക്കിറങ്ങുന്നു. ‘കാണാതെ പോയ ജലജ’യില്‍ പുതിയലോകത്തേക്കും ഗോത്രകാല മനുഷ്യരിലേക്കും ഇടവിട്ടിടവിട്ടുണ്ടാകുന്ന സഞ്ചാരങ്ങള്‍ ഓര്‍മ്മിക്കാം.തെരുവ് തെണ്ടികളും കൂട്ടിക്കൊടുപ്പുകാരും അതിലും വൃത്തികെട്ട പോലീസുകാരും ഒളിഞ്ഞുനോട്ടക്കാരുമൊക്കെ കഥാപാത്രങ്ങളായി വരുന്നു.

എല്ലാവര്‍ക്കും ആഹാരമുണ്ടെന്നും ദിവസക്കൂലി എഴുനൂറ് രൂപയാണെന്നും വിചാരിക്കുന്ന കാലത്തും തെരുവിലെ ജീവിതത്തേയും പട്ടിണിയേയും പറ്റി ‘രസരാത്രി’ എന്ന കഥയെഴുതി ലാസര്‍ പ്രതിഭ തെളിയിക്കുന്നു. പുകാസായും സോഷ്യലിസ്റ്റ് റിയലിസവും ചേര്‍ന്നുണ്ടാക്കിയ
കപടയുക്തിചിന്തയുടെ നിഴലുണ്ട് മലയാളിയുടെ കലാസ്വാദനത്തിന് എപ്പോഴും. അതുകൊണ്ട് നമ്മള്‍ രജനീകാന്തിന്റെ സിനിമ കണ്ട് കയ്യടിക്കുകയും മലയാളസിനിമയില്‍ അതിഭാവുകത്വത്തിന്റെ നിഴലെങ്കിലും കണ്ടാല്‍ കൂവുകയും ചെയ്യുന്നു. നല്ല പെയിന്റിംഗ് കണ്ടാല്‍ അര്‍ത്ഥം ചോദിക്കുന്നു. കഥയോ കവിതയോ വായിക്കുമ്പോള്‍ ഗുണപാഠം ചികയുന്നു.

നമ്മുടെ വാരികകള്‍ മറിച്ചുനോക്കിയാലറിയാം സോദ്ദേശസാഹിത്യത്തിന് ഇവിടെ ഇപ്പോഴും എന്തുമാത്രം വിലയുണ്ടെന്ന്. ലാസറിന്റെ എഴുത്ത് ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്.
‘അണ്ഡ’വും ‘കൂ’വും ഒക്കെ ഉദാഹരണം. വീട്ടില്‍ പുലിയെ വളര്‍ത്തിയ പഞ്ചായത്ത് മെമ്പര്‍ റാഹേലിനെക്കുറിച്ചും അവര്‍ ആകാശത്തേക്ക് പറത്തിവിട്ട കെട്ടിയോനെക്കുറിച്ചും എഴുതാന്‍ മാത്രം ലാസര്‍ എഴുത്തില്‍ കൈക്കരുത്ത് തെളിയിച്ചിരിക്കുന്നു. ഭാഷയും ഉള്‍ക്കാഴ്ചയുമാണ് എഴുത്തിലേറ്റവും പ്രധാനം. പുതിയ എഴുത്തുകാരില്‍ അത് വേണ്ടത്രയുള്ളത് ലാസറിനാണ്.
ലാസര്‍ ഷൈന്‍ എന്ന ആക്ടിവിസ്റ്റ് രക്ഷപെടാതെ പോകട്ടെയെന്നും എഴുത്തുകാരന്‍ പച്ചപിടിക്കട്ടെയെന്നും ആശംസിക്കുന്നു.

Comments are closed.