DCBOOKS
Malayalam News Literature Website

ലോക ലഹരി വിരുദ്ധദിനം

ഇന്ന് ജൂണ്‍ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമാണ് ആചരിച്ചു വരുന്നത്. ലഹരിപദര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.

യുവജനങ്ങളാണ് പലപ്പോഴും ലഹരിയുടെ കെണിയില്‍ വീഴുന്നത്. ജീവിതം പോലും വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെ കുറിച്ച് യുവജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് യഥാര്‍ത്ഥ കാരണം. കേവലം ഒരു വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത ലഹരിയോടുള്ള അടിമത്തമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഒരിക്കലും പിന്‍മാറാന്‍ സാധിക്കാതെ ലഹരിയുടെ അഗാധര്‍ത്തത്തിലേക്കാണ് അവര്‍ വീണു പോകുന്നത്.

ലഹരികള്‍ വ്യക്തിജീവിതത്തേയും കുടുംബജീവിതത്തേയും അതിലുപരി സമൂഹത്തെ തന്നെയും ബാധിക്കുമ്പോഴാണ് പലപ്പോഴും ഗൗരവകരമായ ചിന്തകള്‍ ഉടലെടുക്കുന്നത്. അതിനാല്‍ ലഹരി ഉപയോഗത്തിനെതിരെ ആളുകളില്‍ പ്രചാരണം നടത്തുക എന്നത് മാത്രമല്ല, ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം.കൂട്ടായ പ്രയത്‌നവും ഇതിന് ആവശ്യമാണ്.

Comments are closed.