DCBOOKS
Malayalam News Literature Website

കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ദുരന്തങ്ങളും, അവയുടെ പരിഹാരമര്‍ഗ്ഗങ്ങളും; മുരളി തുമ്മാരുകുടി എഴുതുന്നു…

കേരളത്തിലുണ്ടായ ദുരന്തങ്ങളും, അതില്‍നിന്നും നമുക്ക് പഠിക്കാന്‍ പറ്റിയ പാഠങ്ങളും ഉള്‍ക്കൊള്ളിച്ച് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി തലവന്‍  മുരളി തുമ്മാരുകുടി എഴുതിയ കൃതിയാണ് ഹൊ-കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാര്‍ഗ്ഗങ്ങളും . മറ്റുനാടുകളെ അപേക്ഷിച്ച് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളും അവ വരുത്തിവെച്ച കെടുതികളും അതിന് നാം സ്വീകരിച്ച നിവാരണപ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുകയാണ് ഈ പുസ്തകത്തിലൂടെ.  ഈ പുസ്തകത്തിന്റെ ലക്ഷ്യം ചരിത്രരചനയല്ല. പഴയ കാലത്തെ ദുരന്തങ്ങളില്‍നിന്നും സമൂഹം എന്തു പഠിച്ചു, അല്ലെങ്കില്‍ എന്തു പഠിക്കണം എന്നതാണ് പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം. കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന് മുരളി തുമ്മാരുകുടി എഴുതിയ ആമുഖം..

‘കേരളത്തിലെ ദുരന്തങ്ങള്‍’ 

ദുരന്തം എന്ന മലയാളവാക്ക് ഡിസാസ്റ്റര്‍ എന്ന ഇംഗ്ലിഷ് വാക്കിന്റെ പരിഭാഷയായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇംഗ്ലിഷില്‍ ട്രാജഡി, ആക്‌സിഡന്റ് എന്നീ പദങ്ങള്‍ ഉപയോഗിക്കേണ്ടിടത്തും മലയാളികള്‍ ദുരന്തം എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വൈപ്പിനില്‍ ഉണ്ടായ മദ്യദുരന്തം ഇംഗ്ലിഷില്‍ ഹുച്ച് ട്രാജഡിയും പെരുമണ്ണിലെ ട്രെയിന്‍ ദുരന്തം ഇംഗ്ലിഷില്‍ ട്രെയിന്‍ ആക്‌സിഡന്റും ആണ്. അങ്ങനെയാകുമ്പോള്‍ ഇംഗ്ലിഷിലെ ഡിസാസ്റ്ററിലും വ്യാപകമായ അര്‍ത്ഥമാണ് മലയാളത്തിലെ ദുരന്തത്തിനുള്ളത്.
അതേസമയംതന്നെ സുരക്ഷയുമായി ബന്ധപ്പെട്ട ഏറെ കാര്യങ്ങള്‍ ദുരന്തം എന്ന വാക്കിന് പുറത്താണ് താനും. കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ശരാശരി നൂറിനും ഇരുനൂറിനും ഇടയില്‍ ആളുകളാണ് നാം ദുരന്തം എന്നു വിശേഷിപ്പിക്കുന്ന, അതായത് വെള്ളപ്പൊക്കം, മലയിടിച്ചില്‍, ഇടിമിന്നല്‍, പടക്കശാലയിലെ അപകടം, ആരാധനാലയങ്ങളില്‍ ഉണ്ടാകുന്ന തിരക്കോ മറ്റപകടങ്ങളോ എന്നീ സംഭവങ്ങളില്‍ മരിക്കുന്നത്. അതേസമയം കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ഏതാണ്ട് എണ്ണായിരം പേര്‍ക്കാണ് അപകടങ്ങളില്‍ അകാലമരണം സംഭവിക്കുന്നത്. നാലായിരത്തോളം പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. ആയിരത്തി അഞ്ഞൂറിലധികം പേര്‍ മുങ്ങിമരിക്കുന്നു. എഴുനൂറിലധികം പേര്‍ ഉയരങ്ങളില്‍നിന്നും വീണുമരിക്കുന്നു എന്നിങ്ങനെ. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ഒറ്റയ്ക്കുള്ള മരണമായതിനാല്‍ അതൊരു ദുരന്തത്തിന്റെ നിര്‍വചന ത്തില്‍ വരുന്നില്ല. പക്ഷേ, പലതുള്ളി പെരുവെള്ളം എന്നു പറഞ്ഞതുപോലെ ഒരു സംസ്ഥാനത്ത് വര്‍ഷത്തിലുണ്ടാകുന്ന എണ്ണായിരം പേരുടെ മരണം ഒരു ദുരന്തമല്ലെങ്കില്‍ മറ്റെന്താണ്?

അതിനാല്‍ കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാര്‍ഗ്ഗങ്ങളും എന്ന പുസ്തകം ദുരന്തത്തെ അതിന്റെ ഏറ്റവും വ്യാപകമായ കാഴ്ചപ്പാടിലാണ് സ്വീകരിക്കാന്‍ പോകുന്നത്. ഒറ്റയ്ക്കുള്ള വലിയ അപകടസംഭവങ്ങളും ഒറ്റയ്‌ക്കൊറ്റയ്ക്കായി നടക്കുന്ന പല അപകടമരണങ്ങളുടെ കൂട്ടവും ദുരന്തമായി പരിഗണിച്ച് അതിനെ വിശകലനം ചെയ്യും. അതേസമയം ഈ പുസ്തകത്തിന്റെ ലക്ഷ്യം ചരിത്രരചനയല്ല. പഴയ കാലത്തെ ദുരന്തങ്ങളില്‍നിന്നും സമൂഹം എന്തു പഠിച്ചു, അല്ലെങ്കില്‍ എന്തു പഠിക്കണം എന്നതാണ് പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം.കേരളത്തിന്റെ ഭാവിയിലേക്കു നോക്കുമ്പോള്‍ ദുരന്തങ്ങള്‍ എങ്ങനെയായിരിക്കും സംഭവിക്കുക എന്ന് പ്രവചിക്കുക എളുപ്പമല്ലെങ്കിലും ചില സൂചനകള്‍ ഇപ്പോഴേ ലഭ്യമാണ്. സാമ്പത്തികമായി പുരോഗതിയിലേക്കു പോകുന്ന ഒരു നാടാണ് കേരളം. സാധാരണയായി സാമ്പത്തികപുരോഗതി നേടുന്ന രാജ്യങ്ങളില്‍ ദുരന്തങ്ങളില്‍പെട്ടുള്ള മരണനിരക്ക് കുറയും. അതേസമയം സാമ്പത്തികനഷ്ടം കൂടുകയും ചെയ്യും. ശരാശരിവരുമാനം കൂടുമ്പോള്‍ മനുഷ്യജീവന് വ്യക്തിയും സമൂഹവും കൂടുതല്‍ വില നല്‍കുന്നു എന്നതും അതുകൊണ്ടുതന്നെ അപകടവും ദുരന്തവും മരണവും ഒഴിവാക്കാന്‍ കൂടുതല്‍ സമയവും പണവും ചെലവാക്കും എന്നതുമാണ് പൊതുവേ മരണസംഖ്യ കുറയാന്‍ കാരണം. അതേസമയം വ്യക്തിയുടെയും സമൂഹത്തിന്റെയും കൈയില്‍ കൂടുതല്‍ സ്ഥാവരജംഗമസ്വത്തുക്കള്‍ ഉള്ളതിനാല്‍ ഒരു വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ കൊടുങ്കാറ്റോ ഉണ്ടായാല്‍ പണ്ടുണ്ടായതിന്റെ പത്തിരട്ടി ധനനഷ്ടം ഉണ്ടാകുകയും ചെയ്യും. ഈ രണ്ടു കാര്യങ്ങളും മനസ്സിലാക്കി വേണം കേരളത്തിലെ ദുരന്തലഘൂകരണരംഗത്തിന്റെ ഭാവി തീരുമാനിക്കാന്‍.

കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്‌നമാണ് ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും. ആഗോളതാപനം, മഴ, തീക്കാറ്റ്, കടലാക്രമണം എന്നീ ദുരന്തങ്ങളുടെ സാന്ദ്രതയും വ്യാപ്തിയും കൂടുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പ്രവചിച്ചിരിക്കുന്നത്. ഈ നൂറ്റാണ്ടില്‍ കേരളത്തെ ബാധിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ എന്തൊക്കെയായിരിക്കും? നൂറുവര്‍ഷം മുന്‍പ് പ്രസക്തമല്ലാതിരുന്ന വന്‍ ഫാക്ടറി ദുരന്തങ്ങള്‍, വിമാനാപകടങ്ങള്‍, കടലിലെ വലിയ എണ്ണച്ചോച്ചകള്‍, ആണവസംവിധാനങ്ങളിലെ അപകടങ്ങള്‍ എന്നിങ്ങനെ പല ദുരന്ത സാധ്യതകളും മനുഷ്യന്റെ ബുദ്ധിയില്ലാത്ത പ്രവൃത്തികൊണ്ട് ഉണ്ടായിട്ടുണ്ട്. ഭാഗ്യത്തിന് ഇവയൊന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ക്കെല്ലാം സാധ്യതയുള്ള പ്രദേശമാണ് കേരളം. അതിനെ പ്രതിരോധിക്കാന്‍ നാം തയ്യാറാവണം. ദുരന്തങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുടെ കാര്യത്തിലും കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ മറ്റെവിടെയുംപോലെ ഏതു ദുരന്തമുണ്ടാകുമ്പോഴും തല്‍ക്കാലത്തേക്ക് തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഒരു ദുരന്തനിര്‍വഹണ സംവിധാനമാണ് നമുക്ക് ഉണ്ടായിരുന്നത്. പക്ഷേ, 2004-ലെ സുനാമി കാര്യങ്ങള്‍ മാറ്റിമറിച്ചു. ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും ആസൂത്രിതമായ സംയോജനസംവിധാനങ്ങളുടെയും കുറവ് ആ ദുരന്തം തെളിയിച്ചു. അതിന്റെ ഫലമായി പുതിയ നിയമങ്ങള്‍ ഉണ്ടായി, വിദഗ്ദ്ധര്‍ ഉണ്ടായി, പുതിയ തലമുറയെ സുരക്ഷാപാഠങ്ങള്‍ പഠിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ ഉണ്ടായി. മുമ്പത്തെക്കാളും ദുരന്തങ്ങളെ നേരിടാന്‍ ഇപ്പോള്‍ കേരളം സജ്ജമാണ്. ഇങ്ങനെ കഴിഞ്ഞ നൂറ്റാണ്ടിലെ ദുരന്തങ്ങളും ഇനി വരുന്ന കാലങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളും അതിന്റെ പരിഹാരങ്ങളും ഈ പുസ്തകം പ്രതിപാദിക്കുന്നു.

Comments are closed.