DCBOOKS
Malayalam News Literature Website

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.99 അടിയാക്കി കുറയ്ക്കണമെന്ന് സുപ്രീം കോടതി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് തമിഴ്‌നാടിനോട് സുപ്രീം കോടതി. ഈ മാസം 31 വരെ ജലനിരപ്പ് 139.99 അടിയാക്കി നിലനിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. സംയുക്ത മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണം. ജനങ്ങളുടെ സുരക്ഷ മാനിച്ച് ഇരു സംസ്ഥാനങ്ങളും സഹകരിച്ചു മുന്നോട്ടു പോകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതി കഴിഞ്ഞ 17-ന് നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേര്‍ന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയവും കേരളത്തിലെ പ്രളയദുരിതാശ്വാസ നടപടികളും സുപ്രീം കോടതി ഇന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.

മഴക്കാലം തീരുന്ന അടുത്തമാസം 15 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139-140 അടിയാക്കി നിലനിര്‍ത്താനാണ് കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തത്. ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്രവും പിന്തുണച്ചു.

Comments are closed.