DCBOOKS
Malayalam News Literature Website

ജീവിതത്തിലേക്കു പണിത പാലങ്ങൾ

ഷാജി ജേക്കബ്

‘മരണം സുനിശ്ചിതമാണെന്നറിഞ്ഞിട്ടും നാം ജീവിക്കാതിരിക്കുന്നില്ലല്ലോ. അതുപോലെ, ഓരോ പുസ്തകവും അവസാനിക്കുമെന്നറിഞ്ഞിട്ടും നാം വായിക്കാതെയുമിരിക്കുന്നില്ല’ (‘We never stop reading, although every book comes to an end, just as we never stop living, although death is certain’) എന്ന് റോബർട്ടോ ബൊളാനോ. അവസാനിക്കുമെന്നറിഞ്ഞിട്ടും, ജീവിതത്തിലെന്നതുപോലെ വായനയിലുമുള്ള അപാരമായ അഭിനിവേശങ്ങളുടെ അക്ഷരരൂപമാണ് തന്റെ ഓരോ കഥയും എന്ന് സന്തോഷ്‌കുമാറും കരുതുന്നുണ്ടാവണം. അതുകൊണ്ടുതന്നെ അവ വായനയിൽനിന്ന് എഴുത്തിലൂടെ ജീവിതത്തിലേക്കു നീട്ടിപ്പണിത ഓരോ പാലമായി മാറുന്നുണ്ട്. ആധുനികാനന്തര മലയാള ചെറുകഥയിലെ (1990-) ഏറ്റവും മികച്ച എഴുത്തുകാരൻ എന്നുതന്നെ വിളിക്കാവുന്ന സന്തോഷിന്റെ നാല്പത്തഞ്ചു കഥകളുടെ ആ സമാഹാരം, ജീവിതത്തിലെ അതിവന്യവും മൃഗസമാനവുമായ കാമനകളുടെയും മുറിവേറ്റ ഹൃദയാനുഭവങ്ങളുടെയും പിടിതരാത്ത ജൈവചേതനകളുടെയും അളവറ്റ കരുണകളുടെയും മാത്രമല്ല, ചോരയിറ്റുനിൽക്കുന്ന ഹിംസകളുടെയും കളിയരങ്ങാണ്.

ഇത്രമേൽ അനാസക്തിയോടെ മർത്യജീവിതത്തിന്റെ ഉത്സവങ്ങളാഘോഷിക്കുന്ന മറ്റൊരു കഥാകൃത്ത് ഈ തലമുറയിലില്ല; ഇത്രമേൽ നിസംഗതയോടെ നരഹത്യയുടെ കൊടും പാപകഥകളെഴുതുന്ന മറ്റൊരു കഥാകൃത്തും. ഒരു കൈയുടെ വിരലിലെണ്ണിത്തീർക്കാവുന്ന ഒന്നാംകിട സമകാല കഥാകൃത്തുക്കളുടെയും അവരുടെ തലതൊട്ടപ്പന്മാരായ ആനന്ദ്, സക്കറിയ, മാധവൻ എന്നിവരുടെയും ഭാവനാഭൂമിശാസ്ത്രങ്ങളിൽ നിന്നായിരിക്കും ഭാവി ആധുനികാനന്തര മലയാള ചെറുകഥയുടെ ചരിത്രമെഴുതുക. നിസംശയം പറയാം, സന്തോഷ്‌കുമാറായിരിക്കും അതിലെ ‘നടു’നായകൻ.

1994-2014 കാലത്തെഴുതിയവയാണ് ഈ കഥകൾ. അവയിൽ പകുതിയിലധികവും ആധുനികാനന്തര മലയാളകഥയിലെ ഒന്നാംകിട രചനകളിൽപെടും. സ്ഥലകാലങ്ങളുടെ തുടർച്ചയോ അനുഭവങ്ങളുടെ നൈരന്തര്യമോ ജീവിതാഭിമുഖ്യങ്ങളുടെ സമാനതയോ ആഖ്യാനകലയുടെ ശൈലീവൽക്കരണമോ കൊണ്ട് ഒന്നു മറ്റൊന്നുപോലെ എന്ന് ഒരിക്കലും തോന്നിക്കാത്ത കഥകൾ. കുടുംബം, മതം, ജാതി, ലിംഗം, വർഗം, വർണം, തൊഴിൽ എന്നിങ്ങനെ മനുഷ്യന്റെ ഒരു സാമൂഹ്യാസ്തിത്വവും ഈ കഥകൾ പ്രശ്‌നവൽക്കരിക്കാതിരിക്കുന്നില്ല. തൃശൂരിന്റെ പ്രാന്തങ്ങളുടെയെന്നപോലെ ഉത്തരേന്ത്യൻ നഗര-ഗ്രാമങ്ങളുടെയും ജൈവഭൂപടമായി മാറുന്നു എത്രയെങ്കിലും കഥകൾ.

മനുഷ്യനെക്കുറിച്ചുള്ള ഗാഢമായ ചിന്തയുടെ വിചാരലോകങ്ങൾ. ജീവിപ്രകൃതങ്ങളെ, അവയുടെ നഗ്നഭാവങ്ങളിൽതന്നെ പരാവർത്തനം ചെയ്യുന്ന കഥനകല. സുഘടിതമായ കഥപറച്ചിലിലെന്നതിനെക്കാൾ അവസ്ഥകളുടെ ആഖ്യാനത്തിലുള്ള കൗതുകം. ഭാഷയുടെ ലാവണ്യാത്മകവും വാൾത്തലമൂർച്ചയുള്ളതുമായ വിന്യാസം. നിശിതവും സൂക്ഷ്മവുമായ ചരിത്ര, രാഷ്ട്രീയബോധങ്ങൾ. മനുഷ്യത്വത്തിലെന്നപോലെ മൃഗത്വത്തിലുമുള്ള അപാരമായ വിശ്വാസപ്രതീക്ഷകൾ. പ്രത്യയശാസ്ത്രങ്ങൾ കടപുഴകിവീണ കാലത്തിന്റെ കടംകഥകൾ. അസാധാരണമായ പ്രമേയവൈവിധ്യം. നിറജീവിതത്തിന്റെയും പടുമരണത്തിന്റെയും ദൃക്‌സാക്ഷ്യങ്ങളായി ഭാവനചെയ്യപ്പെടുന്ന കഥകൾ. അഴിഞ്ഞുപോകുന്ന ശരീരത്തിന്റെ ധൃഷ്യവും അധൃഷ്യവുമായ കാമനകളുടെ കറുത്തവാവുകൾ. ദൃശ്യബിംബങ്ങളുടെ കാവടിയാട്ടം നടക്കുന്ന ഭാഷയുടെ ഉത്സവപ്പറമ്പാണ് സന്തോഷിന്റെ കഥാലോകം. എല്ലാറ്റിനുമുപരി, ജനിമൃതികളുടെ ചൂതുകളിയിൽ നിന്നുരുവംകൊള്ളുന്നതാണ് സാഹിത്യത്തിന്റെ ലാവണ്യബോധമെന്ന തിരിച്ചറിവ്. സന്തോഷ്‌കുമാറിന്റെ കഥകളുടെ മൗലികവും ജീവിതനിർഭരവും മരണസന്നിഭവുമായ ലോകം ഭാവനയുടെ ഒരു ഗാലപ്പഗോസ് ദ്വീപുപോലെ സചേതനവും സജീവവുമാണ്.

വെറും വിപണിസൂത്രങ്ങളായി മാറുന്ന മർത്യജീവിതത്തിന്റെ ഭാഷാന്തരങ്ങളാണ് ഈ കഥാകൃത്തിന്റെ പല രചനകളും. ഹൃദയം ദ്രവിപ്പിക്കുന്ന ജീവിതദുരന്തങ്ങൾ അവയിൽ ചോരയിറ്റു നിൽക്കുന്നു. പുത്രദുഃഖത്തിന്റെ സൈബീരിയൻ ശീതക്കാറ്റുകൾ വീശിയടിക്കുന്ന, മിഖായേൽ ഷൊളൊഖൊവിന്റെ ‘ഒരു മനുഷ്യന്റെ വിധി’യിലെന്നപോലെ കണ്ണീരുറഞ്ഞ ബാല്യങ്ങൾ സന്തോഷിന്റെ ഒട്ടേറെ കഥകളിലുണ്ട്. പിതാപുത്രബന്ധത്തിന്റെ കരൾപിളരുന്ന സംഘർഷങ്ങളും കല്ലേപ്പിളർക്കുന്ന കല്പനകളും അവയിലുടനീളം കാണാം. ആത്മഹത്യയും കൊലപാതകവും മാത്രമല്ല, പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവുമൊക്കെയായ നാനാതരം ഹിംസകളുടെ ഉപപാഠപുസ്തകങ്ങൾപോലെ എഴുതപ്പെടുന്ന കഥകൾ. ഇത്രമേൽ ജീവിതവൈവിധ്യവും ഭാവബദ്ധതയും ആഖ്യാനസൂക്ഷ്മതയും തുടർച്ചയായി കഥകളിൽ നിലനിർത്തുന്ന മറ്റൊരു കഥാകൃത്ത് സമകാല മലയാള ഭാവനയിലില്ല. ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ എന്ന കഥയിൽ തുടങ്ങി ‘ചതിയുടെ വേദപുസ്തകം’ സൂചിപ്പിക്കുന്ന ‘നീചവേദ’മെന്ന കഥയിൽ അവസാനിക്കുന്ന ഈ ‘പുസ്തകം’ ഈ വസ്തുത അടിവരയിട്ടു തെളിയിക്കുന്നുണ്ട്.മരണമുൾപ്പെടെയുള്ള ദുരന്തങ്ങളുടെ ഹിംസാത്മകവും ഭീതിദവുമായ അധോലോകഭാവനയുടെ രചനകളാണ് സന്തോഷിന്റെ ഏറ്റവും മികച്ച കഥകൾ പലതും. ജീവിതമേ നീയെന്ത്? എന്ന് ആരും വിലപിച്ചുപോകുന്ന അവസ്ഥകളുടെ അത്ഭുതകരവും വിസ്മയഭരിതവുമായ സന്ദർഭങ്ങളുടെ മൂർത്തഭാവങ്ങൾ.ആഖ്യാനകലയുടെ കാവ്യപരതയിലും ഭാഷണകലയുടെ ദൃശ്യപരതയിലും ഒരേപോലെ ജാഗ്രത പുലർത്തുന്ന സന്തോഷിന്റെ കഥകൾ പ്രമേയത്തിനനുസൃതമായി ജന്തുജീവിതത്തിന്റെ ഗൂഢവും വന്യവുമായ അനുഭവങ്ങളുടെ മുള്ളിൻകെട്ടഴിക്കുന്നുവെന്നതാണ് അവയുടെ വായന നൽകുന്ന പ്രാഥമികപാഠം. മനുഷ്യർ മാത്രമല്ല സന്തോഷിന്റെ കഥാജീവിലോകത്തുള്ളത്. ‘ഗാലപ്പഗോസ്’ എന്ന ആദ്യ സമാഹാരത്തിലെ അതേപേരുള്ള കഥയിൽ സസ്യ-മൃഗ പ്രജ്ഞകളുടെമേൽ ദൈവം നടത്തുന്ന വിധിയെഴുത്തുപോലെ പ്രപഞ്ചത്തിന്റെ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടപ്പാകുന്നതു കാണാം. തുടർന്നങ്ങോട്ട് ഒരുപിടി കഥകളിലുണ്ട്, ജീവിവൈവിധ്യത്തിന്റെയും മനുഷ്യേതര സാന്നിധ്യങ്ങളുടെയും ചുട്ടുപൊള്ളിക്കുന്ന അകംപുറങ്ങൾ. മയിലുകളുടെ നൃത്തം, മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, ഉറുമ്പുകളെ ചവിട്ടിമെതിക്കുന്നതിലുള്ള സുഖം, ബോൺസായ്, ചേക്ക, കാറ്റാടിമരങ്ങൾ, സർപ്പസത്രം, പാശുപതം, മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ, മീനുകൾ, പണ്ടാലയുടെ പെട്ടകം…. അനന്തവൈവിധ്യമുള്ള ജീവലോകത്തിന്റെ ജന്മാന്തരബന്ധങ്ങൾ മൂർത്തരൂപം തേടുന്ന കഥകളുടെ എണ്ണം നീളുന്നു.

‘സങ്കടമോചന’ത്തിലെന്നപോലെ, ചതിയും പകയും ബലിയും വഞ്ചനയും ഊടുംപാവും നെയ്ത ചരിത്രത്തിന്റെയും മർത്യായുസ്സിന്റെയും അന്യാപദേശങ്ങളാണ് ഒരു വിഭാഗം കഥകൾ. വാണിഭമായി മാറുന്ന ജന്മങ്ങളുടെ ഇരുകാലിനൃത്തങ്ങൾ. ബാഘ്ബഹാദൂർ, തുങ്കങ്ങൾ, ചിത്രശാല, ദ്വീപ്, ചെറുപ്പക്കാരൻ എന്ന നിലയിൽ…, ജാരൻ, നീലനിറമുള്ള കുട്ടി, കന്യാദാനം, മൂന്നുവിരലുകൾ….എന്നിങ്ങനെ ഇവ പെരുകുന്നു. ഓരോന്നും വിഷംതീണ്ടിയ ജീവിതത്തിന്റെ ആത്മകഥ.

കുഞ്ഞുങ്ങളുടെ നക്ഷത്രജീവിതം ഇരുണ്ടുകെട്ടുപോകുന്നതിന്റെ നീചവേദങ്ങളാണ് ഒരുപക്ഷെ സന്തോഷിന്റെ ഏറ്റവും ഹൃദയസ്പർശിയായ കഥകൾ മിക്കതും. മാധവിക്കുട്ടിയും പത്മനാഭനും നന്തനാരും എഴുതിയ ബാല്യങ്ങളുടെ സ്വപ്നലോകങ്ങളിലല്ല സന്തോഷിന്റെ ഭാവന സഞ്ചരിക്കുന്നത്. സക്കറിയ എഴുതിയ ബാല്യത്തിന്റെ കാമമോഹിതങ്ങളിലുമല്ല. മതവും ദേശീയതയും വിപണിയും ഭരണകൂടവും പ്രത്യയശാസ്ത്രങ്ങളും ജീവിതത്തിന്റെ Textനരകവാതിലുകൾ കുഞ്ഞുങ്ങളുടെ നേർക്കു തുറന്നിട്ട, നമ്മുടെ കാലത്തിന്റെ നിഷ്ഠൂരമായ രാഷ്ട്രീയഹീനതകളിലാണ് ഈ കഥാകൃത്തിന്റെ കണ്ണുകൾ പതിയുന്നത്. ഗാലപ്പഗോസ്, ദ്വീപ്, നദിക്കരയിലേക്ക്, മയിലുകളുടെ നൃത്തം, നീലനിറമുള്ള കുട്ടി, വിലപിക്കുന്ന ബുദ്ധൻ, ഈദ്, ബോൺസായ്, ഒരു മരണം നിരവധി മരണങ്ങൾ, കാറ്റാടിമരങ്ങൾ, കൺകെട്ടുകൾ, മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ, പട്ടങ്ങൾ, മീനുകൾ…. കൺമുന്നിൽ നെടിയ ജീവിതങ്ങൾ കണ്ടു ഭയന്നും പടുമരണങ്ങൾ കണ്ടു വെറുങ്ങലിച്ചും നിൽക്കുന്ന കുട്ടികളുടെ വിധിവിപര്യയങ്ങളുടെ ലോകം എത്രമാത്രം സങ്കടഭരിതമാണെന്നറിയാൻ ഈ കഥകൾ വായിക്കുകതന്നെ വേണം.മരണമുൾപ്പെടെയുള്ള ദുരന്തങ്ങളുടെ ഹിംസാത്മകവും ഭീതിദവുമായ അധോലോകഭാവനയുടെ രചനകളാണ് സന്തോഷിന്റെ ഏറ്റവും മികച്ച കഥകൾ പലതും. ജീവിതമേ നീയെന്ത്? എന്ന് ആരും വിലപിച്ചുപോകുന്ന അവസ്ഥകളുടെ അത്ഭുതകരവും വിസ്മയഭരിതവുമായ സന്ദർഭങ്ങളുടെ മൂർത്തഭാവങ്ങൾ.മരണമുൾപ്പെടെയുള്ള ദുരന്തങ്ങളുടെ ഹിംസാത്മകവും ഭീതിദവുമായ അധോലോകഭാവനയുടെ രചനകളാണ് സന്തോഷിന്റെ ഏറ്റവും മികച്ച കഥകൾ പലതും. ജീവിതമേ നീയെന്ത്? എന്ന് ആരും വിലപിച്ചുപോകുന്ന അവസ്ഥകളുടെ അത്ഭുതകരവും വിസ്മയഭരിതവുമായ സന്ദർഭങ്ങളുടെ മൂർത്തഭാവങ്ങൾ. സങ്കടമോചനം… ഹിജഡകൾ, ദ്വീപ്, നീലനിറമുള്ള കുട്ടി, ഈദ്, അളവുകൾ, പിറ്റേന്ന്, ചാവുകളി, ഒരു മരണം നിരവധി മരണങ്ങൾ, തടാകം, കൺകെട്ടുകഥ, സർപ്പസത്രം, പാശുപതം, മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ, മാംസം, മീനുകൾ, മകുടി, നീചവേദം…. മരണത്തിന്റെ (മുൻകൂട്ടി പ്രവചിക്കാത്ത) പുരാവൃത്തങ്ങളായി മാറുന്നു, ഈ രചനകളോരോന്നും.

കുഞ്ഞുങ്ങളെക്കുറിച്ചുള്ളവയിലെന്നപോലെ ഹിംസയെക്കുറിച്ചുള്ള കഥകളിലും നിരന്തരമെന്നോണം രൂപപ്പെടുന്ന ജീവിതവ്യഥകളിലൊന്ന് പിതാപുത്രബന്ധത്തിലെ ഇരുണ്ട തുരങ്കങ്ങളും അവ സൃഷ്ടിക്കുന്ന നെഞ്ചുതകർക്കുന്ന മുഴക്കങ്ങളുമാണ്. അളവുകൾ, പിറ്റേന്ന്, മകുടി….. ഏതുകഥയും നോക്കുക.

അസാധാരണമായ ആഘാതശേഷിയുള്ള കല്പനകളും ബിംബങ്ങളും നിറഞ്ഞ, ആരുപോലെ തറഞ്ഞുകയറുന്ന ഭാഷയുടെ തുടർസാന്നിധ്യമാണ് സന്തോഷിന്റെ കഥകളെ വായനാക്ഷമമാക്കുന്ന മുഖ്യ ഘടകം. ഭാവബന്ധുരമായ ജീവിതഘട്ടങ്ങളെ ചോരയിറ്റുനിൽക്കുന്ന വാക്കുകളിലൂടെ ഈ കഥാകൃത്ത് നിരന്തരം പുതുക്കിപ്പണിയുന്നു. ഭയത്തിന്റെ അന്ധനീതികൾ ചുടലനൃത്തം ചെയ്യുന്ന ഒരു അസ്തിത്വസന്ദർഭം നോക്കുക. ‘ഒരു നിമിഷം ചന്ദ്രൻ സംശയിച്ചു നിന്നു. നേരിയ നാണത്തോടെ ഉടുത്തിരുന്ന കൈലി സാവധാനം തിറുത്തുകയറ്റി തന്റെ കാൽമുട്ടിനു മുകളിലുള്ള രോമരഹിത തുട കാണിച്ചു.

ആ വെളുപ്പിൽ വികൃതമായൊരു രൂപം കണ്ട് ഞാൻ ഞെട്ടിപ്പോയി അത് ആനയെന്നു വേണമെങ്കിൽ ധരിക്കാവുന്ന ആ രൂപം, അതിന്റെ ആകൃതിയെക്കുറിച്ച് ഒട്ടും ബോധവാനാകാത്തവിധം അതിർത്തികൾ ലംഘിച്ചു നില്പായിരുന്നു. തുമ്പിക്കൈയായി സങ്കല്പിക്കാവുന്ന ഒരുപാട് ഉദ്ധൃതമായ ലിംഗംപോലെ ഉയർന്നു നിൽക്കുന്നു. ഭയാനകമായൊരു ചിന്നംവിളി എന്റെ കാതിലൂടെ തുളഞ്ഞുപോയി.

ചന്ദ്രൻ ആ പച്ചകുത്തിയ പാടിൽ പതുക്കെ സ്പർശിച്ചു. മറ്റു രണ്ടുപേരും എന്റെ സാന്നിധ്യത്തെ ഭയപ്പെടുന്ന മട്ടിൽ തെല്ലിട സംശയിച്ചു നിന്നു. പിന്നെ അവരും ആ പച്ചയിൽ സൂക്ഷ്മമായി വിരലുകളോടിച്ച് ആനയെ അറിഞ്ഞു. അവരുടെ വിരലുകൾ അതിൽ സ്പർശിക്കുമ്പോൾ ചന്ദ്രൻ വല്ലാതെ ഇക്കിളിപ്പെടുന്നതായി എനിക്കു തോന്നി. അളവുകൾ തെറ്റിയ ആ ആന എന്നെ വെല്ലുവിളിക്കുന്നതായും.

അയാൾ മുണ്ട് പഴയ സ്ഥാനത്തേക്കിറക്കിയശേഷം നിഗൂഢമെങ്കിലും ഒട്ടൊരു സംതൃപ്തിയോടെ ചിരിച്ചു. പിന്നെ തന്റെ കറുത്ത കണ്ണടയെടുത്തണിഞ്ഞ് നിർവികാരതയോടെ എന്നെ നോക്കി.
കുറച്ചു സമയത്തേക്ക് എല്ലാവരും നിശ്ശബ്ദരായി.
മുറിയിലെ പഴഞ്ചൻ ക്ലോക്ക് ഒരു മണിയടിച്ചു: ഒമ്പതര.
ഞാൻ എഴുനേറ്റ് അവരോട് നന്ദിപറഞ്ഞു. മൂന്ന് അന്ധന്മാരും വാതിൽക്കലോളം എന്നെ അനുഗമിച്ചു. യാത്ര പറഞ്ഞ് മുറിക്ക് പുറത്തിറങ്ങിയപ്പോൾ ശേഖരന്റെ ശബ്ദംകേട്ടു: ‘ഒമ്പതരയല്ലേ അടിച്ചത്? ഇത് ഒരഞ്ചുമിനിട്ടെങ്കിലും മുമ്പാണ്. ചങ്ങാതീ, നിങ്ങൾ വേഗം ചെല്ലൂ. ഒമ്പതരയ്ക്ക് പവർകട്ടാണ്.
ഞാൻ ധൃതികൂട്ടാതെ, നടന്ന് എന്റെ മുറിയുടെ അടുത്തെത്തി. മുറി തുറന്നതും കറന്റ് നിലച്ചു. ചുറ്റുപാടും നിബിഡമായ ഇരുട്ടിൽ മുങ്ങിപ്പോയി.
മുറിയിൽ, ഇരുട്ടിന്റെ തിടംവച്ച ഒരാന കാത്തു നിൽക്കുന്നുണ്ടാവുമെന്ന് ഞാൻ ഭയന്നു’ (മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു).

പിതൃദുഃഖത്തിന്റെ മണൽക്കാറ്റു വീശുന്ന ഒരു നഷ്ടജന്മത്തിന്റെ നെടുവീർപ്പുകൾ കേൾക്കുക!
‘എല്ലാവിധത്തിലും ഒറ്റപ്പെട്ട ജീവിതമായിരുന്നു മുത്തച്ഛന്റേത്. ഞങ്ങളുടെയെല്ലാം ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുപോയി. അവരെ കണ്ട ഓർമ്മ എനിക്കില്ല. മരിക്കുന്നതിനുമുൻപ് ദീർഘനാൾ കിടപ്പിലായിരുന്നുവെന്നു കേട്ടിട്ടുണ്ട്. കുട്ടികളെല്ലാം മുതിർന്നു വലുതായ ഒരാൾക്ക് തന്റെ ഭാര്യ മരിച്ചുപോകുന്നതിനെക്കാൾ കവിഞ്ഞൊരു ദുരന്തം സംഭവിക്കാനില്ലെന്ന് മുത്തച്ഛൻ ഒരിക്കൽ എന്നോടു പറഞ്ഞു. വാർദ്ധക്യത്തിന്റെ ഏറ്റവും വലിയ കെടുതിയാണത്. യുവാക്കളും മദ്ധ്യവയസ്‌കരുമായ മക്കൾ അവരുടേതായ ജീവിതങ്ങൾക്കു പിന്നാലെ പായുകയായിരിക്കും. സ്വന്തം തിടുക്കങ്ങൾക്കിടയിൽ പ്രായം ചെന്നവർക്കായി നീക്കിവയ്ക്കാനുള്ള സമയവും സന്ദർഭങ്ങളും അവർക്കു കുറവായിരിക്കും. സ്ത്രീകളുടെ കാര്യം കുറച്ചു ഭേദമാണ്. ചുറ്റുപാടുകളോടു പൊരുത്തപ്പെടാൻ മിക്കപ്പോഴും അവർക്കു കഴിഞ്ഞെന്നു വരാം. പക്ഷേ, അനാവശ്യമായ ശാഠ്യങ്ങളും തീർപ്പുകളുമെല്ലാം മാറാപ്പുകൾപോലെ ചുമന്നുനടക്കുന്ന പുരുഷന്മാർ അപ്പോൾ കൂടുതൽ ഒറ്റപ്പെടുന്നു. ഒറ്റപ്പെടുന്നവരെക്കാൾ ദുഃഖിതരായി നമുക്കിടയിൽ വേറെ ആരുണ്ട്?’ (തടാകം).

നിഷ്‌ക്കളങ്കതയുടെ പച്ചപ്പിലേക്ക് ചോരപോലെ കിനിഞ്ഞിറങ്ങുന്ന ഹിംസയുടെ അവതാരലക്ഷ്യങ്ങളിലൊന്ന് സന്തോഷ് ഇങ്ങനെ കുറിച്ചിടുന്നു : ‘ബീരാന്റെ മകൻ ആ മുട്ട മണത്തു നോക്കി. അതിന്റെ പരുപരുപ്പ് അവനു നന്നായി ഇഷ്ടപ്പെട്ടതുപോലുണ്ടായിരുന്നു.
പിന്നെ കടിച്ചു കടിച്ചു വിളർത്ത വിരലുകൾകൊണ്ട് അത് അമർത്തിയ ശേഷം വായിൽച്ചേർത്ത് നാവുകൊണ്ട് നനച്ചു.

ക്രിക്കറ്റു കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ഇടയിൽനിന്നും ഒരു കൂവൽ കേട്ടു. ആരോ അതു ദുർബലമായി ആവർത്തിക്കുന്നുണ്ടായിരുന്നു.
ബീരാവുവിന്റെ ഉമ്മ തന്റെ ഊഴത്തെക്കുറിച്ചോർത്ത് വ്യാകുലപ്പെടുകയായിരുന്നു അപ്പോൾ. ഒരു കുടം വെള്ളം കിട്ടുന്നതിനും മുമ്പ് ആ പൈപ്പു നിലയ്ക്കുമെന്ന് അവർ പേടിച്ചു.
ദൂരെ, സ്റ്റേഷനിൽ നിന്നും ഒരുവണ്ടി പുറപ്പെടുന്നതിന്റെ വിലാപസ്വരം. ബീരാവുവിന്റെ കുട്ടി കുറച്ചുകൂടി സ്വതന്ത്ര്യമെടുത്തു. ഇത്തവണ അവൻ തന്റെ വളർന്നു തുടങ്ങിയ പല്ലുകൾകൊണ്ട് വലിപ്പമുള്ള ആ മുട്ടയിൽ ആഞ്ഞുകടിച്ചു.

-അപ്പോൾ ഒരു കുഞ്ഞു ശിരസ്സിനെ നുറുങ്ങുകളാക്കി എമ്പാടും ചിതറിച്ചുകൊണ്ട് ഘോരമായ ഒരു ശബ്ദത്തോടെ അതു പൊട്ടിത്തറിച്ചു’ (മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ).

ഴിയുന്ന ശരീരത്തിന്റെ വ്യർഥകാമനകൾക്കുമേൽ കെട്ടിപ്പൊക്കിയ മർത്യാഹന്തകളുടെ കടപുഴകുന്ന രംഗങ്ങളിലൊന്നു കാണുക. ‘അവൾ എഴുന്നേറ്റു പോയപ്പോൾ ഞാൻ വീണ്ടും ആ അരണ്ട വെളിച്ചം തെളിയിച്ചു. കട്ടിലിൽ നിന്നും എഴുന്നേറ്റ് ഞാൻ ജനാലയ്ക്കരുകിലെത്തി.
മൂക്കു വിടർത്തി ഞാൻ സ്വയം മണക്കാൻ ശ്രമിച്ചു.

-മേൽക്കുപ്പായം ഊരി. അവിടവിടെ ചെറിയ ചുളിവുകൾ വീണിരിക്കുന്നു. വ്യായാമമൊക്കെയുണ്ടെങ്കിലും ഭേദപ്പെട്ട കുടവയറുണ്ട്. കൈകളിൽ പഴയ മുറിവുകളുടെ കലകൾ. ചെറുപ്പത്തിൽ വാക്‌സിനേഷൻ ചെയ്ത സൂചിപ്പാടുകൾ.

ശരീരത്തിന്റെ ഓരോ ഭാഗവും പതുക്കെപ്പതുക്കെ പിടിച്ച് ഞാൻ മണത്തുനോക്കി.
ശരിയാണ്. മാംസം അഴുകുന്നതിന്റെ നേർത്ത ഗന്ധമുണ്ട്. ശരീരം എന്ന കെട്ട നെരിപ്പോടിൽനിന്നുള്ള പ്രാചീനമായ ദുർഗന്ധം….
ശരീരത്തിൽ നിന്നും ശവത്തിലേക്കുള്ള വളർച്ച….
അല്ലെങ്കിൽത്തന്നെ ആർക്കുള്ളിലാണ് അളിഞ്ഞുതുടങ്ങുന്ന ഒരു ശവമില്ലാത്തത്?’ (മാംസം).

പ്രാണനുവേണ്ടി പിടഞ്ഞുഴലുന്ന നിസ്വരായ ജന്തുക്കളുടെ നിശ്ശബ്ദ നിലവിളികൾ മഴപോലെ പെയ്തിറങ്ങുന്ന കഥാനുഭവങ്ങളിലൊന്ന് ഇങ്ങനെയാണ് : ‘മുഴുത്ത കുരങ്ങ് പാതിയടഞ്ഞ കണ്ണുകൾ തുറന്ന് ഞങ്ങളെ നോക്കി. അതിന്റെ ശരീരത്തിൽനിന്നും പതുക്കെപ്പതുക്കെ ചാക്ക് ഞങ്ങൾ ഊരിയെടുത്തു.

അതൊരു പെൺകുരങ്ങായിരുന്നു. വയറിനു താഴെ, കൈകൾ ചേർത്തു പിടിച്ച് ഒരു കുഞ്ഞു ജീവി കമിഴ്ന്നു കിടപ്പുണ്ടായിരുന്നു. അതിന്റെ ദേഹമാസകലം രക്തം പുരണ്ടിരുന്നു
കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ എനിക്കു തോന്നി. ആരും ഒന്നും പറഞ്ഞില്ല.
സർപ്പഫണം കൊത്തിയ ഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു. നിശ്ചലമായ കണ്ണുകൾ തുറന്ന്, കൈകൾ ചേർത്ത് ആ കുരുന്നു മൃഗം ഞങ്ങളെ തൊഴുന്നതുപോലെ തോന്നി.
‘തള്ളയ്ക്കു കുഴപ്പമില്ല’ പണ്ടാല അതിനെ നോക്കിക്കൊണ്ടു പറഞ്ഞു.
എന്നാലും അതിനു വയ്യ.’ കുട്ടായി പറഞ്ഞു
‘പേറിന്റെ ക്ഷീണമാ. മരുന്നു കഴിച്ചാൽ കൂടുതൽ ഉഷാറാവും.’ പണ്ടാല ചായ മൊത്തിക്കുടിച്ചു കൊണ്ടു തുടർന്നു: ‘എന്നാലും പിള്ള പോയി. കണക്കു കൂട്ടിയാൽ പത്തു രണ്ടായിരം രൂപ നിങ്ങളു വെറുതെ കളഞ്ഞു ബോസ്സ്.’
തള്ളക്കുരങ്ങ് ശിശുവിന്റെ ശരീരത്തെ തന്നോടു ചേർത്തു പിടിച്ചു. വിളക്കുകാലിൽനിന്നുള്ള വെളിച്ചം അതിന്റെ കണ്ണുകളിൽ തട്ടി പ്രതിഫലിച്ചു.
പ്രഭാതത്തിലെ ഇളംവെയിൽ പുൽത്തട്ടുകളിലെ മഞ്ഞുതുള്ളികളെ ഉരുക്കി. ആകാശത്തിലെ ചുവപ്പുരാശി മാഞ്ഞു.
പണ്ടാലയുടെ വീടിനു പിന്നിലെ കൂടുകളിൽനിന്നും അപ്പോൾ ഉണർന്നെണീറ്റ കുറുക്കനും കടുവയും ചെന്നായും ആഹാരത്തിനുവേണ്ടി അലറി വിളിച്ചു. ചോരമണക്കുന്ന ഒരു കാറ്റ് ഉദ്യാനത്തെ വലം വച്ചുകൊണ്ട് കടന്നു പോയി.
ആകാശത്തിലെ കുങ്കുമനിറമുള്ള ഭ്രമണപഥത്തിൽ നിന്നും ഇറങ്ങി വന്ന പരുന്ത് ഉദ്യാനത്തിലെ വിളക്കുകാലിനു മുകളിലിരുന്ന് ഭൂമിയെ അശാന്തമായി നോക്കി’ (പണ്ടാലയുടെ പെട്ടകം).

എഴുതിയത് ഷാജി ജേക്കബ്
കടപ്പാട് മറുനാടൻ മലയാളി ഓൺലൈൻ

Comments are closed.