DCBOOKS
Malayalam News Literature Website

കാലം ആവശ്യപ്പെടുന്ന ജയമോഹന്റെ കൃതി ‘നൂറ് സിംഹാസനങ്ങള്‍’ ; വായിക്കാം ഇ-ബുക്കായി

nooru simhasanangal
nooru simhasanangal

സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവലാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറ് സിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നുകാണിക്കുന്നു. പുസ്തകം ഇപ്പോൾ പ്രിയ വായനക്കാർക്ക് ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാം.

നോവലില്‍നിന്ന് 

“സിവില്‍സര്‍വീസിനുള്ള ഇന്റര്‍വ്യൂവില്‍ ഞാനിരുന്നപ്പോള്‍ ആദ്യത്തെ ചോദ്യംതന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു. അത് ഞാന്‍ പ്രതീക്ഷിച്ചതുമായിരുന്നു. വിയര്‍ത്ത കൈപ്പത്തികളെ മേശപ്പുറത്ത് പരന്നിരുന്ന കണ്ണാടിയില്‍ ഉരസിക്കൊണ്ട്, ഹൃദയമിടിപ്പു കേട്ടുകൊണ്ട്, ഞാന്‍ കാത്തിരുന്നു. എ.സി.യുടെ ”ര്‍ര്‍” ശബ്ദം. കടലാസുകള്‍ മറിയുന്ന ശബ്ദം. കടലാസുകള്‍ മറിയുന്നതുപോലെ അധികാരത്തെ ഓര്‍മിപ്പിക്കുന്ന മറ്റൊരു ശബ്ദമില്ല. വളരെ പതിഞ്ഞ ശബ്ദം. മര്‍മരം. പക്ഷേ, അതിനെ നമ്മുടെ ആത്മാവ് കേള്‍ക്കും. ഒരാള്‍ അനങ്ങിയപ്പോള്‍ കറങ്ങുന്ന കസേര ശബ്ദിച്ചു. അയാള്‍ വീണ്ടും എന്റെ കടലാസുകള്‍ നോക്കിയിട്ട്, ”നിങ്ങളുടെ ജാതി…മ്മ്” എന്ന് സ്വയം പറഞ്ഞ്, ”ഗോത്രവര്‍ഗത്തില്‍ നായാടി” എന്നു വായിച്ച് നിവര്‍ന്ന്, ”വെല്‍” എന്നു പറഞ്ഞു.

ഞാന്‍ വിറങ്ങലിച്ച് കുത്തിയിരുന്നു.
”നിങ്ങള്‍ മലയില്‍ ജീവിക്കുന്നവരാണോ?”
ഞാന്‍, ”അല്ല” എന്നു പറഞ്ഞു.
”എന്താണു നിങ്ങളുടെ പ്രത്യേകത?”

ഞാന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലില്‍ എന്റെ ജാതിയെപ്പറ്റി പറഞ്ഞിട്ടുള്ള ഭാഗം മനപ്പാഠമായിട്ട് പറഞ്ഞു. ”നായാടികള്‍ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാല്‍ത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു പകല്‍വെട്ടത്തില്‍ സഞ്ചരിക്കാനുള്ള അവകാശം ഇവര്‍ക്കില്ലായിരുന്നു. ഇവരെ നേര്‍ക്കുനേര്‍ കണ്ടാല്‍ ഉടന്‍തന്നെ ഉയര്‍ന്ന ജാതിക്കാര്‍ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞു കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവര്‍ പകല്‍ മുഴുവന്‍ കാടിന്റെയുള്ളില്‍ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതില്‍ കുഞ്ഞുകുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവര്‍ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവര്‍ക്കു തവിട്, എച്ചില്‍ഭക്ഷണം, ചീഞ്ഞ വസ്തുക്കള്‍ തുടങ്ങിയവയെ ചിലര്‍ വീട്ടിന്ന് വളരെ അകലെ കൊണ്ടുവയ്ക്കുന്ന പതിവുണ്ട്. ഇവര്‍ കയ്യില്‍ കിട്ടുന്ന എന്തും തിന്നും. പുഴുക്കള്‍, എലികള്‍, ചത്തുപോയ ജീവികള്‍ എല്ലാം ചുട്ടുതിന്നും. മിക്കവാറും പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും പച്ചയായിത്തന്നെ കഴിക്കും. പൊതുവേ ഇവര്‍ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവര്‍. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവര്‍ക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയില്‍ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവര്‍ക്കു സ്ഥിരമായ പാര്‍പ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാന്‍ കഴിയുകയില്ല. തിരുവിതാംകൂറില്‍ ഇവര്‍ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാന്‍ കഴിയില്ല. ഇവരെക്കൊണ്ട് സര്‍ക്കാരിന് യാതൊരു വരുമാനവും ഇല്ല.”

മറ്റൊരാള്‍ എന്നെ ശ്രദ്ധിച്ചുനോക്കി. ”നിങ്ങളുടെ ജാതി ഇപ്പോള്‍ എങ്ങനെയുണ്ട്? മുന്നോട്ടുവന്നിട്ടുണ്ടോ?” എന്നു ചോദിച്ചു.

”ഇല്ല. മിക്കവാറും എല്ലാവരുംതന്നെ ഇപ്പോഴും ഭിക്ഷയെടുത്താണു കഴിയുന്നത്. തെരുവിലാണു ജീവിക്കുന്നത്… നഗരങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നഗരത്തിലെത്തി അവിടെയുള്ള തെരുവു ജീവികളില്‍ലയിക്കുകയാണുണ്ടായത്… മിക്കവാറുമാളുകള്‍ ഇന്നു തമിഴ്‌നാട്ടിലാണ്.”

അയാള്‍ കണ്ണുകള്‍ എന്നില്‍ തറപ്പിച്ച്, ”താങ്കള്‍ വന്നിട്ടുണ്ടല്ലോ?” എന്നു ചോദിച്ചു. ”താങ്കള്‍ സിവില്‍ സര്‍വീസ് എഴുതി ജയിച്ചിരിക്കുന്നു.” അയാള്‍ എന്നെ നോക്കി, ”നിങ്ങള്‍ ഇതാ ഇവിടെ വന്ന് ഇരിക്കുകയും ചെയ്യുന്നു.” ഞാന്‍ ചലനമില്ലാത്ത മുഖത്തോടെ, ”എനിക്കൊരു വലിയ മനുഷ്യന്റെ സഹായം കിട്ടി” എന്നു പറഞ്ഞു. അയാള്‍ പുഞ്ചിരിയോടെ, ”അംബേദ്കറിന് കിട്ടിയതുപോലോ?” എന്നു ചോദിച്ചു. ഞാന്‍ തറപ്പിച്ചു പറഞ്ഞു, ”അതെ സാര്‍, അംബേദ്കറിന് കിട്ടിയതുപോലെതന്നെ.”

ഏതാനും സെക്കന്റുകള്‍ നിശ്ശബ്ദത. മൂന്നാമത്തെയാള്‍ എന്നോട്, ”ഇനിയൊരു ഊഹച്ചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക?”

എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്കു കയറി. കണ്ണുകളില്‍, കാതുകളില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചു പാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്മേഷവാന്മാരായി എന്നു കസേരകള്‍ അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്കു നന്നായി അറിയാം. പക്ഷേ, ഞാനിപ്പോള്‍ ഓര്‍ത്തത് സ്വാമി പ്രജാനന്ദയെയാണ്…”

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.