DCBOOKS
Malayalam News Literature Website

രാജീവ് ശിവശങ്കരന്റെ ‘കലിപാകം’

കാലം കറുപ്പില്‍ വരച്ചിട്ട കലിയുടെ കഥയാണ് രാജീവ് ശിവശങ്കര്‍ എഴുതിയ കലിപാകം. ഹിന്ദുമത വിശ്വാസപ്രകാരം കലി, കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. ധര്‍മ്മബോധം നശിച്ച കലിയുഗത്തില്‍ ചൂതുപടത്തിനു മുന്നിലിരിക്കേണ്ടിവരുന്ന നളന് കലികാലത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്നു. പ്രതികാരത്തിന്റെ തീച്ചൂളയില്‍ നീറുന്ന കലിയാകട്ടെ, എല്ലായിടത്തുനിന്നും തുരത്തിയോടിക്കപ്പെടുന്നവനുമാണ്.

കഥാപാത്രങ്ങളുടെ മാനസസഞ്ചാരങ്ങളിലൂടെ രചിക്കപ്പെട്ടിരിക്കുന്ന ഈ നോവല്‍ മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ അവതരിപ്പിച്ചിരിക്കുന്ന നളദമയന്തീ കഥയ്ക്കു പുതിയൊരു ഭാഷ്യം ചമച്ചിരിക്കുകയാണ്.  പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. രാജീവ് ശിവശങ്കറിന്റെ തമോവേദം, പ്രാണസഞ്ചാരം, മറപൊരുള്‍, കലിപാകം, പെണ്ണരശ് എന്നീ നോവലുകളും ദൈവത്തിന്റെ ഇല എന്ന കഥാ സമാഹാരവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാണസഞ്ചാരം തോപ്പില്‍ രവി പുരസ്‌കാരവും ദൈവമരത്തിലെ ഇല മനോരാജ് സ്മാരക പുരസ്‌കാരവും നേടി.

പുസ്തകത്തിന് രാജീവ് ശിവശങ്കര്‍ എഴുതിയ ആമുഖക്കുറിപ്പ്…

നളപാകമല്ല, ഇതു കലിപാകം

മഹാഭാരതത്തിലെ വനപര്‍വത്തിലാണ് നളകഥയുടെ വേര്. തന്നെക്കാള്‍ ഭാഗ്യഹീനരായി ലോകത്തില്‍ ആരുമുണ്ടാവില്ലെന്നു ധര്‍മപുത്രര്‍ കണ്ണീരൊഴുക്കുമ്പോള്‍ സമാശ്വസിപ്പിക്കാന്‍ ബൃഹദേശ്വരമുനി പറയുന്നതായാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. മഹാഭാരതത്തിലെ ഏതു സന്ദര്‍ഭത്തിലെയുംപോലെ, കഥാപാത്രത്തിന്റെ മാനസസഞ്ചാരത്തെ എവിടേക്കും വലിച്ചുനീട്ടാനുള്ള സാധ്യത വ്യാസമൗനം ഇവിടെയും ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

ഉണ്ണായിവാര്യര്‍ ‘നളചരിത’ത്തില്‍ ആട്ടക്കഥയ്ക്കു ചേര്‍ന്നവിധം ആ സാധ്യത കുറെയെല്ലാം ഉപയോഗിച്ചിട്ടുമുണ്ട്. എങ്കിലും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു: അവയെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ‘കലിപാകം’ തെളിഞ്ഞുകിട്ടിയത്. ദുര്യോധനന്‍ കലിയുടെയും ശകുനി ദ്വാപരന്റെയും അവതാരങ്ങളാണെന്നും ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണദിവസത്തിലാണ് കലിയുഗത്തിന്റെ തുടക്കമെന്നുമുള്ള പരാമര്‍ശ ങ്ങള്‍കൂടി ചേര്‍ത്തുവായിച്ചതോടെ കഥയ്ക്ക് മറ്റൊരു മാനം കൈവന്നു.

നളനും ദമയന്തിയും കലിയുമല്ല, കഥയിലെ അപ്രധാന കഥാപാത്രങ്ങളെന്നു കരുതപ്പെടുകയും അതേ സമയം, കഥാഗതിയെ നിര്‍ണയിക്കുകയും ചെയ്യുന്ന കേശിനി, വാര്‍ഷ്‌ണേയന്‍, സുനന്ദ, ദ്വാപരന്‍, പുഷ്‌കരന്‍, ഋതുപര്‍ണന്‍ തുടങ്ങിയവരുടെ കാഴ്ചപ്പാടിലൂടെയാണ് സംഭവങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. ദിനനാഥന്‍, സോമകീര്‍ത്തി, ഉത്താനപാദന്‍ എന്നിങ്ങനെ ഏതാനും കഥാപാത്രങ്ങളെ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ബാഹുകന്റെ വിരഹഗാനത്തിന് കവി വിവി ജോസ ഫിന്റെ കാവ്യഭാവനയ്ക്കു പ്രത്യേക നന്ദി; കവര്‍പേജും ചിത്രങ്ങളുമൊരുക്കിയ വിഷ്ണുറാമിനും. കലിപാകം, നല്ല വായനയ്ക്കായി സമര്‍പ്പിക്കുന്നു.

Comments are closed.