DCBOOKS
Malayalam News Literature Website

ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ലോകം; ട്രംപും കിമ്മുമായുള്ള കൂടിക്കാഴ്ച വിജയകരം

ലോകം ഉറ്റുനോക്കിയ ആ ചരിത്രനിമിഷം യാഥാര്‍ത്ഥ്യമായി. ആകാംക്ഷയോടെ നോക്കിനിന്ന ജനലക്ഷങ്ങള്‍ക്ക് മുമ്പാകെ കൈകൊടുത്ത് എതിര്‍ചേരിയില്‍ നിന്ന രണ്ട് രാഷ്ട്രത്തലവന്‍മാര്‍ കൂടിക്കാഴ്ചക്ക് തയ്യാറായി.

രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ആദ്യം നടന്ന വണ്‍-ഓണ്‍-വണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ചയായിരുന്നു ഇതെന്നും ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ സംശയത്തിന് ഇട നല്‍കേണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍വിധികളില്ലാതെയാണ് ചര്‍ച്ച നടത്തിയതെന്നും കൂടിക്കാഴ്ച നടക്കുന്നത് വരെയുള്ള കാര്യങ്ങള്‍ തയ്യാറാക്കാന്‍ ഏറെ പാടുപെട്ടെന്നും കിം ജോങ് ഉന്‍ പ്രതികരിച്ചു. കൂടിക്കാഴ്ച സമാധാനശ്രമങ്ങള്‍ക്കുള്ള ചുവടുവെയ്പ്പാകുമെന്നും കിം കൂട്ടിച്ചേര്‍ത്തു. അതേസമയം ഉത്തരകൊറിയയിലെ ആണവനിരായുധീകരണപ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനത്തിനായുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു. കരാറില്‍ ഒപ്പിട്ട ഇരുനേതാക്കളും തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളെ കുറിച്ചും പ്രത്യാശ പ്രകടിപ്പിച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയുടേയും ഉത്തരകൊറിയയുടേയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തുന്നത്. ഫോണില്‍ പോലും ഇരുരാജ്യങ്ങളുടേയും ഭരണാധികാരികള്‍ തമ്മില്‍ ഇതുവരെ സംസാരിച്ചിട്ടില്ല. 1950-53-ലെ കൊറിയന്‍ യുദ്ധം മുതല്‍ ബദ്ധവൈരികളായി മാറിയതാണ് അമേരിക്കയും ഉത്തരകൊറിയയും. അതുകൊണ്ടു തന്നെ ലോകം വലിയ പ്രതീക്ഷയോടെയാണ് ഈ ചര്‍ച്ചയെ നോക്കിക്കാണുന്നത്.

Comments are closed.