DCBOOKS
Malayalam News Literature Website

‘കാളിദാസന്റെ മരണം’; മാന്ത്രികമായ ഒരു കഥപറച്ചില്‍

എം.നന്ദകുമാറിന്റെ കാളിദാസന്റെ മരണം എന്ന നോവലിനെക്കുറിച്ച് ശ്രീകല പി. എഴുതിയത്

പണ്ടൊരിക്കല്‍ കാശിരാജാവ് തന്റെ പ്രിയപുത്രിയായ രാജകുമാരിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. തന്നോടു വാദസംവാദങ്ങളില്‍ വിജയിക്കുന്നവരെമാത്രമേ വരനായി സ്വീകരിക്കൂ എന്നായി രാജകുമാരി. അസാമാന്യ ബുദ്ധിശാലിനിയായ രാജകുമാരിയുടെ മുമ്പില്‍ എല്ലാ രാജകുമാരന്മാരും പരാജയപ്പെട്ടു പിന്‍വാങ്ങി. അങ്ങനെ അപമാനിതരായി പിന്‍വാങ്ങിയ ഒരു കൂട്ടം പ്രഭുകുമാരന്മാര്‍ വഴിമധ്യേ ഒരാളെ കണ്ടുമുട്ടി. ഇരിക്കുന്ന കൊമ്പുമുറിക്കുന്ന ഏതോ മണ്ടന്‍. സാമാന്യബുദ്ധിപോലും ഇല്ലാത്ത ആ മൂഢനെ വേഷം കെട്ടിച്ച് അവര്‍ രാജകുമാരിയുടെ മുമ്പില്‍ എത്തിച്ചു. രാജകുമാരിയുടെ ചോദ്യങ്ങള്‍ക്കെല്ലാം യാതൊരു ശങ്കയുംകൂടാതെ അവന്‍ മറുപടി പറഞ്ഞു. ആ നേരത്തില്‍ വിദ്യാദേവത കളിയാടിയതു കൊണ്ടായിരിക്കണം ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ വിഡ്ഢിയുടെ ഉത്തരങ്ങള്‍ എല്ലാം വിദ്യോത്തമയായ രാജകുമാരിയെ തൃപ്തിപ്പെടുത്തുന്നവയുമായിരുന്നു. രാജകുമാരി മൂഢനെ വിവാഹം ചെയ്തു. എന്നാല്‍, വിവാഹശേഷം ആദ്യരാത്രിയില്‍ത്തന്നെ സത്യം തിരിച്ചറിഞ്ഞ റാണി ഭര്‍ത്താവിനെ മണിയറയില്‍നിന്ന് ഇറക്കിവിട്ടു. കൊട്ടാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ആ പാവം ഉള്‍ക്കാട്ടിലെ ഒരു കാളീക്ഷേത്രത്തിനുള്ളില്‍ കടന്ന് ജീവന്‍ വെടിയുന്നതിനെക്കുറിച്ച് ആലോചിച്ചു വ്യസനിച്ചിരുന്നു. പരിവാരങ്ങളുമൊത്ത് രാത്രിസഞ്ചാരത്തിന് പുറത്തുപോയിരുന്ന ദേവി തിരിച്ചെത്തിയപ്പോള്‍ അടഞ്ഞുകിടന്ന വാതില്‍ കണ്ടു കോപിഷ്ഠയായി ചോദിച്ചു: ‘അകത്താര് ?’ മൂഢന്‍ മറുചോദ്യം ചോദിച്ചു: ‘പുറത്താര് ?’

കോപംകൊണ്ടു വിറച്ചു ദേവി പറഞ്ഞു: ‘പുറത്തു കാളി.’

അതുകേട്ട അയാള്‍ വിനീതനായി: ‘അകത്തു ദാസന്‍.’ സംപ്രീതയായ ദേവി തന്റെ ദാസനെന്നു സ്വയംപ്രഖ്യാപിച്ച ആ മനുഷ്യന്റെ നാവിന്‍തുമ്പില്‍ ശൂലമുനയാല്‍ മൂര്‍ച്ചയുള്ള അക്ഷരം കുറിച്ചു. അനന്തരം ആ പമ്പരവിഡ്ഢി ലോകം ആദരിക്കുന്ന കാളിദാസ മഹാകവി ആയെന്നത് ഒരു കവിയുടെ ജനനകഥകളില്‍ ഒന്നു മാത്രമാണ്.

എഴുതപ്പെട്ട ജീവചരിത്രമൊന്നും അവശേഷിപ്പിക്കാതെ തന്റെ കാവ്യദര്‍ശനഭംഗികളിലൂടെ നൂറ്റാണ്ടുകളായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കാളിദാസന്റെ ജീവിതവും മരണവും കഥാരൂപത്തില്‍ പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ മഹാകവിയെത്തന്നെ ആശ്രയിക്കാനാണ് എം നന്ദകുമാര്‍ തീരുമാനിച്ചത്. ദീര്‍ഘകാലത്തെ വായനാമനനങ്ങള്‍ക്കൊടുവില്‍ താന്‍ ചെന്നെത്തിയ സമസ്യകള്‍ നന്ദകുമാര്‍ ‘കാളിദാസന്റെ മരണം‘ എന്ന നോവലില്‍ അവതരിപ്പിക്കുമ്പോഴും കാളിദാസനെന്ന പൗരാണികപ്രതിഭയുടെ ജനനവും ജീവിതവും മരണവും എപ്രകാരമായിരുന്നു എന്നത് വായനക്കാരന്റെ ഭാവുകത്വത്തിന്റെ അലച്ചിലുകളിലേക്ക് കെട്ടഴിച്ചുവിടുംവിധമാണ് കഥാഗതി.

നോവലില്‍ കാളിദാസനെ പരിചയപ്പെടുത്തുന്നത് ജരിത എന്ന വൃദ്ധയായ ദേവദാസി അവരുടെ വേശ്യാഗൃഹത്തില്‍ പുതുതായി എത്തിയ പെണ്‍കുട്ടികളോടു പറയുന്ന മുത്തശ്ശിക്കഥയുടെ ചുരുള്‍നിവര്‍ത്തിയാണ്: ‘ പലതും കേട്ടുകേള്‍വിയാണ്. ഭാരതവര്‍ഷം കണ്ട ഏറ്റവും മഹാനായ കവിയും നാടകകൃത്തുമാണ് കാളിദാസനെന്ന് പറയുന്നവരുണ്ട്. മറിച്ച് പറയുന്നവരുമുണ്ട്. എവിടെ ജനനം , ജാതക പേരെന്ത്, മാതാപിതാക്കളാര് , കുലവും ഗുരുവും എപ്രകാരമെന്നൊന്നും തീര്‍ച്ച പറയാനാകില്ല…’ ഉജ്ജയിനിയിലെ വിക്രമാദിത്യ മഹാരാജാവിന്റെ പ്രിയതോഴനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ചാരപ്രമുഖനും ആയിത്തീര്‍ന്ന കാളിദാസന്‍, വാണിനിയെന്ന ദേവദാസിയുടെ പ്രാണനായ നിത്യകാമുകന്‍, വിക്രമാദിത്യന്റെ പ്രഥമപത്‌നിയായ വിദ്യോത്തമയുടെ ആദ്യഭര്‍ത്താവെന്ന നിലയില്‍നിന്ന് ജാരനായിത്തീരുന്ന കാലവിപര്യയം. പലതരം കാളിദാസന്മാരെ ഈ ആഖ്യായികയില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നു.

പ്രണയവും വേര്‍പാടും കാമവും അപമൃത്യുവും സ്‌നേഹവും പകയും ചതിയും ചാരപ്രവൃത്തികളും അധികാരമോഹങ്ങളും യുദ്ധങ്ങളും കാവ്യനാടകനൃത്ത കലാരൂപങ്ങളുടെ പദവിന്യാസങ്ങളില്‍ ഇഴപാകിയ മാന്ത്രികമായ കഥപറച്ചില്‍. അതാണ് എം നന്ദകുമാറിന്റെകാളിദാസന്റെ മരണം‘ എന്ന കൃതി.

വിജയിച്ചവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചു വളച്ചൊടിക്കപ്പെട്ട രാജ്യചരിത്രവും നീതിശാസ്ത്രങ്ങളും. എന്നത്തേയുംപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങളെ, എതിര്‍പ്പുകളെ അടിച്ചൊതുക്കുന്ന പീഡനമുറികള്‍. ജാതിയെന്ന പാപബോധത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍. അവയ്ക്കു സമാന്തരമായി അധികാരത്തിന്റെ അകത്തളങ്ങളിലെ കുടിലതന്ത്രങ്ങളും ഭയങ്ങളും കൊലപാതകങ്ങളും. പാനോപചാരങ്ങളും അതേ ലഹരിയോടെ കൊടുംക്രൂരതകളും അരങ്ങേറുന്ന അധികാരസ്ഥാനങ്ങള്‍ക്ക് ഏതുകാലത്തും ഏതു ദേശത്തും ഒരേ വാസ്തുഘടനയാണെന്നു പറയാതെ പറയുന്ന കഥ. അന്നേരം നോവല്‍ ആണോ നാടകം ആണോ എന്ന് തോന്നിക്കുന്ന രൂപവിന്യാസം ആഖ്യാനത്തിന്റെ പുതിയ സാധ്യതകള്‍ ആരായുന്നു.

സുഖലോലുപതയും യുദ്ധക്കൊതിയും കൊണ്ടാടുന്ന അധികാരസ്ഥാനമാളുന്ന പുരുഷന്മാരുടെ കഥകള്‍ കാലദേശവ്യത്യാസമില്ലാതെ നാം വായിച്ചെടുക്കുമ്പോഴും ഈ നോവലില്‍ ഉടനീളം ഊര്‍ജപ്രസരണമായി മുറ്റിനില്‍ക്കുന്നത് സ്ത്രീ കഥാപാത്രങ്ങളുടെ ശക്തിസൗന്ദര്യങ്ങളാണ്. വാണിനിയുടെയും ജരിതയുടെയും വിദ്യോത്തമയുടെയും ദേവദാസിയെന്നോ മഹാറാണിയെന്നോ ഭേദമില്ലാതെ സഹനങ്ങള്‍ക്കിടയിലെ ധൈര്യവും അചഞ്ചലതയും സ്വയംബലികളും എടുത്തുപറയാതെ വയ്യ. അതാണ് അവരെ കൂടുതല്‍ സൗന്ദര്യവതികളാക്കുന്നതും. അധികാരം കൈയാളുന്ന വിക്രമാദിത്യനോടു പത്‌നിയായ വിദ്യോത്തമയും ദേവദാസിയായ വാണിനിയും ഏര്‍പ്പെടുന്ന സംഭാഷണങ്ങളില്‍ ആത്മാഭിമാനവും ധൈര്യവും ജീവിതത്തിന്റെ ആഴമേറിയ അറിവുകളും മിന്നല്‍ക്കൊടികള്‍ പായിക്കുന്നു. മരണത്തിന്റെ ഗുഹാമുഖത്തു നില്‍ക്കുമ്പോഴും കണ്ണീരുപ്പ് കലര്‍ന്ന് അധരപാനം ചെയ്യുന്ന പ്രണയത്തിന്റെ മാസ്മരികതയും സ്‌നേഹത്തിനുവേണ്ടി ആത്മബലിയോളം നടന്നെത്തുന്ന സ്ത്രീഹൃദയത്തിന്റെ കാഠിന്യമാര്‍ന്ന ലോലതയും കിടിലമുളവാക്കുന്ന വാക്കുകളില്‍ വരച്ചിടുന്ന നോവലാണ് കാളിദാസന്റെ മരണം. നന്ദകുമാര്‍ എന്ന എഴുത്തുകാരനിലെ സ്ത്രീപക്ഷ വാദിയാകാം ആ കഥാപാത്രങ്ങളുടെ ആന്തരികജീവിതത്തില്‍ പുനര്‍ജനിച്ചത്.

ലളിതവായനകള്‍ക്കുമപ്പുറം ഒന്നിലേറെ വായനകള്‍ക്കുവേണ്ടി സഹൃദയര്‍ക്കായി തുറന്നുവച്ച എഴുത്താണ് നന്ദകുമാറിന്റേത്. കാളിദാസകവിതകള്‍ പോലെതന്നെ തത്വചിന്താപരമായ സമസ്യകളുടെ വെല്ലുവിളികളും മായയും മിഥ്യയും നടമാടുന്ന ഭൂപ്രദേശങ്ങളും ദീര്‍ഘയാത്രകളും കലാദര്‍ശനങ്ങളും കോര്‍ത്തിണക്കിയ ഈ ചെറുനോവല്‍ കാളിദാസന്റെ ജീവിതം മാത്രമല്ല, മരണവും പൂരിപ്പിക്കാത്ത സമസ്യയായി വായനക്കാരനുമുമ്പില്‍ അവതരിപ്പിക്കുന്നു. അന്തപ്പുരത്തിലെ നിഴല്‍നാടകങ്ങളില്‍, ചാരവൃത്തിയുടെ ദുര്‍ഘടമാര്‍ഗങ്ങളില്‍ കെട്ടുപിണഞ്ഞു കത്തിയാളുന്ന കാളിദാസന്റെ ദുരന്തവും സര്‍ഗ്ഗതേജസ്സും കലയും അധികാരവും തമ്മിലുള്ള സങ്കീര്‍ണബന്ധങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ക്കു നമ്മെ പ്രേരിപ്പിക്കും.

കടപ്പാട്: ദേശാഭിമാനി

Comments are closed.